Sunday 10 November 2013

സ്വന്തം ഉള്ളിലേക്കൊന്നു നോക്കാം..... മാനുഷികധ്യാനം



ജോര്‍ജ് മൂലേച്ചാലില്‍
നാം ഓരോരുത്തരുടെയും ഓരോ ദിവസവും ഇങ്ങനെയൊരു ധ്യാനത്തോടെ തുടങ്ങിയാല്‍ നമ്മുടെ കാഴ്ചപ്പാടിലും ലോകത്തിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും. ദര്‍ശനം ഡി
പങ്കജാക്ഷന്‍ നമുക്കു തന്നിട്ടുപോയ വലിയൊരു നിധിയാണ് ഈ മാനുഷികധ്യാനം. മതേതരരായി, മതാതീതരായി നമുക്കിതിലൂടെ വളരാം. 

എല്ലാവരും വളരെ സ്വസ്ഥമായി ഏറ്റവും സുഖപ്രദമായ രീതിയില്‍ ഇരിക്കുക. ശരീരത്തില്‍ യാതൊരു പിരിമുറുക്കവും വേണ്ട. ശരീരമാകെ അയച്ചിടുക. എല്ലാ തിരക്കുകള്‍ക്കും അവധികൊടുക്കാം. എല്ലാ മനക്ലേശങ്ങളും മനസ്സില്‍നിന്ന് ഒഴിഞ്ഞു പോകട്ടെ. മനസ്സ് പരമാവധി ശൂന്യമാക്കാന്‍ ശ്രമിക്കാം. സാവധാനം കണ്ണുകള്‍ അടയ്കാം. നമുക്കോരോരുത്തര്‍ക്കും സ്വന്തം ഉള്ളിലേക്കൊന്നു നോക്കാംസ്വന്തം വ്യക്തിത്വത്തിന്‍റെ ന്യൂനതകളിലേക്ക് ശ്രദ്ധപതിപ്പിക്കാം. സ്വന്തം സ്വാര്‍ഥത, തന്‍കാര്യവ്യഗ്രത, സ്വകാര്യമാത്രപരത സൃഷ്ടിച്ചിട്ടുള്ളഎത്രയോ വികലതകള്‍ സ്വന്തം വ്യക്തിത്വത്തിന്‍റെ വളര്‍ച്ചയ്ക്ക്  തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ട നമ്മുടെയുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നമുക്കൊന്നു സൂക്ഷിച്ചു നോക്കാം. അഹന്ത, കാര്‍ക്കശ്യം, അധികാരക്കൊതി, അസൂയ എന്നിവയൊക്കെ സ്വന്തം വ്യക്തിത്വത്തിന്‍റെ വളര്‍ച്ചയ്ക്കും തടസ്സം സൃഷ്ടിക്കുന്നവയാണ് എന്നതല്ലേ വസ്തുതമറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിലൂടെയല്ലേ നമ്മുടെ വ്യക്തിത്വത്തിന്‍റെ പരിധിയിലേക്ക് മറ്റുള്ളവരെക്കൂടി ഉള്‍ക്കൊണ്ട് അതു വിശാലമാക്കാന്‍ കഴിയുക. നമ്മുടെ വ്യക്തിത്വത്തെ പുറത്തേക്കു വളരാന്‍ അനുവദിക്കാത്ത എന്തെല്ലാം ഘടകങ്ങളാണ് നമ്മിലുള്ളതെന്ന് നമുക്കൊരു ആത്മപരിശോധനനടത്താം. നമ്മുടെ ഏതെങ്കിലും ഒരു കഴിവിന്‍റെ ഉടമസ്ഥത നമുക്കുണ്ടോ? നമ്മുടെ കഴിവുകളെല്ലാം ജന്മനാ നമുക്കു നല്കപ്പെട്ടതു മാത്രമാണ് എന്നതല്ലേ വസ്തുത? എല്ലാം നല്കപ്പെട്ടതു മാത്രമായിരിക്കെ അവയുടെയൊക്കെപ്പേരില്‍ നാം അഹങ്കരിക്കുന്നത് അല്പത്തമല്ലേ? നമുക്ക് കിട്ടിയിട്ടുള്ള സിദ്ധികളും കഴിവുകളുമെല്ലാം വളര്‍ത്തി അവയുടെ വെളിച്ചവും ഊര്‍ജവും മറ്റുള്ളവരിലേക്ക് പകരാന്‍വേണ്ടി നല്കപ്പെട്ടിരിക്കുന്നതായിരിക്കില്ലേ? സ്വന്തം വ്യക്തിത്വം വിശാലമാക്കുന്നതിലൂടെയും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള ശേഷി നേടുന്നതിലൂടെയും നമുക്ക് ഒന്നും നഷ്ടപ്പടുന്നില്ല, പലതും നേടുന്നേയുള്ളു എന്ന ബോധ്യം നാമോരോരുത്തരുടെയും മനസ്സില്‍ ഉറയ്ക്കട്ടെ
