ശ്രദ്ധേയമായ നാഴികകല്ലുകളോടെ കേരളാ ടൂറിസത്തിന്റെ മൗലിക പരിപാടിയായ ഉത്തരവാദിത്ത ടൂറിസം അതിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. പരീക്ഷണഘട്ടത്തില്‍ കോവളം, കുമരകം, തേക്കടി, വയനാട് എന്നീ നാല് കേന്ദ്രങ്ങളിലാണ് ഇത് നടപ്പാക്കിയത്. ഇവയില്‍ കുമരകം ഏറ്റവും വിജയകരമായ മാതൃകയായി ഇന്ത്യാഗവണ്‍മെന്റ് അംഗീകരിച്ച് ആദരിക്കുകയുണ്ടായി.
സംസ്ഥാന ടൂറിസം വകുപ്പ്, ഇന്‍ര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഇന്ത്യ, (ICRT - INDIA) ഇക്വേഷന്‍സ് എന്നിവയുമായിചേര്‍ന്ന് 2007 ഫെബുവരി രണ്ട് - മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത് ഒരു സംസ്ഥാനതല ശില്‍പ്പശാല സംഘടിപ്പിക്കുകയുണ്ടായി. ഗവണ്‍മെന്റ് പ്രതിനിധികള്‍, തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ടൂറിസം മേഖലയിലെ പ്രമുഖര്‍, പൗരസമൂഹ പ്രതിനിധികള്‍, നിയമസഭാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവരെല്ലാം ഈ ശില്‍പശാലയില്‍ പങ്കെടുത്തു. ഈ സെമിനാറില്‍ ഉരുത്തിരിഞ്ഞു വന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ലെവല്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം കമ്മിറ്റി (SLRTC) രൂപീകരിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനതല ഉത്തരവാദിത്ത ടൂറിസം സമിതി 2007 ഏപ്രില്‍ 20 ന് യോഗം ചേര്‍ന്ന് ഉത്തരവാദിത്ത ടൂറിസം പദ്ധതി ഘട്ടങ്ങളായി നടപ്പാക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടം പരിപാടികള്‍ക്കായി കുമരകം, വയനാട്, തേക്കടി, കോവളം, എന്നീ കേന്ദ്രങ്ങളെ നിശ്ചയിക്കുകയും ചെയ്തു. ഗ്രേറ്റ് ഇന്ത്യാ ടൂറിസം പ്ലാനേഴ്‌സ് ആന്റ് കണ്‍സല്‍ട്ടന്റസ് (GITPAC) എന്ന സ്ഥാപനത്തെ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കാനും ഏകോപിക്കാനുമായി സര്‍ക്കാര്‍ തെരഞ്ഞെടുത്തു. തുടര്‍ന്ന് 2008 മാര്‍ച്ചിലാണ്, പ്രായോഗികമായി പദ്ധതി നടപ്പിലാക്കി തുടങ്ങിയത്.
വിവിധ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം:
കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍
അത്ഭുതകരമായ ഫലമാണ് കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചത്. ഇത് ഒരു മാതൃകാ കേന്ദ്രമായി മാറുകയുണ്ടായി. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ കുമരകത്തെ റസ്‌പോണ്‍സിബിള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു.
ടൂറിസം മേഖലയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു ശില്‍പ്പശാല 2007 മെയ് 16 ന് നടത്തിക്കൊണ്ടാണ് കുമരകത്ത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും പൊതുസമ്മതം പദ്ധതിക്ക് ലഭിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ഗവണ്‍മെന്റ്, ടൂറിസം വ്യവസായം, പൗരസമൂഹം, മാധ്യമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം പ്രതിനിധികള്‍ ഈ ശില്‍പശാലയില്‍ പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസത്തിന്റെ സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക വശങ്ങള്‍ ചര്‍ച്ച ചെയ്ത ശില്‍പശാലയില്‍ ഈ പ്രദേശത്തിനു വേണ്ടി ഒരു കര്‍മ്മ പദ്ദതി ആവിഷ്‌കരിക്കുകയുണ്ടായി. ശ്രീ. വി,എന്‍ വാസവന്‍ MLA ശില്‍പശാല ഉദ്ഘാടനം ചെയ്തു. ടുറിസം ഡയറക്ടര്‍ സഞ്ജയ് M. കൗള്‍ IAS അദ്ധ്യക്ഷനായിരുന്നു. ടൂറിസം സെക്രട്ടറി ഡോ. വേണു IAS ശില്‍പ്പശാല നയിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് കുടുംബശ്രീയെ പദ്ധതിയുടെ ഫീല്‍ഡ് കണ്‍സള്‍ട്ടന്റായി