ജോസാന്റണി -686579
എന്റെ ഒരു സ്‌നേഹിത പറഞ്ഞതനുസരിച്ചാണ്
ഉണര്‍ന്നെണീറ്റതേ ഞാന്‍ കണ്ണാടിയുടെ മുമ്പിലെത്തിയത്.
കണ്ണാടിയില്‍ കണ്ട മുഖം
കണികാണാന്‍ കൊള്ളുന്നതായിരുന്നില്ല.
ആ സ്‌നേഹിത പറഞ്ഞിരുന്നത് അപ്പോള്‍ ഞാനോര്‍മിച്ചു:
ചിരിക്കുമ്പോള്‍ നിങ്ങളെത്ര സുന്ദരനാണ്.
ചിരിക്കാന്‍ ശ്രമിച്ചു.
ഉള്ളില്‍ ചിരി തെല്ലുമില്ലാതെ
മുഖത്തു ചിരി വരുത്തുന്നതു ശരിയാണോ?
മുഖത്തു ചിരി വിടര്‍ത്തി ഉള്ളിലേക്കു നോക്കുക
എന്നു തീരുമാനിച്ചു.
ഉള്ളിലേക്കു നോക്കിയപ്പോള്‍
മ്ലാനവദനനായിരിക്കാന്‍മാത്രം
അവിടെ യാതൊരു ദുഃഖവുമില്ലെന്നു കണ്ടു.
ഗൗരവത്തോടെയിരിക്കുന്നതിലല്ലേ കൃത്രിമത്തമുള്ളത്?
എനിക്കു കിട്ടിയിട്ടുള്ള കഴിവുകളും അറിവുകളും
തലക്കനത്തോടുകൂടെയിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ടോ?
ഞാന്‍ ഏറ്റവും ആദരിക്കുന്ന ഗുരുവിന്റെ മാതൃക എന്തായിരുന്നു?
എന്റെ കാഴ്ചപ്പാടിലോ കവിതകളിലോ ഇല്ലാത്ത ഒരു ഭാവമല്ലേ
നീ കണ്ണാടിയില്‍ ആദ്യം കണ്ടത്?
ഇങ്ങനെ കണികാണാന്‍കൊള്ളില്ലാത്തൊരു മുഖഭാവവും
അതിന്റെ ഫലമായ അപ്രസന്നമായ മനോഭാവbുമായി
എന്തിനാണ് വീട്ടില്‍മാത്രം ഞാന്‍ ജീവിക്കുന്നത്?
എന്റെ യഥാര്‍ഥ മനോഭാവം ശുഭാപ്തിവിശ്വാസവും
സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറഞ്ഞതാണെങ്കില്‍
അല്പം കൃത്രിമത്തമുണ്ടെങ്കിലും ഈ ചിരിക്കുന്ന മുഖംതന്നെയാണ്
എനിക്കു കൂടുതലിണങ്ങുക.
ഈ ചിരി മുഖത്തു തങ്ങിനില്ക്കട്ടെ!
എന്റെ മനസ്സ് എന്റെ മുഖത്തിന്റെ കണ്ണാടിയായി മാറിക്കൊള്ളും.
മുഖം മനസ്സിന്റെ കണ്ണാടിയാണെന്നതിനാല്‍ത്തന്നെ
മനസ്സ് മുഖത്തിന്റെ കണ്ണാടിയുമാണ്.
ഞാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എനിക്ക് എന്നില്‍ ഉളവാക്കാന്‍
കണ്ണാടിയില്‍ സ്വന്തം പുഞ്ചിരിക്കുന്ന മുഖം നോക്കിക്കണ്ടുകൊണ്ട്
ദിവസവും രാവിലെ ദിനചര്യകള്‍ തുടങ്ങിയാല്‍
എനിക്കു സാധിക്കും.
ഈ വിചാരത്തോടെ ഞാനെന്റെ സാധന ആരംഭിക്കുകയാണ്.
എന്നോടൊപ്പം നിങ്ങള്‍ക്കും നിങ്ങളുടെ മുഖം
നിങ്ങളുടെ കണ്ണാടിയില്‍നോക്കി
സ്വന്തം വീട്ടില്‍ത്തന്നെ തുടങ്ങാവുന്നതും തുടരാവുന്നതുമാണ്.
നമുക്കു ദിവസവും സ്വന്തം അനുഭവം പങ്കുവയ്ക്കാം.
അത് നമ്മെ ആരംഭശൂരത്വത്തില്‍നിന്നു രക്ഷിക്കും!
സ്വന്തം ഉള്ളിലെ ചിരി
സ്വന്തം മുഖത്തു പ്രതിബിംബിക്കുന്നതായി
കണ്ടുതുടങ്ങുന്നതിന് എത്രനാള്‍ വേണ്ടിവരുമെന്ന്
ഓരോരുത്തര്‍ക്കും സ്വയം മനസ്സിലാക്കാന്‍
ഈ സാധന സഹായകമാകും!
No comments:
Post a Comment