Saturday, 19 October 2013

ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ആത്മീയത II

പ്രൊഫ. എസ്. ശിവദാസ്   

പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് ഭരണങ്ങാനത്ത് അസ്സീസിമാസിക ഓഡിറ്റോറിയത്തില്‍വച്ച് നടത്തിയ ഒരു പ്രഭാഷണത്തില്‍നിന്ന്.
(പ്രഭാഷണത്തിന്റെ എഡിറ്റു ചെയ്യപ്പെട്ട രൂപം ഹരിത ആത്മീയത എന്ന പേരില്‍ 2013 ഒക്ടോബര്‍ ലക്കം അസ്സീസിമാസികയിലുണ്ട്.) 

ഇന്ന് കുട്ടികള്‍ക്ക് പഠിക്കാന്‍ മണ്ണിരയെപ്പറ്റി പാഠപ്പുസ്തകത്തില്‍ പാഠമുണ്ട്. മണ്ണിര ഇലതിന്ന് വിസര്‍ജിച്ച് നമ്മുടെ മണ്ണിന്റെ വളക്കൂറു കൂട്ടിത്തരുന്നു എന്നാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്. വാസ്തവത്തില്‍ മണ്ണിര ഇല വളമാക്കാന്‍വേണ്ടി യാതൊന്നും ചെയ്യുന്നില്ല. അതു വ്യക്തമാക്കാന്‍ ഞാനെഴുതിയിട്ടുള്ള ഒരു പുസ്തകത്തെപ്പറ്റി അല്പം പറയാം. 
ആ പുസ്തകത്തിന്റെ പേര് മാത്തന്‍ മണ്ണിരക്കേസ് എന്നാണ്. ഞാന്‍ യുറീക്കയുടെ എഡിറ്ററായിരുന്നപ്പോള്‍ ഒരു കുട്ടി അയച്ച ഒരു കത്തായിരുന്നു ആ പുസ്തകത്തിന് പ്രചോദനമായത്. ഒരു മണ്ണിര കര്‍ഷകത്തൊഴിലാളി പെന്‍ഷനുവേണ്ടി നല്കുന്ന അപേക്ഷയുടെ രൂപത്തിലായിരുന്നു ആ കത്ത്. ആ കത്ത് ഒരു ചര്‍ച്ചാവിഷയമാക്കിയതിനെത്തുടര്‍ന്ന് മാസികയില്‍ സജീവമായ ചര്‍ച്ച ഒരു വര്‍ഷത്തിലേറെ നീണ്ടു. രാസവളപ്രയോഗം മൂലം കേരളത്തില്‍ മണ്ണിരയേ ഇല്ലാതിരിക്കുകയാണെന്നും കത്തും മണ്ണിരയും വ്യാജമാണെന്നും കള്ളക്കത്തു പ്രസിദ്ധീകരിച്ച പത്രാധിപര്‍ ശിക്ഷാര്‍ഹനാണെന്നും വരെ കത്തുകള്‍ വന്നു. അപ്പോള്‍ ഞാന്‍ മണ്ണിരയെപ്പറ്റി കൂടുതല്‍ പഠിച്ചു. മണ്ണിരയ്ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആ പംക്തി അവസാനിപ്പിച്ചു. 

അപ്പോഴാണ് യുണെസ്‌കോയുടെ ഒരു സെമിനാറിന് പാരീസില്‍ ചെല്ലാന്‍ എനിക്കു ക്ഷണം കിട്ടുന്നത്. അനേകം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഞാന്‍ ഈ കഥ ഇംഗ്ലീഷില്‍ Mathew the Earthworm എന്ന പേരില്‍ അവതരിപ്പിച്ചു. യുണെസ്‌കോയ്ക്ക് വലിയൊരു സംഭാവനയാണ് എന്റെ അവതരണമെന്നു പറഞ്ഞ് പ്രത്യേക സ്‌കോളര്‍ഷിപ്പും തന്ന് സംഘാടകര്‍ എന്ന ജര്‍മ്മനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ധാരാളം കമ്പ്യൂട്ടറുകളും മറ്റുമുള്ള ഒരു ഓഫീസിലിരുന്നാണ് ഞാന്‍ ഈ പഠനം നടത്തിയതെന്നാണ് അവര്‍ കരുതിയത്. അവരുടെ പ്രോത്സാഹനത്തില്‍ മാത്തന്‍ മണ്ണിരക്കേസ് ഒരു പുസ്തകമാക്കാന്‍ ഞാന്‍ തീരുമാനിച്ചു. പുസ്തകം വായിച്ച എന്റെ മകന്‍ പറഞ്ഞു: ''ഇത് അച്ഛന്റെ സ്വന്തം പുസ്തകമായിട്ടില്ല.'' അപ്പോള്‍ എന്റെ കണ്ണുതുറന്നുകിട്ടി. ഞാന്‍ അതിന് ഒരധ്യായം കൂടി എഴുതിച്ചേര്‍ത്തു. ആ പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ എഴുതപ്പെട്ട, മാത്തന്‍ മണ്ണിര തനിക്കു പെന്‍ഷന്‍ വേണ്ടെന്നു വ്യക്തമാക്കുന്നതിന്റെ കാരണമാണ് ഞാന്‍ ആദ്യം സൂചിപ്പിച്ചത്. അതെന്തെന്നല്ലേ?

എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കിയ ഞാന്‍തന്നെ പൊട്ടിച്ചിരിച്ചുപോയ ഒരധ്യായമായിരുന്നു, അത്. മണ്ണിരയുടെ പെന്‍ഷന്‍നിഷേധക്കുറിപ്പായി എഴുതപ്പെട്ട ആ അധ്യായം ഏതാണ്ട് ഇങ്ങനെയായിരുന്നു: 

''എനിക്ക് കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍ അനുവദിക്കുന്നു എന്നറിയിച്ചുകൊണ്ടിറക്കിയ ഉത്തരവു കണ്ടു. നന്ദി. എന്നാല്‍ എനിക്ക് പെന്‍ഷന്‍ ആവശ്യപ്പെട്ടുകൊണ്ടെഴുതിയ കത്തും കടുത്ത രാസവളപ്രയോഗത്താല്‍ ഞാനിന്ന് ജീവിച്ചിരിപ്പുപോലുമില്ലെന്നുള്ള കത്തും ഒക്കെക്കൂടി വായിക്കാനിടയായ എനിക്കു നിങ്ങളോടൊരു ചോദ്യമുണ്ട്. ഞാന്‍ ഇലയില്‍നിന്ന് വളമുണ്ടാക്കുന്നു എന്ന് നിങ്ങളോടാരാണ് പറഞ്ഞത്? ഞാന്‍ എന്നെ അറിയുന്നിടത്തോളം പോലും നിങ്ങള്‍ക്ക് എന്നെ അറിയില്ലാത്ത സ്ഥിതിക്ക് എനിക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ നിങ്ങളാരാണ്? ഞാനൊരു സത്യം പറയാം. ഞാന്‍ ഇല തിന്നുന്നുണ്ടെന്നല്ലാതെ നിങ്ങള്‍ക്ക് വളമുണ്ടാക്കിത്തരുന്നൊന്നുമില്ല. എന്റെ ഉദരത്തില്‍ അനേകം കോടി സൂക്ഷ്മജീവികളുണ്ട്. അവയാണ് ഞാന്‍ കഴിക്കുന്ന ആഹാരം നിങ്ങള്‍ വളമെന്നു വിളിക്കുന്ന ആ സാധനമാക്കി മാറ്റുന്നത്. ആ സൂക്ഷ്മജീവികള്‍ നിങ്ങളുടെ ശരീരത്തിലുമുണ്ട്. അവയില്ലെങ്കില്‍ എനിക്കോ നിങ്ങള്‍ക്കോ ജീവിക്കാന്‍ പോലും സാധ്യമല്ല എന്നതാണ് വസ്തുത. നാമെല്ലാം ഒരു വലിയ കൂട്ടായ്മയിലെ കണ്ണികള്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ പ്രകൃതിയിലെ നിരവധി ജീവജാലങ്ങളുടെ ആ കൂട്ടായമയുടെ ഒരു പ്രതീകം മാത്രമാണ്, ഞാന്‍ .  ഈ കാരണത്താല്‍ നിങ്ങള്‍ എനിക്ക് അനുവദിച്ച പെന്‍ഷന്‍ സവിനയം ഞാന്‍  നിഷേധിക്കുന്നു.''


ഈ പുസ്തകം ഇറങ്ങി ഏതാനും മാസങ്ങള്‍ക്കകം തന്റെ ഒരു ശിഷ്യ സമ്മാനിച്ച പുസ്തകം വായിച്ച് സാക്ഷാല്‍ നിത്യചൈതന്യയതി എനിക്കെഴുതി: ''നിങ്ങളിത് കുട്ടികള്‍ക്കായി എഴുതിയതാണെങ്കിലും എന്നെപ്പോലെയുള്ള മുതിര്‍ന്നവരും വായിക്കേണ്ട ഒരു പുസ്തകമാണിത്. ഇത്ര മഹത്തായ ഈ പുസ്തകം മലയാളത്തില്‍ രചിക്കപ്പെട്ടു എന്നതില്‍ എനിക്കും അഭിമാനമുണ്ട്.''