നിയോഗിച്ചു. പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഫീല്‍ഡ് വര്‍ക്ക് ആരംഭിച്ചു. പദ്ധതി പ്രദേശത്തെ ഹോട്ടലുകളില്‍ അവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍വ്വെ നടത്തി. ഇതിനനുസരിച്ച് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മുടക്കം കൂടാതെ പച്ചക്കറി വിതരണം ചെയ്യുന്നതിന് ഒരു അഗ്രികള്‍ച്ചര്‍ കലണ്ടര്‍ തയ്യാറാക്കി. കാര്‍ഷിക മേഖലയെ ഉദ്ധരിക്കുന്നതിന് ഒരു വഴിയായി പഞ്ചായത്ത് സാമ്പത്തിക ഉത്തരവാദിത്വം നടപ്പാക്കാന്‍ തിരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓരോ കുടുംബശ്രീ യൂണിറ്റും അഞ്ചംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആക്ടിവിറ്റി ഗ്രൂപ്പുണ്ടാക്കി. ഈ ഗ്രൂപ്പുകള്‍ ഓരോ വിളകളുടെ ചുമതലയേറ്റെടുത്തു. അങ്ങനെ 180 ഗ്രൂപ്പുകള്‍ (900 സ്ത്രീകള്‍) പച്ചക്കറി കൃഷി തുടങ്ങി. പഞ്ചായത്ത് കൃഷിക്കുള്ള സ്ഥലം കണ്ടെത്തുകയും ഒന്നരലക്ഷം രൂപ ചെലവിട്ട് വിത്തും വളവും വിതരണം ചെയ്യുകയുമുണ്ടായി. 2008 മാര്‍ച്ച് 14 ന് സംസ്ഥാന ടൂറിസം, ആഭ്യന്തര വിജിലന്‍സ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ കുമരകത്ത് പദ്ധതി ഔദ്യാഗികമായി ഉത്ഘാടനം ചെയ്തു. 2008 മെയ് 18 മുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വിതരണം ചെയ്തു തുടങ്ങി.
സാമ്പത്തിക ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് നിരവധി ചെറു സംരംഭങ്ങള്‍ വികസിപ്പിച്ചു. സുവനീര്‍ നിര്‍മ്മാണ യൂണിറ്റുകളായിരുന്നു ഇവ. കുടുംബശ്രീയുടെ ചുമതലയില്‍ സമൃദ്ധി എന്ന പേരില്‍ ഒരു സംഭരണ യൂണിറ്റും തുടങ്ങി. 2008 മാര്‍ച്ച് മുതല്‍ 2010 ജൂണ്‍വരെ ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ ഭാഗമായി തദ്ദേശീയ ജനങ്ങള്‍ക്ക് 45,76,343 രൂപ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞു.
കുമരകം ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഏതാനും നേട്ടങ്ങള്‍ ചുവടെ:
- തരിശ്ശു നിലത്ത് കൃഷിയിറക്കി. കാര്‍ഷിക ഉല്‍പാദനം വര്‍ധിച്ചു.
- മീന്‍ വളര്‍ത്തലും താമര വളര്‍ത്തലും.
- ഹോട്ടല്‍ വ്യവസായമായുള്ള ബന്ധത്തിലൂടെ തദ്ദേശ ഉല്‍പന്നങ്ങളുടെ വിപണനം.
- സുവനിര്‍ വ്യവസായം വികസിപ്പിച്ചു.
- സമൂഹവുമായി ബന്ധപ്പെട്ട ടൂറിസം ഉല്‍പന്നങ്ങള്‍
- പ്രാദേശിക കലാരൂപങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രചാരം വര്‍ധിപ്പിച്ചു.
- സാംസ്‌കാരിക ടൂറിസം, പ്രാദേശിക വിഭവങ്ങള്‍ എന്നിവയുടെ പ്രചാരണം.
- സാമൂഹ്യ ബോധവല്‍ക്കരണം. പരിസ്ഥിതി സംരക്ഷണം.
- ഊര്‍ജജ സംരക്ഷണത്തിനുള്ള നടപടികള്‍
- സമഗ്ര വിഭവ ഭൂപട നിര്‍മ്മാണം.
- ലേബര്‍ ഡയറക്ടറി.
വയനാട്
വയനാട് ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ 2007 മെയ് 6 ന് സംഘടിപ്പിച്ച ശില്‍പശാലയോടെ തുടക്കം കുറിച്ചു. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗമാളുകളുടെയും പരിപൂര്‍ണ്ണ സഹകരണം ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം വ്യവസായം,മാധ്യമങ്ങള്‍, പൗരസമൂഹം, എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസത്തിന്റെ സാമ്പത്തിക സാമൂഹ്യ പാരിസ്ഥിതിക വശങ്ങള്‍ ശില്‍പശാല ചര്‍ച്ചചെയ്ത് ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കി. ശ്രീ. K.C കുഞ്ഞിരാമന്‍ ഉദ്്്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ.ജോര്‍ജ് പോത്തന്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. വേണു. IAS ശ്രീ U.V. ജോസ് (അസി. ഡയറക്ടര്‍, ടൂറിസം) എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.
