Friday, 6 December 2013

പശ്ചിമഘട്ടസംരക്ഷണത്തിനും കര്‍ഷകരക്ഷയ്ക്കുമായി പക്വമായ നിലപാടുകളെടുക്കുക

(നവംബര്‍ 22 ന് ഭരണങ്ങാനത്തു നടത്തപ്പെട്ട ഒരു ചര്‍ച്ചയെപ്പറ്റി ശ്രീ സക്കറിയാസ് നെടുങ്കനാല്‍ അല്മായശബ്ദം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന കമന്റുകള്‍ സമാഹരിച്ച് ഈ ബ്ലോഗില്‍ പശ്ചിമഘട്ടപരിസ്ഥിതി സംരക്ഷണം ഒരൊത്തുതീര്പ്പു സാദ്ധ്യമാണോ? എന്നൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമാഹരിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളുമാണ് താഴെ. ഇതിന്റെ മാതൃക സ്വീകരിച്ച് കാഞ്ഞിരപ്പള്ളി രൂപത കര്‍ഷകസംരക്ഷണ സമരസമിതിയെയും ഗാഡ്ഗില്‍ കമ്മറ്റിയുടെയും പ്രാതിനിധ്യമുള്ള ഒരു സംവാദം നടത്തുന്നുണ്ട്. ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശം NGO കളിലൂടെ നടപ്പിലാക്കിയാല്‍ ഉണ്ടാക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധ്യം വന്ന കാഞ്ഞിരപ്പള്ളി ബിഷപ്പ് കര്‍ഷകരെ മാനസാന്തരപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു എന്നും അറിയുന്നു.)
മാന്യരേ,

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മലയോരമേഖലയിലെ ജനങ്ങളിലുണ്ടായിരിക്കുന്ന ഭയാശങ്കകളിലും സംഘര്‍ഷങ്ങളിലും കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഞങ്ങള്‍ ഉല്‍ക്കണ്ഠപ്പെടുന്നു. തികഞ്ഞ ജാഗ്രതയും അഭിപ്രായ സമന്വയവും ഉണ്ടാകേണ്ട ഒരു വിഷയത്തെ ഈ രീതിയില്‍ വഷളാക്കിയതില്‍ പലര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തി ജനങ്ങളുടെ അഭിപ്രായം തേടാനുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കാത്ത സര്‍ക്കാരാണ് ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദി. മാത്രവുമല്ല, ഏറെ ശ്രദ്ധേയങ്ങളായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെങ്കിലും, ആ വിദഗ്ധസമിതിയും ജനങ്ങളുമായി കാര്യമായ കൂടിയാലോചനകളൊന്നും നടത്തിയിരുന്നില്ല. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടത്തിലോ അതിനുശേഷമോ ജനാഭിപ്രായം തേടാന്‍ സര്‍ക്കാരും വിദഗ്ധസമിതിയും സന്നദ്ധമാവാതെ വന്നപ്പോഴാണ് നിറംപിടിപ്പിച്ച അഭ്യൂഹങ്ങള്‍ പരന്നത്. ഇതിനും പുറമെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ചില ശിപാര്‍ശകള്‍ അവ്യക്തതകള്‍ നിറഞ്ഞതും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പഴുതുകള്‍ ഉള്ളവയുമായിരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടിക താലൂക്കടിസ്ഥാനത്തില്‍ തയ്യാറാക്കിയത് തികഞ്ഞ അബദ്ധമായിരുന്നു. ഒരു പഞ്ചായത്തിലെ ഏതാനും വാര്‍ഡുകള്‍ മാത്രം പരിസ്ഥിതിലോല പ്രദേശമായാലും ആ പ്രദേശമുള്‍പ്പെടുന്ന താലൂക്ക് മുഴുവന്‍ പരിസ്ഥിതിലോല പ്രദേശമാണെന്ന് വിധിയെഴുതിയ റിപ്പോര്‍ട്ടിനെതിരെ ജനങ്ങളെ അണിനിരത്തുക താരതമ്യേന എളുപ്പമുള്ള കാര്യമായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഈ വിധത്തിലുള്ള ദൗര്‍ബ്ബല്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഖനന- ടൂറിസം മാഫിയാകള്‍ പിന്നണിയില്‍ നിന്നുകൊണ്ട് കര്‍ഷകരെ തെരുവിലിറക്കിയത്. ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണമോ യാഥാര്‍ത്ഥ്യബോധമോ ഇല്ലാത്ത ചില മതനേതാക്കളും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തേടുന്ന ചില രാഷ്ട്രീയകക്ഷികളും ലജ്ജാകരമായ പങ്കുവഹിച്ചു എന്നതും വ്യക്തമാണ്. മലയോര ജനതയുടെ മനസ്സു വായിക്കാന്‍ ശേഷിയില്ലാത്തവരും പ്രകൃതി സംരക്ഷണകാര്യത്തില്‍ അക്കാദമികശാഠ്യങ്ങള്‍ക്കപ്പുറത്ത് ജനങ്ങളോടിടപെടുന്നതില്‍ നയതന്ത്രജ്ഞത തീരെയില്ലാത്തവരുമായ ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകരുടെ ഏകപക്ഷീയ നിലപാടുകളും ജനവികാരം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയാക്കുന്നതില്‍ നിസ്സാരമല്ലാത്ത പങ്ക് വഹിച്ചു. കൂടാതെ മലയോരജനതക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് കഴിഞ്ഞ കാലങ്ങളില്‍ അനുഭവപ്പെട്ടിട്ടുള്ള അവഗണനകളില്‍ നിന്നുണ്ടായ അസംതൃപ്തിയെ ചിലര്‍ ആളിക്കത്തിച്ചു. ചില മലയോര പ്രദേശങ്ങളില്‍ കൃഷി അസാധ്യമാക്കുന്ന വിധത്തിലുള്ള വന്യമൃഗശല്യം നിലവിലുള്ളപ്പോള്‍ ഈ സ്ഥിതി വ്യാപകമാവുമെന്ന പ്രചരണത്തിന് വലിയ പ്രതികരണങ്ങളുണ്ടായി. ഇങ്ങനെ പലവിധ കാരണങ്ങളാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോരജനതയില്‍ ഗണ്യമായ ഒരു വിഭാഗം നിലയുറപ്പിച്ചപ്പോള്‍, പശ്ചിമഘട്ടസംരക്ഷണം എന്നു പറഞ്ഞാല്‍ കര്‍ഷകവിരുദ്ധ നടപടികള്‍ എന്നാണര്‍ത്ഥമെന്ന വിധത്തിലുള്ള ഒരു മുന്‍വിധി സൃഷ്ടിക്കപ്പെട്ടു.
ഈയൊരു മാനസികാവസ്ഥയില്‍ മലയോരജനത എത്തിയ ഘട്ടത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഏറെ ലഘൂകരിക്കല്‍ വരുത്തിക്കൊണ്ട് തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ചില നിഗമനങ്ങള്‍ പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടും യഥാസമയം മലയാളത്തിലാക്കി ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകര്‍ വാശിയോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന മുറവിളികളുയര്‍ത്തിയപ്പോള്‍, നൂറിരട്ടി ശക്തിയോടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പോലും നടപ്പിലാക്കാനനുവദിക്കില്ല എന്ന നിലപാടുമായി മലയോരജനതയില്‍ ഒരു വിഭാഗം നീങ്ങിക്കഴിഞ്ഞു. ഇങ്ങനെ ഏറെ കലങ്ങിമറിഞ്ഞതും അവ്യക്തതകള്‍ നിറഞ്ഞതുമായ ഒരു സങ്കീര്‍ണ്ണ പ്രശ്‌നമായി പശ്ചിമഘട്ടസംരക്ഷണകാര്യം വഴിമാറിക്കൊണ്ടിരിക്കയാണ്.
