Sunday 7 March 2021

മീനച്ചിലാറ്റിൽ പനയ്ക്കപ്പാലത്ത് മുക്കാലടിപ്പാലംമുതൽ പടിഞ്ഞാറു ഭാഗത്തുള്ള തുരുത്തുകൾ

 


ജോസാന്റണി മൂലേച്ചാലിൽ - മൊബൈൽ 9447858743 വാട്ട്‌സാപ്പ് 8848827644

തലപ്പുലം പഞ്ചായത്തിലെ ജൈവവൈവിധ്യരജിസ്റ്റർ തയ്യാറാക്കാൻ നേതൃത്വംവഹിച്ച, പഞ്ചായത്തിലെ ജൈവവൈവിധ്യസംരക്ഷണസമിതി അംഗവുംകൂടിയായ ഒരാൾ ആണ് ഞാൻ.

പനയ്ക്കപ്പാലത്ത് മീനച്ചിലാറ്റിന്റെ തീരത്ത് താമസിക്കുന്ന ഞങ്ങളുടെ കടവിൽ അറുപതു വർഷം മുമ്പ് കെട്ടുവള്ളങ്ങൾ ചരക്കുകളുമായി എത്തിയിരുന്നത് എനിക്ക് ഓർമയുണ്ട്. അക്കാലത്ത് റോഡുകളും ബസ്സുകളും കുറവായിരുന്നതിനാൽ ചരക്കുഗതാഗതം കെട്ടുവള്ളങ്ങൾ ഉപയോഗിച്ചായിരുന്നു. കെട്ടുവള്ളങ്ങളിൽത്തന്നെ താമസിച്ചിരുന്ന വള്ളക്കാർ ഉപ്പിനും കുടിവെള്ളത്തിനും തീയ്ക്കുമൊക്കെ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഓരോ വർഷത്തെയും രണ്ടോ നാലോ തവണത്തെ വെള്ളപ്പൊക്കങ്ങൾ ഞങ്ങളുടെ മുറ്റത്ത് മുട്ടുനീർ വെള്ളമെങ്കിലും വരത്തക്കവിധം ഉയരാറുമുണ്ടായിരുന്നു. ആറിനന്ന് ഇത്രയും വീതിയില്ലായിരുന്നു. ഇപ്പോൾ ഉള്ള ജലനിരപ്പിൽനിന്ന് ഇരുപതടിയെങ്കിലും മുകളിലായിരുന്നു അന്ന് വേനല്ക്കാലത്ത് ആറ്റിലുണ്ടായിരുന്ന മണൽപ്പരപ്പ്. പണ്ടേ ആറ്റുതീരത്തുണ്ടായിരുന്ന ചില മരങ്ങളുടെ ഏതു ഭാഗത്തായിരുന്നു പണ്ടത്തെ മണൽപ്പരപ്പുകളെന്നത് കാണിച്ചുതരാൻ ഇപ്പോൾ എഴുപതുവയസ്സിനു മുകളിൽ പ്രായമുള്ളവർക്കെല്ലാം സാധിക്കും.

