തോമസ് അമേരിക്കയിലാണെങ്കിലും ജോലിയില്‍നിന്നു വിരമിച്ചാലുടന്‍ കേരളത്തില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ്. പക്ഷേ അമേരിക്കയിലെ ജീവിതസൗകര്യങ്ങള്‍ ഉപേക്ഷിച്ച് കേരളത്തിലേക്കു മടങ്ങാന്‍ ഭാര്യയ്ക്കും മക്കള്‍ക്കും തീരെ താത്പര്യമില്ല. തോമസിന്റെ മക്കള്‍ പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും പഠിക്കുന്നു. പരീക്ഷകള്‍ കഴിഞ്ഞു. തനിക്കു നാടിനോടുള്ള അഭിനിവേശം എന്തുകൊണ്ടാണെന്ന് മക്കളോടു പറഞ്ഞു മനസ്സിലാക്കണമെന്ന് തോമസിന് ആഗ്രഹമുണ്ട്. പക്ഷേ, വാക്കുകള്‍കൊണ്ട് അവരെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കാന്‍ സഹായകമല്ല എന്നു തോമസിന് ബോധ്യമുണ്ട്. മക്കള്‍ ഇന്നോളം ജീവിച്ചുപോന്ന സാംസ്‌കാരിക പശ്ചാത്തലം എത്ര വ്യത്യസ്തമാണ്.
തന്റെ കൗമാരത്തില്‍ തോമസിനെ അമേരിക്കയിലേക്ക് ആകര്‍ഷിച്ചത് ആഗോളപ്രശസ്തനായ ഒരെഴുത്തുകാരനാകാന്‍ അവിടെ ജീവിക്കുന്നത് സഹായകമാകും എന്ന വിചാരമായിരുന്നു. അവിടുത്തെ സാമ്പത്തികവും സാംസ്‌കാരികവുമായ പശ്ചാത്തലങ്ങളും ആകര്‍ഷകമായി തോന്നിയിരുന്നു. അഞ്ചാം സ്റ്റാന്‍ഡാര്‍ഡു മുതല്‍ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു പഠനം. പ്രീഡിഗ്രിക്കു പഠിച്ചിരുന്ന കാലത്തുതന്നെ ലോകപ്രശസ്ത സാഹിത്യകൃതികളെല്ലാംതന്നെ ഇംഗ്ലീഷില്‍ വായിച്ച് മലയാളത്തെക്കാള്‍ സ്വന്തം ആശയവിനിമയത്തിനു പറ്റിയ ഭാഷ ഇംഗ്ലീഷാണെന്ന് തോമസ് കണ്ടെത്തിയിരുന്നു. അങ്ങനെയാണ് തന്റെ വായനക്കുറിപ്പുകള്‍ ഇംഗ്ലീഷിലെഴുതി അമേരിക്കന്‍ മാസികയായ സ്പാനില്‍ പ്രസിദ്ധീകരിക്കാനും ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞപ്പോഴേക്കും അമേരിക്കയില്‍ ഉപരിപഠനാവസരം ലഭ്യമാക്കാനും കഴിഞ്ഞത്. നാട്ടിലായിരുന്നപ്പോള്‍ ഒരു ഇംഗ്ലീഷ് നോവല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ ഇന്ത്യയിലെ സാഹിത്യ-സാംസ്‌കാരിക-സാമൂഹിക മേഖലകളില്‍നിന്ന് വിമോചനത്തെപ്പറ്റി വ്യത്യസ്തമായ ചിന്തകളും കര്‍മപരിപാടികളും അവതരിപ്പിച്ചിരുന്ന എസ്. കാപ്പന്‍, നിത്യചൈതന്യയതി, സുന്ദര്‍ലാല്‍ ബഹുഗുണ, ബാബാ ആംതെ എന്നിങ്ങനെയുള്ള നിരവധി പ്രമുഖരെ പരിചയപ്പെടുകയും അവരുമായുള്ള അഭിമുഖങ്ങളുള്‍പ്പെടുത്തി Roads to Liberation എന്നൊരു പുസ്തകം തയ്യാറാക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെത്തി ഡോക്ടറേറ്റ് എടുത്ത് താമസിയാതെതന്നെ അവിടെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ജോലിയും കിട്ടി.
ഇപ്പോള്‍ അമേരിക്ക കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വികസ്വരരാഷ്ട്രങ്ങളില്‍ പ്രമുഖമായ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ മക്കള്‍ക്കു സാമ്പത്തികമായും സാംസ്‌കാരികമായും നേട്ടങ്ങളേ ഉണ്ടാവൂ എന്ന കാര്യത്തില്‍ തോമസിന് സംശയമില്ല. മക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തന്റെ ബാല്യ കൗമാരങ്ങളില്‍ താന്‍ ജീവിക്കുകയും സഞ്ചരിച്ചിക്കുകയും ചെയ്തിരുന്ന നാട്ടിലേക്ക്, തന്റെ കൗമാരത്തിലേക്കും, മക്കളോടൊപ്പം ഒരു യാത്ര വളരെ സഹായകമായേക്കാമെന്ന് തോമസിനു തോന്നി. തന്റെ അഭ്യുദയകാംക്ഷികളും സ്‌നേഹിതരുമായി എത്രയെത്ര പേര്‍ നാട്ടിലുണ്ടെന്നും അവരൊന്നറിയട്ടെ.
