Wednesday 2 October 2013

മീനച്ചിലാര്‍ പുനര്‍ജനിക്കു തുടക്കം; എല്ലാ കൈവഴികളിലും - Kerala Local News | Kottayam | Local Features

Story Dated: Thursday, October 3, 2013 8:28 hrs IST

മീനച്ചിലാറിനു പുതുജീവനേകുന്ന പുനര്‍ജനി പരിപാടി കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം * മരിച്ചുകൊണ്ടിരിക്കുന്ന മീനച്ചിലാറിനു പുതുജീവനേകുന്ന പുനര്‍ജനി പരിപാടിക്കു ജില്ലയില്‍ തുടക്കമായി. മീനച്ചിലാര്‍ ഒഴുകുന്ന 22 പഞ്ചായത്തുകളിലും കോട്ടയം, പാലാ നഗരസഭകളിലും ഒരേ സമയത്തു നടപ്പാക്കുന്ന പദ്ധതി എല്ലായിടത്തും ഉദ്ഘാടനം ചെയ്യപ്പെട്ടു.

കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലായില്‍ മന്ത്രി കെ.എം. മാണിയും ഉദ്ഘാടനം നിര്‍വഹിച്ചു. ഈരാറ്റുപേട്ട പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിക്കു ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടക്കമിട്ടപ്പോള്‍ മീനച്ചിലാറിന്റെ ഉറവിടമായ അരുവിക്കച്ചാലില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളമാണു പരിപാടി ഉദ്ഘാടനം ചെയ്തത്.

നദിയും തോടും കൈത്തോടും നീരൊഴുക്കും ഇവയിലേക്കു മാലിന്യം ഒഴുകിയെത്തുന്ന പരിസരങ്ങളും ശുചിയാക്കി. തീരസംരക്ഷണത്തിന് ഇല്ലി, മുള, മരുത്, നീര്‍മരുത്, ആറ്റുവഞ്ചി, കണ്ടല്‍ എന്നിവ നട്ടുപിടിപ്പിച്ചു. ശുചീകരണത്തെ തുടര്‍ന്നു 3000 മല്‍സ്യക്കുഞ്ഞുങ്ങളെ നദിയില്‍ നിക്ഷേപിച്ചു.

കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന, 55 വയസ്സിനു മുകളിലുള്ളവരുടെ കൂട്ടായ്മയായ സഫലം 55 പ്ലസിന്റെ ആശയമായ പദ്ധതി കോട്ടയം ജില്ലാ പഞ്ചായത്ത് ഹരിതതീരം പദ്ധതി, കേരള യുവജനക്ഷേമ ബോര്‍ഡ്, മീനച്ചിലാര്‍ സംരക്ഷണ സമിതി, മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ
സാമൂഹിക സാംസ്‌കാരിക തൊഴിലാളി യുവജന സാമുദായിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണു നടപ്പാക്കുന്നത്.

തുള്ളിയൊഴുകിയിരുന്നു, ഒരു കാലം..
ഈരാറ്റുപേട്ടയുടെ തലയ്ക്കു മുകളിലുള്ള കിഴക്കന്‍ മലനിരകളില്‍നിന്നു തുടങ്ങുന്ന ഒരു നിലവിളിയാണിപ്പോള്‍ മീനച്ചിലാര്‍. വേമ്പനാട്ടുകായലിലെ തണ്ണീര്‍മുക്കം ബണ്ടിനു ചുവട്ടില്‍ അതൊരു നേര്‍ത്ത കരച്ചിലായി ഇല്ലാതാവുന്നു.മീനച്ചിലാര്‍ ഒഴുകിയ വഴിയിലിപ്പോള്‍ വലിയൊരു അഴുക്കുചാല്‍ ബാക്കിയുണ്ട്. ഇതായിരുന്നില്ല ഒരു പതിറ്റാണ്ടിനു മുന്‍പു പോലും മീനച്ചിലാര്‍. പഴമക്കാരുടെ ഓര്‍മകളിലെ കടവുകളില്‍ കടത്തുവള്ളവും അക്കരെയിക്കരെ മുറ്റി ഒഴുകുന്ന നദിയുമുണ്ടായിരുന്നു.

ആറ്റിലൂടെ ഒഴുകിവന്ന എക്കല്‍ മണ്ണിലാണ് നദിയുടെ ഇരുപുറവും ഫലഭൂയിഷ്ഠമായ സംസ്‌കാരം നാമ്പെടുത്തത്. തോണികളായിരുന്നു അന്നത്തെ ഒഴുകുന്ന കച്ചവടസ്ഥാപനങ്ങള്‍.വാഗമണ്‍ കുരിശുമലയുടെ പടിഞ്ഞാറേ ചെരുവിലുള്ള കുടുമുരുട്ടി മലയില്‍ ഐതിഹ്യം ഉരുള്‍പൊട്ടിയ സ്ഥലമുണ്ട്. അഗസ്ത്യ മഹര്‍ഷിയുടെ കമണ്ഡലു കവിഞ്ഞൊഴുകിയ പുഴ എന്നയര്‍ഥത്തിലാണത്രേ മീനച്ചിലാറിനു കവണാര്‍ എന്ന പേരുകിട്ടിയത്. ഇപ്പോഴും നാഗമ്പടം കഴിഞ്ഞുള്ള ഭാഗങ്ങളില്‍ മീനച്ചിലാര്‍ കവണാര്‍ ആണ്.

