Thursday, 24 October 2013

ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ആത്മീയത IV


പ്രൊഫ. എസ്. ശിവദാസ് 

പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ഭരണങ്ങാനത്ത് അസ്സീസിമാസിക ഓഡിറ്റോറിയത്തില്‍വച്ച് നടത്തിയ ഒരു പ്രഭാഷണത്തില്‍നിന്ന്. 
(പ്രഭാഷണത്തിന്റെ എഡിറ്റു ചെയ്യപ്പെട്ട രൂപം ഹരിത ആത്മീയത എന്ന പേരില്‍ 2013 ഒക്ടോബര്‍ ലക്കം അസ്സീസിമാസികയിലുണ്ട്.)

ഈ പ്രപഞ്ചം ഒരു വലിയജീവിയാണെന്നും നാമോരോരുത്തരും അതിന്റെ അവയവങ്ങള്‍ മാത്രമാണെന്നും സങ്കല്പിക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഒരു ചിത്രശലഭത്തിന്റെ ചിറകടിക്കുപോലും പ്രപഞ്ചചലനത്തില്‍ സ്വാധീനമുണ്ടെന്നും നമ്മുടേത് അതിലും എത്രയോ വലിയ സ്വാധീനമായിരിക്കും എന്നും ചിന്തിച്ച് വിവേകത്തോടെ പ്രവര്‍ത്തിക്കുന്നിടത്താണ് യഥാര്‍ഥ ആത്മീയത. ഒരു ഹിന്ദുവിന് യഥാര്‍ഥ ഹിന്ദുവാകാനും ഒരു ക്രിസ്ത്യാനിക്ക് യഥാര്‍ഥ ക്രിസ്ത്യാനിയാകാനും ഒരു മുസ്ലീമിന് യഥാര്‍ഥ മുസ്ലീമാകാനും കമ്യൂണിസ്റ്റിന് യഥാര്‍ഥ കമ്യൂണിസ്റ്റാകാനും പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയായിക്കൊണ്ടുള്ള ഈ ആത്മീയത കൂടിയേതീരൂ.

ഈ ആത്മീയതനേടാന്‍ ഒന്നാമതായി ചെയ്യേണ്ടത് എന്തുകിട്ടിയാലും പോരാ എന്ന വിചാരത്തില്‍നിന്ന് മോചനം നേടലാണ്. ഈയിടെ ഒരു കുട്ടി തന്റെ അമ്മായിയുടെ അലമാര നിറയെ പട്ടുസാരികള്‍ അടുക്കിവച്ചിരിക്കുന്നതുകണ്ട അവന്‍ അമ്മായിയോട് ചോദിച്ചു: ''ഒരാള്‍ക്ക് ഉടുക്കാന്‍ എത്ര സാരി വേണം?'' അമ്മായി മറുപടിപറയാതെ ''പോ ചെറുക്കാ'' എന്നു ശകാരിച്ച് അവനെ കിഴുക്കിവിട്ടു. തന്റെ ചോദ്യത്തില്‍ യാതൊരു തെറ്റുമുണ്ടായിരുന്നില്ലെന്ന് ഉത്തമബോധ്യമുണ്ടായിരുന്ന ആ കുട്ടി ഞാന്‍ കൈകാര്യം ചെയ്യുന്ന ഒരു പംക്തിയിലേക്ക് ആ ചോദ്യം എഴുതി അയച്ചു. ആ ചോദ്യം വായിച്ചപ്പോള്‍ ഒരു പട്ടുസാരി ഉണ്ടാക്കാന്‍ എത്ര പട്ടുനൂല്‍പ്പുഴുക്കള്‍ വേണമെന്ന് ഞാനന്വേഷിച്ചു. ലക്ഷക്കണക്കിന് വേണമെന്ന് മനസ്സിലായി.

