Tuesday, 15 October 2013

ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ആത്മീയത

പ്രൊഫ. എസ്. ശിവദാസ് 

(നല്ലൊരു വായനക്കാരനും എഴുത്തുകാരനും അധ്യാപകനുമായ ഡോ. റോയി തോമസിന്റെ മൂന്നു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നതിനോടനുബന്ധിച്ചായിരുന്നു ഭരണങ്ങാനം അസ്സീസി-ജീവന്‍ബുക്‌സ് ഓഡിറ്റോറിയത്തില്‍വച്ച് പ്രൊഫ. ശിവദാസിന്റെ പ്രഭാഷണം നടന്നത്. ആദ്യഭാഗം ഫ്രാന്‍സിസ് അസ്സീസിയെയും ഡോ. റോയിയുമായുള്ള സാറിന്റെയും അസ്സീസി മാസികയുടെയും ബന്ധത്തിന്റെ സവിശേഷതയെയും സ്വന്തം ബാല്യകാലാനുഭവങ്ങളെയും പറ്റിയാണ്. തുടര്‍ന്ന് സ്വന്തം ബാല്യകാലാനുഭവങ്ങളിലൂടെ, ശാസ്ത്രത്തിന്റെ കണ്ടെത്തലുകളിലൂടെ ഏതു മനുഷ്യനും (നിരീശ്വരനും) ഉണ്ടായിരിക്കേണ്ട ആത്മീയതയിലേക്കാണ് പ്രഭാഷണം നമ്മെ നയിക്കുന്നത്.  ഇന്ന് ആദ്യഭാഗം മാത്രം.)

സൈലന്റ് വാലി സംരക്ഷണത്തിനായും മറ്റുമുള്ള പ്രവര്‍ത്തനത്തിനിടയ്ക്ക് എനിക്ക് പ്രകൃതിസ്‌നേഹത്തെപ്പറ്റി ധാരാളം പ്രസംഗങ്ങള്‍ നടത്തേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും പ്രകൃതിസ്‌നേഹമെന്നത് ഒരു പ്രസംഗവിഷയമേയല്ലെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. അത് ജീവിക്കാനുള്ളതാണെന്നു കാണിച്ചുതന്നിട്ടുള്ള അസ്സീസി പുണ്യവാന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടു നടത്തപ്പെടുന്ന മാസികയാണ് 'അസ്സീസി' എന്നെനിക്കറിയാം. അതുകൊണ്ടാണല്ലോ റോയിക്ക് നല്ലൊരു എഴുത്തുകാരനായി വളരാന്‍ വേണ്ട പ്രോത്സാഹനങ്ങള്‍ ഇവിടെനിന്നു കിട്ടിയത്. വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വളരെയേറെ വായിക്കുന്ന, ഒരു പ്രകൃതിസ്‌നേഹിയാണ് റോയി തോമസ്. അന്തര്‍മുഖനായ റോയിയെ എഴുതാന്‍ പ്രേരിപ്പിച്ചുകൊണ്ടും എഴുതുന്നവ പ്രസിദ്ധീകരിച്ചുകൊണ്ടും പ്രചോദനം നല്കിയ ഇവിടുത്തെ അച്ചന്മാര്‍ , പ്രശസ്ത സംഗീതജ്ഞയായ ശ്രീമതി എം എസ് സുബ്ബലക്ഷ്മിയെ അവരുടെ ഭര്‍ത്താവ് പ്രോത്സാഹിപ്പിച്ചതുപോലെയാണ് റോയിയെ പ്രോത്സാഹിപ്പിച്ചത്. അവരെ വ്യക്തിപരമായി എന്റെ അഭിനന്ദനം അറിയിക്കുന്നു. ഇവിടെ എത്താനും ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കാനും എനിക്കു കഴിഞ്ഞത് ഒരു ദൈവനിയോഗമാണെന്ന് ഞാന്‍ കരുതുന്നു. 

പ്രകൃതിസ്‌നേഹം മാതാവിനോടു മക്കള്‍ക്കുണ്ടായിരിക്കേണ്ട സ്‌നേഹംപോലെ അനുഭവിച്ചറിയുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് ഞാനറിയുന്നു. ജീവിച്ചിരിക്കുന്ന അമ്മ ആഗ്രഹിക്കുന്ന സാമീപ്യവും പരിലാളനകളും നല്കാതെ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് ലോകം മുഴുവന്‍ പ്രസംഗിച്ചു നടക്കുന്നതില്‍ എന്തര്‍ഥം? 