ഇനി സ്വന്തം വീട് മനസ്സില്‍ തെളിഞ്ഞുവരട്ടെ. വീട്ടിലുള്ള ഓരോരുത്തരെയും മനസ്സില്‍ കാണുക. ഓരോരുത്തരെയും അവര്‍ ആയിരിക്കുന്നവിധം നമുക്ക് അംഗീകരിക്കാം. അവര്‍ ഓരോരുത്തരായി നമ്മുടെ മനസ്സിന്‍റെ സിംഹാസനത്തിലേക്ക് കയറി ഇരിക്കട്ടെ. ഇവരാണ് എന്നോടൊത്ത്, എന്നോട് ഏറ്റവും അടുത്ത് ജീവിക്കുന്നവര്‍. എനിക്ക് എന്‍റെ സ്വസ്ഥതയും സുസ്ഥിതിയും കിട്ടുന്നതിന് ഞാന്‍ ഏറ്റവും കൂടുതല്‍ ഇവരെ ആശ്രയിക്കുന്നത് ഇവരെയാണ്. ഇവരും ഇവരുടെ സ്വസ്ഥതയ്ക്കം സുസ്ഥിതിക്കും സുഖത്തിനും വേണ്ടി എന്നെ ആശ്രയിക്കുന്നുണ്ട്ഇവര്‍ എനിക്ക ഏറ്റവും വേണ്ടപ്പെട്ടവരാണ് എന്നു ഞാന്‍ അറിയുന്നു. ഇവരില്‍ ആര്‍ക്കങ്കിലും എതിരെ എന്തെങ്കിലും നിഷേധചിന്ത വളരാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഇവരോരോരുത്തരുടെയും ഉയര്‍ച്ചയും ശ്രേയസ്സും എന്‍റെതന്നെ ഉയര്‍ച്ചയ്ക്കും ശ്രേയസ്സിനും അനിവാര്യമാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇവരോടുള്ള എന്‍റെ വാക്കുകളും പെരുമാറ്റവും സ്നേഹപൂര്‍ണമാക്കാന്‍ ഞാന്‍ ഇനിയും പ്രത്യേകം ശ്രദ്ധിക്കും. അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി എനിക്കു കഴിയുന്നതെല്ലാം ഇന്നു ഞാന്‍ ചെയ്യും.
ഇനി നമ്മുടെ ഭാവന നാമോരോരുത്തരുടെയും വീടിന്‍റെ ഏറ്റവും അടുത്ത വീട്ടിലേക്ക് ഉണരട്ടെ. ആ വീട്ടിലെ ഓരോരുത്തരുടെയും പേരും രൂപവും അവിടെ തെളിഞ്ഞുവരട്ടെ. നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ അവര്‍ ഓരോരുത്തരരായി നമ്മുടെ മനസ്സിന്‍റെ സിംഹാസനത്തിലേക്ക് കയറി ഇരിക്കാന്‍ അനുവദിക്കുക. പ്രായഭേദമെന്യേ അവര്‍ ഓരോരുത്തരെയും സ്നേഹത്തോടെ വന്ദിച്ച് ഇങ്ങനെ മനസ്സില്‍ പറയാം. എനിക്കു വേണ്ടപ്പെട്ടവരായി ഈ ലോകത്ത് കോടിക്കണക്കിനു മനുഷ്യരുണ്ടെങ്കിലും എന്‍റെ വീട്ടുകാര്‍ കഴിഞ്ഞാല്‍ എന്നോട് ഏറ്റവും അടുത്ത് സഹവസിക്കുന്ന നിങ്ങളാണ് എനിക്ക് നിത്യേന ഇടപെടാന്‍ കഴിയുന്നവര്‍. നിങ്ങള്‍ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ് എന്നു ഞാന്‍ അറിയുന്നു. നിങ്ങളില്‍ ആര്‍ക്കങ്കിലും എതിരെ എന്തെങ്കിലും നിഷേധചിന്ത വളരാന്‍ ഞാന്‍ അനുവദിക്കുകയില്ലനിങ്ങളാരെയും വേദനിപ്പിക്കുന്ന ഒരു വാക്കുപോലും എന്നില്‍നിന്ന് ഇന്ന് ഉയരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. നിങ്ങളോരോരുത്തരുടെയും ഉയര്‍ച്ചയും ശ്രേയസ്സും എന്‍റെതന്നെ ഉയര്‍ച്ചയ്ക്കും ശ്രേയസ്സിനും അനിവാര്യമാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളോടുള്ള എന്‍റെ വാക്കുകളും പെരുമാറ്റവും സ്നേഹപൂര്‍ണമാക്കാന്‍ ഞാന്‍ ഇനിയും പ്രത്യേകം ശ്രദ്ധിക്കും. നിങ്ങളുടെ  സന്തോഷത്തിനും സുഖത്തിനും വേണ്ടി എനിക്കു കഴിയുന്നതെല്ലാം ഇന്നു ഞാന്‍ ചെയ്യും. നിങ്ങളെയെല്ലാം ഞാന്‍ എന്‍റെ കുടുംബാംഗങ്ങളായി സ്വീകരിച്ചിരിക്കുന്നു.