എല്ലാ വര്‍ഷവും തോമസ് നാട്ടില്‍ വരാറുണ്ടായിരുന്നെങ്കിലും മിക്കപ്പോഴും കുട്ടികളെ കൂടെ കൂട്ടിയിരുന്നില്ല. തോമസിന്റെ തറവാട്ടുവീട്ടില്‍ താമസിച്ചിരുന്ന ഏക സഹോദരന്റെ ഭാര്യ ചെറുപ്പത്തില്‍ത്തന്നെ മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന് ഏകാകിയായി ജീവിക്കാനായിരുന്നു ഇഷ്ടം. അവിടെ അപ്പൂപ്പനോ അമ്മൂമ്മയോ സമപ്രായക്കാരായ കുട്ടികളോ ഉണ്ടായിരുന്നില്ല.
എവിടെ ആദ്യം പോകണം എന്ന കാര്യത്തില്‍ തോമസിനു സംശയമൊന്നും ഉണ്ടായിരുന്നില്ല. ചന്ദ്രേട്ടന്റെ വീട്ടിലേക്കുതന്നെ. എല്ലാ വര്‍ഷവും ആറുമാസം സഞ്ചാരിയായി ജീവിച്ച് അമ്പതു വയസ്സായപ്പോള്‍ നാട്ടിലെ സ്വന്തം വീട്ടിലെത്തി, സ്വന്തം വീട് നാട്ടിലെ എല്ലാ കുട്ടികളുടെയും വീടാക്കി മാറ്റി ജീവിക്കുന്ന ചന്ദ്രേട്ടന്‍. ഇപ്പോള്‍ പ്രായം എഴുപതോളമായി. തോമസിന്റെ കുട്ടിക്കാലത്ത് 'കാടാ'റെന്നായിരുന്നു ചന്ദ്രേട്ടന്‍ അറിയപ്പെട്ടിരുന്നത്. ആറു മാസത്തോളം സഞ്ചരിച്ച് തിരിച്ചെത്തുമ്പോള്‍ അടുത്ത ആറുമാസത്തേക്ക് ജീവിക്കാനാവശ്യകമായ സമ്പാദ്യം കയ്യിലുണ്ടാവും. ആ പണം എങ്ങനെ സമ്പാദിക്കുന്നതാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
നാട്ടിലുണ്ടാവുന്ന ആറുമാസവും സാധാരണക്കാരില്‍ സാധാരണക്കാരനായി നാട്ടിലുള്ള എല്ലാവരോടും സൗഹൃദം പുലര്‍ത്തിയായിരുന്നു ചന്ദ്രേട്ടന്‍ ജീവിച്ചിരുന്നത്. തന്റെയുള്ളില്‍ തന്റെ ഗുരുവും ഉള്ളതിനാല്‍ താന്‍ ഒരിക്കലും ഏകാകിയല്ലെന്നു ചന്ദ്രേട്ടന്‍ പറയും. അദ്ദേഹത്തിന് ഏകാകിയായിരിക്കാന്‍ കഴിയുന്നേയില്ല എന്നതും ഒരു സത്യമാണ്. പകല്‍ കുട്ടികളും രാത്രി എവിടെനിന്നെങ്കിലുമെത്തുന്ന അന്വേഷകരായ അലയാളികളും അദ്ദേഹത്തോടൊപ്പം വീട്ടിലുണ്ടാവും.
തോമസിന്റെ സ്‌നേഹിതന്‍ പ്രസാദാണ് യാദൃച്ഛികമായി ചന്ദ്രേട്ടന്റെ വരുമാനമാര്‍ഗം കണ്ടെത്തിയത്. അച്ഛന്റെ ചിതാഭസ്മം ഗംഗയിലൊഴുക്കാനായി കാശിയിലെത്തിയപ്പോള്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു സന്ന്യാസിയെക്കണ്ടു. അദ്ദേഹത്തിന്റെ നടപ്പു ശ്രദ്ധിച്ച പ്രകാശിന് അത് ചന്ദ്രേട്ടനാണോ എന്ന് സംശയമുണ്ടായി. വലത്തെ കാല്പാദത്തില്‍ ഒരു മുറിപാടും ചെറിയൊരു ചട്ടും ചന്ദ്രേട്ടനുണ്ടായിരുന്നു. ആ സന്ന്യാസിക്കും അതേ മുറിപാടും ചട്ടും. മൗനിബാബ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെയടുത്ത് ധാരാളം ആരാധകരെത്തുകയും ദക്ഷിണകള്‍ നല്കുകയും ചെയ്യുന്നത് പ്രകാശ് ശ്രദ്ധിച്ചു. അടുത്തെത്തിയ തന്നെ നോക്കി രവിയേട്ടന്‍ ഒരു ഗൂഢസ്മിതം തൂകിയതായും പ്രകാശിനു തോന്നി. ആറുമാസം കഴിഞ്ഞ് നാട്ടിലെത്തിയ രവിയേട്ടനോട് മൗനവ്രതം ആറുമാസമേയുള്ളോ എന്ന് പ്രകാശ് ചോദിക്കുകയും ചെയ്തു. അപ്പോഴുണ്ടായ മറുപടിയും ഒരു പുഞ്ചിരിയായിരുന്നു. പ്രകാശിന് മറ്റൊരു തെളിവും വേണ്ടിയിരുന്നില്ല.