വൈക്കത്തിനടുത്ത് ഉല്ലല എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് എന്റെ അമ്മയില്‍നിന്നും അയല്‍ക്കാരില്‍നിന്നും കിട്ടിയ വിദ്യാഭ്യാസമാണ് എന്നെ ഒരു പ്രകൃതിസ്‌നേഹിയാക്കിയത്. എന്റെ വീട് എന്നു പറയുമ്പോള്‍ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തും അവിടെയുണ്ടായിരുന്നു മൂന്നുനാലു വെച്ചൂര്‍ പശുക്കളും കൂടി എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും. എന്റെ അമ്മയ്ക്ക് അവയോടുണ്ടായിരുന്ന സ്‌നേഹവാത്സല്യങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവയ്ക്ക് കഞ്ഞിവെള്ളം കൊടുക്കാന്‍ അലപം താമസിച്ചാല്‍ അവ കൂട്ടില്‍നിന്ന് കരയും. അതു കേള്‍ക്കുമ്പോഴേ അമ്മ ഉറക്കെ പറയും: ''നിങ്ങളിങ്ങനെ കരഞ്ഞാലെങ്ങനെയാ. ഇവിടത്തെ പണിത്തിരക്ക് തീരുന്നതുവരെ നിങ്ങളൊന്നു ക്ഷമിക്ക് '' അതു കേട്ടാലുടന്‍ അവ കരച്ചില്‍ നിറുത്തും. അമ്മയുടെ ഭാഷ അവയ്ക്ക് മനസ്സിലാകുമായിരുന്നു. 

വിഷുവിന് കണിയൊരുക്കി വച്ചിരിക്കുന്നിടത്തേക്ക് കണ്ണുകളും പൊത്തിപ്പിടിച്ചു ഞങ്ങളെ കൊണ്ടുപോയിരുന്ന അമ്മ കണി കാണിച്ചാലുടനെ ഒരു ഉരുളിയില്‍ കണികാണാനുള്ള കണിക്കൊന്നപ്പൂക്കളും മറ്റുമെടുത്ത് ഞങ്ങളെയും കൂട്ടി തൊഴുത്തിലേക്കുപോകും. പശുക്കളെ കണി കാണിക്കുമ്പോള്‍ ഞങ്ങള്‍ തമാശയായി ചോദിക്കും. ''അമ്മയ്ക്ക് ഞങ്ങളെക്കാള്‍ കന്നുകാലികളോടാണല്ലേ ഇഷ്ടം?'' 

ഓണത്തിന് അവയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ആഹാരം കൊടുത്തിട്ടേ ഞങ്ങള്‍ക്ക് ഊണ്‍ തരുമായിരുന്നുള്ളു. ഉച്ചയ്ക്ക് ഊണുകഴിക്കുംമുമ്പുതന്നെ ഉറുമ്പുകള്‍ക്കായി പരിപ്പും ചോറും പപ്പടവും നെയ്യും ഒക്കെ ഉരുളകളാക്കി വീടിന്റെ എല്ലാ മൂലകളിലും കൊണ്ടുപോയി വയ്ക്കുന്ന രീതിയുമുണ്ടായിരുന്നു. ഓണത്തിന് ഒരു ഉറുമ്പുപോലും വിശന്നിരിക്കാന്‍ പാടില്ലെന്നായിരുന്നു അമ്മ കരുതിയിരുന്നത്. ഇങ്ങനെ നമ്മുടെ പഴയ തലമുറ എത്ര ക്രാന്തദര്‍ശികളായിരുന്നു എന്ന് മനസ്സിലാക്കുന്നത് പ്രകൃതിസ്‌നേഹം നമ്മുടെ മനസ്സില്‍ വേരാഴ്ത്താന്‍ വളരെ സഹായകമായിരിക്കും. അതിനുശേഷം നാല്പതിലേറെ വര്‍ഷം കഴിഞ്ഞാണ് സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് (നിലനില്ക്കുന്ന വികസനം) എന്ന കാഴ്ചപ്പാട് ഐക്യരാഷ്ട്രസഭ അവതരിപ്പിച്ചത്! 

അമ്മയെപ്പോലെതന്നെയായിരുന്നു അക്കാലത്തെ മുതിര്‍ന്ന തലമുറയും ചിന്തിച്ചിരുന്നതും പെരുമാറിയിരുന്നതും എന്നതിന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തുണ്ടായ ഒരനുഭവം കൂടി പങ്കുവയ്ക്കാം. കണ്ടത്തിലൂടെ ഒഴുകുന്ന ഇടത്തോട്ടിലെ ചെളി കോരിമാറ്റിക്കൊണ്ടിരുന്ന ഒരു തൊഴിലാളിയുടെ തൂമ്പയില്‍നിന്ന് അടുത്തു നിന്നിരുന്ന എന്റെ മുമ്പിലേക്ക് ഒരു പാമ്പ് വീഴുന്നതുകണ്ട് ഞാന്‍ ഒരു വടിയെടുത്ത് അതിനെ അടിക്കാനോങ്ങി. അപ്പോള്‍ എണ്‍പതുവയസ്സിലേറെ പ്രായമുള്ള അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: ''കണ്ണും കാതുമില്ലാത്ത ആ പാവത്തെ കൊല്ലല്ലേ, മോനേ.'' 