ഇനിയും എട്ടോ പത്തോ വീടുകളടങ്ങിയ തറക്കൂട്ടത്തില്‍നിന്ന് അതിനു ചുറ്റുമുള്ള അംപത്-അറുപതു വീടുകളടങ്ങിയ, നമുക്ക് പേരും രൂപവും അനുസ്മരിക്കാന്‍ കഴിയുന്ന കുറെ വീടുകളിലേക്കും മനുഷ്യരിലേക്കും നമ്മുടെ കുടുംബത്തിന്‍റെ വ്യാപ്തി വികസിപ്പിക്കാം. (ഓരോരുത്തരുടെയും സമയലഭ്യതയനുസരിച്ച് അവരെയും ഓരോരുത്തരെയായി മനസ്സിന്‍റെ സിംഹാസനത്തിലേക്ക് ക്ഷണിച്ചു വരുത്തി നാം ഇപ്പോള്‍ നല്കിയ വാഗ്ദാനം നല്കിയാല്‍ മതിയാവും.)
ഇനിയും പഞ്ചായത്തിന്‍റെ വാര്‍ഡിലേക്കു മുഴുവന്‍ നമ്മുടെ കുടുംബബോധം വ്യാപിപ്പിക്കുക. ആ പ്രദേശത്തെ വ്യക്തികള്‍ക്കോ സമൂഹത്തിനോ പരിസ്ഥിതിക്കോ എന്തെങ്കിലും ദോഷമുളവാക്കുന്ന യാതൊന്നും ഞാന്‍ ചെയ്യുകയില്ല എന്നു പ്രതിജ്ഞയെടുക്കുക. തുടര്‍ന്ന് ഇതേ മൈത്രീബോധവും ശുഭഭാവനയും പഞ്ചായത്തു മുഴുവനിലേക്കും വ്യാപിക്കട്ടെ. പഞ്ചായത്തില്‍ എവിടെയുമുള്ള വ്യക്തികള്‍ക്കും സമൂഹത്തിനും പരിസ്ഥിതിക്കും എന്തെങ്കിലും ദോഷമുളവാക്കുന്ന യാതൊന്നും ഞാന്‍ ചെയ്യുകയില്ല എന്നു പ്രതിജ്ഞയെടുക്കുക. തുടര്‍ന്ന് ക്രമേണ ബ്ലോക്ക് , അസംബ്ലി, പാര്‍ലമെന്‍റ് നിയോജകമണ്ഡലങ്ങളിലേക്കും സംസ്ഥാനത്തേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും രാജ്യം മുഴുവനിലേക്കും ഭൂമി മുഴുവനിലേക്കും നമ്മുടെ കുടുംബത്തിന്‍റെ വ്യാപ്തി വികസിപ്പിക്കുക. നമ്മുടെ ശുഭഭാവന രാജായാതിര്‍ത്തികളൊക്കെ മറികടന്ന് ലോകമെങ്ങും വ്യാപിക്കട്ടെ.