നിലവിലുള്ള സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും സഹിഷ്ണുതയോടെയും സമചിത്തതയോടെയും ഈ വിഷയം കൈകാര്യം ചെയ്യാനുള്ള പക്വത ഇതുമായി ബന്ധപ്പെട്ടവരെല്ലാം പ്രകടിപ്പിച്ചാല്‍ ഭാവി തലമുറയുടെ നന്മയ്ക്കുതകുന്ന നല്ല തീരുമാനങ്ങളിലേക്ക് എത്താന്‍ ഇനിയും ബദ്ധിമുട്ടില്ലായെന്ന് ഞങ്ങള്‍ കരുതുന്നു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികമായ സുസ്ഥിരത അപകടത്തിലായാല്‍ അത് ആദ്യം ബാധിക്കുക മലയോരജനതയെ ആയിരിക്കുമെന്ന യഥാര്‍ത്ഥ്യബോധം അവര്‍ക്കുണ്ടാവണം. പ്രകൃതിയെ കീഴടക്കി ചൂഷണം ചെയ്യുക എന്ന ചിന്താഗതി കാലഹരണപ്പെട്ടിരിക്കുന്നു എന്നും ജനങ്ങളില്‍ അസഹിഷ്ണതയും സംഘര്‍ഷങ്ങളുമുണ്ടാക്കുന്ന ഇടപെടലുകള്‍ തങ്ങള്‍ പ്രഘോഷണം ചെയ്യുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും അന്തീക്ഷം ഇല്ലാതാക്കുമെന്നും മതനേതൃത്വങ്ങള്‍ വിനയപൂര്‍വ്വം മനസ്സിലാക്കണം. തിരഞ്ഞെടുപ്പ് വിജയത്തിനായി ഏതു പ്രശ്‌നത്തെയും വോട്ടിന്റെ ലാഭനഷ്ടക്കണക്കുകളുടെ മാത്രം അളവുകോലുകള്‍ വച്ച് വിലയിരുത്തുന്നത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണെന്ന് രാഷ്ട്രീയകക്ഷികള്‍ തിരിച്ചറിയണം. ഒരു തുറന്ന ജനാധിപത്യസമൂഹത്തില്‍ ഭിന്നനിലപാടുകളും താല്‍പര്യങ്ങളും ഉണ്ടാകാമെന്നും, അതിനിടയില്‍ ഏതെങ്കിലും ചില കാഴ്ചപ്പാടുകള്‍ ഏകപക്ഷിയമായി മുഴുവന്‍ സമൂഹത്തെക്കൊണ്ടും അംഗീകരിപ്പിക്കാനാവില്ലാ എന്നുമുള്ള യാഥാര്‍ത്ഥ്യബോധം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുണ്ടാകണം. ഗാഡ്ഗിലോ കസ്തൂരിരംഗനോ എന്നതല്ല പശ്ചിമഘട്ട സംരക്ഷണമാണ് പ്രധാനമെന്നും, അതിനായി സാധ്യമായ കുറെ നടപടികളെങ്കിലും അടിയന്തിരമായി പൊതുസമൂഹത്തെകൊണ്ടും സര്‍ക്കാരിനെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ ശ്രമിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്നും മനസ്സിലാക്കണം. അതല്ലാതെ സംവാദങ്ങള്‍ നടത്തി വാശിയോടെ തര്‍ക്കിച്ച് ജയിച്ച് ഒരു സമൂഹത്തെകൊണ്ട് ഒന്നും അംഗീകരിപ്പിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയരണം.
ഈ വിധത്തിലുള്ള ഒരു അനുരഞ്ജന അന്തരീക്ഷമുണ്ടാക്കാന്‍ സമൂഹത്തിലെ പക്വമതികളായ നേതാക്കള്‍ മുന്‍കൈയെടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതിന് സഹായകരമായേക്കാവുന്ന ചിലനിര്‍ദ്ദേശങ്ങളും എല്ലാവരുടെയും ആലോചനകള്‍ക്കായി ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.
1. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് വ്യക്തമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുകയും അവ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക. ആ മാനദണ്ഡങ്ങള്‍ അനുസരിച്ചും തികച്ചും സുതാര്യമായും തദ്ദേശീയരായ ജനങ്ങളുമായി കൂടിയാലോചിച്ചും വേണം പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് അന്തിമമായി തീരുമാനിക്കാന്‍.
2. പരിസ്ഥിതിലോല പ്രദേശങ്ങളെ വില്ലേജടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നത് കൂടുതല്‍ യുക്തിസഹമാണെങ്കിലും പരിസ്ഥിതിലോലതയുടെ അടിസ്ഥാനത്തില്‍ രണ്ടോമൂന്നോ ഗണമായി അത്തരം വില്ലേജുകളെ തരംതിരിച്ച് സംരക്ഷണ-നിയന്ത്രണ നടപടികള്‍ നിശ്ചയിക്കുന്നതാണ് ശാസ്ത്രീയം.
3. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും, ആ പ്രദേശങ്ങളുടെ പരിസ്ഥിതിലോലത കാത്തുസൂക്ഷിക്കുന്നവര്‍ എന്ന നിലയില്‍ മാന്യമായ സംരക്ഷണസേവനചാര്‍ജ്ജ് നല്‍കുക. അതിന് സന്നദ്ധമാവാതെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സാമാന്യനീതിയല്ല.
4. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നടപടികളെല്ലാം ഒരു ഏജന്‍സിയുടെ കീഴിലാക്കുക. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിയന്ത്രണ-സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് എങ്കില്‍, അത് ആ മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതപൂരിതമാക്കും. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കിടയിലുള്ള ഏകോപനമില്ലായ്മയും കാര്യക്ഷമതയില്ലായ്മയും അഴിമതിയും ഒഴിവാക്കി പശ്ചിമഘട്ട സംരക്ഷണവും കര്‍ഷകരക്ഷയും സുഗമമാക്കാന്‍ ഇക്കാര്യത്തില്‍ ഒരു ഏജന്‍സിയും അതിനുമുകളില്‍ ഒരു അപ്പീല്‍ സംവിധാനവും മാത്രമുള്ള ലളിതമായ ക്രമീകരണം ആവശ്യമാണ്.
5. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട എല്ലാ വികസന പദ്ധതികള്‍ക്കും നയങ്ങള്‍ക്കും അംഗീകാരം നല്‍കാനോ നിഷേധിക്കാനോ ഉള്ള അധികാരം ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഗ്രാമസഭകള്‍ക്ക് നല്‍കാനുള്ള വ്യവസ്ഥകളുള്‍ക്കൊള്ളിച്ചുകൊണ്ട് പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്യണം.
6. പശ്ചിമഘട്ടത്തില്‍ ഇനി വനംകയ്യേറ്റമുണ്ടാവാതിരിക്കാന്‍ തികഞ്ഞ ജാഗ്രതവേണം. ഇക്കാര്യത്തില്‍ ഏറ്റവുമാദ്യം വേണ്ടത് 1977 വരെയുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള കേരളസര്‍ക്കാരിന്റെ തീരുമാനം സമയബന്ധിതമായി പൂര്‍ണ്ണമായി നടപ്പിലാക്കി ആ അദ്ധ്യായം അടയ്ക്കുകയാണ്. പട്ടയദാനം ഒരിക്കലുമവസാനിക്കാത്ത പ്രക്രിയയായി മുന്നോട്ടുകൊണ്ടുപോകുന്നതുമൂലമാണ് പുതിയ കയ്യേറ്റങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത്.
7. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിലവിലുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ ക്വാറികള്‍, മെറ്റല്‍ ക്രഷറുകള്‍ തുടങ്ങിയവയില്‍ അംഗീകാരമില്ലാത്തവ ഉടന്‍ അടച്ചുപൂട്ടുകയും നിയമാനുസൃതമായ ലൈസന്‍സുകളുള്ളവ രണ്ടു വര്‍ഷത്തിനകം അടച്ചു പൂട്ടുകയും ചെയ്യുക. പുതിയവയ്ക്ക് അനുമതി നല്‍കാനും പാടില്ല. എന്നാല്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഇപ്പോള്‍ മണല്‍ പെര്‍മിറ്റ് നല്‍കുന്നതുപോലെ പാറപൊട്ടിക്കാനുള്ള പെര്‍മിറ്റുകള്‍ നല്‍കാന്‍ വ്യവസ്ഥവേണം.
8. വന്യമൃഗങ്ങളുടെ ശല്യത്തില്‍നിന്ന് കൃഷിയിടങ്ങള്‍ സംരക്ഷിച്ചുകിട്ടാനുള്ള അവകാശം കൃഷിക്കാര്‍ക്ക് നിയമപരമായി വ്യവസ്ഥചെയ്യണം. കൃഷിയിടങ്ങളിലെ വന്യമൃഗശല്യം ഒഴിവാക്കാന്‍ സോളാര്‍ ഫെന്‍സിങ്് വനങ്ങളും കൃഷിയിടങ്ങളും തമ്മിലുള്ള അതിര്‍ത്തികളില്‍ തേനീച്ചക്കോളനികള്‍ സ്ഥാപിക്കുക, വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, വനത്തിലെ സ്വാഭാവിക നിയമമനുസരിച്ച് ഓരോ ജീവികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാതിരിക്കാന്‍ വന്യമൃഗങ്ങളുടെ അനുപാതം ക്രമീകരിക്കാനുള്ള പരിശ്രമങ്ങളുണ്ടാവുക തുടങ്ങിയവ പരിഗണിക്കപ്പെടണം. റെയില്‍വേ ലൈനുകളുടെ മേല്‍നോട്ടത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതുപോലെ വനങ്ങളും കൃഷിയിടങ്ങളും തമ്മിലുള്ള അതിരുകളിലെ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ജീവനക്കാരെ നിയോഗിക്കുകയും വന്യമൃഗങ്ങളില്‍ നിന്നുള്ള കൃഷിയിടങ്ങളുടെ സംരക്ഷണം ആ ജീവനക്കാരുടെ ഉത്തരവാദിത്വമാക്കുകയും ചെയ്യുക.
