Sunday, 16 February 2025

ഗുരു നിത്യചൈതന്യയതിയുടെ സമാധിയുടെ പശ്ചാത്തലത്തില്‍

 

ഏതാനും കവിതകള്‍


സമാധിത്തിരി
ഗുരുവരുളി: ''ഗുരുവരുളിലലിയുവതുകൊണ്ടി-
ന്നിരുളകലുമൊരു വഴിയിലണയുവതസാധ്യം!
ഒരു പുതിയ തലമുറയിതവരുടെയകത്തുണ്ട-
ണ്ടൊരു വനവുമതിലൊഴുകുമൊരു തടിനിയും നീ
അതിലൊഴുകിയണയുക;യൊരിരുളു വരുമുള്ളില്‍
അതിലുരുകിയെരിയുമൊരു തിരി മമ സമാധി!''

ഇവിടെയിവനറിയുവതു സകലതുമൊരിക്കല്‍
കവിതകളിലെഴുതുവതിനരുളുതരു, മെന്നാല്‍
ഇവനിനിയുമുരുകിയെരിയണ;മതിനുശേഷം
നവജനതയുണരു;മതിനൊരു കരുവതാം നീ!''
2
ജാതകപ്പൊരുള്‍
ഇരുപതു വര്‍ഷമിവന്റെ ഹൃത്തിലേറാന്‍
ഗുരു വഴി തേടി; തുറന്നില്ല ഞാനെന്‍
കരളിലെ വാതി; ലിതാസമാധിശേഷം
പൊരുളറിയുന്നിവനിന്നു ജാതകത്താല്‍:
ഗുരുനില നിന്നുടെ ജാതകത്തിലേഴില്‍
വരുമതിനുണ്ടെതിരായി ശുക്ര,നൊന്നില്‍!

ഇതുമൊരു യോഗ;മറിഞ്ഞുകൊള്‍ക തമ്മില്‍
എതിരിടുമല്ലൊ വികാരവും വിചാര-
ക്കതിരുമിടയ്ക്കിടെ; നിന്റെ ഹൃത്തിലെത്താം
എതിരു പരസ്പരപൂരകാത്മഭാവം
ചതുരതയോടെ വരിച്ചിടുമ്പൊഴീ ഞാന്‍
മധുരതരം മധുവായി നിന്റെ സത്തായ്!

ഇരുളരുളിന്റെ വെളിച്ചമോടു ചേര്‍ന്നാല്‍
ഒരു നിറമല്ലൊരുകോടി വര്‍ണമുള്ളില്‍!
അറിവഴകിന്നു കതിര്‍ പകര്‍ന്നു നല്കും
നിറമെഴുമെന്നുടെ വിശ്വ, മാത്മസത്യം!

3
അറിവിതു നിത്യത, യാഴി, ബുദ്ബുദങ്ങള്‍
ഇവിടെയഹന്ത,യിദന്തയും മറന്നി-
ട്ടലിയുകയിങ്ങൊരു തുള്ളിയാകിലും നാം
കടലിതിലുള്ളൊരനശ്വരാത്മഭാവം!
4
''ഇതു ഗുരു ചൊന്ന രഹസ്യമാ,ണിതല്ലോ
മൃതിഭയമൊക്കെ ഹരിച്ചിടുന്ന സത്യം:
അവിരതമായറിയാതിരിക്കയാലാം
നിമിഷമിതിങ്ങു മരിച്ചിടുന്നതെന്നും!''
5
യതി മൃതിയൊടിതുചൊന്നു; കേട്ടവന്‍ ഞാന്‍:
മൃതിയുടെ വിസ്മൃതിതന്നനര്‍ഗളത്വം
അതിലിവനിന്നു ചരിച്ചിടു, ന്നെനിക്കീ
ഹൃദയപഥങ്ങളിലുണ്ടു കോടി ബിംബം!
6
യതി നിയതിയോടെന്തുചൊല്ലിയീ മൃത്യുവി-
ന്നതിശയരഥത്തിലേറിഗ്ഗമിച്ചീടവെ?
''മൃതിയിവിടെ വിസ്മൃതീഭാവമായീടുകി-
ല്ലതിനെതിരുനില്ക്കും സ്മൃതിക്കുള്ളിലാണു ഞാന്‍!''
7
'യതി മൃതിപ്പെട്ടു, നിത്യനോ?' ചോദ്യമായ്
നിയതി; ചൊല്ലുന്നു ചൈതന്യമിങ്ങനെ:
മൃതി മൃതിപ്പെട്ടു; സത്യമോ? ചൊന്നു ഞാന്‍
'സ്മൃതിയിലേറിച്ചരിക്കയാം നിത്യവും!'


No comments:

Post a Comment