തോമസ് കുട്ടികളെയും കൂട്ടി ചന്ദ്രേട്ടന്റെ വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഇ-മെയിലിലൂടെ ഒരുമാസം മുമ്പേ അറിയിച്ചു. അന്നുതന്നെ മറുപടി കിട്ടി. അത് ഇങ്ങനെയായിരുന്നു:
'തോമസുകുട്ടി അയച്ച കത്ത് ഏറ്റവും അനുയോജ്യമായ സമയത്തുതന്നെയായതില്‍ സന്തോഷമുണ്ട്. എന്റെ കാടാറുമാസം മതിയാക്കി വീട്ടില്‍ത്തന്നെ ജീവിതം തുടരാന്‍ തീരുമാനിച്ചിരുന്നപ്പോഴായിരുന്നു ഗുരു നിത്യചൈതന്യയതിക്ക് ഞാനൊരു കത്തെഴുതുന്നത്. ആ കത്തും ഇപ്പോള്‍ തോമസ് എനിക്കെഴുതിയിരിക്കുന്ന കത്തുപോലെ യഥാസമയമുള്ള ഒന്നായിരുന്നു. എന്റെ കത്ത് അദ്ദേഹത്തിന്റെ കൂടെ ഒരു മാസം താമസിക്കാന്‍ അനുവാദം ചോദിച്ചുകൊണ്ടുള്ളതായിരുന്നു. ഗുരുവിന്റെ മറുപടി ''ഒരു മാസത്തേക്കായി വരേണ്ടതില്ല, നാലു മാസം കൂടെ സഞ്ചരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ വരുക'' എന്നായിരുന്നു. ഒപ്പം അദ്ദേഹം എഴുതിയിരുന്നത് എനിക്ക് വളരെയേറെ പ്രചോദകമായ ചില കാര്യങ്ങളാണ്: '' 'ആത്മയാഥാര്‍ഥ്യാവിഷ്‌കാരം കൈത്തറിയിലൂടെ' എന്നൊരു പഠനപരിപാടിയിലേക്കു ഞാന്‍ ചന്ദ്രനെ ക്ഷണിക്കുകയാണ്. 'കൈത്തറി' എന്നും 'ആത്മയാഥാര്‍ഥ്യാവിഷ്‌കാരം' എന്നും ഒക്കെ കേള്‍ക്കുമ്പോള്‍ എനിക്കിതിലൊന്നും താത്പര്യമില്ല എന്നു പറഞ്ഞ് പിന്മാറരുത്. നിങ്ങളിവിടെ നിങ്ങളുടെ പേരല്ല, നിങ്ങളുടെ താത്പര്യമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിങ്ങള്‍ക്കു താത്പര്യമുള്ള വിഷയമെന്തായാലും അതിനെ കൈത്തറി എന്ന യാഥാര്‍ഥ്യത്തോടു ചേര്‍ത്തുവച്ചു പഠിക്കാന്‍ നിങ്ങള്‍ക്കൊരവസരമാണ് ഞാന്‍ ഒരുക്കുന്നത്. ചന്ദ്രന് ചിത്രകലയില്‍് താത്പര്യമുണ്ട് എന്നെഴുതിയിരുന്നല്ലോ. നിങ്ങള്‍ നിങ്ങളുടെ പുതിയ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ അതെങ്ങനെ കൈത്തറിയില്‍ പുതിയ ഡിസൈനുകളാക്കി ഉപയോഗിക്കാന്‍ കഴിയും എന്നു പഠിക്കാന്‍ കഴിഞ്ഞാല്‍ അത് നിങ്ങള്‍ക്കും കൈത്തറിക്കും കൂടുതല്‍ പ്രയോജനം ചെയ്‌തേക്കാം. രാഷ്ട്രീയത്തില്‍ താത്പര്യമുള്ളവരോട് നിങ്ങള്‍ രാഷ്ട്രീയത്തിലുള്ള താത്പര്യം രജിസ്റ്റര്‍ ചെയ്യുക എന്നേ ഞാന്‍ പറയൂ. മഹാത്മാഗാന്ധി ഖാദിയെ എങ്ങനെ ഭാരതത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യം നേടാനുള്ള സമരത്തില്‍ ഒരു സാമ്പത്തിക സമരായുധമാക്കി എന്നും അതുപോലെ ഒരു സാധ്യത ഇവിടെ ഇപ്പോള്‍ കൈത്തറിക്കുണ്ടോ എന്നുമാണ് അവര്‍ പഠിക്കേണ്ടത്. ഈ പഠനത്തില്‍ പങ്കെടുക്കാന്‍ വരുന്ന എഴുത്തുകാരോട് കൈത്തറി തൊഴിലാളികളുടെ ജീവിതയാഥാര്‍ഥ്യങ്ങള്‍ ആഴത്തില്‍ പഠിച്ച് കവിതകളോ കഥകളോ നോവലോ എഴുതാന്‍ ശ്രമിക്കാനാണ് ഞാന്‍ നിര്‍ദേശിക്കുക. ഇതുപോലെതന്നെ പഠിതാവിന്റെ താത്പര്യം ബിസ്സിനസ്സിലോ സാമ്പത്തികശാസ്ത്രത്തിലോ സാമൂഹ്യശാസ്ത്രത്തിലോ സഹകരണ സംവിധാനങ്ങളിലോ ഒക്കെയാണെങ്കിലും കൈത്തറി എന്ന വിഷയത്തോടു ചേര്‍ത്തുവച്ച് ഈ പഠന പരിപാടിയില്‍ പങ്കെടുക്കാം. കൈത്തറിതൊഴിലാളികള്‍ക്ക് സ്വയം സ്വന്തം ആത്മാവിഷ്‌കാരത്തിന് യന്ത്രത്തറിയിലെ തൊഴിലാളികളെക്കാള്‍ കൂടുതല്‍ സാധ്യതകളും അവസരങ്ങളും ഉണ്ടോ എന്നു പരിശോധിക്കാനും ഈ പഠനം സഹായകമാകണം എന്നാണ് എന്റെ ആഗ്രഹം. സ്വന്തം താത്പര്യത്തോടു ചേര്‍ത്തുവച്ചല്ലാതെ എന്തെങ്കിലും പഠിക്കാനുദ്ദേശിക്കുന്നവര്‍ ഈ പഠനപരിപാടിയില്‍ പങ്കെടുക്കാതിരിക്കുകയാണ് അവര്‍ക്കും ഈ പഠനപരിപാടിയുടെ വിജയത്തിനും നല്ലത്. അവര്‍ക്കുവേണ്ടി ഇവിടെ വേണ്ടതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടല്ലോ.''
