മഹാമൗനമന്ദസ്മിതാര്‍ദ്രേ, സുഭദ്രേ,
മഹാമായയാമെന്റെ ഭദ്രേ, സുഭദ്രേ,
'ശിവോഹം' 'ശിവോഹം' ജപിക്കുന്നൊരെന്നില്‍
ശിവാംബേ, വരൂ, ശാന്തിയേകൂ, സുഭദ്രേ!
മഹാലിംഗമാനം തിരഞ്ഞഗ്നിശൈലം
എനിക്കുള്ളിലുണ്ടെന്നു കണ്ടോരെനിക്കായ്
മഹാശൂന്യ നിസ്സംഗ ഭാവാര്‍ദ്ര ഗംഗാ-
പ്രവാഹം തരൂ, നിത്യനിര്‍ന്നിദ്ര ഭദ്രേ!!
ശിവന്‍ശക്തിയുക്തം രമിച്ചീടിലല്ലാ-
തുണര്‍ന്നീടുകില്ലല്ലൊ സര്‍ഗാത്മഭാവം!
ഉണര്‍ന്നെന്നില്‍ വന്നാട്ടെ കാവ്യാര്‍ഥപൂര്‍ണേ,
സംഗീതവാമസ്തനീ, രാഗപൂര്‍ണേ!
ദക്ഷയാഗാഗ്നീസതീ, ജന്മദാഹം
ഇക്ഷിതിക്കുള്ളില്‍ ത്രസിക്കുന്നു, ഭൂവില്‍
ഹിമശൈലസുത സീതയായ് ജനിച്ചല്ലോ!
ദശമുഖന്‍, ശിവശാപ, മതുപോലെ ജനകനും
ദശരഥസുതന്‍ വില്ലൊടിക്കുന്ന വേളയും
അറിയുന്നു- വിഘ്‌നങ്ങള്‍ നിറയുന്ന പാതകള്‍!
ശിവനായ്ത്തപംചെയ്യുവോളെ വേട്ടീടുവാന്‍
രാമന്‍വരും പരശുരാമന്റെയനുരഞ്ജ-
നോത്സാഹമാണെന്റെ വേദന മഹാംബേ,
മഹാംബേ, വരൂ, വന്നു നീ നല്കിയാട്ടെ
എനിക്കെന്റെ ശക്തിസ്വരൂപം, ചലിക്കാന്‍
എനിക്കായിടുന്നില്ല,എന്റെ ജിഹ്വാഗ്രത്തില്‍
ഒരു തുള്ളി ദുഗ്ധം ചുരത്തിത്തരൂ നീ
മഹാമാതൃഭാവാര്‍ദ്രമാം സ്തന്യമല്പം
രുചിച്ചീടുവാന്‍ ഞാന്‍ വിളിപ്പൂ: മഹാംബേ,
നിന്റെപാലല്പം നുകര്‍ന്നീടുകില്‍ ഞാന്‍
അറിഞ്ഞീടുമാരെന്റെ ശക്തിയെ; ന്നെന്നില്‍
തുളുമ്പന്ന വാണീപ്രവാഹത്തിലൂടെ
വരും ലക്ഷ്മി! ഞാന്‍ താമരത്തണ്ടുപോലാം!
Saturday, 22 February 2025
ശിവാര്‍ഥന
Wednesday, 19 February 2025
ദര്‍പ്പണസാധന
ജോസാന്റണി -686579
എന്റെ ഒരു സ്‌നേഹിത പറഞ്ഞതനുസരിച്ചാണ്
ഉണര്‍ന്നെണീറ്റതേ ഞാന്‍ കണ്ണാടിയുടെ മുമ്പിലെത്തിയത്.
കണ്ണാടിയില്‍ കണ്ട മുഖം
കണികാണാന്‍ കൊള്ളുന്നതായിരുന്നില്ല.
ആ സ്‌നേഹിത പറഞ്ഞിരുന്നത് അപ്പോള്‍ ഞാനോര്‍മിച്ചു:
ചിരിക്കുമ്പോള്‍ നിങ്ങളെത്ര സുന്ദരനാണ്.
ചിരിക്കാന്‍ ശ്രമിച്ചു.
ഉള്ളില്‍ ചിരി തെല്ലുമില്ലാതെ
മുഖത്തു ചിരി വരുത്തുന്നതു ശരിയാണോ?
