Thursday 3 October 2013

പുഴ കരയുമ്പോള്‍ കര ചെയ്യേണ്ടത് - Manorama Online | Malayalam News | Editorial |

മുഖപ്രസംഗം
 Story Dated: Friday, October 4, 2013 0:33 hrs IST 

കോട്ടയം ജില്ലയിലെ പതിനായിരക്കണക്കിനു പേരുടെ കുടിനീരായിരുന്നു മീനച്ചിലാറിലൂടെ ഒഴുകുന്ന വെള്ളം. ഒരുകാലത്തു തെളിനീരൊഴുകിയിരുന്ന ഈ പുഴ വിഷമയമായ കാളിന്ദിയായി, ഇന്നു മരണശയ്യയിലാണ്. ആ മരണമണി കേട്ടു മീനച്ചിലാറിന്റെ പുനര്‍ജനിക്കായി നാടുണരുമ്പോള്‍ പ്രതീക്ഷയുടെ ആറ്റുവഞ്ചികള്‍ പൂക്കുന്നു.

ഈരാറ്റുപേട്ടയ്ക്കടുത്തു കിഴക്കന്‍ മലനിരകളില്‍ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറു വേമ്പനാട്ടുകായല്‍ വരെ എഴുപതിലേറെ കിലോമീറ്റര്‍ നീളത്തില്‍ ഒട്ടേറെ തോടുകളും കൈത്തോടുകളും അനുബന്ധ ജലാശയങ്ങളുമായി ഒരു നാടിന്റെ അനുഗ്രഹമായിരുന്നു ഈ പുഴ. കോട്ടയം, പാലാ നഗരസഭാ പ്രദേശങ്ങളിലെയും 22 പഞ്ചായത്തുകളിലെയും ജനങ്ങളുടെ ജലസ്രോതസ്സായ മീനച്ചിലാര്‍ ഇപ്പോള്‍ തുടക്കംമുതലേ മലിനപ്പെട്ടാണ് ഒഴുകുന്നത്. ദുര്‍ഗന്ധം പടര്‍ത്തുന്ന കടവുകളും കൈത്തോടുകളും പോലും ചരിത്രത്തിന്റെ മഹത്വം പേറുന്ന ഈ നദിക്കു കളങ്കംചാര്‍ത്തുന്നു. 

ഒരിക്കല്‍ വേമ്പനാടു കായല്‍ മുതല്‍ കിഴക്കന്‍ മലഞ്ചരിവു വരെ ഗതാഗതയോഗ്യമായിരുന്നു ഈ പുഴ. അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എന്ന നോവലിലൂടെ ബുക്കര്‍ പ്രൈസിലേക്കുവരെ ഒഴുകിയ ഈ നദി ഇന്ന് ഏതാണ്ടു മൃതാവസ്ഥയിലാണ്. ജലവിതരണ പദ്ധതികള്‍ വരുംമുന്‍പു ജനങ്ങള്‍ സ്വന്തം വീടിനെക്കാള്‍ ശുചിയായി സൂക്ഷിച്ചിരുന്ന മീനച്ചിലാര്‍ ഇപ്പോള്‍ എല്ലാവരുടെയും മാലിന്യനിക്ഷേപ കനാലായി മാറിയിരിക്കുന്നു. സമീപപ്രദേശങ്ങളിലെ പല ഫാക്ടറികളിലെയും ഹോട്ടലുകളിലെയും ചന്തകളിലെയും മാലിന്യങ്ങളും പല വീടുകളിലെ അവശിഷ്ടങ്ങളും ഇവിടെയാണു നിക്ഷേപിക്കുന്നത്. 

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കാന്‍ പലരും മല്‍സരിക്കുന്നതുപോലെ തോന്നും. അഴുക്കുവെള്ളം ഒഴുകിയെത്തുന്നതും ഈ നദിയില്‍ തന്നെ. മണല്‍വാരല്‍ കൂടിയായപ്പോള്‍ നദിയുടെ നശീകരണം ഏതാണ്ടു പൂര്‍ണമായി. 

നദീജലത്തില്‍ രാസവസ്തുക്കളുടെ അളവു ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഇ-കോളി ബാക്ടീരിയയുടെ തോതാകട്ടെ, ഭീതിദമായി വര്‍ധിച്ചിരിക്കുന്നു. ഒരിക്കല്‍ സമൃദ്ധമായിരുന്ന മത്സ്യസമ്പത്ത് മാലിന്യത്തോതിന് അനുസൃതമായി കുറയുന്നുമുണ്ട്. വേമ്പനാടു കായലിലെ ജലം മലിനമാക്കുന്നതിലും ഇപ്പോള്‍ ഈ പുഴയ്ക്കു പങ്കുണ്ട്. 