ഗുരു അന്നെഴുതിയതുപോലെതന്നെ ഒരു മറുപടിയാണ് എനിക്കും എഴുതാനുള്ളത്. ഞാനിവിടെ അടുത്തമാസം കുമാരീകുമാരന്മാര്‍ക്കായി ഒരു ശില്പശാല നടത്തുന്നുണ്ട്. സ്വന്തം താത്പര്യം രജിസ്റ്റര്‍ ചെയ്യാനാണ് ഞാനും കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. തോമസിന്റെ കുട്ടികളോടും അതുതന്നെ പറയുക.
തോമസുകുട്ടിയുടെ മക്കള്‍ക്ക് പാശ്ചാത്യമായ ചില രീതികളൊക്കെയുണ്ടാവുമല്ലോ. അവര്‍ക്ക് ആ രീതികള്‍ പ്രകടിപ്പിക്കാന്‍ ഇവിടെ ചില പരിമിതികള്‍ ഉണ്ടായേക്കും. 'ചേരതിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തിന്നണം' എന്ന ചൊല്ലിന്റെ പൊരുള്‍ അവരെ ഒന്നു പഠിപ്പിച്ചിട്ട് ഇങ്ങോട്ടു വന്നാല്‍ എളുപ്പമായി. ഇവിടെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെന്നും കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിലൂടെ അമേരിക്കയിലെ കൂട്ടുകാരുമായും യഥേഷ്ടം സമ്പര്‍ക്കം പുലര്‍ത്താനാവുമെന്നും പ്രത്യേകം പറയണം. എന്റെയും ഇവിടെയുള്ള മറ്റു കുട്ടികളുടെയും കൂടെ കളിക്കാനും ഉല്ലാസയാത്രകള്‍ നടത്താനും ഉള്ള അവസരവും ഉണ്ടാവും. അതിനാല്‍ അവര്‍ക്ക് എന്നോടൊപ്പമുള്ള ജീവിതം വിരസമാകില്ലെന്നാണ് എന്റെ വിശ്വാസം. കുട്ടികള്‍ക്ക് എത്രകാലം വേണമെങ്കിലും എന്നോടൊപ്പം കഴിയാനുള്ള സൗകര്യമുണ്ടെന്നും കൂടി അവരോടു പറയണം.
ആറും അറുപതും ഒരുപോലെയായതിനാല്‍ എഴുപതുകാരനായ എനിക്ക് കൗമാരപ്രായക്കാരുടെ ഒരു കൂട്ടുകാരനായിട്ടേ സ്വയം കാണാനാവൂ. എങ്കിലും കുട്ടികളെന്നെ അപ്പൂപ്പാ എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം.
എന്തായാലും സ്വന്തം കുട്ടികളോടൊപ്പം തോമസുകുട്ടിയും ക്യാമ്പില്‍ ആദ്യന്തം ഉണ്ടായിരിക്കണം. അമേരിക്കയില്‍നിന്നുള്ള രണ്ടു കുട്ടികളും ഒരു കോളജ് പ്രൊഫസറും കൂടി ക്യാമ്പില്‍ പങ്കെടുക്കുന്നത് ഇവിടുത്തെ കുട്ടികള്‍ക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ സവിശേഷതകളും കേരളീയവും ഭാരതീയവുമായ സാംസ്‌കാരിക സവിശേഷതകളും അടുത്തറിയാന്‍ വളരെ സഹായകമാകും. തോമസിന്റെയും കുട്ടികളുടെയും പാശ്ചാത്യവിദ്യാഭ്യാസ ദര്‍ശനത്തിലും സമ്പ്രദായത്തിലുമുള്ള അനുഭവപരിചയങ്ങള്‍ ഈ ശില്പശാലയ്ക്ക് ഞാന്‍ മുമ്പേ കണ്ടിട്ടില്ലാത്ത ചില മാനങ്ങള്‍ പകരും എന്ന് എനിക്ക് ഉറപ്പുണ്ട്.''
പാലായ്ക്കടുത്ത് മീനച്ചിലാറിന്റെ തീരത്താണ് ചന്ദ്രേട്ടന്റെ വീട്. തോമസ് നാട്ടിലുണ്ടായിരുന്ന കാലത്തുതന്നെ ചന്ദ്രേട്ടന്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ പണ്ടു ഗുരു നിത്യചൈതന്യയതി വന്നിരുന്നു. അന്ന് 'ഇതും ഒരു ഗുരുകുലം' എന്ന് ഗുരു പറഞ്ഞത് കേട്ടതിനെത്തുടര്‍ന്നായിരുന്നു അലച്ചിലൊഴിവാക്കി സ്വന്തം വീട്ടില്‍ത്തന്നെ ജീവിതം തുടരാന്‍ ചന്ദ്രേട്ടന്‍ തീരുമാനിച്ചത്. ആ തീരുമാനത്തെത്തുടര്‍ന്ന് ചന്ദ്രേട്ടന്‍ ഗുരു നിത്യചൈതന്യയതിക്കെഴുതിയ കത്തിന്റെ മറുപടിയാണ് അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത്.
തോമസും കുട്ടികളും നെടുമ്പാശ്ശേരിയില്‍നിന്ന് നേരേ ചന്ദ്രേട്ടന്റെ വീട്ടിലേക്കുതന്നെയാണ് പോയത്. ക്യാമ്പു തുടങ്ങുന്നതിന്റെ തലേന്നുതന്നെ അവരെത്തി. രവിയേട്ടനും യുവാക്കളായ കുറെ കൂട്ടുകാരും ക്യാമ്പ് ഒരുക്കങ്ങള്‍ക്കായി ഒത്തു കൂടിയിട്ടുണ്ട്. അവര്‍ തോമസിനും കുട്ടികള്‍ക്കും താമസസൗകര്യവും ആഹാരവും നല്കി ഉറങ്ങാനയച്ചു.
