Saturday, 28 September 2013

Mathrubhumi - ഭൂമിക്കുവേണ്ടി ഒരു വോട്ട്‌ | ആഗോളതാപനത്തില്‍ മുഖ്യപ്രതി മനുഷ്യനെന്ന് യുഎന്‍ റിപ്പോര്‍ട്ട്

Posted on: 28 Sep 2013

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പുതിയ യുഎന്‍ റിപ്പോര്‍ട്ട് സ്‌റ്റോക്ക്‌ഹോമില്‍ പുറത്തിറക്കിക്കൊണ്ട് ഐപിസിസി മേധാവി രാജേന്ദ്ര പച്ചൂരി സംസാരിക്കുന്നു. സ്വീഡിഷ് പരിസ്ഥിതിമന്ത്രി ലെന എക് ആണ് സമീപം - ചിത്രം: എ.പി.


ലോകമിന്ന് നേരിടുന്ന ആഗോളതാപനത്തിന് മുഖ്യകാരണം മനുഷ്യരാണെന്ന് 95 ശതമാനവും ഉറപ്പിക്കാമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാസമിതി സ്റ്റോക്ക്‌ഹോമില്‍ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

1950 കള്‍ക്ക് ശേഷം ആഗോളതാപനത്തിന് ആക്കംകൂടിയതില്‍ മുഖ്യപ്രതി മനുഷ്യന്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ്, യുഎന്‍ കാലാവസ്ഥാസമിതിയായ 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓഫ് ക്ലൈമറ്റ് ചേഞ്ച്' (ഐപിസിസി) പുറത്തിറിക്കിയ റിപ്പോര്‍ട്ടിലെവിവരങ്ങള്‍ .

ഭൂമി ചൂടുപിടിക്കുന്നതിന്റെയും അതിന്റെ ഫലമായുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെയും ഫലങ്ങള്‍ എല്ലായിടത്തും ദൃശ്യമാണെന്ന്,ഐപിസിസിയുടെ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. കരയിലും കടലിലും അന്തരീക്ഷത്തിലും ആഗോളതാപനം പ്രകടമാണ്, റിപ്പോര്‍ട്ട് വിവരിക്കുന്നു. 



കഴിഞ്ഞ 15 വര്‍ഷമായി അന്തരീക്ഷതാപനിലയില്‍ വലിയ വ്യത്യാസമുണ്ടായില്ല എന്നത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധുതയുള്ളതെന്ന് കരുതാവുന്ന ഒരു പ്രവണതയല്ലെന്ന് ഐപിസിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പോയ മൂന്ന് പതിറ്റാണ്ടുകളില്‍ ഓരോന്നും 1850 കളിലേതുമായി താരതമ്യം ചെയ്താല്‍ ചൂടുകൂടിയവ ആയിരുന്നു. 'ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം തുടരുന്നത് കൂടുതല്‍ താപനത്തിന് കാരണമാകും, കാലാവസ്ഥാ സംവിധാനത്തില്‍ എല്ലായിടത്തും അത് മാറ്റങ്ങള്‍ വരുത്തും'-ഐപിസിസി വര്‍ക്കിങ് ഗ്രൂപ്പിന്റെ സഹഅധ്യക്ഷന്‍ തോമസ് സ്‌റ്റോക്കര്‍ പറഞ്ഞു. ഇത്തരം മാറ്റങ്ങള്‍ തടയാന്‍ ഹരിതഗൃഹവാതക വ്യാപനം കാര്യമായി കുറയ്ക്കുകയല്ലാതെ മറ്റ് പോംവഴിയില്ല.

കാലാവസ്ഥാവ്യതിയാനമുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ റിപ്പോര്‍ട്ട് സഹായിക്കുമെന്ന കാര്യത്തില്‍ തനിക്കുറപ്പുണ്ടെന്ന്, ഐപിസിസി അധ്യക്ഷന്‍ ഡോ.രാജേന്ദ്ര പച്ചൂരി പറഞ്ഞു.

