Saturday, 28 September 2013

സേവ് മീനച്ചിലാര്‍ കാമ്പയിന്‍ സമാരംഭിച്ചു

മീനച്ചിലാറിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവിഭാഗം ആളുകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ശാസ്ത്രീയമായ പാരിസ്ഥിതികാവബോധം പകരുക എന്നതായിരിക്കണം പ്രസ്ഥാനത്തിന്റെ സ്വധര്‍മ്മം എന്ന ബോധ്യത്തോടെ മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ രജതജൂബിലിയോടനുബന്ധിച്ച് സേവ് മീനച്ചിലാര്‍ കാമ്പയിന്‍ സമാരംഭിച്ചു. ഈ രംഗത്ത് വ്യത്യസ്തമായ പ്രവര്‍ത്തന പദ്ധതികളുമായി രംഗത്തെത്തുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുമൊക്കെ പരിസ്ഥിതി സംരക്ഷണത്തിന്റെപേരില്‍ നടത്തപ്പെടുന്ന അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ഉത്തരവാദിത്വമുണ്ടെന്ന് മീനച്ചില്‍ നദീജലസംരക്ഷണസമിതിയുടെ പ്രഥമ സെക്രട്ടറിയും ഭക്ഷ്യ ആരോഗ്യ സ്വരാജ് കണ്‍വീനറുമായ ശ്രീ സണ്ണി പൈകട വ്യക്തമാക്കി. മീനച്ചിലാറ്റില്‍നിന്ന് മണല്‍വാരിയതിന്റെ റോയല്‍ട്ടിയായി എട്ടുകോടിയോളം രൂപാ ജില്ലാ പഞ്ചായത്തിനു ലഭിച്ചിട്ടുണ്ടെന്ന് വിവരാവകാശനിയമമനുസരിച്ച് അന്വേഷിച്ചപ്പോള്‍ വിവരം കിട്ടിയെന്നും ഏഴുകോടി രൂപായും ചെലവഴിച്ചെന്നു വിവരം തന്നെന്നും മീനച്ചില്‍ നദീസംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. എസ് രാമചന്ദ്രന്‍ വിശദീകരിച്ചു. ങ്കിലും അതെന്തിനാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കാന്‍ തയ്യാറാകാത്ത അധികാരികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ആ തുക ഒരു സ്വകാര്യവ്യക്തിക്ക് ആറ്റുതീരം കെട്ടി റിസോര്‍ട്ടുണ്ടാക്കാനാണ് ചെലവഴിച്ചതെന്നും ബാക്കിയുള്ള ഒരു കോടി ആറ്റുതീരം 10 അടിവീതിയില്‍ വെട്ടിത്തെളിച്ച് മരംവയ്ക്കാനാണ് ഉപയോഗിക്കാന്‍ പോകുന്നതെന്നും കേള്‍ക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇങ്ങനെയൊക്കെ അനാശാസ്യമായ വിധത്തിലാണ് ആ പണം വിനിയോഗിക്കുന്നതെങ്കില്‍ അത് നമ്മുടെ പണമാണെന്ന അവകാശബോധത്തോടെ നാം പെരുമാറേണ്ടതുണ്ട്. ആറ്റുതീരത്തുള്ള ഒരു പുല്ലുപോലും പറിക്കാതെ വേണം അവിടെ മരംനടാന്‍ . ഇത് വ്യക്തമാക്കിക്കൊണ്ട് ശബ്ദമുയര്‍ത്താന്‍ നദീസംരക്ഷണസമിതി തയ്യാറായത് മറ്റു നദീസംരക്ഷണ പ്രവര്‍ത്തകരുടെയും പിന്തുണയര്‍ഹിക്കുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ പ്ലാശനാല്‍ ഹൈസ്‌കൂളില്‍നിന്നും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളോടൊപ്പം ഏതാനും അധ്യാപകര്‍ എത്തിയിട്ടുള്ളത് വളരെ പ്രതീക്ഷ പകരുന്ന കാര്യമാണ്. 

മീനച്ചില്‍ നദീജലസംരക്ഷണസമിതിയുടെ പ്രഥമ ചെയര്‍മാന്‍ പ്രൊഫ ആര്‍ എസ് പൊതുവാള്‍ കേരളനദീസംരക്ഷണ സമിതിയില്‍നിന്ന് സെക്രട്ടറി പ്രാഫ. എസ് സീതാരാമന്‍ , ശ്രീ ഗോപാലകൃഷ്ണമൂര്‍ത്തി മുതലായവര്‍ പ്രസംഗിച്ചു. സര്‍വശ്രീ ജോണി ജെ പ്ലാത്തോട്ടം, മാധവന്‍ മാറിടം, ജോസാന്റണി മുതലായവര്‍ നദീസംരക്ഷണത്തെയും മീനച്ചിലാറിനെയും പറ്റിയുള്ള കവിതകള്‍ അവതരിപ്പിച്ചു എന്നത് ഈ യോഗത്തിന്റെ ഒരു സവിശേഷതയായിരുന്നു.

No comments:

Post a Comment