വയനാട്ടില്‍ 2008 ജൂണിലാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. സാമ്പത്തികം, സാമൂഹ്യം പാരിസ്ഥിതികം, എന്നീ മൂന്നു ഘടകങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളും തദ്ദേശിയ കലാകാരന്‍മാരും ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ ഹോട്ടലുകള്‍ക്ക് വില്‍പന നടത്തുകയുണ്ടായി. ടൂറിസം വ്യവസായവും തദ്ദേശീയ സമൂഹവും തമ്മിലുള്ള വിടവ് കുറയ്ക്കാന്‍ ഇത് സഹായകമായി. ജില്ലാ കുടുംബശ്രീ മിഷന്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സന്നന്ധസംഘടനകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ടൂറിസം വ്യവസായമേഖല എന്നിവയുടെ യോജിച്ചുള്ള പ്രവര്‍ത്തനം ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായിട്ടുണ്ട്.
ജില്ല ഒട്ടാകെ പദ്ധതി നടപ്പിലാക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ പ്രവര്‍ത്തന മേഖലയുടെ വൈപുല്യം കണക്കിലെടുത്ത് ആദ്യ ഘട്ടത്തില്‍ വൈത്തിരി, കല്‍പ്പറ്റ, പൊഴുതന, മേപ്പാടി, പഞ്ചായത്തുകളില്‍ ഉത്തരവാദിത്ത ടൂറിസം നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സമൃദ്ധി ഗ്രൂപ്പ് ഇതുമായി യോജിച്ചു പ്രവര്‍ത്തിച്ചു. ഉല്‍പന്ന സമാഹരണത്തിന് നല്ല തുടക്കമിടാന്‍ ഇതു വഴി സാധിച്ചു.
തുടക്കം മുതല്‍ തന്നെ സമൃദ്ധിഗ്രൂപ്പിന് പ്രവര്‍ത്തനം നന്നായി നടത്താന്‍ സാധിച്ചു. ഹോട്ടല്‍ വ്യവസായികളുമായി ചര്‍ച്ച നടത്തി അവരെ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞു. തുടക്കത്തില്‍ രണ്ട് ഹോട്ടലുകളില്‍ 12 ഇനങ്ങള്‍ വിതരണം ചെയ്തു. പിന്നീടത് 10 ഹോട്ടലുകളും 43 ഉല്‍പന്നങ്ങളുമായി വര്‍ദ്ധിക്കുകയുണ്ടായി. വിലനിര്‍ണ്ണയം, ഗുണമേന്മ ഉറപ്പാക്കല്‍ എന്നിവയ്ക്ക് കമ്മറ്റികള്‍ രൂപീകരിച്ചു. ഇപ്പോള്‍ സമൃദ്ധിയുടെ മൊത്തവരുമാനം 7,22,460 രൂപയായി.
തനത് ഭക്ഷണശാലകള്‍
വയനാട്ടില്‍ ആരംഭിച്ച ഒരു മൗലിക പദ്ധതിയാണിത്. ഇടക്കല്‍ ഗുഹ, പൂക്കോട്ടു തടാകം എന്നിവയുടെ സമീപമാണ് തനതു ഭക്ഷണശാലകള്‍ തുറന്നത്. ഇടയ്ക്കലിലെ ഭക്ഷണശാല ഗിരിവര്‍ഗ്ഗ ജനവിഭാഗവും പൂക്കോട്ട് കുടുംബശ്രീയുമാണ് നടത്തുന്നത്. ഇടക്കല്‍ ഭക്ഷണശാല ഒരു മാസം കൊണ്ട് ഒന്നേകാല്‍ ലക്ഷം രൂപ വരുമാനമുണ്ടാക്കി.
ഇപ്പോള്‍ 20 കുടുംബശ്രീ യൂണിറ്റുകളും 20 കൃഷിക്കാരും 10 കരകൗശല ഉല്‍പാദകരും സമൃദ്ധിക്ക് ഉല്‍പന്നങ്ങള്‍ നല്‍കുന്നു. 2009 മാര്‍ച്ച് മുതല്‍ 2010 മെയ് വരെ സമൃദ്ധി 7,22,460 രൂപ വരുമാനം നേടി ഇതില്‍ 80% തുകയും തദ്ദേശീയര്‍ക്കുതന്നെ വിതരണം ചെയ്തു കഴിഞ്ഞു.