തമിഴ്‌നാട്ടില്‍നിന്നു വന്നവര്‍ നാടുവാണ കാലത്ത് കുലദൈവമായ മധുര മീനാക്ഷിയുടെ പേരിലൊരു നാടും നദിയും വേണമെന്ന് അവരാഗ്രഹിച്ചു. അങ്ങനെ മീനാക്ഷിയാര്‍ എന്ന വിളിപ്പേര് മീനച്ചിലാര്‍ എന്നായെന്നും ചരിത്രത്തിന്റെ കൈവഴികള്‍ പറയുന്നു.ആറിന്റെ തീരങ്ങളില്‍ ആറ്റുവഞ്ചി, കുമ്പിള്‍, കിഴിഞ്ഞില്‍, ഈറ്റ, തൊണ്ടി, കല്ലുരുക്കി തുടങ്ങിയ ഒട്ടേറെ ചെടികളുണ്ടായിരുന്നത് ഇന്നു കാണാനില്ല. കിടങ്ങൂര്‍ പഞ്ചായത്തിലെ കട്ടച്ചിറയ്ക്കു സമീപം രണ്ടര ഏക്കര്‍ പൊതുസ്ഥലത്ത് ആറിനോടു ചേര്‍ന്നുള്ള നദീതീര വനത്തില്‍ അഞ്ഞൂറോളം ആറ്റുവഞ്ചികള്‍ ബാക്കിയുള്ളതു ഭാഗ്യം.

മീനച്ചിലാറുപോലെ പേരുകേട്ടതായിരുന്നു ആറ്റുകൊഞ്ച്.ആറ്റുവഞ്ചികള്‍ വെട്ടിക്കളഞ്ഞ് തീരം കെട്ടിയെടുത്തതോടെ ആറ്റുകൊഞ്ചുകളെ കാണാതായി. കല്ലേമുട്ടി, നെറ്റിയേല്‍പൊന്നന്‍, പള്ളത്തി, ആരോന്‍, വാള, കാരി, കുറുവ, പുല്ലന്‍, വരാല്‍ തുടങ്ങിയ മീനുകളൊന്നും ഇപ്പോള്‍ ആറ്റിലില്ല. പകരം, മറ്റൊന്നുണ്ടായി. തണ്ണീര്‍മുക്കത്തെ കായലരിപ്പയ്ക്ക് ഇടയിലൂടെ കായലില്‍നിന്ന് അനേകം കരിമീനുകള്‍ മീനച്ചിലാറ്റിലേക്കു കുടിയേറി.

ഭരണങ്ങാനത്തെ വട്ടോളിക്കടവില്‍ ചൂണ്ടയിട്ടാലും ഇപ്പോള്‍ ഇഷ്ടംപോലെ കരിമീന്‍ കിട്ടും. പണ്ട്, വിശാലമായ മണല്‍പ്പരപ്പിനു മുകളിലൂടെയായിരുന്നു മീനച്ചിലാര്‍ ഒഴുകിയിരുന്നത്. ഇന്നിപ്പോള്‍, മണല്‍വാരിയ ചെളിക്കുഴികള്‍ മാത്രമായി. ആറ്റുപൊന്തകളിലെ പൊന്മാന്‍, കുളക്കോഴി, നീര്‍കാക്ക, ഉപ്പന്‍ തുടങ്ങിയവയെല്ലാം പൊന്തകള്‍ ഇല്ലാതായതോടെ ഓര്‍മകളിലെ ചിറകടി മാത്രമായി.
ബുക്കര്‍ പ്രൈസിലേക്ക് അരുന്ധതി റോയിക്ക് അക്ഷരക്കപ്പലോടിക്കാന്‍ വഴിയൊരുക്കിയതു മീനച്ചിലാറാണ്.

അയ്മനത്തെ വീടും മീനച്ചിലാറിലെ പള്ളത്തിയുമെല്ലാം ലോകസാഹിത്യത്തില്‍ അരുന്ധതി റോയിയെ ശ്രദ്ധാകേന്ദ്രമാക്കി. ഒരു നദി ഒരു സംസ്‌കാരം തന്നെയാണ് എന്നതിന് ഇനിയും തെളിവു വേണ്ടല്ലോ...!ഒരുപുഴയില്‍ ഒന്നിലേറെ തവണ കുളിക്കാന്‍ പറ്റില്ലെന്നാണല്ലോ ലാവണ്യശാസ്ത്രം. എന്നാല്‍, മീനച്ചിലാറിലേക്കു വരിക. എത്ര തവണ വേണമെങ്കിലും ഒരേപുഴയില്‍ കുളിക്കാം. മഴ പെയ്യുമ്പോള്‍ മാത്രം ഒഴുകാനേ ഇപ്പോള്‍ മീനച്ചിലാറിനു ശേഷിയുള്ളൂ...!!!

സുനീഷ് തോമസ്

Kerala Local News | Kottayam | Local Features: "Story Dated: Thursday, October 3, 2013 8:28 hrs IST "

'via Blog this'

No comments:

Post a Comment