മാതൃഭൂമി ദിനപ്പത്രത്തില്‍നിന്ന്
ചെലവില്ലാ പ്രകൃതികൃഷിയില്‍ നേട്ടം കൊയ്ത് ബാബുതോമസ്
Posted on: 22 Dec 2013
പൂതാടി: കാര്യമായ ചെലവുകളോ വലിയ അധ്വാനമോ ഇല്ലാതെ പുള്ളോലില്‍ ബാബുതോമസ് കൃഷിയില്‍ നേട്ടംകൊയ്യുന്നു. പൊതുവിപണിയെ ആശ്രയിക്കാതെ പാരമ്പര്യഅറിവുകളും സ്വന്തം നിരീക്ഷണങ്ങളും സംയോജിപ്പിച്ചാണ് ഈ കര്‍ഷകന്‍ മണ്ണിനെ പൊന്നാക്കുന്നത്.
രണ്ടുപതിറ്റാണ്ടിലേറെ രാസവള, കീടനാശിനികള്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ബാബുതോമസ് മണ്ണിന്റെ മനസ്സറിഞ്ഞുതുടങ്ങിയതു മുതല്‍ തന്റെ 'വിഷക്കട' താഴിട്ടുപൂട്ടി. പിന്നെ കൈക്കോട്ടുമായി പാടത്തേക്കിറങ്ങി. തുടക്കത്തില്‍ ജൈവ കൃഷിയിലായിരുന്നു പരീക്ഷണം. പക്ഷേ, വിജയം കണ്ടില്ല.
ഇതിനിടയിലാണ് പുല്‍പ്പള്ളിയില്‍നിന്നും മഹാരാഷ്ട്രക്കാരന്‍ സുഭാഷ് പലേക്കറിന്റെ ചെലവില്ലാ പ്രകൃതികൃഷിയെക്കുറിച്ചറിയുന്നത്. ഒരു നാടന്‍ പശുവിനെയും വാങ്ങി ചെലവില്ലാ പ്രകൃതികൃഷിയെക്കുറിച്ച് പഠിച്ചു. പാഠങ്ങള്‍ പാട്ടത്തിനെടുത്ത തന്റെ കൃഷിയിടത്തിലേക്ക് പകര്‍ത്തിയപ്പോള്‍ 'പരിപൂര്‍ണ വിജയം'. ഒരേക്കര്‍ നെല്‍കൃഷിയില്‍നിന്ന് ഈ കര്‍ഷകന്‍ കൊയ്‌തെടുത്തത് 31 കിന്റല്‍ നെല്ല്!
ഇതില്‍ ആവേശംകൊണ്ട ബാബുതോമസ് തന്റെ വയലില്‍ വിളഞ്ഞുനിന്നിരുന്ന കവുങ്ങുകള്‍ പിഴുതുമാറ്റി വീണ്ടും നെല്‍കൃഷിയാരംഭിച്ചു. ഒരേക്കറില്‍നിന്ന് നൂറു കിന്റല്‍ നെല്ലുവരെ ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. പാരമ്പര്യ നാടന്‍വിത്തുകളാണ് ഉപയോഗിക്കുന്നത്. കുരുമുളക്, കവുങ്ങ്, കാപ്പി, ഏലം, കൊക്കോ, കാബേജ്, കോളിഫ്ലവര്‍, വലിയ ഉള്ളി, ചെറിയ ഉള്ളി, ക്യാരറ്റ്, പാവല്‍ തുടങ്ങി വിവിധയിനം വിളകള്‍ ബാബുതോമസിന്റെ പത്തേക്കര്‍ തോട്ടത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
ഒരു നാടന്‍പശുവും നല്ല മനസ്സുമുണ്ടെങ്കില്‍ മുപ്പത് ഏക്കര്‍വരെ സുഗമമായി കൃഷിചെയ്യാമെന്ന് ഈ കര്‍ഷകന്‍ പറയുന്നു. സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങള്‍ മണ്ണില്‍ത്തന്നെയുണ്ട്. ഇവ ആകിരണംചെയ്യാന്‍ മണ്ണില്‍ സൂക്ഷ്മാണുക്കള്‍ വേണം. സൂക്ഷ്മാണുക്കളെ വളര്‍ത്താനായി മണ്ണില്‍ ജീവാമൃതം ഉപയോഗിക്കണം. 10 കിലോ നാടന്‍ പശുവിന്റെ ചാണകം, അഞ്ചുലിറ്റര്‍ ഗോമൂത്രം, ഒരു കിലോ പയറുമാവ്, ഒരു കിലോ വെല്ലം അല്ലെങ്കില്‍ പഴം, ഒരുപിടി കന്നി മണ്ണ് (രാസവളം ഉപയോഗിക്കാത്തത്). ഇവയാണ് ജീവാമൃതത്തിന്റെ മാന്ത്രികക്കൂട്ട്. ഇവയെല്ലാംകൂടി 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 48 മണിക്കൂര്‍ ചണച്ചാക്കിട്ട് മൂടിവെക്കും. ദിവസവും മൂന്നുനേരം ഇളക്കിക്കൊടുക്കണം. ഒരു ലിറ്റര്‍ ജീവാമൃതം പത്തുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം.
ഹ്രസ്വകാലവിളകര്‍ക്ക് 15 ദിവസത്തിലൊരിക്കലും ദീര്‍ഘകാലവിളകള്‍ക്ക് 30 ദിവസത്തിലൊരിക്കലും ഇത് പ്രയോഗിക്കണം. തോട്ടം ഉഴുതുമറിക്കാതെ കളകള്‍ വെട്ടി മണ്ണിന് പുതയിട്ടാണ് സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്.
കൃഷിയിടത്തില്‍ ബാബുതോമസിനൊപ്പം ഭാര്യ എല്‍സിയും എപ്പോഴുമുണ്ട്. രാസവളകൃഷി മണ്ണിനേയും മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കും. ചെലവില്ലാ പ്രകൃതികൃഷി കുറഞ്ഞ മുതല്‍മുടക്കിലും ചെറിയ അധ്വാനത്തിലും നല്ല വിളവു മാത്രമല്ല ആരോഗ്യമുള്ള മണ്ണും മനുഷ്യനേയും സൃഷ്ടിക്കും. വര്‍ധിച്ച ഉല്പാദനച്ചെലവും വിളനാശവുംമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ ചെലവില്ലാ പ്രകൃതി കൃഷിയിലേക്ക് കടന്നുവരണമെന്നാണ് ബാബുതോമസ് പറയുന്നത്.
No comments:
Post a Comment