പ്രൊഫ. എസ്. ശിവദാസ്
പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ഭരണങ്ങാനത്ത് അസ്സീസിമാസിക ഓഡിറ്റോറിയത്തില്‍വച്ച് നടത്തിയ ഒരു പ്രഭാഷണത്തില്‍നിന്ന്.
(പ്രഭാഷണത്തിന്റെ എഡിറ്റു ചെയ്യപ്പെട്ട രൂപം ഹരിത ആത്മീയത എന്ന പേരില്‍ 2013 ഒക്ടോബര്‍ ലക്കം അസ്സീസിമാസികയിലുണ്ട്.)
(പ്രഭാഷണത്തിന്റെ എഡിറ്റു ചെയ്യപ്പെട്ട രൂപം ഹരിത ആത്മീയത എന്ന പേരില്‍ 2013 ഒക്ടോബര്‍ ലക്കം അസ്സീസിമാസികയിലുണ്ട്.)
ഭൂമി ഉണ്ടായിട്ട് അഞ്ഞൂറുകോടി വര്‍ഷങ്ങളായെന്നു പറയുമ്പോള്‍ നമുക്ക് എത്രമാത്രം മനസ്സിലാകാറുണ്ട്? അന്നു മുതല്‍ ഇന്നുവരെയുള്ള കാലത്തെ 24 മണിക്കൂറായി (ഒരു ദിവസമായി) സങ്കല്പിച്ചാല്‍ കുറെയൊക്കെ അതു മനസ്സിലാകും.
ഇന്നലെ രാത്രി പന്ത്രണ്ടുമണിക്കാണ് ഭൂമി ഉണ്ടായതെന്നു നമുക്കു സങ്കല്പിക്കാം. ഇന്ന് വൈകുന്നേരം ആറര മണിയായപ്പോഴാണ് സൂക്ഷ്മജീവികളുണ്ടായത്. നട്ടെല്ലുള്ള ജീവികളുണ്ടായത് രാത്രി ഒമ്പതേകാലിനാണ്. ഉരഗങ്ങളുണ്ടായത് പത്തരയ്ക്ക്. സസ്തനികളുണ്ടായത് രാത്രി പതിനൊന്നുമണിക്ക്. മനുഷ്യനുണ്ടതോ 11 മണി 59 മിനിറ്റ് 20 സെക്കന്‍ഡിനുമാത്രം. വെറും നാല്പതു സെക്കന്‍ഡുമാത്രം പ്രായമുള്ള മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ് താനെനാണ് അഹങ്കരിക്കുന്നത്.
'ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച തകര' എന്നു വിശേഷിപ്പിക്കാവുന്നത് മനുഷ്യനെപ്പറ്റിയാണ്. എന്നാല്‍ ഒന്നു മറക്കരുത്. സൂക്ഷ്മജീവികളില്ലെങ്കില്‍ മനുഷ്യനെന്നല്ല പശുവിനുപോലും ജീവിക്കാനാവില്ല എന്ന വസ്തുത. സൂക്ഷ്മജീവികളില്ലെങ്കില്‍ കഴിക്കുന്ന ആഹാരം ദഹിക്കാതെവരും എന്നതാണ് കാരണം.
സൃഷ്ടിയുടെ മകുടമാണ് മനുഷ്യന്‍ എന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. മകുടമില്ലെങ്കിലും ജീവന്‍ നിലനില്ക്കും. ഒരു പിരമിഡിന്റെ ശീര്‍ഷം പോലെയാണ് ജൈവപരിണാമത്തില്‍ മനുഷ്യന്റെ സ്ഥാനം. പിരമിഡിന്റെ മുകള്‍ഭാഗം മുറിച്ചുകളഞ്ഞാലും പിരമിഡ് ഇടിഞ്ഞുവീഴില്ല. ഒരുപക്ഷേ, വിവേകരഹിതനായ മനുഷ്യന്‍ ഇല്ലാതായാലായിരിക്കും ജൈവപരിണാമം കൂടുതല്‍ സുഗമമാകുക. നമ്മെക്കാള്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ അനുഭവജ്ഞാനമുള്ളവയാണ് പാറ്റകള്‍പോലും. അതിനാല്‍ വലിയ പ്രകൃതിദുരന്തങ്ങളെപ്പോലും അതിജീവിക്കാന്‍ അവയ്ക്കും മൈക്രോബുകള്‍ക്കും കഴിഞ്ഞേക്കും. മനുഷ്യനോ?