ഒരു പട്ടുസാരി ഉണ്ടാക്കാന്‍ ഇത്രയധികം പട്ടുനൂല്‍പ്പുഴുക്കളെ കൊല്ലേണ്ടി വരുന്നുണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരു പട്ടുസാരിപോലും ഉടുക്കാന്‍ അര്‍ഹതയില്ലെന്ന് എനിക്കു ബോധ്യമായി. ഒരാള്‍ക്ക് ഉടുക്കാന്‍ എത്രസാരിവേണം എന്നതിലധികം വലിയ ഒരു ചോദ്യത്തിനുള്ള ആ ഉത്തരത്തിലേക്ക് എന്നെ എത്തിച്ചത് ആ ചോദ്യമാണ്. അതേത്തുടര്‍ന്ന് സ്വര്‍ണത്തിനുവേണ്ടി നാം ഭൂമിയില്‍ കുഴിക്കുന്ന കുഴികളുടെ ആഴത്തെപ്പറ്റി മനസ്സിലാക്കിയപ്പോള്‍ സ്വര്‍ണാഭരണങ്ങളും എത്ര അനാശാസ്യമാണെന്ന് എനിക്കു ബോധ്യമായി. ശരീരത്തിന്റെ ദുര്‍ഗന്ധമകറ്റാന്‍ എന്നു പറഞ്ഞ് നാം ശരീരത്തിലടിക്കുന്ന സ്‌പ്രേ ഭൂമിക്കു മുകളിലുള്ള ഓസോണ്‍ പാളിയിലെ വിള്ളല്‍ വര്‍ധിക്കാന്‍ ഇടയാക്കുന്ന ഒരു ഉത്പന്നമായതിനാല്‍ അതും ഉപയോഗിക്കുന്നത് നന്നല്ല. നാമിന്ന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ അമ്പതുശതമാനവും ആവശ്യമില്ലാത്തവയാണെന്ന് അല്പം ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളു.

എനിക്ക് ഈയിടെ ഒരു ത്വഗ്‌രോഗം ഉണ്ടായി. അതിനെത്തുടര്‍ന്ന് തൊടുപുഴയിലെത്തിയ എന്നെ എണ്‍പത്തഞ്ചുവയസ്സുള്ള ഒരു പാരമ്പര്യ ചികിത്സകന്‍ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''ഇന്നുവരെ സോപ്പുപയോഗിച്ചിട്ടില്ലെന്നതും അനാവശ്യമായി ദേഹം മറയ്ക്കാറില്ലെന്നതുമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം. വീട്ടിലിരിക്കുമ്പോഴെങ്കിലും അടിവസ്ത്രങ്ങളും ബനിയനും ഷര്‍ട്ടും ഒഴിവാക്കി നോക്കൂ. ശരീരത്തിലിത്തിരി കാറ്റും വെളിച്ചവുമടിക്കട്ടെ. നിങ്ങളുടെ രോഗം മാറും.'' (എന്റെ പുസ്തകങ്ങള്‍ വായിച്ച് എന്നെ ഇഷ്ടപ്പടുന്ന ഒരാളായിരുന്നു, അദ്ദേഹം)

യേശുവിന്റെ അനുയായികള്‍ക്ക് മാതൃകയാകേണ്ടതാണ് ആട്ടിന്‍കുഞ്ഞിനെ നെഞ്ചോടണച്ചുകൊണ്ടു നില്ക്കുന്ന യേശുവിന്റെ ചിത്രം. എന്നാല്‍ ക്രിസ്തുമസ് ആഘോഷവേളയില്‍ ആടിനെ കൊന്ന് മാംസം ഭക്ഷിക്കാതിരുന്നാല്‍ അസ്വസ്ഥരാകുന്നവരാണ് ഇന്നത്തെ മിക്ക ക്രിസ്ത്യാനികളും. ക്രിസ്തുവിന്റെ പിറന്നാളിനെങ്കിലും അതൊന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചുകൂടേ എന്ന് ബിഷപ്പുമാരുടെ ഒരു യോഗത്തില്‍വച്ച് ഞാന്‍ ചോദിക്കുകയുണ്ടായി. അത് ഒരു വനരോദനമായതേയുള്ളു. എങ്കിലും ഞാനത് ഇവിടെ ആവര്‍ത്തിക്കുകയാണ്. പ്രകൃതിക്ക് ഏറ്റവും കുറച്ചുമാത്രം പരുക്കേല്ക്കും വിധത്തിലുള്ള ഒരു ജീവിതരീതി പിന്തുടര്‍ന്നുകൊണ്ടല്ലാതെ മനുഷ്യന് ഭൂമിയുടെ മരണം ഒഴിവാക്കാനാവില്ല. ഉപഭോഗം കുറച്ചുകൊണ്ട് ഉച്ഛിഷ്ടം കുറയ്ക്കാം. കപ്പളങ്ങാ പോലുള്ള നാടന്‍ വിഭവങ്ങളുപയോഗിച്ച് അതിനു സഹായകമായ ആഹാരങ്ങളുണ്ടാക്കി കഴിച്ചു ശീലിച്ചാല്‍ മലിനീകരണം വളരെ കുറയ്ക്കാം. ജീവിതരീതിയും ആര്‍ഭാടങ്ങളും നിയന്ത്രിച്ചു കൊണ്ടേ നിലനില്ക്കുന്ന വികസനം ഇവിടെ ഉണ്ടാക്കാനാവൂ.

