Wednesday 17 June 2020

ഒരു ധനകാര്യ സ്വകാര്യം

ഒരേ ഇന്ത്യയില്‍ ഒരേ പെന്‍ഷന്‍ (One India One Pension - OIOP) എന്ന ആവശ്യത്തോട് യോജിപ്പുള്ള ഒരാളാണ് ഞാന്‍. എന്റെ ഒരു സ്നേഹിതന്‍ ഷാജി 'പെന്‍ഷന്‍ വേണ്ട ഭൂമി തരൂ' എന്ന മുദ്രാവാക്യവുമായി ഫേസ് ബുക്കില്‍  വന്നിട്ടുണ്ട്. അതിനോട് 'തന്റെ പെന്‍ഷനു പകരം എന്റെ ഒന്നര ഏക്കര്‍ ഭൂമി നല്കാം. തനിക്ക് എത്ര രൂപാ പെന്‍ഷനുണ്ട്?' എന്നു ഞാന്‍ പ്രതികരിച്ചപ്പോള്‍  'നാളെത്തന്നെ ഉടമ്പടിയെഴുതാം' എന്നായിരുന്നു സ്‌നേഹിതന്റെ മറുപടി. എന്നെ പരിചയമുള്ള ഒരു സ്‌നേഹിതന്റെ (ഫേസ് ബുക്കില്‍) മുന്നറിയിപ്പ് ജോസാന്റണി ഒരു ബുദ്ധിമാനാണെന്നും സൂക്ഷിച്ചേ ഇടപെടാവൂ എന്നുമായിരുന്നു. എന്റെ പ്രതികരണത്തില്‍ തന്റെ പെന്‍ഷന്‍ എത്രമാത്രമുണ്ടെന്ന ചോദ്യവും ഉണ്ടായിരുന്നതാവാം കാരണം. എന്റെ ബുദ്ധി ഉപയോഗിക്കാതെ പ്രതികരണം പാടില്ല എന്നൊരു മുന്നറിയിപ്പായി ഞാന്‍ അതു സ്വീകരിച്ചു. അതിനാല്‍ എന്റെ പ്രതികരണം അല്പം താമസിച്ചു. അപ്പോള്‍ ഞാനെന്റെ വെല്ലുവിളിയില്‍നിന്നു പിന്തിരിഞ്ഞെന്ന മട്ടില്‍ ഷാജിയുടെ ഒരു പ്രതികരണവും കൂടി വന്നു. ഞാന്‍ പിറ്റേന്നു പത്തുമണിക്ക് എന്നെ ഫോണില്‍ ഒന്നു വിളിക്കാമോ എന്ന് ആരാഞ്ഞ് ഫേസ്ബുക്കില്‍ ഷാജിക്ക് ഒരു മറുപടി വിട്ടു.


ഏതായാലും എന്റെ ബുദ്ധി ഉപയോഗിച്ച ശേഷമേ എന്റെ വെല്ലുവിളിയുമായി മുമ്പോട്ടു പോകേണ്ടതുള്ളു എന്നു ഞാന്‍ തീരുമാനിച്ചു. എനിക്കുള്ള ധനശാസ്ത്രജ്ഞാനം 1982-ല്‍ ഗുരു നിത്യചൈതന്യയതിയോടൊപ്പം ഒരു പ്രത്യേക പഠനപരിപാടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്നു ജനിച്ചതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്. അതനുസരിച്ച് പണമല്ല, മനുഷ്യരുടെ അധ്വാനശേഷി ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് യഥാര്‍ഥ ധനമെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാല്‍ യാതൊരു ഉപയോഗമൂല്യവുമില്ലാത്ത, കൈമാറ്റമൂല്യം മാത്രമുള്ള പണമാണ് ഇന്ന് നമ്മെയെല്ലാം ഭരിക്കുന്നത് എന്ന യാഥാര്‍ഥ്യബോധവും എനിക്കുണ്ട്. ഏതുപയോഗത്തിനും ഉപയോഗിക്കാനാവും എന്നതിനാലാണ് ആ ആധിപത്യത്തിലെത്താന്‍ പണത്തിനും പണം കൈവശമുള്ളവര്‍ക്കും കഴിയുന്നത്. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ എന്റെ പ്രശ്‌നം പഠിച്ചപ്പോള്‍ എന്റെ വെല്ലുവിളിയില്‍ എനിക്കു സംഭവിച്ച തെറ്റു ഞാന്‍ കണ്ടെത്തി.

