Sunday 17 November 2013

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ പരസ്യകുമ്പസാരം II




                                                           സണ്ണി പൈകട
                                                              2

കേരളത്തിന്റെ പൊതുമനസ്സ് കര്‍ഷകരെ മാനിക്കുന്ന ഒന്നല്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ കൃഷിയെക്കുറിച്ച് വളരെ കാല്‍പ്പനികമായി സംസാരിക്കുമെങ്കിലും അവരിലേറിയ പങ്കിന്റെയും ഉപജീവനമാര്‍ഗ്ഗം കൃഷിയല്ലതാനും. നെല്‍കര്‍ഷകര്‍ ഒഴികെയുള്ള കര്‍ഷകരെ, പ്രത്യേകിച്ചും നാണ്യവിളകള്‍ കൃഷി ചെയ്യുന്ന മലയോര കര്‍ഷകരെക്കുറിച്ചുള്ള മിക്ക പരിസ്ഥിതിപ്രവര്‍ത്തകരുടെയും മുന്‍വിധി അവര്‍ വനം കയ്യേറ്റക്കാര്‍ ആണ് എന്നതാണ്. ഈ മുന്‍വിധിയോടെയുള്ള പ്രതികരണങ്ങളും നിലപാടുകളും ഞാന്‍ എത്രയോ തവണകണ്ടിരിക്കുന്നു കേട്ടിരിക്കുന്നു. എന്നാല്‍ മലയോരകര്‍ഷകര്‍ വെട്ടിവെളുപ്പിച്ചതിലുമധികം വനം വന്‍കിടപ്ലാന്റേഷനുകള്‍ക്കുവേണ്ടിയും സര്‍ക്കാരിന്റെ വന്‍കിടപദ്ധതികള്‍ക്കുവേണ്ടിയും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടില്ലെന്നു നടിക്കയാണ്. മാത്രവുമല്ല മലയോരങ്ങളിലേക്കുള്ള കുടിയേറ്റം ആദ്യഘട്ടത്തില്‍ നടന്നത് അക്കാലത്തെ ഭരണ കര്‍ത്താക്കളുടെ പിന്‍ബലത്തോടെയും പ്രേരണയോടെയുമായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. 

ആദ്യകാല കുടിയേറ്റക്കാര്‍ സഹിച്ചിട്ടുള്ളയാതനകളും പലരും ഉള്‍ക്കൊള്ളുന്നില്ല. അവരുടെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഇന്നത്തെ മലയോരജനത ഇടനാട്ടിലും തീരമേഖലകളിലുമായിരുന്നു പെറ്റ് പെരുകിയിരുന്നത് എങ്കില്‍ ആ മേഖലകളിലെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സമ്മര്‍ദ്ദം എത്രയാകുമായിരുന്നു എന്നതും ആലോചിക്കേണ്ടതാണ്. ഇടനാട്ടിലും തീരപ്രദേശങ്ങളിലും അധിവസിക്കുന്നവരുടെ കൈകള്‍ പാരിസ്ഥിതികമായി ശുദ്ധമാണോ എന്നതും ആലോചിക്കേണ്ടതാണ്. പാടങ്ങള്‍ വന്‍തോതില്‍ നികത്തിയതും നദികളുടെയും കടലിന്റെയും തീരങ്ങള്‍ വന്‍തോതില്‍ കയ്യേറിയവരും മലയോരജനതയല്ലല്ലോ. അവരോടില്ലാത്ത പാരിസ്ഥിതികകാര്‍ക്കശ്യം എന്തിനാണ് മലയോരവാസികളോട് ചില പരിസ്ഥിതിക്കാര്‍ വച്ചുപുലര്‍ത്തുന്നത്. പാടം നികത്തി വീടുകളും, വിദ്യാലയങ്ങളും കളിസ്ഥലങ്ങളും മറ്റും കെട്ടിപ്പൊക്കിയവരെയും തീരങ്ങള്‍ കയ്യേറി കോണ്‍ക്രീറ്റ് കാടുകള്‍ വളര്‍ത്തിയവരെയും കുടിയൊഴിപ്പിച്ച് പാടങ്ങളും തീരങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആരും നിലപാടെടുക്കുന്നില്ലല്ലോ. 