9. വന്‍കിടതോട്ടങ്ങള്‍ അടിയന്തിരമായി അളന്നുതിട്ടപ്പെടുത്തുക. പ്ലാന്റേഷന്‍ കമ്പനികളുടെ കൈവശമുള്ള അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വാഭാവിക വനമാക്കാന്‍ നടപടികളെടുക്കുക. പാട്ടക്കാലാവധി കഴിയുന്ന ഒരു പ്ലാന്റേഷനും കാലാവധി നീട്ടിക്കൊടുക്കാതിരിക്കുക. പ്ലാന്റേഷനുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനായി പാട്ടഭൂമിയിലെ പരിസ്ഥിതിലോലത കുറഞ്ഞപ്രദേശത്ത് നിശ്ചിത ശതമാനം സ്ഥലം നീക്കിവയ്ക്കുകയും ബാക്കി സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയുമാണ് വേണ്ടത്.
10. റെഡ് കാറ്റഗറിയില്‍പ്പെട്ട വ്യവസായങ്ങള്‍ പരിസ്ഥിതിലോല മേഖലയില്‍ അനുവദിക്കാതിരിക്കുക.
11. കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം, സിമന്റ് കമ്പി, മണല്‍ എന്നിവ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണ ശൈലി മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യകമായ നയങ്ങളും വ്യവസ്ഥകളും പശ്ചിമഘട്ടത്തില്‍ മാത്രമല്ല, സംസ്ഥാന വ്യാപകമായി, കൊണ്ടുവരിക. മരവും മണ്ണും ഫലപ്രദമായി ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കുക. കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കാവുന്ന മരങ്ങള്‍ നട്ടുവളര്‍ത്തുന്നവര്‍ക്ക് ധനസഹായം നല്‍കുക.
12. പശ്ചിമഘട്ടത്തില്‍ വനം വകുപ്പിന്റെ കീഴിലുള്ള തേക്ക്, യൂക്കാലി പ്ലാന്റേഷനുകള്‍ മുറിച്ച് മാറ്റി അവിടെ സ്വാഭാവിക വനം രൂപപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുക.
13. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ താപനിലയങ്ങളും വന്‍കിടജലവൈദ്യുത പദ്ധതികളും അനുവദിക്കാതിരിക്കുക.
14. പശ്ചിമഘട്ടത്തില്‍ ജൈവകൃഷിരീതികളിലേക്ക് മാറുന്ന കര്‍ഷകര്‍ക്ക് പരിവര്‍ത്തന കാലയളവിലെ ഉത്പാദനനഷ്ടം പരിഹരിക്കാന്‍ അഞ്ചുവര്‍ഷത്തേക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുക.
15. ഔഷധസസ്യങ്ങള്‍, വംശനാശഭീഷണി നേരിടുന്ന ജന്തുസസ്യവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ പരിപാലിക്കുന്ന പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേക സംരക്ഷണ സേവന ചാര്‍ജ് നല്‍കുക.
16. സ്വകാര്യകൃഷിഭൂമികളിലെ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ തോതനുസരിച്ച് കര്‍ഷകര്‍ക്ക് പ്രത്യേക ഗ്രേഡിങ്് ഏര്‍പ്പെടുത്തുകയും ഉയര്‍ന്ന ഗ്രേഡിലുള്ളവര്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യുക.
