Thursday, 2 February 2017

ഇടവഴികളില്‍ ബണ്ട് നിര്‍ബന്ധമാക്കണം

അഡ്വക്കേറ്റ് : ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍ 

Ph : 9447181316


കേരളത്തില്‍ ഇടവഴി, ഇടകിഴി, ഇടത്തൊണ്ട് എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം രണ്ട് പുരയിടങ്ങള്‍ക്കിടയിലുണ്ട്. നാട്ടില്‍ പുറങ്ങളിലെ കൃഷിയിടങ്ങളിലാണ് ഇത് ധാരാളം കണ്ടുവരുന്നത്. ശൂരനാട്ട് കുഞ്ഞന്‍ പിള്ളയുടെ  ശബ്ദ താരാവലിയില്‍ 'ഇടവഴി' എന്നാണ് കൊടുത്തിരിക്കുന്നത്. ഭൂമിക്ക് വില വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ ഇടവഴി ഇല്ലാതായി അത് വഴിയായി ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം എന്നാല്‍ രണ്ടുപുരയിടങ്ങളുടെ ഉടമസ്ഥര്‍ പുരയിടങ്ങള്‍ തമ്മില്‍ ഇടകിഴിച്ചെടുത്ത് കയ്യാലവയ്ക്കുകയും കയ്യാലയ്ക്കും കിഴിച്ചെടുക്കുന്ന മണ്ണ് ഇട്ട് കയ്യാലനികത്തുകയും ചെയ്യുകയാണ് പതിവ്. രണ്ട് പുരയിട ഉടമസ്ഥരും തുല്യ അളവിലാണ് മണ്ണ് കിഴിച്ചെടുക്കുന്നത് മഴവെള്ളം ഒഴുക്കിവിടുക, കന്നുകാലികളെ കൊണ്ടുപോകുക, വഴി നടക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് 'ഇടവഴി' ഉപയോഗിച്ചിരുന്നത്. എന്നിരുന്നാലും ഇടവഴി സംബന്ധിച്ചുള്ള അവകാശങ്ങള്‍ക്ക് മുന്‍സിഫ് കോടതികളെ വ്യവഹാരങ്ങളില്‍ വലിയ പങ്കുണ്ട്.
ഇടവഴികളിലൂടെ മഴക്കാലത്ത് മുഴുവന്‍ മഴ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. ഒരു പക്ഷെ ഭൂര്‍ഗഭജലം ഉയര്‍ന്ന അളവിലുണ്ടായിരുന്ന പഴയ കാലങ്ങളില്‍ ഇടവഴികളിലൂടെ വെള്ളം ഒഴുകിപ്പോകേണ്ടത് ഉയര്‍ന്ന പ്രദേശങ്ങളില്‍ ആവശ്യമായിരിക്കാം. ഇന്നിപ്പോള്‍ കഥമാറി ഭൂഗര്‍ഭജലവിതരണം ക്രമാതീതമായി താഴ്ന്നു കൊണ്ടിരിയ്ക്കുന്നു. മഴയുടെ അളവില്‍ ഭീതിജനകമാവിധം കുറഞ്ഞു കഴിഞ്ഞു. ഇനി ഒഴുക്കികളയുവാന്‍  മഴവെള്ളമില്ല. അവശേഷിക്കുന്ന മുഴുവന്‍ ഇടവഴികളിലും നിശ്ചിത അകലത്തില്‍ വെള്ളം അടഞ്ഞു നിര്‍ത്താന്‍ കഴിയും വിധമുള്ള ബണ്ടുകള്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. കൂടാതെ മുഴുവന്‍ കൈത്തോടുകളില്‍ ബണ്ടുകള്‍ നിര്‍മ്മിക്കണം. പ്രധാന ആറുകളില്‍ സ്ഥിരം തടയണ നിര്‍മ്മിക്കുന്നത് ആറിന്റെ ഒഴുക്കിനെ  തടയുകവഴി നദിയുടെ സ്വാഭാവികത ഇല്ലാതാക്കുന്നതിനെ ഉപകരിക്കൂ. എന്നാല്‍ കൈത്തോടുകളില്‍ സ്ഥിരംതടയണ നിര്‍മ്മിച്ചാലും കുഴപ്പമില്ല. നദിയില്‍ ഒഴുകാനുള്ള വെള്ളം ലഭിക്കുകയും ചെയ്യും. ഒരു പക്ഷേ ഇടവഴികളില്‍ പ്ലാസ്റ്റിക് വെയ്സ്റ്റും കല്ലും മണ്ണു ചേര്‍ത്ത് ബണ്ടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്നും പരീക്ഷിക്കാവുന്നതാണ്.
പ്രശ്‌നം അതല്ല. ഇടവഴിയില്‍ പകുതി അവകാശമെ ഒരു വശത്തെ വസ്തു ഉടമസ്ഥനുണ്ടാകുകയുള്ളു. ഇരുവശം വസ്തു ഉടമസ്ഥരും ചേര്‍ന്ന് ബണ്ട് നിര്‍മ്മിക്കുന്നതിനുള്ള സാദ്ധ്യത കുറവാണ്. അപ്പോള്‍ പിന്നെ ഇടവഴികളെ 'പബ്ലിക് ട്രസ്റ്റ്' ആയി പ്രഖ്യാപിക്കണം. ഭൂഗര്‍ഭജലവും എല്ലാനീരൊഴുക്കുകളും പൊതുസ്വത്തായി പ്രഖ്യാപിക്കുന്നതാണ് ഉചിതം. ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം നല്‍കി ഇടവഴികളില്‍ ബണ്ട് നിര്‍മ്മിക്കുന്നതിനും മണ്ണില്‍ പുതയിടുന്നതിനും സസ്യാവരണം നിലനിര്‍ത്തുന്നതിനും ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. വന്‍തോതില്‍ മേല്‍മണ്ണ് ഒഴുകിപ്പോകുന്നത് തടയുന്നതിനും ഇതുവഴി സാധിക്കും. മഴ അനുഗ്രഹിച്ചാല്‍ ഇപ്രകാരം മഴവെള്ളം മണ്ണില്‍ ശേഖരിച്ച് വീണ്ടും നമുക്ക് ജലസമ്പന്നമാകാം.Thursday, 19 January 2017