പിറ്റേന്ന് ക്യാമ്പ് തുടങ്ങിയത് പ്രാര്‍ഥനയോടെയാണ്. സംസ്‌കൃതത്തിലുള്ള ഗുരുബ്രഹ്മാ ഗുരു വിഷ്ണു എന്നും ഓം സഹനാവതു എന്നും തുടങ്ങുന്ന തുടങ്ങുന്ന ഗുരുകുലപ്രാര്‍ഥനകളും നാരായണഗുരു എഴുതിയ ദൈവദശകവും യേശുക്രിസ്തു പഠിപ്പിച്ച സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥനയും പ്രഭാതാര്‍പ്പണം എന്നൊരു സര്‍വമതപ്രാര്‍ഥനയുമായിരുന്നു ആ സമയത്ത് അവിടെ ഉരുവിട്ടത്.
ഈ ക്യാമ്പ് മതവിശ്വാസികള്‍ക്കും നിരീശ്വരര്‍ക്കും ഒരേപോലെ ഉള്‍ക്കൊള്ളാനാവുന്ന സാര്‍വത്രിക സത്യങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ സര്‍ഗശക്തി ഉണര്‍ത്തുന്നതിനുള്ള ഒരു ക്യാമ്പായിരിക്കും എന്ന് ചന്ദ്രേട്ടന്‍ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ക്യാമ്പില്‍ യുക്തിവാദികളെന്നും നിരീശ്വരരെന്നും സ്വയം വിശേഷിപ്പിക്കുന്ന ചിലരുടെ മക്കളും ഉണ്ടായിരുന്നു. കുട്ടികളെ ക്യാമ്പില്‍ എത്തിച്ച മാതാപിതാക്കളും അപ്പോള്‍ അവിടെയുണ്ടായിരുന്നു. പ്രാര്‍ഥനാസമയത്ത് എല്ലാവരും എണീറ്റു നിന്നിരുന്നെങ്കിലും അവരും അവരുടെ കുട്ടികളും ഇരുന്നിടത്ത് ഇരുന്നതേയുള്ളൂ
പ്രാർഥന കഴിഞ്ഞതേ ചന്ദ്രേട്ടൻ പറഞ്ഞു: ''പ്രാർഥനാസമയത്ത് എണീറ്റുനില്ക്കാൻ മടിച്ച സ്‌നേഹിതർ ഉള്ളിൽ ചോദിക്കുന്ന ചോദ്യങ്ങൾ ഞാൻ കേൾക്കുന്നു: ഇവിടെ ഉരുവിട്ട പ്രാർഥനകളിൽ ഉപയോഗിച്ചിട്ടുള്ള പദപ്രയോഗങ്ങൾ തെറ്റിദ്ധാരണാജനകമല്ലേ? നാമോരോരുത്തരെയുംപോലെ വിശപ്പും ദാഹവും പഞ്ചേന്ദ്രിയങ്ങളും വികാരവിചാരങ്ങളുമൊക്കെയുള്ള ചിലരെയൊക്കെ ഗുരുവെന്നു വിളിക്കുകയും അവരുടെ കാലിൽ സാഷ്ടാംഗം വീണ് നമസ്‌കരിക്കുകയും ചെയ്യുന്നതിനെ എങ്ങനെ അംഗീകരിക്കാനാവും? അവരെ ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരൻ പരബ്രഹ്‌മം മുതലായ ഹൈന്ദവസങ്കല്പങ്ങളോടു ചേർത്ത് ആരാധ്യരായി കണ്ട് നമസ്‌കരിക്കുന്ന ആദ്യത്തെ പ്രാർഥനതന്നെ പ്രതിഷേധാർഹമല്ലേ? ഉണ്ടോ ഇല്ലയോ എന്ന് യുക്തിഭദ്രമായി സ്ഥാപിക്കാനാവാത്ത ദൈവത്തെ സ്തുതിക്കുകയും ആവശ്യങ്ങൾ സാധിച്ചുതരുന്ന ശക്തിയായി കണ്ട് അപേക്ഷകൾ സമർപ്പിക്കുകയും ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവും?
ഈ ക്യാമ്പിലേക്ക് കുട്ടികളെ കൊണ്ടുവന്ന ആ സ്‌നേഹിതരുടെ ചോദ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുതന്നെ ഞാൻ അമേരിക്കയിൽനിന്ന് സ്വന്തം മക്കളുമായി ഇവിടെയെത്തിയിട്ടുള്ള എന്റെ സ്‌നേഹിതൻ തോമസിനെ അവരുടെ ചോദ്യങ്ങൾക്കുള്ള സ്വന്തം മറുപടി പറയാൻ ഞാൻ ക്ഷണിക്കുകയാണ്''
തോമസ് പറഞ്ഞു: ''ഒരു കാര്യം മറക്കരുത്. തമ്മിൽ കാണുമ്പോൾ പാശ്ചാത്യർ ഹസ്തദാനം ചെയ്യുന്നതുപോലെതന്നെയോ അതിലധികമോ സ്വാഭാവികമായ ഒരു വന്ദനരീതിയാണ് കൈകൂപ്പി നമസ്‌കാരം എന്നു പറയുന്നത്. കൈകുലുക്കി വന്ദിക്കുന്നതിനെക്കാൾ പ്രതീകാത്മകമായി കൂടുതൽ അർഥധ്വനികളുള്ളതാണ് കൈകൂപ്പി നമസ്‌തേ എന്നു പറയുന്നത് എന്ന് എടുത്തു പറയണം! പഞ്ചേന്ദ്രിയങ്ങളെയും ബോധത്തയും ധ്വനിപ്പിക്കുന്നതാണ് കൈകൾ . അവ പരസ്പരം ചേർത്തശേഷം തലകുനിച്ച് അങ്ങയെ നമസ്‌കരിക്കുന്നു എന്നർഥമുള്ള നമസ്‌തേ എന്ന് ഓരോ ദിവസവും ക്ലാസ്സിലെത്തുന്ന അധ്യാപകനെ വന്ദിച്ച പറയുന്നതല്ലേ അദ്ദേഹത്തിന്റെ കരങ്ങൾ പിടിച്ചു കുലുക്കി അഭിവാദ്യം ചെയ്യുന്നതിനെക്കാൾ അർഥപൂർണം?