മുഖത്തു ചിരി വിടര്‍ത്തി ഉള്ളിലേക്കു നോക്കുക
എന്നു തീരുമാനിച്ചു.
ഉള്ളിലേക്കു നോക്കിയപ്പോള്‍
മ്ലാനവദനനായിരിക്കാന്‍മാത്രം
അവിടെ യാതൊരു ദുഃഖവുമില്ലെന്നു കണ്ടു.
ഗൗരവത്തോടെയിരിക്കുന്നതിലല്ലേ കൃത്രിമത്തമുള്ളത്?
എനിക്കു കിട്ടിയിട്ടുള്ള കഴിവുകളും അറിവുകളും
തലക്കനത്തോടുകൂടെയിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ടോ?
ഞാന്‍ ഏറ്റവും ആദരിക്കുന്ന ഗുരുവിന്റെ മാതൃക എന്തായിരുന്നു?
എന്റെ കാഴ്ചപ്പാടിലോ കവിതകളിലോ ഇല്ലാത്ത ഒരു ഭാവമല്ലേ
നീ കണ്ണാടിയില്‍ ആദ്യം കണ്ടത്?
ഇങ്ങനെ കണികാണാന്‍കൊള്ളില്ലാത്തൊരു മുഖഭാവവും
അതിന്റെ ഫലമായ അപ്രസന്നമായ മനോഭാവbുമായി
എന്തിനാണ് വീട്ടില്‍മാത്രം ഞാന്‍ ജീവിക്കുന്നത്?
എന്റെ യഥാര്‍ഥ മനോഭാവം ശുഭാപ്തിവിശ്വാസവും
സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറഞ്ഞതാണെങ്കില്‍
അല്പം കൃത്രിമത്തമുണ്ടെങ്കിലും ഈ ചിരിക്കുന്ന മുഖംതന്നെയാണ്
എനിക്കു കൂടുതലിണങ്ങുക.
ഈ ചിരി മുഖത്തു തങ്ങിനില്ക്കട്ടെ!
എന്റെ മനസ്സ് എന്റെ മുഖത്തിന്റെ കണ്ണാടിയായി മാറിക്കൊള്ളും.
മുഖം മനസ്സിന്റെ കണ്ണാടിയാണെന്നതിനാല്‍ത്തന്നെ
മനസ്സ് മുഖത്തിന്റെ കണ്ണാടിയുമാണ്.
ഞാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എനിക്ക് എന്നില്‍ ഉളവാക്കാന്‍
കണ്ണാടിയില്‍ സ്വന്തം പുഞ്ചിരിക്കുന്ന മുഖം നോക്കിക്കണ്ടുകൊണ്ട്
ദിവസവും രാവിലെ ദിനചര്യകള്‍ തുടങ്ങിയാല്‍
എനിക്കു സാധിക്കും.
ഈ വിചാരത്തോടെ ഞാനെന്റെ സാധന ആരംഭിക്കുകയാണ്.
എന്നോടൊപ്പം നിങ്ങള്‍ക്കും നിങ്ങളുടെ മുഖം
നിങ്ങളുടെ കണ്ണാടിയില്‍നോക്കി
സ്വന്തം വീട്ടില്‍ത്തന്നെ തുടങ്ങാവുന്നതും തുടരാവുന്നതുമാണ്.
നമുക്കു ദിവസവും സ്വന്തം അനുഭവം പങ്കുവയ്ക്കാം.
അത് നമ്മെ ആരംഭശൂരത്വത്തില്‍നിന്നു രക്ഷിക്കും!
സ്വന്തം ഉള്ളിലെ ചിരി
സ്വന്തം മുഖത്തു പ്രതിബിംബിക്കുന്നതായി
കണ്ടുതുടങ്ങുന്നതിന് എത്രനാള്‍ വേണ്ടിവരുമെന്ന്
ഓരോരുത്തര്‍ക്കും സ്വയം മനസ്സിലാക്കാന്‍
ഈ സാധന സഹായകമാകും!
Sunday, 16 February 2025
ഗുരു നിത്യചൈതന്യയതിയുടെ സമാധിയുടെ പശ്ചാത്തലത്തില്‍
ഏതാനും കവിതകള്‍
സമാധിത്തിരി
ഗുരുവരുളി: ''ഗുരുവരുളിലലിയുവതുകൊണ്ടി-
ന്നിരുളകലുമൊരു വഴിയിലണയുവതസാധ്യം!