ഇന്ന് മതങ്ങളുടെ ആരാധനകളുടെയും ചടങ്ങുകളുടെയും പേരിലാണ് ഭൂമിയില്‍ വളരെയധികം മലിനീകരണമുണ്ടാകുന്നത്. അതൊഴിവാക്കാന്‍ തയ്യാറാകാതെ എന്തു നന്മചെയ്യുന്നതും ഗുണം ചെയ്യില്ല. ഉപഭോഗത്തിനനുസരിച്ച് മാലിന്യവും വര്‍ധിക്കും. മനുഷ്യര്‍ എണ്ണത്തില്‍ വളരെയുള്ളതിനാല്‍ മനുഷ്യമലവും ഇന്ന് ലോകത്തില്‍ വലിയ മലിനീകരണത്തിനിടയാക്കുന്നുണ്ട്. എന്നാല്‍ മലിനീകരണം ഒഴിവാക്കാന്‍ എന്നപേരില്‍ മണ്ണില്‍ അലിഞ്ഞുചേരാന്‍പോലും അനുവദിക്കാത്ത വിധത്തില്‍ സേഫ്റ്റിടാങ്കുകളില്‍ അവ സംഭരിക്കുന്നത് അശാസ്ത്രീയമാണ്. ഊര്‍ജോത്പാദനത്തിന് സഹായകമായവിധം സൃഷ്ടിപരമായി മലം ഉപയോഗിക്കാനാവും. ഇന്ന് ചൈനമാത്രമാണ് അങ്ങനെ ചെയ്യുന്നത്.

ഇന്ത്യയില്‍ ഒരു പ്രശസ്ത മൃഗശാലയുണ്ട്. അതിലെ അവസാനമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഭൂമിയില്‍ ഇന്നുള്ള ഏറ്റവും ക്രൂരനായ ജന്തുവിനെയാണ്. അകത്തുകയറി നോക്കുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത് ഒരു കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന നമ്മുടെതന്നെ രൂപമാണ്. മനുഷ്യന്‍തന്നെയാണ് ലോകത്തിലെ ഏറ്റവും ക്രൂരനായ ജന്തു എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ലോകം നിലനില്ക്കുംവിധം വികസിപ്പിക്കാനുള്ള ശേഷിയും നമുക്കുണ്ട് എന്നു നാം കണ്ടു. നാം അതില്‍ ഏതായിത്തീരണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. മനുഷ്യമലം കൊണ്ടുണ്ടാകാവുന്ന മലിനീകരണത്തെ ചൈന പ്രതിരോധിക്കുന്നത് അതിനെ ഊര്‍ജോത്പാദനത്തിനു സഹായകമാം വിധം സംസ്‌കരിച്ചുകൊണ്ടാണെന്നും നാം കണ്ടു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രഗവേഷണത്തെപ്പറ്റി പറഞ്ഞുകൊണ്ട് ഞാനിത് സമാപിപ്പിക്കാം. കുറഞ്ഞചെലവില്‍ വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വേര്‍തിരിക്കാന്‍ ഒരു കൃത്രിമ ഇല ഉണ്ടാക്കി അതുപയോഗിച്ച് സാധിക്കും എന്നാണ് ഈയിടെ നടത്തപ്പെട്ട ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അങ്ങനെ ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ വീടുകളില്‍ത്തന്നെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നാളെ സാധിക്കും. ഇങ്ങനെയൊക്കെ ശാസ്ത്രത്തെ ഉപയോഗിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കുന്നത് എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരണമെന്ന ഹരിതആത്മീയത ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കതീതമായി നമ്മുടെയെല്ലാം മനസ്സുകളില്‍ മുളച്ചു വളരുമ്പോഴാണ്.

No comments:

Post a Comment