സാമൂഹ്യ ഉത്തരവാദിത്വം പദ്ധതിയുടെ മുഖ്യഘടകമാണ്. ഇതിന്റെ ഭാഗമായി RT സെല്‍ ഒരു ഉത്സവ കലണ്ടര്‍ തയ്യാറാക്കി. പ്രാദേശിക ഉത്സവങ്ങള്‍, മേളകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കിയത്. സുരക്ഷിതത്വ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിലെ അസമത്വം വിലയിരുത്തല്‍, വയനാട് സുവനീറുകള്‍ വികസിപ്പിക്കല്‍, സാമൂഹ്യാധിഷ്ഠിത ടൂറിസം ഉല്‍പന്നങ്ങള്‍ കണ്ടെത്തല്‍, വിഭവഭൂപട നിര്‍മ്മാണം, സാമൂഹ്യസര്‍വ്വേ, ലേബര്‍-ഡെസ്റ്റിനേഷന്‍ ഡയറക്ടറികള്‍ തയ്യാറാക്കല്‍ തുടങ്ങിയവയും സാമൂഹ്യ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായി നടത്തി.
ഡെസ്റ്റിനേഷന്‍ റിസോഴ്‌സ് ഡയറക്ടറി
വയനാട് ജില്ലയിലെ പ്രധാന വിഭവ സ്രോതസുകള്‍, ടൂറിസം ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ്. ഡെസ്റ്റിനേഷന്‍ റിസോഴ്‌സ് ഡയറക്ടറി തയ്യാറാക്കിയത്. ഇതിനായി ഉത്തരവാദിത്ത ടൂറിസം സെല്‍ (RT സെല്‍) വിശദമായ പഠനം നടത്തുകയുണ്ടായി. ഇതിനായി സമൂഹത്തിന്റെ അടിത്തട്ടില്‍ വരെ ഇറങ്ങിചെന്ന് സമഗ്രവിഭവ ഭൂപടം നിര്‍മ്മിച്ചു. പ്രകൃതി, സംസ്‌കാരം, ചരിത്രം, ഭൂമിശാസ്ത്രം, സമൂഹം എന്നിവയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഡയറക്ടറിയിലുണ്ട്.
ഉത്സവ കലണ്ടര്‍
സാംസ്‌കാരിക ടൂറിസത്തിന്റെ പ്രചാരണാര്‍ത്ഥമാണ് വയനാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ കലണ്ടര്‍ തയ്യാറാക്കിയത്. വയനാടിന്റെ ചരിത്രം, ഉത്സവങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാലയങ്ങള്‍, ക്ഷേത്രകലകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഇവിടത്തെ വിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് സഹായകരമാണ്.
സുവനീറുകള്‍ വികസിപ്പിക്കല്‍
സുവനീര്‍ വികസനപരിപാടി തദ്ദേശീയ കലാകാരന്മാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും സുഗന്ധവ്യജ്ഞന കര്‍ഷകര്‍ക്കും നവോന്മേഷം പകര്‍ന്നു. മൂന്നുതരം സുവനീറുകളാണ് തയ്യാറാക്കിയത്. സുഗന്ധവ്യജ്ഞനപ്പെട്ടി, ഇടയ്ക്കല്‍ ഗുഹാചിത്ര പകര്‍പ്പ്, കാപ്പിവേര് ശില്‍പങ്ങള്‍ എന്നിവയാണവ. ഇവയെല്ലാം സമൃദ്ധി ഷോപ്പുകളിലൂടെ വില്‍പന നടത്തുന്നു.
ഇടയ്ക്കല്‍ ഗുഹയിലെ സന്ദര്‍ശക മാനേജ്‌മെന്റ് പ്ലാന്‍
ചരിത്രാതീത കാലത്തെ ചരിത്രം പറയുന്ന വയനാട്ടിലെ ഇടയ്ക്കല്‍ ഗുഹ ഒരു ബുദ്ധ കേന്ദ്രമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ധാരാളം സന്ദര്‍ശകരാണ് ഗുഹകാണാന്‍ എത്തിച്ചേരുന്നത്. ഇവിടെ സന്ദര്‍ശക മാനേജ്‌മെന്റിനുള്ള ഒരു പദ്ധതി ഉത്തരവാദിത്വ ടൂറിസം സെല്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയുണ്ടായി.
