അജയകുമാര്‍ തലനാട്
സമയമേറെയായ് നിഴലുകള്‍ നീണ്ടൂ
നടന്നു നാമെത്ര വഴികളും താണ്ടി
തളര്‍ച്ചയുണ്ടെന്റെ ഉടഞ്ഞ മേനിക്കും
വരണ്ടുവിണ്ടൊരീ പദയുഗങ്ങള്‍ക്കും!
ഇരുന്നിടാം മെല്ലെ ഒരിറ്റു നേരമീ
തണല്‍മരത്തിന്റെ ചുവട്ടില്‍ നാമിനി
പുറപ്പെടുമ്പോള്‍ നാം എടുത്ത പാഥേയം
പകുതി ദൂരത്തില്‍ കഴിഞ്ഞുപോയല്ലോ...
വഴിയില്‍ നമ്മളോടൊരുമിച്ചോര്‍ പിന്നെ
ഇടയിലെപ്പോഴോ പിരിഞ്ഞുപോയവര്‍
നമുക്കേറ്റം പ്രിയരവ,രവരെന്നാല്‍
സ്വകീയജീവിതം സ്വകാര്യമാക്കണം
സമയമെത്തിപ്പോയ് അറികയെന്‍ പ്രിയേ
നമുക്കു നാം തുണ വൃഥാ പ്രതീക്ഷകള്‍
എണീക്ക നീയെന്റെ വിരല്‍ പിടിക്കുക
നടക്കുക മെല്ലെ... നടന്നല്ലേ തീരൂ!
No comments:
Post a Comment