എന്നെ അമേരിക്കയിലെത്തിച്ചതും എന്റെ മക്കളെയും എന്നെയും ഇവിടെയെത്തിച്ചതും ഗുരു നിത്യചൈതന്യയതിയാണ്. അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ An Intelligent Man's Guide to Hindu Religion എന്ന ആദ്യ പുസ്തകം വായിക്കാനിടയായതിനെത്തുടർന്നായിരുന്നു. അദ്ദേഹത്തിനൊരു കത്തെഴുതിയ ശേഷം അദ്ദേഹത്തിന്റെ അടുത്തെത്തിയ എന്നോട് അദ്ദേഹം ചോദിച്ചു: ''തോമസ് ഒരു ക്രിസ്ത്യാനിയാണോ?''
ഞാൻ സത്യസന്ധമായി മറുപടി പറഞ്ഞു: ''ക്രിസ്തുവിനെ അനുകരിക്കുന്നവൻ എന്ന അർഥത്തിൽ ഞാൻ ക്രിസ്ത്യാനിയാണെന്നു പറയാനാവില്ല.''
ഗുരു വ്യക്തമാക്കി: ''അതല്ല, തോമസ് ജ്ഞാനസ്‌നാനം സ്വീകരിച്ചിട്ടുള്ള ആളാണോ എന്നാണ് ഞാൻ ചോദിച്ചത്.''
''ഞാൻ ജനിച്ചത് ഒരു ക്രൈസ്തവകുടുംബത്തിലായതിനാൽ ശിശുവായിരിക്കെത്തന്നെ എന്റെ മാതാപിതാക്കൾഎനിക്ക് ജ്ഞാനസ്‌നാനം നല്കിയിട്ടുണ്ട്.''
''ജ്ഞാനസ്‌നാനം എന്ന വാക്കിന്റെ അർഥം എന്താണ്?''
''ജ്ഞാനത്താലുള്ള കുളി എന്ന് ഒരർഥം പറയാം''
''ആ അർഥത്തിൽ യഥാർഥത്തിൽ ക്രിസ്ത്യാനിയാകാൻ ചെയ്യേണ്ടത് എന്താണ്?''
''ക്രിസ്തുവിന്റെ ജ്ഞാനത്താൽ കുളിക്കണം''
''ക്രിസ്തുവിന്റെ ജ്ഞാനം എന്താണ്?''
''നമുക്കല്ലാംകൂടിയുള്ള സ്‌നേഹസ്വരൂപനായ ഏക പിതാവാണ് ദൈവം. ആ പിതാവിന്റെ പരിപാലനത്തിൽ വിശ്വാസം അർപ്പിച്ച് അയൽക്കാരെ തന്നെപ്പോലെതന്നെ സ്‌നേഹിച്ച് ആർത്തിയും ആധിയുമില്ലാതെ നാം ഈ ഭൂമിയെ ഒരു സ്വർഗമാക്കണം. ഇതാണ് യേശുവിന്റെ സുവിശേഷം''
''തോമസ് ഒരു കത്തോലിക്കനാണോ?''
''കത്തോലിക്കാ മാതാപിതാക്കളിൽനിന്ന് ജനിച്ചതുകൊണ്ട് കത്താലിക്കനാണെന്നു പറയാം''
''കത്തോലിക്കാ എന്ന വാക്കിന്റെ അർഥം എന്താണെന്നറിയാമോ?''
''സാർവത്രികം എന്നാണ് എന്നു കേട്ടിട്ടുണ്ട്''
''സാർവത്രികം എന്നു പറഞ്ഞാൽ വംശ-മത-ദേശാദി ദേദങ്ങൾക്കതീതം എന്നല്ലേ അതിന്റെ അർഥം? ജനിച്ച കുടുംബവുമായി അതിന് യഥാർഥത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ?''
''ഇല്ല''
''എങ്കിൽ, തോമസും ഒരു കത്തോലിക്കനാണ്, ക്രിസ്ത്യാനിയാണ്, ഹിന്ദുവുമാണ്.''
അത് എന്നെ, എന്നെപ്പറ്റിയുള്ള എന്റെതന്നെ ധാരണയെത്തന്നെ തകിടംമറിച്ച ഒരു പ്രസ്താവന ആയിരുന്നു. അതിന്റെ അർഥം അനുഭവിച്ചറിയാൻ എന്റെ കുട്ടികളെ ഈ ക്യാമ്പ് സഹായിക്കും എന്ന ബോധ്യത്തോടെയാണ് ഞാൻ അവരെയുംകൂട്ടി ഇവിടെ എത്തിയിരിക്കുന്നത്.''
ചന്ദ്രേട്ടൻ തോമസിനോട് ആവശ്യപ്പെട്ടു:
''തോമസ് എങ്ങനെയാണ് ഒരു ഹിന്ദുവായിരിക്കുന്നത്?''