ആഗോളതാപനിലയില്‍ 1850-1900 നെ അപേക്ഷിച്ച് 21 -ാം നൂറ്റാണ്ടില്‍ 1.5 ഡിഗ്രി മുതല്‍ 2 ഡിഗ്രി സെല്‍സിയസ് വരെ വര്‍ധനയുണ്ടാകാമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. എന്നാല്‍ , 2007 ല്‍ ഐപിസിസി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍നിന്ന് ഇത് വ്യത്യസ്തമാണ്. 2.0-4.5 ഡിഗ്രി സെല്‍സിയസ് വര്‍ധനയാണ് ആ റിപ്പോര്‍ട്ടില്‍ പ്രവചിച്ചിരുന്നത്. 


ആഗോളതാപനത്തിന്റെ ആക്കംകൂട്ടുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഹരിതഗൃഹവാതകം കാര്‍ബണ്‍ഡയോക്‌സയിഡാണ്. കല്‍ക്കരി, പെട്രോളിയം ഉത്പന്നങ്ങള്‍ മുതലായ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ഡയോക്‌സയിഡിനെ കൂടുതലായി അന്തരീക്ഷത്തിലെത്തിക്കുന്നത്. അതുവഴി ആഗോളതാപനില ഉയരുന്നു.

താപനില ഉയരുകവഴി ആഗോളകാലാവസ്ഥയുടെ താളംതെറ്റും. ലോകത്തിന്റെ പല ഭാഗത്തും വരള്‍ച്ചയുടെ ആക്കം കൂടും. ഈര്‍പ്പമുള്ള മേഖലകളില്‍ കൂടുതല്‍ മഴ പെയ്യും. വരണ്ട മേഖലകളില്‍ മഴ തീരെക്കുറയും - റിപ്പോര്‍ട്ട് ഉദ്ധരിച്ച് സ്‌റ്റോക്കര്‍ പറഞ്ഞു.

'സമുദ്രത്തിന് ചൂടുപിടിക്കുമ്പോള്‍ മഞ്ഞുപാളികളുരുകും, സമുദ്രവിതാനം ഉയരുന്നത് തുടരും. കഴിഞ്ഞ 40 വര്‍ഷമുണ്ടായതിലും ഉയര്‍ന്ന തോതിലാകും ഈ നൂറ്റാണ്ടില്‍ സമുദ്രവിതാനമുയരുക' - വര്‍ക്കിങ് ഗ്രൂപ്പിന്റെ മറ്റൊരു സഹഅധ്യക്ഷനായ ക്വിന്‍ ദാഹെ പറഞ്ഞു.

ഐപിസിസിയുടെ പുതിയ റിപ്പോര്‍ട്ട് മൂന്നുഭാഗങ്ങളുള്ളതാണ്. അതില്‍ 36 പേജുള്ള ആദ്യഭാഗമാണ് ഇപ്പോള്‍ പുറത്തിറിക്കിയത്. ബാക്കിഭാഗങ്ങള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പുറത്തിറിക്കും.

ലോക കാലാവസ്ഥാ സംഘടന ( WMO ), യു.എന്‍.കാലാവസ്ഥാ പ്രോഗ്രാം ( UNEP ) എന്നിവയ്ക്ക് കീഴില്‍ നിലവില്‍ വന്ന സമതിയാണ് ഐപിസിസി. നൂറുകണക്കിന് കാലാവസ്ഥാശാസ്ത്രജ്ഞര്‍ അംഗങ്ങളായി ഐപിസിസി, നിലവിലുള്ള ശാസ്ത്രീയ തെളിവുകളും പഠനങ്ങളും വിലയിരുത്തിയാണ് അതിന്റെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച അന്താരാഷ്ട്രനയങ്ങളും നടപടികളും രൂപീകരിക്കുന്നതിന് അടിത്തറയായി പ്രവര്‍ത്തിക്കുന്നത് ഐപിസിസി പുറത്തിറക്കുന്ന റിപ്പോര്‍ട്ടാണ്. 
Mathrubhumi - ഭൂമിക്കുവേണ്ടി ഒരു വോട്ട്‌ | ആഗോളതാപനത്തില്‍ മുഖ്യപ്രതി മനുഷ്യനെന്ന് യുഎന്‍ റിപ്പോര്‍ട്ട്:

'via Blog this'

No comments:

Post a Comment