Friday 22 November 2013

ഗാഡ്ഗിലും കോലാഹലങ്ങളും

ആത്മജവര്‍മ തമ്പുരാന്‍
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15163975&programId=7940899&BV_ID=@@@&tabId=21

വിവാദങ്ങള്‍ ഒന്നും ഇല്ലാതിരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കും പരിസ്ഥിതിക്കാര്‍ക്കും തെരുവില്‍ പ്രയോഗിക്കാനൊരു പേരായി മാറിയിരിക്കുന്നു ഇന്നു ഗാഡ്ഗില്‍. പാരിസ്ഥിതിക പ്രാധാന്യം, ഭൂമിശാസ്ത്ര പ്രത്യേകതകള്‍, കാലാവസ്ഥാ വ്യതിയാനം, പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ഇവയെല്ലാം വിശദമായി പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിച്ച് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് അനുകൂലിച്ചും എതിര്‍ത്തും ഉയരുന്ന വാദങ്ങള്‍കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്. പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതികസ്ഥിതി അടിമുടി വിശകലനം ചെയ്തു വിലയിരുത്തിയിട്ടുണ്ടെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും വിദഗ്ദ്ധരുടെ അവലോകനങ്ങളും വെളിവാക്കുന്നുണ്ട് . ഇതോടൊപ്പം രത്‌നഗിരി ,സിന്ധുദുര്‍ഗ് ജില്ലകളിലെ തീരപ്രദേശം, ഗുണ്ടിയ, അതിരപ്പള്ളി ജലവൈദ്യുതപദ്ധതികളും പ്രത്യേകമായി പരിശോധിക്കപ്പെട്ടു.


പ്രാദേശിക ചുറ്റുപാടുകളുടെ സഹകരണത്തോടെ സമന്വയത്തിന്റെ പാതയില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. അതായത് സുസ്ഥിര വികസനം. ഇത് പാരിസ്ഥി തിക-സാമൂഹിക-സാമ്പത്തിക കാഴ്ച പ്പാടില്‍ ഊന്നി നിന്നു വേണമെന്നു മാത്രം . വികസനവും പ്രകൃതി സംരക്ഷണവും വേറിട്ട കാഴ്ചപ്പാടിലൂടെയാണ് സമൂഹം പതിറ്റാണ്ടുകളായി വീക്ഷിക്കുന്നത്. പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ ചില സ്ഥലങ്ങളിലെങ്കിലും ഉടലെടുക്കുന്ന വിവാദങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റായി മാറുന്നതും അതുകൊണ്ടാണ്. ചില തുരുത്തുകളില്‍ മാത്രം പരിസ്ഥിതിസംക്ഷണം എന്ന മുദ്രാവാക്യം ഒറ്റപ്പെട്ട് നില്‍ക്കുകയും മറ്റ് ബഹുഭുരിപക്ഷം സ്ഥലങ്ങളിലും പരിസ്ഥിതിയ്ക്കു 'ശ്മശാനം' നിര്‍മിക്കുകയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആത്യന്തികമായ ഫലം.

പരിസ്ഥിതി നശീകരണം തടയുന്നതിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അധികാരം ഉണ്ട് . പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇവര്‍ക്കു നടപടി സ്വീകരിക്കാം. ചിലസ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യവസായങ്ങള്‍ക്കും കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നിക്ഷേധിക്കുന്നത് ഇത് കൊണ്ടാണ്. 1991 മുതലാണ് പാരിസ്ഥിതി ദുര്‍ബലപ്രദേശം എന്ന ആശയം ഭരണകുടങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത് .




പരിസ്ഥിതി ദുര്‍ബലപ്രദേശം കണ്ടുപിടിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. വന്യമൃഗസങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന നിര്‍ദേശം നല്‍കുന്നതുപോലെ ഒരു ഉത്തരവിലൂടെ പരിസ്ഥിതി ദുര്‍ബലപ്രദേശം കണ്ടെത്താനാവില്ല . സസ്യങ്ങളുടെ ഇനവിവരങ്ങള്‍, ജൈവആവാസ വ്യവസ്ഥ, ഭൗമബാഹ്യസ്വഭാവം എന്നിവയെല്ലാം ഇതില്‍ കണക്കാക്കും .എന്നാല്‍ അതതു സ്ഥലത്തെ ജീവജാലങ്ങളുടെ അടിസ്ഥാന വിവരങ്ങളാണ് മുഖ്യമായും കണക്കാക്കുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പശ്ചിമഘട്ടം പ്രദേശം മുഴുവന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കണമെന്നു സമിതി ശുപാര്‍ശ ചെയ്ത്.