അതു കേട്ടതേ എന്റെ കയ്യില്‍നിന്ന് വടി താഴെ വീണു. ആ വൃദ്ധന്‍ പാമ്പിനെ കൊട്ടയില്‍ കോരിയെടുത്ത് നേരത്തെ കോരിയിട്ടിരുന്ന ചെളിയിലേക്കിട്ടു. ഒപ്പം ജീവിക്കുന്ന ഇതരജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്ന മനുഷ്യരുടെയിടയില്‍ ജനിച്ചു വളരാന്‍ കഴിഞ്ഞത് എനിക്കും എന്റെ തലമുറയ്ക്കും കിട്ടിയ ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ഈ കാഴ്ചപ്പാട് കൈമോശം വന്നതിനെത്തുടര്‍ന്നാണ് നാമെല്ലാം പാശ്ചാത്യസംസ്‌കാരത്തിന്റെ അടിമകളായിത്തീര്‍ന്നത്. 

ഒരു ശാസ്ത്രകഥ വായിച്ചത് ഓര്‍മ്മവരുന്നു. അതിലെ ലോകത്തെ ജീവജാലങ്ങള്‍ തമ്മില്‍ ഒരു പ്രത്യേകരീതിയില്‍ പരസ്പരം ബന്ധിതരാണ്. എന്റെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവിടെയുള്ള ഓരോരുത്തരും ആ വേദന അനുഭവിച്ചറിയുന്ന വിധത്തില്‍ ഉള്ള ഒരു തരം ഹൃദയബന്ധം. യഥാര്‍ഥത്തില്‍ ആ ലോകം നാം ജീവിക്കുന്ന ഈ ഭൂമിതന്നെയാണ്. ഇവിടെയുള്ള എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധമുള്ളവയാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. ഈ ബോധ്യം നമ്മുടെ പഴയ തലമുറയ്ക്കുണ്ടായിരുന്നു. അവര്‍ ഒരു മരം നട്ടു വളര്‍ത്തിയിരുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം അതു വെട്ടിവിറ്റാല്‍ കുറെ രൂപാ കിട്ടും എന്ന് വിചാരിച്ചുകൊണ്ടായിരുന്നില്ല. അവരതിനെ വളര്‍ത്തിയിരുന്നത് സ്‌നേഹത്തോടെയായിരുന്നു. മരവും മനുഷ്യനും തമ്മില്‍ അന്ന് ആത്മബന്ധമുണ്ടായിരുന്നു. അത് ഇന്നത്തെ പുതിയതലമുറയ്ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ കാരണം പണമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം എന്ന ഒരു മൂല്യബോധത്തോടെ നാം അവരെ വളര്‍ത്തുന്നതാണ്. 

എന്റെ വീടിന്റെ കാര്യം പറഞ്ഞു. അവിടെ കുറെ കാലം ആരും താമസിക്കാനില്ലാതെ അടച്ചിടേണ്ടിവന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ സഹോദരി അവിടെ താമസം തുടങ്ങി. അപ്പോള്‍ ഒരു സുഹൃത്ത് എന്നോടു ചോദിച്ചു: ''വീട്ടില്‍ ആള്‍താമസമായല്ലോ. ഇടയ്‌ക്കൊക്കെ വീട്ടില്‍ പോകാന്‍ തോന്നുന്നുണ്ടാവുമല്ലോ.'' 

ഞാന്‍ പറഞ്ഞു: ''വീട്ടില്‍ പണ്ടു ചെല്ലുമ്പോള്‍ വീടിനടുത്തൊരു തൊഴുത്തും അതില്‍ മൂന്നു നാലു വെച്ചൂര്‍ പശുക്കളുമുണ്ടായിരുന്നു. ഇപ്പോള്‍ അവിടെ ഒരു കാറാണുള്ളത്.'' 

ഇതൊരു വലിയ വ്യത്യാസമായി കാണാന്‍ ഇന്നു പലര്‍ക്കും കഴിയണമെന്നില്ല. എന്നാല്‍ എനിക്ക് അവിടെ ചെല്ലുമ്പോള്‍ എന്റെ വീടാണതെന്ന് തോന്നാറില്ല. എനിക്ക് ആ തൊഴുത്തും പശുക്കളും കൂടി അടങ്ങിയതായിരുന്നു എന്റെ വീട്. ആ കന്നുകാലികളുടെ ഹൃദയവും എന്റെ ഹൃദയവും തമ്മില്‍ ബന്ധിതമായിരുന്നു.

മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഇന്നുതന്നെ വായിക്കണമെന്നുള്ളവര്‍ താഴെ ക്ലിക്കുചെയ്യുക: http://almayasabdam.blogspot.in/2013/10/blog-post_15.html 



No comments:

Post a Comment