രൂപായുടെ മൂല്യം 20 വര്‍ഷത്തില്‍ 10 ശതമാനം എന്ന നിരക്കില്‍ കുറഞ്ഞു കൊണ്ടിരിക്കയാണെന്നും (1920-ല്‍ ഒരു രൂപായ്ക്ക് ഉണ്ടായിരുന്ന മൂല്യമേ 2020-ലെ 1 ലക്ഷം രൂപായ്ക്കുള്ളു) എന്നും ഭൂമിയുടെ ആസ്തിമൂല്യം എന്നും വര്‍ധിച്ചിട്ടേ ഉള്ളൂ എന്നും ഉള്ള സാമ്പത്തികവിദഗ്ധരുടെ കണ്ടെത്തല്‍ അറിയാവുന്ന ഞാന്‍ എന്റെ ആസ്തി മുഴുവന്‍ പെന്‍ഷന്‍ എന്ന സ്ഥിരവരുമാനത്തിനായി വിട്ടുകൊടുക്കുന്നത് വിഡ്ഢിത്തം ആണെന്ന് എനിക്കു വ്യക്തമായി. അതിനു പുറമേ One India One Pension - OIOP എന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുള്ള ജനകീയ മുന്നേറ്റം വിജയിക്കാനിടയായാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നേക്കുകയും ചെയ്യുമല്ലോ. ഒരു സ്ഥിരവരുമാനം ഉറപ്പാക്കാന്‍ പോലും എനിക്കു കഴിയണമെന്നില്ല എന്നര്‍ഥം. ഷാജി (മറ്റു പലരും) എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത്  അങ്ങനെ തന്റെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കപ്പെട്ടേക്കാം എന്ന ആശങ്കയോടെയാവുമെന്നു തോന്നിയപ്പോള്‍ ഞാന്‍ എന്റെ വെല്ലുവിളിയില്‍നിന്നു പിന്‍മാറുന്നു എന്ന് ഒരു സ്വകാര്യ FB message-ലൂടെ ഷാജിയെ അറിയിച്ചു.

എന്നാല്‍, ആ സന്ദേശത്തില്‍ അടിക്കുറിപ്പായി ഞാന്‍ ഇത്രകൂടി ചേര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് നിത്യവൃത്തിക്ക് വേണ്ടത്ര വരുമാനം ഇല്ലാതിരുന്നതിനാല്‍ കുറെ കടം ഉണ്ടായിട്ടുണ്ട്. അതു വീട്ടാനും വീടിന്റെ മെയിന്റനന്‍സിനും കുറെ പണം ഉടന്‍തന്നെ ആവശ്യമുണ്ട്. വലിയ അളവില്‍ ഭൂമി ആസ്തിയായുണ്ടെങ്കിലും അതിനെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എനിക്കു കടമുണ്ടായത്.