വയനാട്ടിലെ ഗ്രാമീണ ജീവിതാനുഭവം
വയനാട്ടിലെ ഗ്രാമീണ ജീവിതം അടുത്തറിയാനുള്ള രണ്ട് പാക്കേജുകള്‍ RT സെല്‍ അവതരിപ്പിച്ചു. റോഡ് റ്റു ഫ്രാഗ്രന്റ് ഹില്‍, ജേണി ടു ദ സോള്‍ ഓഫ് നേച്ചര്‍ എന്നിവയാണവ. റോഡ് റ്റു ഫ്രാഗ്രന്റ് ഹില്‍ പൊഴുതണ പഞ്ചായത്തിലെ സുഗന്ധഗിരിയിലാണ് നടപ്പാക്കിയത്. പ്രാദേശികമായി ലഭിക്കുന്ന മുള, കളിമണ്ണ്, ജൈവപുല്ല് എന്നിവകൊണ്ടുണ്ടാക്കുന്ന കലാരൂപങ്ങള്‍ മനസിലാക്കാന്‍ ഈ പാക്കേജ് സഹായിക്കുന്നു.
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിംകുട്ടിയിലാണ് ജേണി ടു ദ സോള്‍ ഓഫ് നേച്ചര്‍ നടപ്പിലാക്കിയത്. പഴശ്ശിരാജാവിന്റെ പടയാളികളായിരുന്ന കുറിച്യരുടെ ജീവിതം മനസ്സിലാക്കാന്‍ ഈ പാക്കേജിലൂടെ സാധിക്കും. കൂട്ടുകുടുംബവ്യവസ്ഥയില്‍ തനതായ ജീവിതശൈലി, ആചാരാനുഷ്ഠാനങ്ങള്‍, പാരമ്പര്യം, തദ്ദേശീയ കൃഷിരീതികള്‍, ഔഷധവിദ്യ എന്നിവയാണ് കുറിച്യര്‍ക്കുള്ളത്. പട്ടുനൂല്‍ കൃഷിയെക്കുറിച്ചറിയാനും ഈ പാക്കേജ് സഹായിക്കുന്നു. കാപ്പി, തെങ്ങ്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക് തുടങ്ങിയ കൃഷിത്തോട്ടങ്ങളും കാണാം. മീന്‍ വളര്‍ത്തലും പരമ്പരാഗത മീന്‍പിടുത്തവുമാണ് മറ്റൊരു പ്രത്യേകത.
ഈ പാക്കേജുകളിലൂടെ സഞ്ചാരികള്‍ക്ക് തദ്ദേശീയ കൃഷിക്കാര്‍, കുട്ടികള്‍, വൈദ്യന്‍മാര്‍ തുടങ്ങിയവരുമായി ഇടപഴകാനും സാധിക്കുന്നു. വളരെ മൗലികമായ പാക്കേജുകളാണ് ഇവ രണ്ടും.
ഇവ കൂടാതെ RT സെല്‍ സാമൂഹ്യ സര്‍വ്വെകളും നടത്തുകയുണ്ടായി. തദ്ദേശവാസികള്‍ക്ക് ടൂറിസത്തെ കുറിച്ചുള്ള വീക്ഷണം തിരിച്ചറിയാന്‍ ഇത്തരം ഇടപെടലുകളിലൂടെ സാധിക്കുന്നു.
പാരിസ്ഥിതിക ഉത്തരവാദിത്ത്വം
മറ്റു പ്രധാന ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം തന്നെ പാരിസ്ഥിതിക ഉത്തരവാദിത്വം നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങളും വയനാട്ടില്‍ നടത്തുകയുണ്ടായി. ക്ലീന്‍ സൂചിപ്പാറ പ്രോഗ്രാം, പൂക്കോട് തടാകത്തിലെ പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കല്‍, പരിസ്ഥിതി സര്‍വ്വെ, തെരുവുവിളക്ക് സര്‍വെ, തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.
ക്ലീന്‍ സൂചിപ്പാറ
വയനാട്ടിലെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് സൂചിപ്പാറ. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യം വെള്ളച്ചാട്ടത്തിന് ഭീക്ഷണി ഉയര്‍ത്തിയിരിക്കുന്നു. പാരിസ്ഥിതിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി RT സെല്‍ ബോധവല്‍ക്കരണ പരിപാടിയും ശുചീകരണവും നടത്തി.
പൂക്കോട് തടാകം
നൂറുകണക്കിന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പൂക്കോട് തടാകം ഒരു ശുദ്ധ ജല തടാകമാണ്. സൂചിപ്പാറയിലെപോലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പൂക്കോടിനും വിനയായിരുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ RT സെല്‍ ഇടപെട്ടു.
പരിസ്ഥിതി സര്‍വെ
വയനാട്ടിലെ പ്രമുഖമായ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും RT സര്‍വ്വെ നടത്തി. പരിസ്ഥിതി സംരക്ഷണം , പരിസ്ഥിതി നയം, ഊര്‍ജ്ജ സംരക്ഷണം, എന്നിവ സംബന്ധിച്ച ആശയങ്ങള്‍ അവരുമായി പങ്കു വച്ചു.