കോട്ടമല സമരത്തിന് ഐക്യദാര്‍ഢ്യം -- ജനാധികാര പദയാത്ര

രാമപുരം-കോട്ടമല

2016 ജനുവരി 26 വ്യാഴം രാവിലെ 9.30 ന്
രാമപുരം ടൗണില്‍നിന്ന് ആരംഭിക്കുന്നു
ക്യാപ്റ്റന്‍ - ജോര്‍ജ് മുല്ലക്കര
ഉദ്ഘാടനം - ജോസ് അഗസ്റ്റ്യന്‍ പുത്തേട്ട്
(പ്രസിഡന്റ്, കര്‍ഷകവേദി)

മനുഷ്യസമൂഹത്തിന്റെ പൊതുസ്വത്തായ മലയും മണ്ണും ജലവും പാറയുമെല്ലാം കടുത്ത ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണമാണ് വികസനമെന്ന വികലമായ സങ്കല്പം  പിന്തുടര്‍ന്നു കേരളം പാരിസ്ഥിതിക വിനാശത്തിന് വലിയ വില നല്കിത്തുടങ്ങിയിരിക്കുന്നു. വിഭവ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ വ്യക്തമായ നയം രൂപീകരിക്കുന്നില്ലെന്ന് മാത്രമല്ല വികസനത്തിന്റെ പേരുപറഞ്ഞ് സ്വകാര്യമൂലധന താല്പര്യങ്ങള്‍ക്കുവേണ്ടി വിവേകരഹിതമായ വിഭവചൂഷണത്തിന് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കേരളത്തിലെ കുന്നുകളും മലകളും പാറകളും വന്‍തോതില്‍ നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ ഒരു വര്‍ഷം ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും ശരാശരി 15 മുതല്‍ 20 ടണ്‍വരെ മേല്‍മണ്ണ് ഒലിച്ചു നഷ്ടപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂഗര്‍ഭ ജലവിതാനം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. മണ്ണിരകളുടെ കൂട്ടമരണവും 60 % മഴക്കുറവുമെല്ലാം കേരളം മരുവത്ക്കരണത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണ്. ഈ നിലയില്‍ കുന്നിടിക്കലും പാറപൊട്ടിക്കലും വയല്‍ നികത്തലും രാസവിഷ ഉപയോഗവും തുടര്‍ന്നാല്‍ കേരളത്തിന്റെ കാര്‍ഷികരംഗം പാടെ തകരുകയും ജനജീവിതം ദുഃസ്സഹമാകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കോട്ടമല സമരം കേരളത്തിന് പ്രകാശം പകരുന്നത്. പ്രാദേശിക വിഭവങ്ങളുടെമേല്‍ പ്രാദേശിക ജനത അധികാരം ആര്‍ജിച്ചുകൊണ്ടു മാത്രമേ ഭരണകൂടത്തിന്റെ  ഒത്താശയോടെ സ്വകാര്യമൂലധന ശക്തി നടത്തുന്ന കൊള്ള തടയുന്നതിന് സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഗ്രാമസഭകള്‍ക്ക് ഇത്തരംവിഭവങ്ങളുടെ മേല്‍ പൂര്‍ണ്ണാധികാരമുണ്ടാകേണ്ടതുണ്ട്. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജി മുമ്പോട്ട് വച്ച 'ഗ്രാമ സ്വരാജ്' എന്ന ആശയം പ്രായോഗികമാക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ സ്വയം  സംഘടിച്ച് നടത്തുന്ന കോട്ടമല സമരം ജനാധികാരം വീണ്ടെടുക്കാനുള്ള സമരങ്ങള്‍ക്ക് കരുത്തുപകരുമെന്ന കാര്യത്തില്‍ സംശയമില്ല. കോട്ടമലയിലെ പോരാടുന്ന ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഗാന്ധിയന്‍ സംഘടനകള്‍ രാമപുരത്തുനിന്നും കോട്ടമലയിലേക്ക് ചുവടുവയ്ക്കുകയാണ്. 
കുറിഞ്ഞി പാരീഷ് ഹാളില്‍ 2 പി.എം. ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. ഫാദര്‍ തോമസ് ആയിലൂക്കുന്നേല്‍, പ്രമോദ് കൈപ്പിരിക്കല്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു നടക്കുന്ന കോട്ടയം ജില്ലാ ജൈവ കര്‍ഷക സംഗമത്തില്‍ കുന്നിടിക്കലും പാറപൊട്ടിക്കലും കാര്‍ഷിക മേഖലയ്ക്ക് വെല്ലുവിളി എന്ന വിഷയത്തില്‍ ഡോ. ജോമി അഗസ്റ്റ്യന്‍ വിഷയം അവതരിപ്പിക്കും. സി ജെ മാത്യു. അഡ്വ. ബിനോയി മങ്കന്താനം തുടങ്ങിയവര്‍ സംസാരിക്കും. 
സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട്,
കെ.ജെ. അബ്രാഹം (സര്‍വ്വോദയമണ്ഡലം)996116722
സണ്ണി വര്‍ഗ്ഗീസ് (ജൈവകര്‍ഷക സമിതി) 9947997860
അഡ്വ. ജോര്‍ജുകുട്ടി കടപ്ലാക്കല്‍ (സംഘാടക സമിതി കണ്‍വീനര്‍) 9447181316
N.B.
ഡോ. എസ്. രാമചന്ദ്രന്‍, സി. റോസ് വൈപ്പന
ഡോ. ജോസ് മാത്യു,അഡ്വ. വി.എം. മൈക്കിള്‍, 
എബി എമ്മാനുവല്‍, തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിക്കുന്നു.

Wednesday, 23 March 2016

Friday, 3 October 2014

നദീദിനം ആചരിച്ചു

മീനച്ചില്  നദീ സംരക്ഷണ  ആഭിമുഖ്യത്തില് ഈരാറ്റുപേട്ടയില്  നദീ ഓഡിറ്റ്‌ , സെമിനാര് കൂട്ട ഓട്ടം നദീ സംരക്ഷണ പ്രതിജ്ഞ എന്നീ  പരിപാടികളോട് കൂടി നദീദിനം ആചരിച്ചു. കേരള നദീസംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്  സമിതി പ്രസിഡന്റ് എന് അപ്പുക്കുട്ടന്  പിള്ള,വിഷയാവതാരകന്   ഡോ. സി. എം. ജോയി, ഡോ എസ്. രാമചന്ദ്രന് , സി.റോസ് വൈപ്പന , കെ ബിനു, കെ. എം സുലൈമാന്  എബി എമ്മനുവല്  മുതലായവര് പങ്കെടുത്തു.ഈരാറ്റുപേട്ട പൂഞ്ഞാര് മേഖല കളിലെ വിദ്യാലയങ്ങളിലെ വിദ്യാര്ഥി കള് പങ്കെടുത്ത കൂട്ട്യോട്ടത്തി നു  പ്രശസ്ത   സിനിമാ നടന്  അനൂപ്‌ ചന്ദ്രന്  നേതൃത്വം നല്കി.