എന്റെ അവസ്ഥ ഇന്നു കേരളത്തിലുള്ള ഭൂരിപക്ഷം കര്‍ഷകരുടെയും അവസ്ഥയാണ്. നല്ലൊരു കര്‍ഷകനായ മറ്റൊരു ഷാജി വെറും മലയിഞ്ചി നട്ടിട്ട് കാര്യമായ പണിയൊന്നും ചെയ്യാതെതന്നെ നാലുവര്‍ഷം കാത്തിരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ പതിനഞ്ചുലക്ഷം രൂപായെങ്കിലും ആദായമുണ്ടാക്കാന്‍ കഴിയും എന്ന് ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു. എന്നാല്‍ വിദേശത്തേക്കു കയറ്റുമതിചെയ്യുന്ന മലയിഞ്ചിയുടെ വില നിര്‍ണയിക്കുന്നതില്‍ കര്‍ഷകര്‍ക്കോ നമ്മുടെ ഭരണകൂടങ്ങള്‍ക്കോ യാതൊരു പങ്കുമില്ലെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞതിനാലും കടങ്ങള്‍ വീട്ടാതെ അത്രയുംകാലം പിടിച്ചുനില്ക്കാന്‍ ആവില്ലാത്തതിനാലും ആണ് ഞാന്‍ ആ സംരംഭം ഏറ്റെടുക്കാതിരിക്കുന്നത്. ഏതായാലും ഒന്നര ഏക്കര്‍ സ്ഥലത്തുനിന്ന് പ്രതിവര്‍ഷം നാലോ അഞ്ചോ ലക്ഷം രൂപായുടെ അറ്റാദായമുണ്ടാക്കാന്‍ സമഗ്രവീക്ഷണവും മൂലധനവുമുള്ള ഒരു കര്‍ഷകനു കഴിയും എന്നതൊരു വസ്തുതയാണ്.

കൃഷിഭൂമിയില്‍നിന്ന് മേല്പറഞ്ഞവിധത്തില്‍ മതിയായ ആദായമുണ്ടാക്കാന്‍ ഭക്ഷ്യാധിഷ്ഠിതമോ ഔഷധാധിഷ്ഠിതമോ ആയ, വ്യത്യസ്ത കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിതമാക്കുകയും കയറ്റുമതി ചെയ്യുകയും ഒക്കെ ചെയ്യേണ്ടതുണ്ട്. അതിനൊന്നുമുള്ള ശേഷി എനിക്കില്ലാത്തതിനാലും എന്റെ കടങ്ങള്‍ വീട്ടേണ്ടത് അടിയന്തിരമായ ഒരാവശ്യം ആയതിനാലും 24 ലക്ഷം രൂപായ്ക്ക് ആ സ്ഥലം വില്ക്കുക എന്ന തീരുമാനത്തില്‍നിന്ന് ഞാന്‍ പിന്‍വാങ്ങേണ്ടതില്ല എന്നു ഞാന്‍ തീരുമാനിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് 1980-കളില്‍ പ്രചരിപ്പിച്ചിരുന്ന ഞായറാഴ്ചക്കര്‍ഷകരെ ഒഴിവാക്കുക എന്ന മുദ്രാവാക്യം ഇന്ന് വളരെ പ്രസക്തമാണ്. ഒരു ഞായറാഴ്ചക്കര്‍ഷകന്‍ മാത്രമായ ഞാന്‍  എന്റെ ആസ്തി അതിനു തയ്യാറുള്ളവര്‍ക്ക് കൈമാറുന്നത് സമുചിതം മാത്രമാണ് എന്ന ബോധ്യം എനിക്കുണ്ട്.  

കൃഷിയില്‍ താത്പര്യമുള്ള, വ്യത്യസ്ത കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിതമാക്കുകയും കയറ്റുമതി ചെയ്യുകയും ഒക്കെ ചെയ്യാൻ ശേഷിയുള്ള, ഷാജിയെപ്പോലെയുള്ളവര്‍ക്ക് പത്തുലക്ഷം രൂപാ മാത്രം രൊക്കം തന്നശേഷം പ്രതിമാസം 25000 രൂപാ വച്ച് എനിക്കും എന്റെ മരണശേഷം എന്റെ മകള്‍ക്കും തരാന്‍ തയ്യാറുണ്ടെങ്കില്‍ എന്റെ സ്ഥലം നല്കാന്‍ ഞാന്‍ തയ്യാറാണ് എന്നു വ്യക്തമാക്കുന്നു. (ഇരുപതു വര്‍ഷം കഴിയുമ്പോള്‍ 25000 രൂപായ്ക്ക് ഇന്നത്തെ 2500 രൂപായുടെ മൂല്യമേ ഉണ്ടാവൂ എന്ന ബോധ്യത്തോടെതന്നെയാണ് ഈ നിര്‍ദേശം.)

No comments:

Post a Comment