ഇനിയും നമുക്ക് നമ്മുടെ മാനുഷികധ്യാനത്തെ ആഗോളമാനുഷികധ്യാനത്തിന്‍രെ തലത്തിലേക്ക് ഉയര്‍ത്താം. അനന്താകാശത്തില്‍ക്കൂടി അതിവേഗം സഞ്ചരിക്കുന്ന ഭൂമിയെന്ന ഗോളത്തില്‍ വസിക്കുന്നവരാണ് നാമെല്ലാം. നമ്മുടെ ജീവിതമെല്ലാം ഈ ഭൂമിയെ ആശ്രയിച്ചിരിക്കുന്നു. നാമെല്ലാം ഭൂമിക്കാരാണ്. നമ്മുടെ ജാതി മതങ്ങളോ നിറഭേദങ്ങളോ ഭാഷാഭേദങ്ങളോ സ്വഭാവ വ്യത്യാസങ്ങളോ പ്രത്യയശാസ്ത്രവ്യത്യാസങ്ങളോ പാമര പണ്ഡിത ഭേദങ്ങളോ സാന്പത്തിക ഉച്ചനീചത്വങ്ങളോ ഒന്നും ഭൂമിയുടെ പരിഗണനയില്‍ പെടുന്ന വിഷയമല്ല. നമ്മുടെയും പരിഗണനയില്‍ അവ ഉണ്ടാകേണ്ടതില്ല. അവയൊന്നും നമ്മുടെ ബന്ധത്തെ ഉലയ്ക്കാന്‍ അനുവദിക്കുകയില്ല എന്നു നമുക്ക് പ്രതിജ്ഞയെടുക്കാം. ഈ ലോകത്തില്‍ ഒരേ കാലഘട്ടത്തില്‍ ജനിച്ച് ഇപ്പോള്‍ ഈ ഭൂമിയില്‍ ഒരുമിച്ചു  ജീവിക്കുന്ന അറുനൂറ്ററുപതു കോടി മനുഷ്യരും ഭൂമിയെന്ന ഈ മഹാ കുടുംബത്തിലെ അംഗങ്ങളാണ്ഇതിനുമുന്പ് ജനിച്ച്  ജീവിച്ച് കടന്നുപോയവരും നമ്മുടെ കുടുംബാംഗങ്ങള്‍വാല്മീകിയും വേദവ്യാസനും ശ്രീ ബുദ്ധനും സോക്രട്ടീസും യേശുവും നബിയും എന്‍റെ കുടുംബക്കാര്‍. എന്‍രെ ഈ ലോകത്തില്‍ എവിടെ താമസിക്കാനും സഞ്ചരിക്കാനും എനിക്ക് അവകാശമുണ്ട്. അതു തടയാന്‍ ഒരു ഭരണാധികാരിക്കും ഇവിടെ അവകാശമില്ല.   ഈ ഭൂമിയിലുള്ള സകലജീവജാലങ്ങളും എനിക്കു വേണ്ടപ്പെട്ടവരാണ്, ഞാന്‍ അവര്‍ക്കുംഈ ബോധം ഒരു കാരണവശാലും നഷ്ടപ്പെടാന്‍ ഞാന്‍ അനുവദിക്കുകയില്ല.   പരസ്പരസഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന, പരസ്പരം എല്ലാം പങ്കുവച്ച് ജീവിക്കുന്ന ഒരു മനുഷ്യസമൂഹത്തെ ഭാവനയില്‍ കാണുക. അതിലെ ഒരംഗമായിരിക്കുന്നതിലെ ആനന്ദം അനുഭവിച്ചറിയുക. ഇത്തരം ഒരു സമൂഹസൃഷ്ടിക്കായി നമുക്കു കിട്ടിയിട്ടുള്ള ശേഷികളെല്ലാം വിനിയോഗിക്കും എന്നു നമുക്കു പ്രതിജ്ഞചെയ്യാം. ഈ ഗ്രാമസ്വരാജ് സൃഷ്ടിക്കായി, സ്വര്‍ഗരാജ്യ സൃഷ്ടിക്കായി ജന്മമെടുത്തവരാണ് നാം എന്ന് സ്വയം തിരിച്ചറിയുകഈ യുഗധര്‍മ്മത്തിന്‍റെ  കൈത്തിരികളാകാന്‍ ഓരോരുത്തര്‍ക്കും മനസ്സുകൊണ്ട് ഒരുങ്ങാം. അതിനായുള്ള സന്മനസ്സും ശക്തിയും സാഹചര്യങ്ങളും ഈ ഭൂമിയിലുള്ള  ഓരോരുത്തര്‍ക്കും ലഭ്യമാകട്ടെ എന്ന ആത്മാര്‍ഥമായ പ്രാര്‍ഥനാഭാവത്തോടെ സാവധാനം നമുക്ക് ഈ ധ്യാനത്തിന്‍റെ തുടര്‍ച്ചയായി നമ്മുടെ ജീവിതം മാറ്റാം.

No comments:

Post a Comment