Sunday, 1 June 2014

ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികള്‍ക്കും സ്തുതി

സണ്ണി പൈകട
'ആനന്ദം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ...', ഇത് ഒരു പരസ്യ വാചകത്തിന്റെ ഭാഗമാണ്. കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം ഇപ്പോള്‍ ഈ മാനസികാവസ്ഥയിലാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്ഫലം പുറത്ത് വന്ന് ഇടുക്കിയിലെ ഇടതുവിജയം ഉറപ്പായപ്പോള്‍ ആവേശപൂര്‍വ്വം അവിടുത്തെ ബിഷപ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ കണ്‍വീനറുടെ സ്വരത്തില്‍ പ്രതികരിച്ചത് തന്നെ ഈ മാനസികാവസ്ഥയുടെ തെളിവാണ് 
തങ്ങള്‍ നിശ്ചയിക്കുന്നതുപോലെ പൊതുകാര്യങ്ങള്‍ നടക്കുന്നു എന്നറിയുമ്പോള്‍ ആര്‍ക്കാണ് സന്തോഷവും അഭിമാനവും അല്‍പം ഹുങ്കും തോന്നാത്തത്. ഇത്തരം ലൗകിക സ്വഭാവങ്ങള്‍ കൊഴിച്ചുകളഞ്ഞ് സ്ഥിതപ്രജ്ഞരായിത്തീര്‍ന്ന ആചാര്യന്‍മാരല്ലല്ലോ ഇക്കാലത്ത് ഇടയസിംഹാസനങ്ങളില്‍ വാണരുളുന്നത് എന്ന് നമ്മുക്ക് സമാധാനിക്കാം.
മതപൗരോഹിത്യങ്ങളും സമുദായ നേതൃത്വങ്ങളും ജയരാജഭാഷയില്‍ പ്രതികരിക്കുന്നതും പെരുമാറുന്നതും എന്തുകൊണ്ടാണെന്ന് ജനാധിപത്യബോധമുള്ളവര്‍ ആലോചിക്കണം. തിരഞ്ഞെടുപ്പുകള്‍ ഇനിയും വരും. ജനപ്രതിനിധികളെ പൗരോഹിത്യം നിശ്ചയിക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുന്നത് ആത്മാഭിമാനബോധമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഉള്‍ക്കൊള്ളാനാകുമോ?. പൗരോഹിത്യം അതതുകാലത്തെ ഭരണകൂടങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദങ്ങളുയര്‍ത്താന്‍ ശ്രമിക്കുന്നത് പുതിയകാര്യമല്ല. പൊതുസമൂഹത്തിന്റെ നന്മയെ കരുതിയുള്ള മൂല്യാധിഷ്ഠിത നിലപാടുകളുടെ സമ്മര്‍ദ്ദങ്ങളല്ല അവരുയര്‍ത്താറുള്ളത്. സ്വന്തം കുഞ്ഞാടുകളുടെ ശ്രേയസ്സ് ലക്ഷ്യമാക്കിയുള്ള സമ്മര്‍ദ്ദതന്ത്രങ്ങളുമല്ല. സ്വന്തംനിയന്ത്രണത്തിലുള്ള സ്ഥാപനവല്‍കൃത സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനും
  ബലപ്പെടുത്തുന്നതിനുമുള്ള താല്‍പ്പര്യങ്ങളാണ് മറ്റുപല രൂപത്തില്‍ പൗരോഹിത്യത്തിന്റെ ഭാഗത്തു നിന്നുണ്ടാവാറുള്ളത് .എന്നാല്‍ പ്രസ്താവനകളും ആഹ്വാനങ്ങളും വഴി ചില ബഹളങ്ങളുണ്ടാക്കാന്‍ കഴിയുന്നതിനപ്പുറത്ത് വന്‍തോതില്‍ ജനങ്ങളെ സമരസജ്ജരാക്കാന്‍ സമീപകാലത്തൊന്നും പൗരോഹിത്യത്തിന് കഴിഞ്ഞിരുന്നില്ല. അതിന് ആഗ്രഹിക്കാഞ്ഞിട്ടോ ശ്രമിക്കാഞ്ഞിട്ടോ അല്ല; മറിച്ച് കുഞ്ഞാടുകളെ പറ്റം പറ്റമായി അണികളായി കിട്ടുന്നുണ്ടായിരുന്നില്ല. വിമോചനസമരകാലത്തിനു ശേഷം ഗാഡ്ഗില്‍ കാലത്തിലാണ് വന്‍തോതില്‍ ജനങ്ങളെ തെരുവിലിറക്കാന്‍ പൗരോഹിത്യത്തിന് കഴിഞ്ഞത് , ഇടയന്‍മാരെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരുന്ന തിരിച്ചറിവില്‍ നിന്ന്, തങ്ങളുടെ രക്ഷകര്‍ ഇവരല്ലാതെ മറ്റാരാണ് എന്ന നിസ്സഹായതാബോധത്തിലേക്ക് കുഞ്ഞാടുകള്‍ കൂപ്പുകുത്തി. പൊതുവില്‍ ഇടയന്‍മാരുടെ രാഷ്ട്രീയ ഇടപെടലുകളും ഇടങ്കോലുകളും ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയിട്ടുള്ള വിശ്വാസികള്‍ ഉള്‍പ്പെടെ അവര്‍ക്കു പിന്നില്‍ അണിനിരന്നു. ഇതൊരു പിന്നോട്ടു നടത്തമാണ്. ഇടയന്മാരുമായി നേരിട്ട് ഇടയാന്‍ ചുരുക്കം ചില 'പുലി'ക്കുന്നന്‍മാരെ ഉണ്ടായിരുന്നുള്ളു എങ്കിലും അത്തരമാളുകള്‍ ഉയര്‍ത്തിപ്പിടിച്ച മനോഭാവം വ്യാപകമാവുന്നുണ്ടായിരുന്നു. ''യേശുവിലാണെന്‍ വിശ്വാസം കീശയിലാണെന്‍ ആശ്വാസം'' എന്ന വിളിക്കാത്ത മുദ്രാവാക്യം പൗരോഹിത്യത്തിന്റെ തിരുനെറ്റിയില്‍ എഴുതിവച്ചിരിക്കുന്നത് വായിക്കാന്‍ ശേഷിയുള്ള വിശ്വാസികളുടെ എണ്ണം ചെറുതല്ലായിരുന്നു. ദശകങ്ങള്‍ കൊണ്ടുണ്ടായിവന്ന ഈ മാറ്റളെല്ലാം അസാധുവാക്കാന്‍ കിട്ടിയ ആയുധങ്ങളായി ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ട സംരക്ഷണകാര്യത്തില്‍ ഉദ്ദേശ ശുദ്ധിയുള്ള ഒന്നാണെന്ന് ആ വിഷയത്തെക്കുറിച്ച് പ്രാഥമിക ധാരണയുള്ളവരെല്ലാം സമ്മതിക്കും. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍, അത് തയ്യാറാക്കിയ വിദഗ്ദന്മാരുടെ ജനബന്ധമില്ലായ്മയില്‍ നിന്നുണ്ടായ ചില വീഴ്ചകളുണ്ടെന്നതും ജനകീയ തലത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നവര്‍ അംഗീകരിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉദ്ദേശശുദ്ധിയില്ലാത്തതും പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍ണ്ണയത്തില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണെന്നതും വ്യക്തമാണ്. ഈ റിപ്പോര്‍ട്ടുകളുടെ ഫലമായി പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്കിടയിലുണ്ടായ അങ്കലാപ്പ് തങ്ങള്‍ക്ക് കൃഷിയിറക്കാനുള്ള വളക്കൂറുള്ള മണ്ണാണെന്ന തിരിച്ചറിവ് പൗരോഹിത്യത്തിനുണ്ടായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍ യഥാസമയം ജനമദ്ധ്യത്തിലവതരിപ്പിക്കാനും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള ജനാഭിപ്രായരൂപീകരണത്തിന് മുന്‍കൈയെടുക്കേണ്ട രാഷ്ടീയ കക്ഷികള്‍ നിര്‍ബ്ദതപുലര്‍ത്തി. ആ നിശബ്ദത തന്ത്രപരമായിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല. പശ്ചിമഘട്ട മേഖലയിലെ ഖനനതാല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ ഉയര്‍ന്ന രാഷ്ട്രീയ നേതൃത്വമണ്ഡലത്തിലുള്ളര്‍ കൂടിയാണല്ലോ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അവഗണിക്കാനുള്ള കാരണം പ്രതീക്ഷിച്ചിരുന്നതുപോലുള്ള നിസ്സംഗതയാണവര്‍ പുലര്‍ത്തിയത്. ഇതാണ് പൗരോഹിത്യം ഉപയോഗിച്ച അവസരം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വലിയ ജനപിന്തുണയോടെ പ്രതിരോധനിര കെട്ടിപ്പടുത്തവര്‍ക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയും ജനങ്ങളെ അണിനിരത്തുക