പശ്ചിമഘട്ടത്തില്‍ 1500 ലേറെ തനത് പുഷ്പിത സസ്യങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. അഞ്ഞൂറിലേറെ പക്ഷികള്‍, സസ്തനികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍ എന്നിവയും ഉള്‍പ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഇവയില്‍ ഏറെയും. അപൂര്‍വമായ ജീവിവര്‍ഗങ്ങളും ഇതില്‍പ്പെടും. മനുഷ്യര്‍ വളര്‍ത്തുന്ന ജീവി വര്‍ഗങ്ങളുടെ പ്രകൃത്യായുള്ള ഇനങ്ങളും അവയുടെ വന്യബന്ധുക്കളും ഉള്ള പ്രദേശങ്ങള്‍ കുടിയാണ് പശ്ചിമഘട്ടം.

വന്യജീവികളുടെ ഇടനാഴിയാണ് ഈ സ്ഥലം. പ്രത്യേക ആവാസവ്യവസ്ഥ എന്ന ഒരിനം കുടി കണക്കാക്കപ്പെടുന്നുണ്ട്. ജൈവവും അജൈവവുമായ ഘടകങ്ങള്‍ തമ്മില്‍ ലോലമായ പരസ്പരാശ്രയത്വം നിലനില്‍ക്കുന്നതും ജീവികളുടെ മെച്ചപ്പെട്ട നിലനില്‍പ്പിനും പെരുകലിനും വഴിയൊരുക്കുന്ന പ്രദേശമാണ് ഇത്.



പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പാരിസ്ഥിതികമായി അതീവലോലപ്രദേശം, പാരിസ്ഥിതികമായി ലോലപ്രദേശം, താരതമ്യേന പാരിസ്ഥിതിക ലോലതകുറഞ്ഞ പ്രദേശം എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്. തരംതിരിവിന് ജൈവപരമായ ഘടകങ്ങളാണ് പ്രധാനമായും അവലംബിച്ചിട്ടുള്ളത്. ജീവജാലങ്ങളുടെ ബാഹുല്യം, അപൂര്‍വ ഇനങ്ങളുടെ സാന്നിദ്ധ്യം, സ്വാഭാവികവാസസ്ഥലങ്ങളിലെ ജൈവപിണ്ഡത്തിന്റെ ഉല്‍പാദന ക്ഷമത, ജൈവവും പാരിസ്ഥിതികവുമായ ഭീഷണി നേരിടാനുള്ള കഴിവ്, സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം, ഭൗമകാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയാണ് ജൈവപരമായ ഘടകങ്ങളില്‍ ഉള്‍പ്പടുത്തിയിട്ടുള്ളത് .

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിക്കുന്ന ഉന്നതാധികാര കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ പരിചരിക്കപ്പെടുന്നത്. കേരളത്തില്‍ തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, തലശേരി, പുനലൂര്‍, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, റാന്നി, നെടുമങ്ങാട്, മുകുന്ദപുരം, വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങള്‍ പാരിസ്ഥിതികമായി അതീവലോല പ്രദേശങ്ങളാണ്.

കാഞ്ഞിരപ്പള്ളി, തൃശൂര്‍ എന്നിവയാണ് ലോലപ്രദേശമായി കണക്കാക്കിയിട്ടുള്ളത് . മൂന്നാമത്തെ വിഭാഗമായ താരതമ്യേന പാരിസ്ഥിതികലോലത കുറഞ്ഞ പ്രദേശങ്ങളില്‍ കേരളത്തില്‍ നിന്നു എട്ടു സ്ഥലങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഹോസ്ദുര്‍ഗ്, കൊട്ടാരക്കര, പാലാ, മാഹി, മലപ്പുറം, ആലത്തൂര്‍, മല്ലപ്പള്ളി, വടക്കാഞ്ചേരി എന്നിവയാണ് ആ സ്ഥലങ്ങള്‍.
 

No comments:

Post a Comment