ഒരു പുതിയ തലമുറയിതവരുടെയകത്തുണ്ട-
ണ്ടൊരു വനവുമതിലൊഴുകുമൊരു തടിനിയും നീ
അതിലൊഴുകിയണയുക;യൊരിരുളു വരുമുള്ളില്‍
അതിലുരുകിയെരിയുമൊരു തിരി മമ സമാധി!''
ഇവിടെയിവനറിയുവതു സകലതുമൊരിക്കല്‍
കവിതകളിലെഴുതുവതിനരുളുതരു, മെന്നാല്‍
ഇവനിനിയുമുരുകിയെരിയണ;മതിനുശേഷം
നവജനതയുണരു;മതിനൊരു കരുവതാം നീ!''
2
ജാതകപ്പൊരുള്‍
ഇരുപതു വര്‍ഷമിവന്റെ ഹൃത്തിലേറാന്‍
ഗുരു വഴി തേടി; തുറന്നില്ല ഞാനെന്‍
കരളിലെ വാതി; ലിതാസമാധിശേഷം
പൊരുളറിയുന്നിവനിന്നു ജാതകത്താല്‍:
ഗുരുനില നിന്നുടെ ജാതകത്തിലേഴില്‍
വരുമതിനുണ്ടെതിരായി ശുക്ര,നൊന്നില്‍!
ഇതുമൊരു യോഗ;മറിഞ്ഞുകൊള്‍ക തമ്മില്‍
എതിരിടുമല്ലൊ വികാരവും വിചാര-
ക്കതിരുമിടയ്ക്കിടെ; നിന്റെ ഹൃത്തിലെത്താം
എതിരു പരസ്പരപൂരകാത്മഭാവം
ചതുരതയോടെ വരിച്ചിടുമ്പൊഴീ ഞാന്‍
മധുരതരം മധുവായി നിന്റെ സത്തായ്!
ഇരുളരുളിന്റെ വെളിച്ചമോടു ചേര്‍ന്നാല്‍
ഒരു നിറമല്ലൊരുകോടി വര്‍ണമുള്ളില്‍!
അറിവഴകിന്നു കതിര്‍ പകര്‍ന്നു നല്കും
നിറമെഴുമെന്നുടെ വിശ്വ, മാത്മസത്യം!
3
അറിവിതു നിത്യത, യാഴി, ബുദ്ബുദങ്ങള്‍
ഇവിടെയഹന്ത,യിദന്തയും മറന്നി-
ട്ടലിയുകയിങ്ങൊരു തുള്ളിയാകിലും നാം
കടലിതിലുള്ളൊരനശ്വരാത്മഭാവം!
4
''ഇതു ഗുരു ചൊന്ന രഹസ്യമാ,ണിതല്ലോ
മൃതിഭയമൊക്കെ ഹരിച്ചിടുന്ന സത്യം:
അവിരതമായറിയാതിരിക്കയാലാം
നിമിഷമിതിങ്ങു മരിച്ചിടുന്നതെന്നും!''
5
യതി മൃതിയൊടിതുചൊന്നു; കേട്ടവന്‍ ഞാന്‍:
മൃതിയുടെ വിസ്മൃതിതന്നനര്‍ഗളത്വം
അതിലിവനിന്നു ചരിച്ചിടു, ന്നെനിക്കീ
ഹൃദയപഥങ്ങളിലുണ്ടു കോടി ബിംബം!
6
യതി നിയതിയോടെന്തുചൊല്ലിയീ മൃത്യുവി-
ന്നതിശയരഥത്തിലേറിഗ്ഗമിച്ചീടവെ?
''മൃതിയിവിടെ വിസ്മൃതീഭാവമായീടുകി-
ല്ലതിനെതിരുനില്ക്കും സ്മൃതിക്കുള്ളിലാണു ഞാന്‍!''
7
'യതി മൃതിപ്പെട്ടു, നിത്യനോ?' ചോദ്യമായ്
നിയതി; ചൊല്ലുന്നു ചൈതന്യമിങ്ങനെ:
മൃതി മൃതിപ്പെട്ടു; സത്യമോ? ചൊന്നു ഞാന്‍
'സ്മൃതിയിലേറിച്ചരിക്കയാം നിത്യവും!'
വൈദ്യമതാണിവിടാവശ്യം!