എളുപ്പമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ചത് പൗരോഹിത്യത്തിന്റെ രാഷ്ട്രീയ ശാക്തീകരണമായിരുന്നു. ഇടയന്മാര്‍ രാഷ്ട്രീയ നേതൃത്വങ്ങളെ പരസ്യമായി വിരട്ടാന്‍ മാത്രം കരുത്തരായി. പിന്നില്‍ അണിനിരന്ന ജനങ്ങളുടെ ശക്തി കൊണ്ടാണവര്‍ക്ക് അങ്ങനെ ചെയ്യാനായത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിരുദ്ധ സമരത്തിന്റെ കൊടി കത്തോലിക്കാ പൗരോഹിത്യത്തിന്റെ കൈകളില്‍ നിന്ന് ഏറ്റെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ ഇതര സമുദായ നേതൃത്വങ്ങള്‍ക്കോ കഴിഞ്ഞില്ല. എല്ലാവരും പിന്നണിപ്പോരാളികളായി സ്വയം ചുരുങ്ങി കത്തോലിക്കാ പൗരോഹിത്യത്തിന് കരുത്ത് പകര്‍ന്നു. പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുടെ പ്രതിഷേധക്കരുത്തില്‍ പൗരോഹിത്യം നിലവിട്ട് പെരുമാറാനും അട്ടഹാസങ്ങള്‍ മുഴക്കാനും തുടങ്ങി. പി.ടി തോമസിന്റെ ശവഘോഷയാത്ര മുതല്‍ കൊട്ടിയൂര്‍മേഖലയിലെ അഴിഞ്ഞാട്ടങ്ങള്‍ വരെ അതിന്റെ ഉദാഹരണങ്ങളാണ്.
പൗരോഹിത്യത്തിന്റെ നീക്കങ്ങളെല്ലാം എത്ര നിലവാരം കുറഞ്ഞതായിരുന്നു എങ്കിലും അവയെല്ലാം അവരുടെ നിഗൂഢ ലക്ഷ്യങ്ങളിലേക്ക് മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരുന്നു. ഇടതുപക്ഷം നാല് വോട്ടിന്റെ മോഹവലയത്തില്‍പെട്ട് പൗരോഹിത്യ നേതൃത്വത്തില്‍ കീഴില്‍ അഭയം പ്രാപിച്ചപ്പോള്‍ മുതല്‍ പൗരോഹിത്യരാഷ്ട്രീയത്തിന്റെ വിജയമാരംഭിക്കുകയായിരുന്നു. പി.ടി. തോമസിന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ പൗരോഹിത്യം രണ്ടാം വിജയമാഘോഷിച്ചു. ജോയിസിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മൂന്നാം വിജയം. ജോയിസിന്റെ നല്ല ഭൂരിപക്ഷത്തിലുള്ള വിജയത്തോടെ സമ്പൂര്‍ണ്ണവിജയം. മലയോരമേഖലയിലെ മണ്ഡലങ്ങളിലെല്ലാം തന്നെ കേരളകോണ്‍ഗ്രസ്സിന്റെതൊഴികെയുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒന്നുങ്കില്‍ പരാജയം അല്ലെങ്കില്‍ ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവ്. ഇനി ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ നടപ്പിലാക്കിയാലുമില്ലെങ്കിലും ആര്‍ക്കുചേതം.
 ! തങ്ങളുടെ കരുത്തും അധീശത്വവും ഇതുപോലെ തെളിയിക്കാന്‍ സമീപകാലത്തൊന്നും മറ്റൊരവസരം കിട്ടിയില്ലെങ്കിലും ഈ വിജയം നല്‍കിയ വിലപേശല്‍ശേഷി ഉപയോഗപ്പെടുത്തി ഏറെക്കാലം മുന്നോട്ടുപോകാനാവുമെന്ന് പൗരോഹിത്യത്തിനറിയാം. ഇലക്ഷന് മുമ്പും ശേഷവും കേരളത്തിലും ദേശീയ തലത്തിലും നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ രാഷ്ട്രീയ വിശകലനങ്ങളും മത-ജാതി മാനദണ്ഡങ്ങളെ മാത്രമടിസ്ഥാനമാക്കിയാണെന്നത് പൗരോഹിത്യത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഈ രാജ്യത്ത് മാധ്യമങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും കണ്ണില്‍ പൗരന്‍മാരില്ലാതാവുകയും ഹിന്ദുവും, മുസ്ലീമും, കത്തോലിക്കനും, യാദവനും, കുര്‍മിയും മറ്റും മാത്രം അവശേഷിക്കുകയും ചെയ്തിരിക്കുന്ന നല്ലകാലമോര്‍ത്ത് പൗരോഹിത്യത്തിന് സന്തോഷിക്കാം. 