തുലാമഴ പിന്നിടുമ്പോഴേക്കും മീനച്ചിലാറില്‍ ചില ഭാഗത്ത് ആഫ്രിക്കന്‍ പായല്‍ നിറഞ്ഞുതുടങ്ങും. സൂര്യപ്രകാശമേല്‍ക്കാതെ മലിനമായി, ദുര്‍ഗന്ധം പരത്തുന്ന വെള്ളമാണു നദിയുടെയും ശാഖകളുടെയും തീരങ്ങളിലുള്ളവര്‍ ഉപയോഗിക്കുന്നത്. പരിസ്ഥിതി തകരുന്നതു നമ്മുടെ ജീവിതശൈലിയെയും സംസ്‌കാരത്തെയും എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ മീനച്ചിലാറിന്റെ സങ്കടക്കാഴ്ചകള്‍ കണ്ട് ഓരത്തുകൂടി സഞ്ചരിച്ചാല്‍ മതി. 

പുഴകളുടെ മരണം ലോകത്തിന്റെ മുഴുവന്‍ സ്വസ്ഥത കെടുത്തുന്ന വിഷയമായി മാറിക്കഴിഞ്ഞു. ലോകത്തിലെ അഞ്ഞൂറിലേറെ വന്‍നദികളില്‍ പകുതിയിലേറെയും വരളുകയാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. കേരളത്തിലെ മരണാസന്ന നദികള്‍ നമ്മളോട് ആവശ്യപ്പെടുന്നത് അല്‍പം കരുതലും സ്‌നേഹവുമാണ്. ഈ പുഴകള്‍ക്കു വേണ്ടതു മരണകര്‍മങ്ങളല്ല, നവോന്മേഷമാണ്. അതുകൊണ്ടുതന്നെ, ഇനി വരുന്ന തലമുറകള്‍ക്കും കുടിനീരേകേണ്ട മീനച്ചിലാര്‍ മരിക്കുന്നതു കണ്ടുനില്‍ക്കാന്‍ കഴിയാത്തവര്‍ നദിക്കായി കൈകോര്‍ത്തുപിടിക്കുമ്പോള്‍ അതു മാതൃകാപരമാവുന്നു. 

ഒരേ സമയത്ത് 22 പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലുമായി ആരംഭിച്ച 'പുനര്‍ജനി പദ്ധതിക്കു മീനച്ചിലാറിന്റെ മുഖം വീണ്ടും തെളിയിക്കുക എന്നതാണ് ഉദ്ദേശ്യം. നദിയും തോടും കൈത്തോടും ഇവയിലേക്കു മാലിന്യം ഒഴുകിയെത്തുന്ന പരിസരങ്ങളും എന്നും ശുചിയാക്കി നിര്‍ത്തുക പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. തീരസംരക്ഷണത്തിന് ഇല്ലി, മുള, മരുത്, നീര്‍മരുത്, ആറ്റുവഞ്ചി, കണ്ടല്‍ തുടങ്ങിയവ നട്ടുപിടിപ്പിക്കുന്നുമുണ്ട്. ശുചീകരണത്തെ തുടര്‍ന്നു മല്‍സ്യക്കുഞ്ഞുങ്ങളെ നദിയില്‍ നിക്ഷേപിച്ചും മീനച്ചിലാറിനു പുതുശ്വാസമേകുന്നു.

ആഫ്രിക്കന്‍ പായല്‍ വാരിക്കളഞ്ഞു നദി ശുദ്ധീകരിക്കാന്‍ തുടര്‍പരിപാടി തന്നെ വേണം. മീനച്ചിലാറിന്റെ ശുദ്ധീകരണത്തിനു ജനകീയ കൂട്ടായ്മകള്‍ക്കൊപ്പം നഗരസഭകളും പഞ്ചായത്തുകളും സജീവമായി പങ്കുചേരണം. മാലിന്യത്തില്‍ നിന്നു ജീവിതത്തിലേക്കു പതിയെ കൈപിടിച്ചു കയറ്റാനായാല്‍ തുടര്‍ന്നും പുഴ അശുദ്ധയാകാതെ കാക്കേണ്ട ഉത്തരവാദിത്തം കൂടി നാട് ഏറ്റെടുക്കണം. 

Manorama Online | Malayalam News | Editorial |:

'via Blog this'

No comments:

Post a Comment