പദ്യക്കത്തൊന്നെഴുതുകയെന്നാ-
ണുള്‍വിളി- 'യാര്‍ക്കെഴുതേണം?' കേള്‍പ്പൂ:
വൈദ്യമതാണിവിടാവശ്യം, നീ
വൈദ്യുതിമന്ത്രിക്കല്ലെഴുതേണ്ടതു,
വൈദ്യന്മാര്‍ക്കാം, മുഖ്യന്‍ ശാഫി!
ശാഫി സുഹാരി, മുഹമ്മദുനബിയുടെ
വൈദ്യപഥത്തില്‍ നിയോഗം പോലാ-
ണെത്തിയതെന്നറിയുന്നു, ഞാനും
നിത്യന്‍ ചൂണ്ടിക്കാട്ടിയ വഴികളി-
ലൊത്തിരി നാളായലയുന്നവനാം
പദ്യം വൈദ്യവുമൊരുപോല്‍ പഥ്യം!
വൈദ്യവിശാരദ, ശാഫീ, മൗലിക
വാദി നിനക്കെഴുതുന്നവനിവനും
മൗലികവാദം വെടിയരുതെന്നാം
കരുതീടുന്നതു , പക്ഷേ ഞാനൊരു
ക്രൈസ്തവ മൗലികവാദി, യതില്‍പ്പര-
മെല്ലാം കേള്‍ക്കാന്‍ ചെവിയുള്ളവനും.
ഗണപതി ഗുരുവിന്‍ മാതൃകയെന്നാം
ഗുരുവാം നിത്യന്‍ ചൊന്നതു, ഞാനെന്‍
കരളിലതിന്‍പൊരുളറിയുന്നതിനാല്‍
ചെവിയും മൂക്കും വലുതാക്കീടാന്‍
കഴിയും മര്‍ത്യനുമെന്നറിയുന്നോന്‍
തുമ്പിക്കൈ മൂക്കെന്നറിയുന്നോന്‍!
മൂക്കു മൃഗത്തിനു ഭക്ഷ്യ,മഭക്ഷ്യവു-
മെന്തെന്നറിയാനുള്ള വിവേകം
വാസനയായറിയിച്ചിടുമവയവ,-
മതുതാനിങ്ങു നമുക്കു വിവേകം!
ഇതുപോലറിവുകള്‍ രൂപങ്ങളിലും
കഥകളിലും ചേര്‍ത്തരുളീടുന്നോരു
പാരമ്പര്യം സകലമതങ്ങളു-
മുള്‍ക്കൊള്ളാറുണ്ടെന്നറിവൂ ഞാന്‍!
ഇസ്ലാം പക്ഷേ, ദൈവശതങ്ങടെ
പേരില്‍ മാനുഷര്‍ തമ്മിലടിക്കവെ
ജന്മമെടുത്തൊരു മതമാം, പരമം
പൊരുളൊന്നെന്നരുളാനതു വന്നൂ.
അതു സത്യം; ഞാനതിനോടൊപ്പം
പൊരുളുകള്‍ പലതുണ്ടെന്നും കാണ്മൂ.
പരമം പൊരുളിലടങ്ങീടും പൊരു-
ളഖിലവുമെന്നുമറിഞ്ഞീടുന്നൂ.
അതിനാല്‍ ദൈവികമെല്ലാ സത്യവു-
മെന്നറിയുന്നൂ ഞാ,നെന്‍ ക്രൈസ്തവ-
വിശ്വാസത്തിന്‍ മൗലികതത്ത്വം:
ദൈവം താതന്‍; നാം സോദരരാം!
ഇതിനോടിസ്ലാം യോജിക്കില്ലേ?
ഇതു വേദാന്തവുമരുളുവതല്ലേ?
ആണെന്നാണറിയുന്നതു ഞാന്‍, നാം
സോദരരറിവിവയങ്ങിങ്ങുള്‍ക്കൊ-
ണ്ടാവും വിധമീ ലോകം നിറയും
രോഗങ്ങള്‍ക്കെതിരായ്‌പ്പൊരുതേണ്ടോര്‍!
രോഗം പല വിധ,മെല്ലാം വേരൊടെ
പിഴുതെറിയേണം, കൊമ്പുകള്‍ വെട്ടി-
യെറിഞ്ഞാലായിരമുളവാകും നാം
വേരുകള്‍ തേടുക വേരു മുറിക്കുക!