തെരുവുവിളക്ക് സര്‍വെ
വൈത്തിരി പഞ്ചായത്തിലെ തെരുവുവിളക്കുകളുടെ ഉപയോഗക്ഷമത അളക്കാനാണ് RT സെല്‍ തെരുവുവിളക്ക് സര്‍വെ നടത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്തിനു നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുകയുണ്ടായി.
സേക്രഡ് ഗ്രോവുകളെക്കുറിച്ചുള്ള പഠനം
മനുഷ്യന്റെ ഭൂവികസന പ്രവര്‍ത്തനത്തിനിടയിലും നിലനില്‍ക്കുന്ന സ്വാഭാവിക സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിത്. പ്രത്യേകമായ ജൈവവൈവിധ്യ പ്രസക്തിയുള്ള നടപടിയാണിത്. പ്രത്യേകമായ ജൈവവൈവിധ്യ പ്രസക്തിയുള്ള ഭൂപ്രദേശങ്ങള്‍ വയനാട്ടിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പഠനം നടത്തിയത്.
കോവളം
കോവളത്ത് ഉത്തരവാദിത്ത ടൂറിസം ശില്‍പ്പശാല 2000 മെയ് എട്ടിന് നടന്നു. ടൂറിസവും ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ടവര്‍ പങ്കെടുത്തു. ഹോട്ടലുടമകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഹോംസ്‌റ്റേ നടത്തിപ്പുകാര്‍, സുവനീര്‍, ഷോപ്പുടമകള്‍, ഗവണ്‍മെന്റ്, തദ്ദേശഭരണസ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, NGO കള്‍, തുടങ്ങിയ മേഖലകളുടെ പ്രതിനിധികള്‍ എന്നിവര്‍ ശില്‍പ ശാലയില്‍ പങ്കെടുത്തു.
ശില്‍പശാലയില്‍ മൂന്നുസെഷനുകളാണുണ്ടായിരുന്നത്. ഉല്‍ഘാടന സെഷനില്‍ ആമുഖ അവതരണം നടത്തി. തുടര്‍ന്ന് വിവിധതരം ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഗ്രൂപ്പു ചര്‍ച്ചയും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളുടെ അവതരണവും. ഇതെ തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളുടെ പരസ്പര ചര്‍ച്ച. പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറുള്ള ഹോട്ടലുകള്‍ ഉത്തരവാദിത്വ ടൂറിസം സമിതിയുമായി സമ്മത പത്രം ഒപ്പിട്ടു.
ഉത്തരവാദിത്വ ടൂറിസം സമിതി (DLRTC)യുടെ രക്ഷാധികാരികളായി ശ്രീ പന്ന്യന്‍ രവീന്ദ്രന്‍ MP, ശ്രീ ജോര്‍ജ് മേഴ്‌സിയര്‍ MLA ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിത. എന്നിവരെയും, ചെയര്‍മാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും തീരുമാനിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയാണ് സമിതി സെക്രട്ടറി. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സംഘടനങ്ങള്‍, NGO കള്‍, മാധ്യമങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയുടെ പ്രതിനിധികള്‍ DLRTC അംഗങ്ങളായിരിക്കും.
സീറോ ടോളറന്‍സ് ക്യാംപയിന്‍
കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതിനെതിരെയുള്ള ക്യാംപയിനാണ് ഇത്. ഈ സാമൂഹ്യ തിന്മ കോവളത്ത ഒരു മുഖ്യ പ്രശ്‌നമായി ഉയര്‍ത്തപ്പെട്ടു. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനും ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കാനും NGO കളുടെയും ഇതര സ്ഥാപനങ്ങളുടെയും സഹായം തേടി. 'മാലാഖയുടെ കാവലാളാവുക'. എന്ന മൂദ്രാവാക്യവുമായി ഈ പ്രചാരണ പരിപാടികളുടെ ഭാഗമായി പോസ്റ്ററുകള്‍ ലഘുലേഖകള്‍, തുടങ്ങിയവ തയ്യാറാക്കി പ്രചരിപ്പിച്ചു.
കാര്‍ത്തികോത്സവം
ഉത്തരവാദിത്വ ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കാര്‍ത്തികോത്സവം സംഘടിപ്പിച്ചു. വലിയ മാധ്യമ ശ്രദ്ധ ലഭിച്ച പരിപാടിയാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, പൊതുജനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം പരിപാടിയുമായി സഹകരിച്ചു.