മേല്‍സൂചിപ്പിച്ച നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ കാണികളുടെ റോള്‍പോലും ലഭിക്കാതെ പോയ് ഒരു വിഭാഗമാണ് കേരളത്തിലെ പരിസ്ഥിതിവാദികള്‍. പശ്ചിമഘട്ടസംരക്ഷണകാര്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനപ്പുറമോ ഇപ്പുറമോ ഒന്നുമില്ല എന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടെടുക്കുകയാണവര്‍ ചെയ്തത്. സാധാരണ ജനങ്ങളുമായി ബന്ധമില്ലാതെയും സ്വന്തം ജീവിത ഇടങ്ങളില്‍ ഉണ്ടാവുന്ന പാരിസ്ഥിതിക തിരിച്ചടികളില്‍ പ്രതികരണമില്ലാതെയും, മറ്റെവിടെയെങ്കിലും ഉണ്ടാകുന്ന പാരിസ്ഥിതിക തിരിച്ചടികളിലെ ഇരകള്‍ നടത്തുന്ന സമരങ്ങളില്‍ ഐക്യദാര്‍ഢ്യതീര്‍ത്ഥാടനം നടത്തിയും, ചാനലുകളില്‍ വിശകലനം നടത്തിയും പരിസ്ഥിതിവാദി ചമഞ്ഞു നടക്കുന്ന അത്തരമാളുകള്‍ക്ക് എങ്ങനെ യാഥാര്‍ത്ഥ്യബോധത്തോടെ ഒരു വിഷയത്തില്‍ നിലപാടെടുക്കാനാവും. ഒരു ജനതയുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ ആ ജനതയുടെ ജീവിത സാഹചര്യങ്ങളിലൂടെ കാര്യങ്ങളെ വായിച്ചറിയുവാനുള്ള കാഴ്ചയുടെ തെളിച്ചമില്ലാത്തവര്‍ കര്‍ഷകരോട്, സ്റ്റാന്‍ഡപ്പ്, നിങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ? എന്ന ഒരേ ഒരു ചോദ്യമുന്നയിക്കുന്നതാണ് കണ്ടത്. പട്ടണങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിച്ച്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകരെ പശ്ചിമഘട്ടത്തില്‍ നിന്ന് കുടിയിറക്കാന്‍ ഒരു വാചകം പോലും പറഞ്ഞിട്ടില്ല എന്ന് പല തവണ ആവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനമാണ് നടന്നത്. ഏതു റിപ്പോര്‍ട്ടും അത് ബാധിക്കുന്ന ജനങ്ങളുടെ കണ്ണുകളിലൂടെയും അനുഭവങ്ങളിലൂടെയും നോക്കിക്കാണാന്‍ ഉള്ള വിനയവും ബൗദ്ധിക തുറവിയുമുള്ളവര്‍ക്കെ ആ ജനങ്ങളുമായി ഫലപ്രദമായി സംവാദിക്കാനാവു. വളരെ വൈകി യൂത്ത് ഡയലോഗ് എന്ന ഒരു കൂട്ടായ്മ ആ വഴിക്കൊരു ശ്രമം നടത്തിയതും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിട്ട് വേണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ എന്ന ഒരു നിലപാടെടുത്തതും മാത്രമാണ്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ശേഷം ആ വിഷയവുമായി ബന്ധപെട്ട് പരിസ്ഥിതിവാദികളില്‍ നിന്നുണ്ടായ ക്രിയാത്മക നിലപാടുകള്‍. യഥാസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പരിമിതികളെക്കുറിച്ച് തുറന്ന നിലപാടെടുക്കാന്‍ പരിസ്ഥിതിവാദികള്‍ക്ക് എങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ പൗരോഹിത്യത്തിന് ഈ വിധത്തിലൊരു ഏകപക്ഷീയ വിജയമുണ്ടാകുമായിരുന്നില്ല. ഇതെല്ലാമറിയാവുന്ന പൗരോഹിത്യം ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികള്‍ക്കും സ്തുതി പറയും എന്നുറപ്പാണ്