തോമസ് പറഞ്ഞു: ''ഗുരു ആ ചോദ്യങ്ങളിലൂടെ ഞാൻ പോകേണ്ട വഴി കാണിച്ചുതരികയായിരുന്നു. ജന്മംകൊണ്ടുമാത്രം ഹിന്ദുവായവരെക്കാൾ ജന്മംകൊണ്ടു ക്രിസ്ത്യാനിയായ എനിക്കുവരെ യഥാർഥഹിന്ദുവും അതേസമയംതന്നെ ക്രിസ്ത്യാനിയും ആകാനാവും എന്ന് എനിക്ക് ഇപ്പോഴറിയാം.''
''അതൊന്നു വ്യക്തമാക്കിത്തരാമോ?''
''സംസ്‌കൃതം സൂക്ഷ്മമായി മനസ്സിലാക്കേണ്ട സംസ്‌കരിക്കപ്പെട്ട ഒരു ഭാഷയാണ്. വിഗ്രഹിക്കുക എന്നു പറഞ്ഞാൽ വിശേഷരൂപത്തിൽ ഗ്രഹിക്കുക എന്നാണ് അർഥം. ഗുരു എന്ന വാക്കിനെ '' 'ഗു' ശബ്ദമന്ധകാരം താൻ 'രു' ശബ്ദം തൻ നിരോധകം'' എന്ന വിഗ്രഹിച്ച് മനസ്സിലാക്കണം. അതായത് ഗുരു എന്ന വാക്കിലെ 'ഗു' ഇരുട്ടിനെയും 'രു' അതിനെ ഇല്ലാതാക്കുന്ന വെളിച്ചത്തെയും സൂചിപ്പിക്കുന്ന അക്ഷരങ്ങളാണ്. അതായത് ഒരു വസ്തു ഗുപ്തമായി (മറഞ്ഞ്) ഇരിക്കുമ്പോൾ അതിനെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല. വെളിച്ചം വരുമ്പോൾ മറഞ്ഞിരിക്കുന്ന വസ്തു കാണാൻ നമുക്കു കഴിയും. അതുപോലെ അറിവില്ലായ്മയും ഇരുട്ടുതന്നെയാണ്. ആ ഇരുട്ടുമാറ്റി നമ്മിലേക്ക് അറിവിന്റെ വെളിച്ചം പകരുന്ന എന്തും ഗുരുവാണ്. അത് ഒരു വ്യക്തിയോ ജീവിയോ പോലും ആകണമെന്നില്ല. കല്ലിൽ കൊത്തിവച്ചിരിക്കുന്ന ചില രൂപങ്ങളെ വിഗ്രഹം എന്നു വിളിക്കാൻ കാരണം അവയിൽനിന്നുപോലും നമുക്ക് ഉൾക്കാഴ്ചകൾ നേടാനാവും എന്നതിനാലാണ്.
ഗുരു എന്ന വാക്കുമായി ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ട ഒരു പ്രധാന വിഗ്രഹം ഗണപതിയുടേതാണ്. ഗണപതി ലോകഗുരുവാണ്. ഗുരു ശിഷ്യന് മാതൃകയായിരിക്കണം. എങ്ങനെയെല്ലാമാണ് ഒരു ഗുരു ശിഷ്യന് മാതൃകയായിരിക്കേണ്ടതെന്ന് സ്വന്തം രൂപത്തിലൂടെയും കഥകളിലൂടെയും കാണിച്ചുതന്ന് ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന ഗുരുവാണ് ഗണപതി. സ്വന്തം രൂപത്തിലൂടെ ഗണപതി ലോകത്തിൽ ജീവിക്കുന്ന നമ്മെപ്പോലെയുള്ള സാധാരണക്കാരെ പഠിപ്പിക്കുന്നത് എന്തെല്ലാമെന്ന് നമുക്കൊന്നു പരിശോധിക്കാം:
ഗണപതിയുടെ രൂപം ഒരു ആനയുടേതാണല്ലോ. ഗണപതിയുടെ വലിയ ചെവികൾ സൂചിപ്പിക്കുന്നത് എല്ലാം കേൾക്കാനുള്ള സന്നദ്ധതയാണ്. ചെവികൾ എപ്പോഴും തുറന്നു വയ്ക്കപ്പെട്ടിരിക്കുന്ന ഒരിന്ദ്രിയമാണ്. കണ്ണുകൾക്കു കൺപോളകൾ ഉള്ളതുപോലെ ചെവികൾ അടയ്ക്കാനും തുറക്കാനും നമുക്ക് സ്വാഭാവികമായ ഒരു സംവിധാനമില്ല. അതുകൊണ്ട് നാം എല്ലാം കേൾക്കേണ്ടിയിരിക്കുന്നു. നമ്മെക്കുറിച്ച് നല്ലതു പറഞ്ഞാലും അപവാദങ്ങൾ പറഞ്ഞാലും നിസ്സംഗമായി അത് കേൾക്കാനുള്ള മനോഭാവം നമുക്ക് ഉണ്ടായിരിക്കണം. പണ്ട് ശിഷ്യന്മാർ അറിവു നേടിയിരുന്നത് ഗുരുക്കന്മാരുടെ അടുത്തുപോയിരുന്ന് അദ്ദേഹം പറയുന്നതെല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടായിരുന്നല്ലോ. വേദരൂപത്തിൽ ചൊല്ലി പഠിപ്പിച്ചിരുന്ന കാര്യങ്ങളും ശ്രുതി എന്നാണ് അറിയപ്പെടുന്നത്. ഓരോ ശിഷ്യനും ഗുരു പരമ്പരയായി പറഞ്ഞുകൊടുത്തത് കേട്ട് ഉരുവിട്ടു പഠിച്ചതാണ് അവ.
മൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമായവയെയും അല്ലാത്തവയെയും തിരിച്ചറിയാൻ സഹായിക്കുന്ന അവയവം മൂക്കാണ്. ഗണപതിയുടെ മൂക്ക് നീണ്ടതായിരിക്കുന്നത് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേചനശേഷി, വിവേകം, നല്ലതുപോലെയുണ്ടാകണം എന്നാണ് ധ്വനിപ്പിക്കുന്നത്. കേൾക്കുന്ന കാര്യങ്ങളിൽ ചിലതെല്ലാം നമ്മെ പ്രലോഭിപ്പിക്കുന്നവയും നമുക്ക് ഹിതകരമല്ലാത്ത വഴികളിലേക്കു നയിക്കുന്നവയും ആകാനിടയുണ്ട്. പ്രിയങ്കരമായവയെല്ലാം ഹിതകരമാകണമെന്നില്ല. ഹിതകരമായവയെല്ലാം പ്രിയങ്കരവും ആകണമെന്നില്ല. സ്വജീവിതത്തിൽ ഹിതകരമായവയേവ എന്നും പ്രിയങ്കരമായവയിൽ എന്തെല്ലാം ഹിതകരമല്ലാ എന്നും തിരിച്ചറിയാൻ കഴിയേണ്ടത് ഈ ലോകത്തിൽ ജീവിതവിജയത്തിന് അനിവാര്യമാണ് എന്ന കാര്യം ആരും സമ്മതിക്കുന്നതാണല്ലോ.
എന്നാൽ, നമ്മുടെ ഉള്ളിൽ എവിടെ എങ്ങനെയാണ് സൃഷ്ടി-സ്ഥിതി-സംഹാരമൂർത്തികൾ നിലനില്ക്കുന്നതെന്ന് കണ്ടെത്താതെ വെറുതെ വണങ്ങുകയും സ്തുതിക്കുകയും ഒക്കെ ചെയ്യുന്നത് നിരർഥകം തന്നെയാണ്.
സ്വന്തം കുട്ടികളെയും കൂട്ടി വന്ന, ഹിന്ദുവിശ്വാസിയായി സ്വയം വിശേഷിപ്പിച്ചിരുന്ന, സുനിൽ പറഞ്ഞു: 'ഗുരു നിത്യ ചൈതന്യയതി എഴുതിയ An Intelligent Man's Guide to Hindu Religion എന്ന പുസ്തകത്തിന്റെ ആദ്യഭാഗത്ത് അദ്ദേഹം എഴുതിയിട്ടുള്ള ചില കാര്യങ്ങൾ നാമിവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.
ചന്ദ്രേട്ടൻ പറഞ്ഞു: ''പറയൂ കേൾക്കട്ടെ''
ഭാരതീയരുടെ ബഹുദൈവവിശ്വാസത്തിന് ഒരു പ്രത്യേകതയുണ്ട്. മാക്‌സ്മുള്ളർ അതിനെ ഒലിീവേലശാെ (അധിപദൈവവിശ്വാസം)എന്നാണ് വിളിച്ചത്. അനേകം ദൈവങ്ങളെ ആരാധിക്കുന്നതോടൊപ്പം പരമാധിപതിയായി ഏകദൈവത്തിലുള്ള വിശ്വാസം എന്നർഥം.
അതുപോലെ തന്നെ ഒരേ ദൈവതംതന്നെ പലരൂപത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുമുണ്ട്. ഉദാഹരണത്തിന് ആനന്ദത്തിൽ മതിമറന്നു നൃത്തംചെയ്യുന്ന നടരാജനെയല്ല, ഒരു ഗുരുവിന്റെ ഗാംഭീര്യത്തോടുകൂടി പരമശാന്തനായിരിക്കുന്ന ദക്ഷിണാമൂർത്തിരൂപത്തിൽ നമുക്കു കാണാൻ കഴിയുന്നത്. അർധനാരീശ്വരനാകുമ്പോൾ ശിവൻ പകുതി സ്ത്രീയും പകുതി പുരുഷനുമാണ്, ദേവിമാരായ ദൈവതങ്ങളെയും ഇങ്ങനെതന്നെ വിവിധ ഭാവങ്ങളിലാണ് വിഭാവനചെയ്തിട്ടുള്ളത്. ഇഷ്ടദായിനിയും പ്രസന്നയുമായ ദേവിയുടെ രൂപമായി സരസ്വതിയും ഭയങ്കരിയായ ദേവിയുടെ രൂപമായി കാളിയും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. വിഷ്ണുക്ഷേത്രത്തിൽ വിഷ്ണു ചക്രധാരിയായ യോദ്ധാവായും യോഗനിദ്രയിലാണ്ട അനന്തപത്മനാഭനായും ഓരോരോ ക്ഷേത്രങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ. ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വിഷ്ണുവിന്റെ അവതാരങ്ങളെയെടുത്താൽ ഓരോ അവതാരത്തിന്റെയും രൂപവും ഭാവവും തികച്ചും വ്യത്സ്തമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
തോമസ് ചോദിച്ചു: ''ഇങ്ങനെ ദേവീദേവന്മാരെ വ്യത്യസ്ത രൂപഭാവങ്ങളിൽ സങ്കല്പിക്കാനും കഥകൾ മെനയാനും നമ്മുടെ പൗരാണിക ആചാര്യന്മാർക്ക് പ്രേരകമായത് എന്താണെന്നാണ് സുനിൽ കരുതുന്നത്?''
സുനിൽ പറഞ്ഞു: ''ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും ആയ സവിശേഷതകൾ ആവും കാരണം. താളബോധത്തോടെയും പ്രതീകങ്ങളുടെ സഹായത്തോടെയും ആശയവിനിമയം നടത്തുന്നത് ഭാരതത്തിലെ പ്രാകൃതസമൂഹങ്ങളിലെല്ലാം സഹജമാണ് എന്ന വസ്തുത സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആർക്കും കാണാനാവും.