Saturday, 22 February 2025

ശിവാര്‍ഥന


മഹാമൗനമന്ദസ്മിതാര്‍ദ്രേ, സുഭദ്രേ,
മഹാമായയാമെന്റെ ഭദ്രേ, സുഭദ്രേ,
'ശിവോഹം' 'ശിവോഹം' ജപിക്കുന്നൊരെന്നില്‍
ശിവാംബേ, വരൂ, ശാന്തിയേകൂ, സുഭദ്രേ!
മഹാലിംഗമാനം തിരഞ്ഞഗ്നിശൈലം
എനിക്കുള്ളിലുണ്ടെന്നു കണ്ടോരെനിക്കായ്
മഹാശൂന്യ നിസ്സംഗ ഭാവാര്‍ദ്ര ഗംഗാ-
പ്രവാഹം തരൂ, നിത്യനിര്‍ന്നിദ്ര ഭദ്രേ!!
ശിവന്‍ശക്തിയുക്തം രമിച്ചീടിലല്ലാ-
തുണര്‍ന്നീടുകില്ലല്ലൊ സര്‍ഗാത്മഭാവം!
ഉണര്‍ന്നെന്നില്‍ വന്നാട്ടെ കാവ്യാര്‍ഥപൂര്‍ണേ,
സംഗീതവാമസ്തനീ, രാഗപൂര്‍ണേ!
ദക്ഷയാഗാഗ്നീസതീ, ജന്മദാഹം
ഇക്ഷിതിക്കുള്ളില്‍ ത്രസിക്കുന്നു, ഭൂവില്‍
ഹിമശൈലസുത സീതയായ് ജനിച്ചല്ലോ!
ദശമുഖന്‍, ശിവശാപ, മതുപോലെ ജനകനും
ദശരഥസുതന്‍ വില്ലൊടിക്കുന്ന വേളയും
അറിയുന്നു- വിഘ്‌നങ്ങള്‍ നിറയുന്ന പാതകള്‍!
ശിവനായ്ത്തപംചെയ്യുവോളെ വേട്ടീടുവാന്‍
രാമന്‍വരും പരശുരാമന്റെയനുരഞ്ജ-
നോത്സാഹമാണെന്റെ വേദന മഹാംബേ,
മഹാംബേ, വരൂ, വന്നു നീ നല്കിയാട്ടെ
എനിക്കെന്റെ ശക്തിസ്വരൂപം, ചലിക്കാന്‍
എനിക്കായിടുന്നില്ല,എന്റെ ജിഹ്വാഗ്രത്തില്‍
ഒരു തുള്ളി ദുഗ്ധം ചുരത്തിത്തരൂ നീ
മഹാമാതൃഭാവാര്‍ദ്രമാം സ്തന്യമല്പം
രുചിച്ചീടുവാന്‍ ഞാന്‍ വിളിപ്പൂ: മഹാംബേ,
നിന്റെപാലല്പം നുകര്‍ന്നീടുകില്‍ ഞാന്‍
അറിഞ്ഞീടുമാരെന്റെ ശക്തിയെ; ന്നെന്നില്‍
തുളുമ്പന്ന വാണീപ്രവാഹത്തിലൂടെ
വരും ലക്ഷ്മി! ഞാന്‍ താമരത്തണ്ടുപോലാം!

No comments:

Post a Comment