17. പശ്ചിമഘട്ടത്തിലെ വിദൂര മലയോരങ്ങളില്‍ യാതൊരു ജീവിത സൗകര്യങ്ങളുമില്ലാതെ കഴിയുന്ന കര്‍ഷകര്‍ ഏറെയുണ്ട്. അത്തരം മേഖലകളിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടാല്‍ ആ കര്‍ഷകര്‍ക്ക് ആ വില്ലേജിലെ ഉയര്‍ന്ന മാര്‍ക്കറ്റ് വില നഷ്ടപരിഹാരമായി നല്‍കി അവരുടെ കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വാഭാവികവനമാക്കുക.
ഈ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തിന്റെ പരിഗണനയ്ക്കായി ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.
അഭിവാദനങ്ങളോടെ,

ഡോ. എസ്. രാമചന്ദ്രന്‍, കിടങ്ങൂര്‍ (റിട്ട. പ്രിന്‍സിപ്പാള്‍, കര്‍ഷകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447144460
എസ്. ശരത്, തൃശൂര്‍, (മാധ്യമപ്രവര്‍ത്തകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9747062146
സക്കറിയാസ് നെടുങ്കനാല്‍, പെരിങ്ങുളം, പൂഞ്ഞാര്‍ (ബ്ലോഗര്‍, ഗ്രന്ഥകാരന്‍) 9961544169
മജു പുത്തന്‍കണ്ടം, കടനാട് (മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447042691
ഫാ. റോബിന്‍ പേണ്ടാനത്ത്, ഏലപ്പാറ (പള്ളി വികാരി, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447586508
ജോസാന്റണി, പ്ലാശനാല്‍, പാലാ (കവി, ബ്ലോഗര്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447858743
എബി ഇമ്മാനുവല്‍, പൂഞ്ഞാര്‍ (മുന്‍ പഞ്ചായത്ത് മെമ്പര്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9400213141
ജോളി കെ. ജയിംസ,് മൂന്നിലവ് (പൊതുപ്രവര്‍ത്തക) 9846249527
അനില്‍ സെബാസ്റ്റ്യന്‍, മേലുകാവ് (മുന്‍ പഞ്ചായത്ത് മെമ്പര്‍ 9447910510
കെ. ജോര്‍ജ്ജ് ജോസഫ്, കാട്ടേക്കര, രാമപുരം (പൊതുപ്രവര്‍ത്തകന്‍) 9496313963
കെ. സി. അലക്‌സാണ്ടര്‍, േകാട്ടവാതില്‍ക്കല്‍, പാലാ (സാമൂഹ്യനിരീക്ഷകന്‍) 9048558112
പി. കെ. ഫ്രാന്‍സിസ്, കോഴിക്കോട് (കര്‍ഷകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9048404754
സനൂപ് വി., മണ്ണാര്‍ക്കാട് (പരിസ്ഥിതിപ്രവര്‍ത്തകന്‍) 9633266879
ഗോപകുമാര്‍, കങ്ങഴ (പരിസ്ഥിതിപ്രവര്‍ത്തകന്‍) 9446861334
ബിജു കാലാപ്പറമ്പില്‍, എരുമേലി (കര്‍ഷകന്‍, പൊതുപ്രവര്‍ത്തകന്‍) 9562937037
എം. എന്‍. ഗിരി, എറണാകുളം (പരിസ്ഥിതിപ്രവര്‍ത്തകന്‍) 9447235611
ഷാജു ജോസ്, തറപ്പേല്‍, പൂഞ്ഞാര്‍ (കര്‍ഷകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9496540448
റോയിസ് വര്‍ഗ്ഗീസ്, എരുമേലി (കര്‍ഷകന്‍) 9446631992
ജോയി എടാട്ട്, ഇടമറുക് (കര്‍ഷകന്‍) 9947255865
ജെയിംസ് സെബാസ്റ്റ്യന്‍, ചൊവ്വാറ്റുകുന്നേല്‍, ഭരണങ്ങാനം (കര്‍ഷകന്‍,
പൊതുപ്രവര്‍ത്തകന്‍) 9446665060
ജോണി സി. കെ, ഇടമറുക് (കര്‍ഷകന്‍)
ഫാ. കെ. ഷാജി, കോട്ടയം (മാധ്യമപ്രവര്‍ത്തകന്‍) 8281727423
ജോസഫ് ലൂക്കോസ്, പൂണ്ടിക്കുളം, ഭരണങ്ങാനം (കര്‍ഷകന്‍) 9446274691
സണ്ണി പൈകട, കാസര്‍ഗോഡ് (കര്‍ഷകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍) 9446234997

No comments:

Post a Comment