Tuesday 8 October 2024

കാവ്യകേളി മത്സരാര്‍ഥികള്‍ക്ക് ഒരു കൈപ്പുസ്തകം

ആമുഖം

ആദ്യകാല മലയാള സാഹിത്യ പ്രസ്ഥാനമായിരുന്ന ചമ്പുക്കളിലെ ഗദ്യംപോലും പദ്യസ്വഭാവമുള്ളതായിരുന്നു. പദ്യരചനയിലുള്ള പ്രാവീണ്യമാണ് മലയാളത്തിലെ സിനിമാഗാനങ്ങളിലെ സുന്ദരമായ ഗാനങ്ങളുടെ പോലും ഒഴുക്കിനും മാധുര്യത്തിനും കാലാതീതമായ ആസ്വാദ്യതയ്ക്കും കാരണം. പണ്ടുമുതലേ നടത്തപ്പെട്ടിരുന്ന അക്ഷരശ്ലോകസദസ്സുകള്‍ കുട്ടികളിലെ സംസ്‌കൃതവൃത്തങ്ങളിലുള്ള പദ്യാലാപന- പദ്യരചനാ പാടവം വളര്‍ത്താന്‍ സഹായകമായിട്ടുണ്ട്. എന്നാല്‍ 1979 മുതല്‍മാത്രമാണ് മഹാകവി വൈലോപ്പള്ളി ശ്രീധരമേനോന്റെ നിര്‍ദേശപ്രകാരം ഭാഷാവൃത്തങ്ങളുപയോഗിച്ചും അത്തരത്തിലൊരു മത്സരം സ്‌കൂള്‍യുവജനോത്സവങ്ങളില്‍ നടത്താന്‍ തീരുമാനിക്കുന്നത്.
 

കാവ്യകേളി എന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്  സഹായകമായ വിധത്തില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നു.
ഭാഷാവൃത്തനിബദ്ധമായ രചനകളില്‍ തത്പരരായ എല്ലാ സഹൃദയരും ഇതോടൊപ്പം കൊടുത്തിട്ടുള്ള ഡ്രാഫ്റ്റിലെ കാവ്യഭാഗങ്ങളില്ലാത്ത അക്ഷരങ്ങള്‍ കൊണ്ടു തുടങ്ങുന്ന എട്ടു വരികളോ ഇതിനടിയില്‍ അവസാനം പ്രസിദ്ധീകരിക്കുന്ന കവിതാഭാഗത്തിന്റെ അഞ്ചാം വരിയിലെ ആദ്യ അക്ഷരം കൊണ്ടു തുടങ്ങുന്ന 8 വരികളോ പകര്‍ത്തി  താഴെകൊടുക്കുന്ന വാട്‌സ് ആപ്പ്ഗ്രൂപ്പിന്റെ അഡ്മിനായ  എനിക്ക് അയച്ചുതന്നുകൊണ്ട് ഈ സംരംഭത്തില്‍ സഹകരിക്കാം. രചനകളിലെ വൃത്തഭംഗങ്ങള്‍ ചൂണ്ടിക്കാട്ടിയും സഹകരിക്കാം. രചയിതാവിന്റെ പേരിനോടൊപ്പം ഫോണ്‍ നമ്പരും കവിതയുടെ പേരും അവസാനം ചേര്‍ക്കണം. പുസ്തകമായി പ്രസിദ്ധീകൃതമാണെങ്കില്‍ പുസ്തകത്തിന്റെയും പ്രസാധകന്റെയും പേരുകള്‍ കൂടി ചേര്‍ക്കാം.

 

സ്വയം അര്‍ഥപൂര്‍ണതയുള്ള, കാവ്യഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് കാവ്യകേളി മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സഹായകമായ വിധത്തില്‍ രചിക്കപ്പെടുന്നതാണ് ഈ പുസ്തകം ഇതിന്റെ രചനയില്‍ പ്രായഭേദമെന്യേ സോഷ്യല്‍ മീഡിയായിലെ  വിവിധ കവിതാ ഗ്രൂപ്പംഗങ്ങള്‍ക്ക് പങ്കെടുക്കാം.  സൃഷ്ടിപരമായ സഹകരണം ചെയ്യുന്നവര്‍ക്കെല്ലാം പകുതിവിലയ്ക്ക് പുസ്തകത്തിന്റെ കോപ്പികള്‍ നല്കുന്നതും അവര്‍ക്ക് അവ സ്‌കൂളുകളില്‍ നഷ്ടംവരില്ലാത്ത വിലയ്ക്ക് നല്കി പ്രചരിപ്പിക്കാവുന്നതുമാണ്. മലയാള ഭാഷാവൃത്തനിബദ്ധമായ രചനകളില്‍ തത്പരരായ ആര്‍ക്കും  സ്വന്തം കവിതകളില്‍നിന്നുള്ളവ ഉള്‍പ്പെടെ ഇഷ്ടപ്പെട്ട കവിതാഭാഗങ്ങളുള്‍പ്പെടുത്തി ഈ സംരംഭത്തില്‍ സഹകരിക്കാവുന്നതാണ്. ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളതോ മരണമടഞ്ഞവരോ ആയ കവികളുടെ 8 വരികള്‍ മാത്രം ദൈര്‍ഘ്യമുള്ള കാവ്യഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പുസ്തകം രചയിതാക്കളുടെ കവിതകളിലേക്കുള്ള പ്രവേശികയുംകൂടിയാകണം.
     