കാര്‍ത്തിക, വിളക്കുകളുടെ ഉത്സവമാണ്. ടൂറിസം വ്യവസായത്തിലെ അംഗങ്ങള്‍ ഈ ഉത്സവത്തിന് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി പിന്‍തുണച്ചു. കുടുംബശ്രീയാണ് വിളക്കു തെളിച്ചത്. ഓരോ വിളക്കും ഒരോ ഹോട്ടലുകളെ പ്രതിനിധീകരിക്കുന്നതായിരുന്നു. ഈ ഏകദിന ഉത്സവത്തിലൂടെ കുടുംബ ശ്രീ 29,000 രൂപയുടെ വരുമാനം ഉണ്ടാക്കി.
ലേബര്‍ ഡയറക്ടറി
തദ്ദേശീയ ജനതയുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ലഭ്യമായ തൊഴിലാളികളുടെ ഡയറക്ടറി തയ്യാറാക്കി. വ്യത്യസ്ത മേഖലകളില്‍ വിദഗ്ധരുടെ ലഭ്യത ഇതുമൂലം ഉറപ്പാക്കാനും സാധിച്ചു.
വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്. (ഗ്രാമീണ ജീവിതാനുഭവം)
രണ്ട് പാക്കേജുകളാണ് കോവളത്ത് വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പദ്ധതി(VLE) യുടെ ഭാഗമായി ആവിഷ്‌കരിച്ചത്. ബിയോണ്ട് ദ ബീച്ച് എന്ന മുഴു ദിന യാത്രയും ലേക്ക് ആന്റ് ലൈഫ് എന്ന അരദിവസത്തെ യാത്രയുമാണ് അവ. സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഉത്തരവാദിത്വ ടൂറിസം സെല്‍ ഈ പാക്കേജുകള്‍ തയ്യാറാക്കിയത്. ടൂറിസ്റ്റുകള്‍ക്ക് ഗ്രാമജീവിതത്തെ അടുത്തറിയാനും തദ്ദേശവാസികള്‍ക്ക് തങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും ഇതുമൂലം സാധിക്കുന്നു.
ഗ്രാമീണരുടെ ജീവിതം, സാംസ്‌കാരം, എന്നിവയിലൂന്നിയാണ് ഗ്രാമീണ ജിവിതാനുഭവങ്ങള്‍ പകരുന്ന പാക്കേജുകള്‍ തയ്യാറാക്കിയത്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 65-70 ശതമാനം തദ്ദേശീയരായ ആതിഥേയ ജനതയ്ക്കു ലഭിക്കുന്നു. എന്നാതാണ് VLE പാക്കേജുകളുടെ സവിശേഷത. കാലങ്ങളായി തുടര്‍ന്നു വന്ന ജീവിത ശൈലി തുടരാനും പ്രാദേശിക കഴിവുകളെ ബഹുമാനിക്കാനും ടൂറിസത്തില്‍ നിന്ന് അധികവരുമാനം കണ്ടെത്താനും തദ്ദേശ ജനതയെ പ്രേത്സാഹിപ്പിക്കാന്‍ ഈ പദ്ധതിയി ലൂടെ സാധിച്ചു.
ഗ്രാമജീവിത പാക്കേജുകള്‍ ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് വ്യത്യസ്തവും മൗലികവുമായ മാര്‍ക്കറ്റിംഗ് രീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
വില്ലേജ് ലൈഫ് പദ്ധതിയുടെ ഭാഗമാകുന്ന ഓരോരുത്തര്‍ക്കും ലഭിക്കുന്ന വരുമാനത്തിന് ഒരു പട്ടിക തയ്യാറാക്കുകയുണ്ടായി. അതു ചുവടെ.
നമ്പര്‍ | സേവനം | തുക |
1 | പൂക്കട | 50 |
2 | തെങ്ങോല | 50 |
3 | കയര്‍സൊസൈറ്റി | 50 |
4 | സീറോ വേസ്റ്റ് | 100 |
5 | കിന്‍ഡര്‍ ഗാര്‍റ്റന്‍ | 50 |
6 | കൊല്ലന്‍ | 50 |
7 | ചെമ്മീന്‍ | 150 |
8 | കളരി | 500 |
9 | ഉച്ചയൂണ് | 100 |
10 | പൂര്‍ണിമ | 150 |
11 | കൈത്തറി | 100 |
12 | മീന്‍പിടുത്തം | 200 |
13 | വാഹനം | 1500 |
14 | കരിക്ക് | 100 |
15 | ഗൈഡ് ഫീ | 300 |
16 | മറ്റിനങ്ങള്‍ | 500 |
ഡസ്റ്റിനേഷന്‍ ഡവലപ്പ്‌മെന്റ് പ്ലാന്‍ - കോവളം
ഹോട്ടലുകളില്‍ പരിസ്ഥിതി സര്‍വ്വെ, സാമൂഹ്യസര്‍വ്വെ, കയര്‍ സര്‍വ്വെ, പ്ലാസ്റ്റിക് സഞ്ചികള്‍ക്കു പകരം പേപ്പര്‍ സഞ്ചികള്‍ പ്രചരിപ്പിക്കുക. തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
തേക്കടി
തേക്കടിയില്‍ 2007 ജൂണ്‍ 23 ന് പെരിയാര്‍ ഹൗസില്‍ ഉത്തരവാദിത്വ ടൂറിസം ശില്‍പശാല സംഘടിപ്പിച്ചു. വിവിധ മേഖകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ടൂറിസം ഡയറക്ടര്‍ ശ്രീ.സജ്ജയ് M. കൗള്‍ IAS അധ്യക്ഷത വഹിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ M.S. വാസു സ്വാഗതം ആശംസിച്ചു. ടൂറിസം സെക്രട്ടറി ഡോ. വേണു. IAS, പദ്ധതിയെപ്പറ്റി വിശദീകരണം നല്‍കി. കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ശ്രീമതി. ശാരദ മുരളിധരന്‍ സംസാരിച്ചു. ടൂറിസം അസി. ഡയറക്ടര്‍ ശ്രീ .U.V. ജോസ് ശില്‍പശാല നയിച്ചു.