ഈയിടെ വായിച്ച, ഒരു സ്ത്രീ എഴുതിയ, ഒരു ശാസ്ത്രലേഖനം ആശ്ചര്യജനകമാണ്: ''മനുഷ്യന്റെ ശരീരത്തിലേക്ക് സൂക്ഷ്മജീവികള്‍ കടക്കുന്നത് പ്രസവസമയത്താണ്. അവ മനുഷ്യന്റെ ഉദരത്തില്‍ പ്രവേശിച്ച് കോളനികള്‍ ഉണ്ടാക്കുന്നു. അവയില്‍ ഭൂരിപക്ഷവും നമ്മെ രോഗബാധകളില്‍നിന്നു രക്ഷിക്കാന്‍ സഹായിക്കുന്നവയാണ്. ഓരോ മനുഷ്യന്റെയും ഉദരത്തില്‍ ഉള്ള അവയുടെ എണ്ണം 26000 കോടിയിലേറെയാണ്.'' 


ഒന്നോര്‍ത്താല്‍ മനുഷ്യനുവേണ്ടി അവ എന്നതിലേറെ മനുഷ്യന്‍ അവയ്ക്കുവേണ്ടിയാണ്, സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ശരീരത്തിന്റെ ആകൃതിതന്നെ അവയ്ക്ക് സുഖമായി ജീവിക്കാന്‍ പറ്റിയ വിധത്തിലാണ്. നാം അവരുടെ വലിയൊരു വീടാണ്. മണ്ണിര സ്വയം വിശേഷിപ്പിച്ചത് മനുഷ്യനും ബാധകമാണെന്നര്‍ഥം. മനുഷ്യനും ഒരു ജൈവ കൂട്ടായ്മയുടെ പ്രതീകമാണ്. ആര്‍ക്കും ഒറ്റയ്ക്ക് നിലനില്പ്പില്ല. 

അല്പം കൂടി ചിന്തിച്ചാല്‍ ജീവന്‍ നിലനില്ക്കാന്‍ ജീവജാലങ്ങളുടെ കൂട്ടായ്മ മാത്രം പോരാ എന്നു മനസ്സിലാകും. മണ്ണും ജലവും മഴയും പുഴയും ഒക്കെ ജീവന്‍ നിലനില്ക്കാന്‍ അനിവാര്യമാണല്ലോ. നമുക്ക് ഉപദ്രവകാരികളായി തോന്നുന്ന ജീവജാലങ്ങളും എത്രത്തോളം അനിവാര്യമാണെന്നു വ്യക്തമാക്കുന്ന മിത്താണ് പഴയനിയമത്തിലെ നോഹയുടെ പെട്ടകം. നിലനില്ക്കുന്ന വികസനം എന്നു പറയുമ്പോള്‍ മനുഷ്യന്‍ മാത്രം നിലനില്ക്കുന്ന വികസനം എന്ന അര്‍ഥമല്ല ഉള്ളത്.
(തുടരും)

1 comment:

  1. അലക്കുകല്ലില്‍ ഒരു മണ്ണിര
    കുളിക്കടവ്
    അലക്കുകല്ലില്‍ ഇവനെങ്ങനെ വന്നു?
    ചൂണ്ടയിടാന്‍ വന്നവന്റെ മടിയില്‍നിന്നു വീണതാവും.
    മീനിന് ഇരയാകേണ്ടവന്‍
    കല്ലിലൂടെ പുളഞ്ഞുനടക്കുന്നു.
    ഒരു മീനിനോ
    ഇവനുതന്നെയോ
    ഞാന്‍ ഉപകാരിയാകേണ്ടത്?
    എടുത്ത് മണ്ണിലേക്കിട്ടപ്പോള്‍
    അവന്റെ ഉദരത്തില്‍ വസിക്കുന്ന
    ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍
    എന്നോടു പറഞ്ഞു:
    നന്ദി, മോനേ നന്ദി!

    കരിയിലകള്‍തിന്ന് വളമാക്കിയത്
    മണ്ണിരയാണെന്നു കരുതിയ
    മണ്ണും പുല്ലും മണ്ണിരയോടു പറഞ്ഞു:
    നന്ദി!
    മണ്ണിര അവയോടു പറഞ്ഞു:
    അലക്കുകല്ലില്‍നിന്ന് എന്നെ മണ്ണിലേക്കിട്ട
    ആ മനുഷ്യനോടാണ് നന്ദി പറയേണ്ടത്!
    from http://josantony-josantony.blogspot.in/

    ReplyDelete