ഇന്ന് ആറിന്റെ പകുതിഭാഗത്തും തുരുത്തുകളാണെങ്കിൽ ആ തുരുത്തുകൾ അന്നത്തെ മണൽപ്പരപ്പിലും 10 അടി എങ്കിലും  thaazheyaanu. പണ്ട് ആറിനടിയിലായിരുന്ന ചില ഭാഗങ്ങളിൽ കല്ലൂർവഞ്ചികളുംമറ്റും പിടിച്ചുനിർത്തിയ മണൽ ഒലിച്ചുപോകാത്തതിനാൽ ഉയർന്നുനില്ക്കുന്നതാണ് പനയ്ക്കപ്പാലത്ത് മുക്കാലടിപ്പാലം മുതൽ താഴേക്ക് ഉയർന്നുകാണുന്ന തുരുത്തുകൾ.  കൂടാതെ ആറിന്റെ കിഴക്കുഭാഗത്ത് ആറാംമൈൽവരെ നിരവധി ചെക്കുഡാമുകളുള്ളതിനാൽ ഒരു തരി മണൽപോലും താഴേക്ക് എത്താറില്ലെന്നതും വസ്തുതയാണ്. അതായത് മീനച്ചിലാറ്റിൽ പനയ്ക്കപ്പാലംമുതൽ താഴേക്ക് ഉയർന്നുകാണുന്ന തുരുത്തുകളൊന്നും വെള്ളപ്പൊക്കത്തിൽ മണലോ ഒലിച്ചെത്തി ഉയർന്നുവന്ന് ഉണ്ടായതല്ല എന്നുറപ്പാണ്. ആറിന്റെ അടിത്തട്ടുമൊത്തം താഴ്ന്നുപോയപ്പോൾ മണലിൽ വേരാഴ്ത്തി വളർന്നിരുന്ന കല്ലുവഞ്ചിപോലുള്ള സസ്യജാലങ്ങൾ മണലൊലിച്ചുപോകാതെ സ്വാഭാവികമായി സംരക്ഷിച്ചുണ്ടായതാണ് ഈ തുരുത്തുകളെല്ലാം. ഈ തുരുത്തുകളിൽ വളർന്നുനില്ക്കുന്ന കല്ലൂർവഞ്ചിയും കല്ലുരുക്കിയും ഞൊട്ടാഞൊടിയനുംതൊട്ടാവാടിയും പോലുള്ള അനേകം സസ്യങ്ങൾ നമ്മുടെ അമൂല്യമായ ജൈവവൈവിധ്യമെന്നറിഞ്ഞ് സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. ഈ തുരുത്തുകളിൽമാത്രമുള്ള സസ്യജാലങ്ങൾ എന്തെല്ലാമെന്നതിന് ഒരു വിദഗ്ധപഠനം നടത്തേണ്ടതുണ്ട്. കൂടാതെ ആറ്റുതീരത്ത് ഇരു കരകളിലുമുള്ള ഞങ്ങളുടെയെല്ലാം കിണറുകളിലെ ജലനിരപ്പ് വേനലാകുമ്പോൾ എത്രമാത്രം താഴാറുണ്ടെന്ന കാര്യത്തിലും ശാസ്ത്രീയമായ പഠനങ്ങൾ നടത്തേണ്ടതുമുണ്ട്. ഇപ്പോൾ ആറിന്റെ അടിത്തട്ടിൽ പാറകൾതെളിഞ്ഞിരിക്കുന്നതിനാൽ അത് ഇനിയും അധികം താഴാനിടയില്ലെന്നതുമാത്രമാണ് ഒരാശ്വാസം. ആറിന്റെ അടിത്തട്ട് ഈവിധത്തിൽ താഴുകയും ആറിനു വീതികൂടുകയും ചെയ്തിരുന്നില്ലെങ്കിൽ കഴിഞ്ഞവർഷങ്ങളിലെ വെള്ളപ്പൊക്കങ്ങൾ ഞങ്ങളെയെല്ലാം എത്ര രൂക്ഷമായി ബാധിക്കുമായിരുന്നു എന്ന് എനിക്കു നല്ല ബോധ്യമുണ്ട്. വെള്ളം കൂടുതൽ പൊങ്ങാതിരിക്കാൻ തുരുത്തുകളിലെ മണൽനീക്കണം എന്ന ആവശ്യം തികച്ചും അശാസ്ത്രീയമാണെന്നും ഈ തുരുത്തുകൾ നിലനിർത്തിക്കൊണ്ട് ആറിനെ സംരക്ഷിക്കാനാണ് നാം തയ്യാറാകേണ്ടതെന്നും പഞ്ചായത്തുകമ്മിറ്റിയോടും സംസ്ഥാന ജൈവവൈവിധ്യബോർഡിനോടും അഭ്യർഥിക്കേണ്ടതുണ്ട്.

എല്ലാ വിഭാഗം ആളുകളുടെയും ശ്രദ്ധയ്ക്കും ചർച്ചകൾക്കു വിധേയമാക്കുന്നതിനുമായി ഇത് പ്രസിദ്ധീകരിക്കുന്നു.

2 comments:

  1. വളരെ നന്നായിരിക്കുന്നു

    ReplyDelete
  2. വളരെ നല്ല പഠനം. കഴിഞ്ഞ വർഷം വേനലിൽ തുരുത്തു കളയാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കളക്ടർ ഉൾപ്പടെ പരാതി കൊടുത്തിരുന്നു. പനകപ്പാലം റെസിഡൻസ് അസോസിയേഷൻ ആണ് ഇതിനു പിന്നിൽ പ്രേവർത്തിക്കുന്നത്.

    ReplyDelete