സംഭവിച്ചുപോയ പാരിസ്ഥിതികമായ ചില ശരികേടുകളെ സാമൂഹികമായ ചില ശരികളായി അംഗീകരിക്കേണ്ടിവരുന്ന അനിവാര്യത മൂലമാണിങ്ങനെ നിലപാടെടുക്കാന്‍ കഴിയാത്തത്. എന്നാല്‍ മലയോരകര്‍ഷകരുടെ കാര്യത്തില്‍ ഈയൊരു യാഥാര്‍ത്ഥ്യബോധം പലരും പ്രകടിപ്പിക്കുന്നില്ല. 1977 വരെയുള്ള കുടിയേറ്റകര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനത്തെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാനും തുറന്നംഗീകരിക്കാനും പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആരാണ് തയ്യാറായിട്ടുള്ളത്? ചിലരെങ്കിലും കോടതി വഴി ചില തടസ്സവാദങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടയം ലഭിക്കാനുള്ള നടപടികള്‍ തടസ്സപ്പെട്ട അനുഭവങ്ങള്‍ മലയോരകര്‍ഷകര്‍ക്ക് പറയാനുണ്ട്. രാഷ്ട്രീയനേതൃത്വം. 1977വരെയുള്ളകുടിയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന് പറയുമ്പോഴും, ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ കുറെപ്പേര്‍ക്ക് മാത്രം പട്ടയം നല്‍കുകയും ബാക്കിയാളുകളെ പട്ടയമെന്ന പ്ലാവിലകാണിച്ച് പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. പട്ടയദാനം ഒരിക്കലും പൂര്‍ത്തിയാക്കാതെ ഇങ്ങനെ നീട്ടികൊണ്ടുപോകുന്നത് രാഷ്ട്രീയ നേട്ടത്തോടൊപ്പം പുതിയ കയ്യേറ്റങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ക്കൂടിയാണെന്ന സത്യമെങ്കിലും മനസ്സിവാക്കി 1977 വരെയുള്ള കുടിയേറ്റക്കാര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കണമെന്ന ഉറച്ച നിലപാട് പരിസ്ഥിതി സംഘടനകളൊന്നും സ്വീകരിച്ചുകാണുന്നില്ല. പരിസ്ഥിതി സംഘടനകള്‍ അത്തരം നിലപാടെടുക്കാത്തതിനാലാണ് പട്ടയദാനം വൈകുന്നത് എന്നല്ല പറഞ്ഞുവരുന്നത്,മറിച്ച് വസ്തുനിഷ്ഠമായനിലപാട് യഥാസമയം സ്വീകരിച്ചിരുന്നെങ്കില്‍ പരിസ്ഥിതി പ്രവര്‍ത്തകരോട് മലയോര ജനതക്ക് ഇന്നുള്ള മനോഭാവത്തില്‍ മാറ്റം വരുമായിരുന്നു എന്നാണ്.
 
 മലയോരകര്‍ഷകര്‍ വിയര്‍പ്പുചിന്തി ഒരു ഹരിതമേലാപ്പ് എങ്കിലും വളര്‍ത്തിയവരാണ്. എന്നാല്‍ പാടം നികത്തിയവരും തീരങ്ങള്‍ കയ്യേറിയവരും വളര്‍ത്തിയത് കോണ്‍ക്രീറ്റ് കാടാണെന്നും, ചിലരെങ്കിലും അത്തരം കോണ്‍ക്രീറ്റ് കാടുകളില്‍ തപസ്സു ചെയ്തുകൊണ്ടും, തൊഴിലെടുത്തുകൊണ്ടുമാണ് ഹരിത വിചാരങ്ങള്‍ പ്രസരിപ്പിക്കുന്നത് എന്നതും മലയോരജനത മനസ്സിലാക്കുന്നുണ്ട്. മാത്രവുമല്ല കൃഷിയെക്കുറിച്ച് ഏറെ കാല്‍പ്പനികമായി സംസാരിക്കുന്നവരില്‍ ആരും തന്നെ സ്വന്തം മക്കളിലാര്‍ക്കെങ്കിലും രണ്ടേക്കര്‍ സ്ഥലം വാങ്ങി നല്‍കി പ്രകൃതി സൗഹൃദപരമായി കൃഷി ചെയ്ത് ജിവിക്കാന്‍ പ്രേരിപ്പിക്കുന്ന കാഴ്ച ഈ ഭൂമിമലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ല. ഓര്‍ക്കുക; ഉദ്യോഗസ്ഥരും സംഘടിതതൊഴിലാളികളും, സംഘടിതരായ വ്യാപാരി വ്യവസായി സമൂഹവും, അസംഘടിതരായ കര്‍ഷരുമെല്ലാം അടങ്ങുന്നതാണ് കേരളീയ സമൂഹം. ഈ സമൂഹം കമ്പോളം അഴിച്ചുവിടുന്ന ഉപഭോഗമോഹങ്ങളുടെ ഒരേ പ്രവാഹത്തിലാണ് നീന്തിത്തുടിക്കുന്നത്. ഏതെങ്കിലും ഒരു ജനവിഭാഗം മാത്രം ഈ പ്രവാഹത്തിനെതിരെ നിലകൊള്ളണമെന്ന് മറ്റ് ജനവിഭാഗങ്ങള്‍ പറയുന്നതിലര്‍ത്ഥമില്ല. നിങ്ങള്‍ മലയോരജനത മുഴുവന്‍ സമൂഹത്തിനും വേണ്ടി വലിയ വീടുവയ്ക്കാനും മുന്തിയ ഇനം കാറുവാങ്ങാനും, ആധുനിക ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനും നല്ല ഗതാഗത സൗകര്യങ്ങള്‍ അനുഭവിക്കാനുമൊക്കെയുള്ള മോഹങ്ങള്‍ മാറ്റിവയ്ക്കണമെന്ന് മറ്റ് ജനവിഭാഗങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലൂടെ പറയുന്നതായാണ് അവര്‍ക്ക് തോന്നുന്നത്. അങ്ങനെയല്ല എന്നവരെ ബോധ്യപ്പെടുത്താനുള്ള സ്വീകാര്യതയും വിശ്വാസ്യതയും ജീവിതം കൊണ്ടും നിലപാടുകള്‍കൊണ്ടും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരിലെ പ്രാമാണിക വിഭാഗം ആര്‍ജ്ജിച്ചിട്ടില്ലായെന്നിടത്താണ് മലയോരജനത മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് ചെവികൊടുക്കുന്നത് എന്ന സത്യം നമ്മള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇനിയെങ്കിലും അംഗീകരിക്കണം.
                                                                                                   
(തുടരും)
NB

ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ഭൂമികയില്‍ വച്ച് നടക്കുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997.

No comments:

Post a Comment