Wednesday, 5 February 2014

പ്ലാച്ചിമട വീണ്ടും സമരഭൂമിയാകുന്നു.

Published On: Tue, Feb 4th, 2014

1555569_537867732977381_656005418_n
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ രാഷ്ട്രപതി ഒപ്പുവെക്കുക, കോര്‍പ്പറേറ്റ് വഞ്ചനകള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലാച്ചിമട കൊക്കോകോള കമ്പനിക്കുമുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. സമരസമിതി പ്രവര്‍ത്തകരായ സി.എസ്.ശാന്തി, കെ.വി.ബിജു, ലുക്മാന്‍ എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. മുന്‍മന്ത്രി വി.സി.കബീര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിരവധി രാഷ്ട്രീയപരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി എത്തി.
കേരളത്തിലെ ജനകീയ – പരിസ്ഥിതി സമരങ്ങള്‍ക്ക് മാതൃകയായ പ്ലാച്ചിമട ഇതോടെ വീണ്ടും സമരഭൂമിയാകുകയാണ്. ലോകശ്രദ്ധയാകര്‍ഷിച്ച പ്ലാച്ചിമട സമരം ഭാഗികമായി വിജയം തന്നെയാണ്. വര്‍ഷങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്ന കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് നിയമിച്ചത്. എട്ടുമാസം കൊണ്ട് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.26 കോടി രൂപ നഷ്ടപരിഹാരം കോളകമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. ആ സര്‍ക്കാരിന്റെ അവസാന കാലയളവില്‍ നിയമസഭ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ഐക്യകണ്‌ഠേന പാസ്സാക്കുകയും ചെയ്തു. എന്നാല്‍ ഇന്നും അതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല. അതില്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഒട്ടും വേവലാതിയില്ല. നിയമസഭ പാസാക്കിയ ഒരു ബില്ലിനെയാണ് കോളയുടെ നിയമോപദേശത്തിന്റെ പുറത്ത് കേന്ദ്രം അട്ടിമറിക്കുന്നത്. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്ന ബില്ലിന്റെ പകര്‍പ്പ് പ്രസിഡന്റിന്റെ ഓഫീസിലെത്തിയിട്ടില്ലത്രെ. ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഭാര്യയാണ് കൊക്കക്കോളയുടെ അഭിഭാഷക എന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
ഒരു ബഹുരാഷ്ട്രകമ്പനിക്കുമുന്നില്‍ ഇന്ത്യന്‍ ജനാധിപത്യം മുട്ടുകുത്തുന്ന കാഴ്ചയാണിത്. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാകേണ്ട നിയമസഭക്ക് അതില്‍ ഒരു പരാതിയുമില്ല. കേരളത്തിലെ വെറും ഇരുനൂറോളം വരുന്ന തോട്ടമുടമകള്‍ക്ക് അഞ്ചു ശതമാനം ഭൂമി ടൂറിസമടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിന് പ്രത്യേക സെക്രട്ടറിയെ നിയമിച്ച് കേന്ദ്രത്തിന്റെ അനുമതി നേടിയെടുക്കാന്‍ ഈ സര്‍ക്കാരിന് ഒരു മടിയുമുണ്ടായില്ല. എന്നാല്‍ പ്ലാച്ചിമടയിലെ ആദിവാസികളടക്കമുള്ള പാവങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലിന് അനുമതി വാങ്ങാന്‍ ഒരു ശ്രമവുമില്ല. തങ്ങള്‍ ഭരിക്കുമ്പോള്‍ ഐക്യകണ്‌ഠേന പാസ്സാക്കിയ ബില്ലിനു കേന്ദ്രത്തിന്റെ അനുമതി വാങ്ങാന്‍ പ്രതിപക്ഷത്തിനും താല്‍പ്പര്യമില്ല. എല്ലാ പാര്‍ട്ടികളും കുത്തക പണത്തിന്റെ ആവശ്യക്കരാണെന്ന യാഥാര്‍ത്ഥ്യം ഇതിലൂടെ ഒരിക്കല്‍ കൂടി വെളിവാകുന്നു.
സ്വന്തം മണ്ണും, വെള്ളവും മലീമസമാക്കിയ കമ്പനി നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന നിശ്ചയദാര്‍ഢ്യ്തതിലാണ് പ്ലാച്ചിമട നിവാസികളും സമരസമിതിയും. അതിനാല്‍ തന്നെ ഈ സമരത്തോട് ഐക്യപ്പെടേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണ്.
http://thecritic.in/archives/5829