നാമും മരമാം നമ്മുടെ ജീവന്‍
നമ്മുടെ വേരില്‍, നമ്മുടെ വേരോ
മൗലികസത്യശതങ്ങളെയെല്ലാം
ചേര്‍ത്തരുളും സ്‌നേഹാര്‍ദ്രതയല്ലോ!
അതിനാല്‍ നമ്മുടെ വേരുകള്‍ നമ്മള്‍
അരിയരു,തവയാല്‍ മണ്ണിലുറച്ചേ
നിന്നിടണം, നാം തിന്മകള്‍തന്‍ വേ-
രരിയാനൊരുമിച്ചൊരു വാളാകാം!
Saturday, 25 January 2025
നിത്യചൈതന്യയതിയുടെ സര്‍വകാലപ്രസക്തമായ ജീവിതവീക്ഷണം
ജോസാന്റണി - 686579
നമ്മുടെ ഓര്‍മകളെയും ഇന്ദ്രിയാനുഭവങ്ങളെയും ചേര്‍ത്തുവച്ചാണ്. ഈ അനന്തപ്രപഞ്ചത്തിലുള്ള കാര്യങ്ങളില്‍ നമുക്കു താത്പര്യമുള്ളവമാത്രമേ നാം കാണാറുള്ളു എന്നതും വാസ്തവമാണ്. പലതിനെയും നാംപോലും അറിയാതെ അവഗണിക്കാരാണു പതിവ്. കാണുന്നവയില്‍ പലതും നമ്മുടെ ഓര്‍മകളിലുള്ള നിറക്കൂട്ടുകല്‍കാരണം യതാതഥമായല്ല കാണുന്നത്. അതുകൊണ്ടാണ് മനസ്സ് 80 ശതമാനം അവബോധവും 19 ശതമാനം സ്മരണകലര്‍ന്ന സങ്കല്പവും ഒരു ശതമാനം യാഥാര്‍ഥ്യബോധവും അതോടൊപ്പം വല്ലപ്പോഴും മിന്നിമായുന്ന യുക്തിബോധവുമാണ് എന്ന് ഗുരു എഴുതുന്നത്. (ദൈവം സത്യമോ മിഥ്യയോ, പേജ് 23)
ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഈ ലോകത്തെ യഥാതഥമായി അറിയാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ തന്റെതന്നെ സ്മരണകളുടെയും താത്പര്യങ്ങളുടെയും നിറക്കൂട്ടുകളും ബലതന്ത്രങ്ങളും ഒക്കെ ഒന്ന് ഗ്രഹിക്കേണ്ടതുണ്ട് എന്നു കാണാന്‍ കഴിയും. ക്വാണ്ടം ബലതന്ത്രത്തില്‍ അപാണ്വക കണങ്ങലെ നിരീക്ഷിക്കുമ്പോള്‍ അതിനുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്വാധീനംകൂടി അവയെ ബാധിക്കും എന്നതിനാല്‍ സുനിശ്ചിതമായി അവ എവിടെയെന്നു കണ്ടെത്താനാവില്ല എന്നു പറയുന്നു. യഥാര്‍ഥത്തില്‍ നമ്മുടെ പല ഇന്ദ്രിയാനുഭവങ്ങളും നമ്മുടെ മുന്‍വിധികളുടെ സ്വാധീനത്താല്‍ യാഥാര്‍ഥ്യമാകണം എന്നില്ല. നാം ഈ ലോകത്തില്‍ കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നതുപോലെയല്ല പല കാര്യങ്ങളും എന്നു പിന്നീട് (പലപ്പോഴും)നമുക്കു ബോധ്യപ്പെടാറുണ്ട്. നമ്മുടെ ഒരു നാടോടിക്കഥ ഓര്‍മവരുന്നു. ഒരു കൃഷിക്കാരന്‍ വളര്‍ത്തിയിരുന്ന കീരി ദേഹമാകെ ചോരയില്‍ കുളിച്ച് കൃഷിക്കാരന്‍ പണിയെടുത്തുകൊണ്ടിരുന്ന കൃഷിയിടത്തില്‍ എത്തി. തൊട്ടിലില്‍ കിടന്നിരുന്ന തന്റെ കുഞ്ഞിനെ കീരി കൊന്നതിനാലാണ് അതിന്റെ ദേഹത്ത് ചോരവന്നത് എന്ന് കൃഷിക്കാരന്‍ തീരുമാനിച്ചു. അയാല്‍ കീരിയെ കൊന്നസേഷം വീട്ടിലെത്തിയ അയാള്‍ കണ്ടത് ഒരു മൂര്‍ഖന്‍പാമ്പ് കീരിയുടെ കടിയേറ്റു ചത്തുകിടക്കുന്നതാണ്. കുഞ്ഞ് കിടന്നിരുന്നിടത്തുതന്നെ കിടന്നു ചിരിക്കുന്നുണ്ട്.