ബുദ്ധിശക്തി കൂടുതലുണ്ടായതിനാലാണ് മനുഷ്യന്‍ ശക്തനായത്. എന്നാല്‍ വിവരത്തോടൊപ്പം വിവേകവും കൂടി ഇല്ലാതെ പോയാല്‍ വിനയാകും. വിവേകം നേടാന്‍ വേണ്ടതായ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഓരോ കുട്ടിയും ജനിക്കുന്നത്. എന്നാല്‍ അതെടുത്ത് ഉപയോഗിക്കാന്‍ കഴിയാത്തവരാണ് ഭൂരിപക്ഷം പേരും. മനുഷ്യര്‍ വിവേകരഹിതരായാല്‍ വംശനാശമുണ്ടാകാം എന്നതില്‍ സംശയംവേണ്ട.
മനുഷ്യന്‍ പരിണാമശ്രേണിയില്‍ അവസാനം ജന്മമെടുത്തവനാണ്. എന്നാല്‍, അതിനാല്‍ത്തന്നെ അവന് നല്കപ്പെട്ടിരിക്കുന്ന ശേഷികളും വളരെയേറെയാണ്. ജീവികളുടെ സാമൂഹ്യജീവിതം പരിശോധിച്ചാല്‍ ഏറ്റവും ഭദ്രമായ ഒരു മാതൃക തേനീച്ചകളുടേതാണ്. അതിന് അവയെ സഹായിക്കുന്നത് അവയ്ക്ക് അവയുടെ തലച്ചോറിലുള്ള ന്യൂറോണുകളുടെ രൂപത്തിലുള്ള കമ്പ്യൂട്ടറുകളുടെ എണ്ണമാണെന്ന് ഒരു സങ്കല്പനമുണ്ട്. തേനീച്ചകള്‍ക്ക് അവയുടെ മസ്തിഷ്‌കത്തിലുള്ള ന്യൂറോണുകളുടെ എണ്ണം പത്തുലക്ഷമാണ്. ഓരോ മനുഷ്യക്കുട്ടിക്കും ജനിക്കുമ്പോള്‍ത്തന്നെ ന്യൂറോണുകളുടെ രൂപത്തില്‍ ലഭ്യമാകുന്ന മൈക്രോകമ്പ്യൂട്ടറുകളുടെ എണ്ണം പതിനായിരം കോടി (100000000000). ഒരു അത്യത്ഭുതകരമായ സൃഷ്ടിയാണ് മനുഷ്യന്‍. സൃഷ്ടികളുടെ മകുടമായ മനുഷ്യന് എല്ലാ ശേഷികളുമുണ്ട്. എല്ലാ ശേഷികളും പൂട്ടിവച്ചിരിക്കുന്ന ഒരു പെട്ടി ജനിച്ചപ്പോള്‍ത്തന്നെ കിട്ടിയിട്ടുള്ള ധന്യനും ധനവാനുമാണ് മനുഷ്യന്‍. പക്ഷേ, ഇന്ന് മനുഷ്യരില്‍ ഭൂരിപക്ഷവും വീട്ടില്‍ ഒരു സൂപ്പര്‍കമ്പൂട്ടറുണ്ടെങ്കിലും സ്വിച്ച് എവിടെ എന്നറിയില്ലാത്ത മനുഷ്യനെപ്പോലെയാണ്.
ഇങ്ങനെ തന്റെ യാതൊരു ശേഷിയും ഉപയോഗിക്കാതെ എഴുപതും എണ്‍പതും വയസ്സുവരെ ഈ ഭൂമിയില്‍ ജീവിച്ചിട്ട് മരിച്ച് തിരിച്ചുചെല്ലുമ്പോള്‍ ദൈവം ചോദിക്കും: ''എടാ മണ്ടാ, നിന്നെ ഈ ശേഷികളെല്ലാം തന്ന് ഭൂമിയിലേക്കുവിട്ടിട്ട് അവയുടെ ഒരു ശതമാനമെങ്കിലും ഉപയോഗിച്ചോ?'' എത്ര വലിയ വിപത്തില്‍നിന്നും ഈ ലോകത്തെ രക്ഷിക്കാനുള്ള വിവേകവും ശക്തിയും നമുക്കുണ്ട്. ഈ ലോകം നേരിടുന്ന വിപത്തെന്തെന്ന വിവരത്തോടൊപ്പം തനിക്കത് ഒഴിവാക്കാന്‍ശക്തിയുണ്ട് എന്ന ബോധ്യവും അതിനുള്ള ആത്മാര്‍ഥമായ ആഗ്രഹവുമാണ് നമ്മുടെ സൂപ്പര്‍കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഊര്‍ജസ്രോതസ്സ്. തന്നിലൂടെ പ്രവര്‍ത്തിക്കേണ്ട പരമശക്തി കൂട്ടായ്മകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിണാമശൃംഖലയിലെ ഒരു കണ്ണിയായി സ്വയം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നുമുള്ള ബോധ്യമാണ് ഊര്‍ജപ്രവാഹം തുറന്നുതരുന്ന സ്വിച്ച്.
(തുടരും)
No comments:
Post a Comment