തേക്കടിയിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ ഡസ്റ്റിനേഷന്‍ തല സമിതി (DLRTC) രൂപികരിച്ചു..M.P, MLA, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ രക്ഷാധികാരികളും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും DTPC സെക്രട്ടറി കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചത്. കുമളിയില്‍ സമൃദ്ധി വിപണനശാല ആരംഭിച്ചുകൊണ്ടാണ് ഇവിടെ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. ഉല്‍പന്നങ്ങള്‍ വാങ്ങി വിപണനം നടത്തുകയാണ് സമൃദ്ധി ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുമായി വിലയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ കടുത്ത മല്‍സരം നേരിടുമ്പോഴും സാമൂഹ്യ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഹൈറേഞ്ചിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഉല്‍പന്ന സംഭരണത്തിന് പുതുവഴികള്‍ തേടേണ്ടതുണ്ട്.
തേക്കടിയിലെ കേരളാ കഫേ
തേക്കടിയില്‍ ഗിരവര്‍ഗജനത നടത്തുന്ന ലഘു ഭക്ഷണശാലയാണ് കേരളകഫേ. റസ്‌പോണ്‍സിബിള്‍ ടൂറിസം സെല്ലിന്റെ മുന്‍കൈയ്യില്‍ തേക്കടി മഹേന്ദ്രാ റിസോര്‍ട്ടില്‍ 5 സ്ത്രീകളുടെ ഒരു ഗ്രൂപ്പാണ് തനതു കേരള ലഘു ഭക്ഷണങ്ങള്‍ നല്‍കുന്ന വില്‍പനശാല ആരംഭിച്ചത്. വൈകിട്ട് 3 മുതല്‍ 6 വരെയാണ് പ്രവര്‍ത്തന സമയം.
വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്
സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി RT സെല്‍ തേക്കടിയീലും ഗ്രാമജീവിതാനുഭവ പാക്കേജ് അവതരിപ്പിക്കുകയുണ്ടായി. ഗിരിവര്‍ഗ ജനതയാണ് ഈ പാക്കേജുകള്‍ പൂര്‍ണമായും നടപ്പാക്കുന്നത്. പരമ്പരാഗത ജീവിതശൈലി, ഗിരിവര്‍ഗ കേന്ദ്രങ്ങള്‍, എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ ഇത്തരം പാക്കേജുകള്‍ ടൂറിസ്റ്റുകളെ സഹായിക്കുന്നു. 13 തരം പ്രവര്‍ത്തനങ്ങളാണ് ഈ പാക്കേജിന്റെ ഭാഗമായുള്ളത്.
- പൂമാല നിര്‍മ്മാണം
- പനമ്പു/ മുറം നെയ്ത്ത്
- മീന്‍വല കെട്ടല്‍
- മുളകൊണ്ടള്ള കര്‍ട്ടന്‍ നിര്‍മ്മാണം.
- പായ് നെയ്ത്ത്
- കോവില്‍ സന്ദര്‍ശനം.
- പരമ്പരാഗത ഭക്ഷണം.
- മുളകൊണ്ടുള്ള കരകൗശല നിര്‍മ്മാണയൂണിറ്റ് സന്ദര്‍ശനം.
- പൂന്തോട്ട സന്ദര്‍ശനം
- തേനീച്ച വളര്‍ത്തല്‍ യൂണിറ്റ് സന്ദര്‍ശനം
- ട്രൈബല്‍ അങ്കണവാടി സന്ദര്‍ശനം.
- പള്ളിയകുത്ത് അവതരണം.
- പള്ളിയക്കുടി മാരിയമ്മന്‍ കോവില്‍ സന്ദര്‍ശനം.
|