നാമപ്രിയന്‍ -686579
അഡ്മിന്‍ 8848827644  
കാവ്യലയം വാട്‌സ് ആപ്പ്  ഗ്രൂപ്പ്:
Follow this link to join my WhatsApp group: https://chat.whatsapp.com/DWk7P9oNJKmFEvfso8r5D0



  


'അമ്മേ' എന്നു വിളിച്ചുള്ളിലേക്കു നീ
ശ്വാസമെടുക്കവെ ഓര്‍ക്കൂ:
നീ നിന്നിലമ്മയെ ഗര്‍ഭം ധരിക്കയാ-
ണമ്മയോ ഗര്‍ഭിണി നിന്നില്‍!!
'ദൈവമേ ദൈവമേ ദൈവമേ' എന്നു നീ
നിശ്വസിക്കുമ്പോഴുമോര്‍ക്കൂ:
അമ്മയീ ഭൂവില്‍ പിറന്നു വീഴുന്നിതാ
അമ്മതന്‍ ഗര്‍ഭത്തിലാം നീ!
(ജോസാന്റണി, 'അമ്മേ ദൈവമേ')
അലസതവെടിഞ്ഞുണര്‍ന്നീടണം നീ
അഹ, മിഹമിവയ്ക്കിടയ്ക്കുള്ളതാമീ
യറിവിനെയറിഞ്ഞീടിലുള്ളതെല്ലാം
അകമുഖമൊരാനന്ദസിന്ധുവല്ലോ!
അതിലൊരു മഹാനൗകയാണു ലോകം
അതു തുഴയുവാന്‍ ശക്തിയേകിടാം ഞാന്‍
ഇവിടെയിനിയിപ്പോള്‍ പുഴയ്‌ക്കൊഴുക്കായ്
ഒരു ചെറിയ കാറ്റായുമെത്തിടാം ഞാന്‍!
(ജോസാന്റണി, ആത്മശക്തി)

അഹന്ത പാറപോ,ലതിന്റെയുള്ളിലു-
ണ്ടൊരാത്മബിംബമി'ങ്ങകംപൊരുള്‍' പുറ-
ത്തെടുക്കുവാന്‍ പുറം തകര്‍ത്തു നീങ്ങുമീ
ഉളിക്കു, പീഡകള്‍ സഹിച്ചു നിത്യവും
വിധേയനാകുവാനെനിക്കു വയ്യ; എന്‍
കരള്‍ മരുപ്പര; പ്പിരുള്‍പ്പരപ്പിതില്‍
അരുള്‍പ്രവാഹമായ്, പ്രകാശമായ് വരും
ഗുരോ നിനക്കു ഞാന്‍ വിധേയനായിടാം!
(ജോസാന്റണി, വിധേയന്‍)

അറിയണം: നിനക്കു നേര-
മുണ്ടു, നീ ഭരിക്കുവാന്‍
തുനിയുമെങ്കി, ലലസതയ്ക്കു
നിമിഷമേകിടൊല്ല നീ!
ഇവിടെയിപ്പൊഴെന്തു ചെയ്യണം?
കുളിച്ചുണര്‍ന്നിടാ-
തൊഴുകിവന്നിടുന്നതീ-
വിധം പകര്‍ത്തിവയ്ക്കണോ?
(ജോസാന്റണി, ആത്മഭാഷണം - ഒന്ന്)
അറിയായ്മതന്‍ ശൂന്യപാത്രങ്ങളായന്നു
നടകയറിവന്നവര്‍, പല വഴിയെ പോന്നവര്‍
അഭയമാകുന്നൊരീയമ്മതന്‍ നെഞ്ചിലേ-
ക്കണയവേ നിറയുന്ന സാന്ത്വനസ്പര്‍ശവും
തണലും തണുപ്പുമീപ്പൂമണം പൂശിയി-
ങ്ങണയുന്നതെന്നല്‍ത്തലോടലിന്‍ ശാന്തിയും
സമയപ്രവാഹത്തെ നമ്മള്‍ക്കളന്നൊരീ
മണിയൊച്ചയും നമുക്കന്യമാകുന്നിനി...
(ചാക്കോ സി. പൊരിയത്ത്, പാഥേയം, പച്ചില പഴുതില, മീഡിയാ ഹൗസ് കോഴിക്കോട്)