നമ്മുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍ നാം ഇങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ക്ക് ഒരിക്കലെങ്കിലും വശംവദരായിട്ടുള്ളതായി കാണാന്‍ കഴിയും. ഈവിധത്തിലുള്ള മുന്‍വിധികളില്‍നിന്നു മോചനം നേടാന്‍ നാം അകമുഖമായറിയുന്ന ശീലം ഉണ്ടാക്കേണ്ടതുണ്ട്. നാരായണഗുരു എഴുതിയിരിക്കുന്നു:
'സകലതുമുള്ളതുതന്നെ തത്ത്വചിന്താ-
ഗ്രഹനിതു സര്‍വതുമേകമായ് ഗ്രഹിക്കും
അകമുഖമായറിയായ്കില്‍ മായയാം വന്‍
പക പലതും ഭ്രമമേകിടുന്നു പാരം'
ഗുരു നിത്യ അകമുഖമായി കാര്യങ്ങള്‍ കണ്ടിരുന്നു എന്ന് നമുക്കെല്ലാമറിയാം. പൗരാണികവും ആധുനികവുമായ മനശ്ശാസ്ത്രസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ഒരാള്‍ എന്നതിലുപരി തന്നെ സമീപിച്ചിരുന്ന പ്രശ്‌നാവിഷ്ടരായ ഓരോ വ്യക്തികളുടെയും ഉള്ളിലേക്ക് അനായാസം കടന്നുചെല്ലാനും സഹാനുഭൂതിയോടെയും ഉള്‍ക്കാഴ്ചയോടെയും മുമ്പേപറഞ്ഞ മൂല്യബോധത്തോടെ കുരുക്കുകള്‍ അഴിക്കാനും സവിശേഷശേഷി ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലയില്‍ ആണ്, ഗുരു നിത്യചൈതന്യയതിയെ ഞാന്‍ കാണുന്നത്.
കേരളത്തില്‍ സൈക്യാട്രിസ്റ്റുകളുടെ വലക്കെണികളില്‍ വീണു മരിക്കുകതന്നെ ചെയ്തിട്ടുള്ള യുവാക്കള്‍ എത്രയയായിരം വരും എന്നതിന് കണക്കൊന്നുമില്ല. ഗുരു നിത്യ നേരിട്ടു ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുള്ളവരുടെ എണ്ണവും ആര്‍ക്കുമറിയില്ല. അദ്ദേഹത്തിന്റെ കൃതികളും കത്തുകളും വായിച്ച് മനഃസ്വാസ്ഥ്യം നേടിയിട്ടുള്ളവര്‍, എന്തായാലും ആയിരക്കണക്കിനുണ്ടാവും.
എന്തായിരുന്നു നിത്യചൈതന്യയതിയുടെ മനോദര്‍ശനം? ''മനസ്സുവേണ്ട, മനസ്സില്ലാതിരുന്നാല്‍ ശാന്തിയേ ഉള്ളു'' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ 'സമ്യഗ്ദര്‍ശന'ത്തില്‍ നാം വായിക്കുന്നു (പേജ് 18). നാം മനസ്സിനെ ഉണ്ടാക്കുന്നതെങ്ങനെ എന്ന് ആ പുസ്തകത്തില്‍ വളരെ ലളിതമായി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ അബോധത്തില്‍നിന്ന് ഓരോ വസ്തുവിനോടും നമ്മിലുളവാകുന്ന പ്രിയാപ്രിയങ്ങള്‍ പരിഗണിക്കാതിരിക്കാന്‍ നമുക്കാവുന്നില്ല. നമ്മുടെ മൂല്യബോധത്തില്‍ സമൂലമായ പരിവര്‍ത്തനം വരുത്തിക്കൊണ്ട് നമ്മെ തിരുത്താന്‍ ഒരു ഗുരുവിനേ കഴിയൂ. ഗുരുക്കന്മാര്‍ മൂല്യബോധത്തില്‍ തിരുത്തലുകള്‍ വരുത്തുന്നത് എന്ന് നേരത്തെ എഴുതിയിരുന്നല്ലോ.
ഇവിടെ സംഘടിതമതങ്ങളോ രാഷ്ട്രങ്ങളോ അനുശാസിക്കുന്ന നിയമങ്ങളല്ല, സഹജീവികളോട് സഹഭാവവും സ്‌നേഹവും പുലര്‍ത്തുന്ന ഒരു മനോഭാവമാണ് സുപ്രധാനം എന്നാണ് ഗുരു നിത്യ എന്നും വ്യക്തമാക്കിയിട്ടുള്ളത്. 'സമ്യഗ്ദര്‍ശന'ത്തിലെ 'കാരുണ്യദര്‍ശനം' ഇക്കാര്യത്തില്‍ വലിയ ഉള്‍ക്കാഴ്ചകള്‍ പകരാന്‍ പര്യാപ്തമാണ്.
ഗുരു നിത്യ എനിക്ക് ഏറ്റവും വലിയ ഒരു ജീവിതമാതൃകയായിത്തീര്‍ന്നത് ഏറ്റവും പൂര്‍ണനായ ഒരു ക്രിസ്ത്യാനിയായി ജീവിതമാതൃക കാണിച്ചുതന്നതിനാലാണ്. ഞാന്‍ ഗുരുവിനോടൊപ്പം ജീവിച്ചിരുന്ന 1982-84 കാലഘട്ടത്തില്‍ ഗുരുകുലത്തില്‍ കൃത്യമായ വരുമാനമാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഗുരു (പണമില്ലാ സാമ്പത്തികത (NO MONEY ECONOMICS)എന്നു വിളിച്ചിരുന്ന സാമ്പത്തികസംവിധാനം എങ്ങനെയാണ് നടപ്പിലാക്കപ്പെട്ടുകൊണ്ടിരുന്നതെന്ന് ഞാന്‍ അത്ഭുതത്തോടെ നോക്കിക്കാണാറുണ്ടായിരുന്നു. ഒരു ദിവസം ഗുരു ഈ ബൈബിള്‍വാക്യത്തിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചു: ''ഞങ്ങള്‍ എന്തു തിന്നും എന്ത് ഉടുക്കും എന്നെല്ലാം പറഞ്ഞ് നിങ്ങള്‍ ആകുലരാകരുത്. നിങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമുണ്ടെന്ന് സ്വര്‍ഗീയപിതാവിന് അറിയാം. നിങ്ങള്‍ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കില്‍ ഇവയൊക്കെയുംകൂടി നിങ്ങള്‍ക്കു നല്കപ്പെടും.''
തികഞ്ഞ സംശയാത്മാവായി വിനാശത്തിലേക്കു ചരിച്ചുകൊണ്ടിരുന്ന എന്നെ രക്ഷിച്ചത് ബൈബിളിലെ വചനങ്ങള്‍ ജീവിതത്തില്‍ പ്രയോഗക്ഷമമാണെന്ന മാതൃക കാണിച്ചുതരാന്‍ എന്റെ മുമ്പില്‍ ഒരു ഗുരുവിന്റെ ജീവിതമുണ്ടായിരുന്നതാണ്. പണത്തെ വെറും വിനിമയമൂല്യമായല്ല, ഉപയോഗമൂല്യങ്ങള്‍ മാത്രമായി ദര്‍ശിക്കാന്‍ കഴിയണമെന്നും വിഭവസമൃദ്ധിയുടെ സാമ്പത്തികത (Economics of Abundance)യെ പണധാരാളിത്തത്തിന്റെ സാമ്പത്തികത(Economics of Opulence)യില്‍നിന്നു മോചിപ്പിക്കാന്‍ ഈ വിധത്തിലുള്ള ഒരു സാമ്പത്തികദര്‍ശനത്തിനേ കഴിയൂ എന്നും ഒപ്പം എന്നെ അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. ഓരോ സ്രോതസ്സില്‍നിന്നു വരുന്ന വരവിനെയും ഓരോ പ്രത്യേക കാര്യങ്ങള്‍ക്കു മാത്രമായി വിനിയോഗിക്കണം എന്ന് സ്വജീവിതത്തിലൂടെ അദ്ദേഹം പഠിപ്പിച്ച പാഠം ഇനിയും എന്റെ ജീവിതത്തില്‍ വേണ്ടത്ര പ്രയോഗിക്കാന്‍ കഴിയാത്തത് തത്ത്വത്തിന്റെ തകരാറുകൊണ്ടല്ല, എന്റെ ഹൃദയം വേണ്ടത്ര കരുണാര്‍ദ്രം ആയിട്ടില്ലാത്തതു കൊണ്ടുമാണ് എന്ന് എനിക്കിന്നറിയാം.
ഈ ജീവിതം പ്രത്യാശാരഹിതമായി പാഴാക്കിക്കളയാനുള്ളതല്ല എന്ന ഉള്‍ക്കാഴ്ച സ്വജീവിതമാതൃകയിലൂടെ ഗുരു നിത്യ പഠിപ്പിച്ചതിനാല്‍ മാത്രമാണ് ഞാനും എന്നെപ്പോലുള്ള അനേകം സംശയാത്മാക്കളും ദാര്‍ശനികവും സാമൂഹികവുമായ അനേകം സംശയങ്ങളില്‍നിന്ന് ശുഭാപ്തിവിശ്വാസം നേടി രക്ഷപ്പെട്ടത് എന്ന് വളരെ നന്ദിയോടെ അനുസ്മരിക്കുന്നു.
Monday, 20 January 2025
സായാഹ്നചിന്തകള്‍
അജയകുമാര്‍ തലനാട്
സമയമേറെയായ് നിഴലുകള്‍ നീണ്ടൂ
നടന്നു നാമെത്ര വഴികളും താണ്ടി
തളര്‍ച്ചയുണ്ടെന്റെ ഉടഞ്ഞ മേനിക്കും
വരണ്ടുവിണ്ടൊരീ പദയുഗങ്ങള്‍ക്കും!
ഇരുന്നിടാം മെല്ലെ ഒരിറ്റു നേരമീ
തണല്‍മരത്തിന്റെ ചുവട്ടില്‍ നാമിനി
പുറപ്പെടുമ്പോള്‍ നാം എടുത്ത പാഥേയം
പകുതി ദൂരത്തില്‍ കഴിഞ്ഞുപോയല്ലോ...
വഴിയില്‍ നമ്മളോടൊരുമിച്ചോര്‍ പിന്നെ
ഇടയിലെപ്പോഴോ പിരിഞ്ഞുപോയവര്‍
നമുക്കേറ്റം പ്രിയരവ,രവരെന്നാല്‍
സ്വകീയജീവിതം സ്വകാര്യമാക്കണം
സമയമെത്തിപ്പോയ് അറികയെന്‍ പ്രിയേ
നമുക്കു നാം തുണ വൃഥാ പ്രതീക്ഷകള്‍
എണീക്ക നീയെന്റെ വിരല്‍ പിടിക്കുക
നടക്കുക മെല്ലെ... നടന്നല്ലേ തീരൂ!
Wednesday, 1 January 2025
ലോകമെന്ന വസ്ത്രം
നമ്മള്‍ ചെയ്തിടുന്ന കര്‍മമെന്ന പാവുനൂലും
നമ്മിലുള്ള സസ്‌നേഹഭാവമായൊരൂടുനൂലും
കോര്‍ത്തെടുത്തു വര്‍ണചിത്രകൗശലങ്ങള്‍ ചെയ്‌തേ
തീര്‍ത്തിടേണമീ വിശാലലോകമെന്ന വസ്ത്രം!
നമ്മിലിന്നഹന്തയേറിയൂടുനൂലിനിപ്പോള്‍
നേര്‍മയില്ല, ശക്തിയില്ല, നാരുകള്‍ക്കു തമ്മില്‍
ചേര്‍ച്ചയില്ല, പാവുനൂലിനും ബലംകുറഞ്ഞു!
തീര്‍ത്തിടേണമല്ലൊനല്ല ലോകമെങ്കിലും നാം!!
എന്തുചെയ്യണം? നമുക്കു നമ്മള്‍തമ്മിലുള്ളോ-
രന്തരങ്ങള്‍ പൂരകത്വമെന്ന ചിന്തയോടെ
അന്യനല്പദുഃഖവും വരുത്തിടാവിധത്തില്‍
വിന്യസിച്ചുമൊത്തുചേര്‍ന്നുമേകലോകമാകാം!!