അറിയുകില്ലെനിക്കെന്തിതിന്നര്‍ഥമെ-
ന്നഴലുമാറ്റുന്ന സംഗീതസാന്ദ്രമാ-
മൊരുവിഷാദാര്‍ദ്ര ഭാവഗീതത്തിലൂ-
ടൊഴുകിയെത്തീ കുളിര്‍കാറ്റുപോലെ നീ!
എവിടെ നീയെന്നു ചോദിച്ചു പോയി ഞാന്‍
'എവിടെയില്ലാ ഞാ'നെന്നു ചൊല്ലുന്നതാര്‍
അവിടെയുണ്ടുനീ; ഇവിടെ ഞാന്‍--നമ്മിലു-
ണ്ടിരുവരും കണ്ടിടാത്തതീ സത്യമായ്!
(ജോസാന്റണി, മധുരമന്ദസ്മിതാനന്ദ പൂര്‍ണിമേ!!)
ആ'
ആത്മ-പരമാത്മസംവാദമായ് നിത്യവും
എഴുതേണ്ടതൊരു പദ്യമായിപ്പോഴൊഴുകുന്നു.
ഗുരുവിന്റെ മൊഴിയോര്‍ത്തു,ബോധപൂര്‍വംമാത്ര-
മിവിടെ നീ കര്‍മങ്ങള്‍ ചെയ്യണം, മൊഴിയണം.
എഴുതുന്നതും ഗണേശന്‍ മഹാഭാരതം
എഴുതുവാനെത്തവേ വ്യാസന്‍ മൊഴിഞ്ഞപോല്‍
പൊരുളറിഞ്ഞാകണം, സമയം അമൂല്യമെ-
ന്നൊരു നിമിഷവും മറന്നീടാതെയാകണം.......'
(ജോസാന്റണി, ആത്മഭാഷണം)

ആറു ദിനങ്ങളദ്ധ്വാനിച്ച ദൈവവും    
ഏഴാംദിനം വിശ്രമിച്ചു, മര്‍ത്യര്‍ക്കുമാ
വിശ്രമത്തിന്നായ് വിധിച്ചു സാബത്തു; നാ-
മാചരിച്ചീടവേ, യര്‍ഥമോര്‍ത്തീടണം!
ആറു വര്‍ഷങ്ങള്‍ക്കു ശേഷമായ് സാബത്തു-
വര്‍ഷവും ദൈവം വിധിച്ചു; ദേശത്തിന്റെ
വിശ്രമവര്‍ഷമായ്, ദൈവം തരുന്നതി-
ലാശ്രയിച്ചൊക്കെയുമാസ്വദിച്ചീടുവാന്‍!
(ജോസാന്റണി, സ്‌നേഹാര്‍ഥം)

....ഇങ്ങു നാം കാണുന്നൊരന്നദാതാക്കളാര്‍?
അന്നം വിളയിച്ചിടുന്നവര്‍, കര്‍ഷകര്‍!
അധ്വാനമില്ലാതെയുണ്ടായതല്ല, നാ-
മിങ്ങു ഭുജിക്കുന്നതൊന്നുമെന്നോര്‍ക്കുക!
തൂമ്പ, കോടാലി, വാക്കത്തിയെന്നിങ്ങനെ
നൂറുനൂറായുധങ്ങള്‍ കൃഷിക്കായ് പണി
ചെയ്യുവോര്‍, ചോറും കറികളും വയ്പവര്‍,
- ഓര്‍ക്കുകിലന്നദാതാക്കളാണേവരും!!......
(ജോസാന്റണി, അന്നധന്യത)

ഇതുപോ, രിതിലില്ലഴലോ നിഴലോ
പദലാസ്യഭ്രമമൊഴിവാക്കുകയെ-
ന്നരുളുന്നവനോടരുളുക ലാസ്യം
-ഇതു രതിയരതിയൊടരുളും പൊരുളാം.
അരതിയിലരളുമൊരനുപമഹൃദയ-
സ്മിതലയലഹരിയിലെഴുതുവതിവനില്‍
രതിലയലാസ്യസ്മൃതികളടങ്ങാന്‍
വഴിയിതു വഴി തിരയുന്നവരറിയാ!
(ജോസാന്റണി, സ്‌നേഹാര്‍ഥം)

ഇതുമൊരു ഗുരുകുലമെന്നരുളിയ ഗുരു
്അതുവഴിയിവനായരുളിയനുഗ്രഹ-
മതിലലിയു, ന്നൊഴുകുന്നു, വരുന്നവ
അതിനായുള്ള  നിയോഗപരമ്പര!
അറിയുന്നീ, ലിവിടിന്നിന്തെല്ലാം
അനുഭവമാകാനുണ്ടെ, ന്നെന്നുടെ
ബോധതലത്തിന്‍ മുറിവാ, ലെങ്കിലു-
മറിയുന്നൊക്കെ നിയോഗപരമ്പര!......
(ജോസാന്റണി, നിയോഗപരമ്പര)

ഇനിയുമെന്തറിഞ്ഞെന്ന ചോദ്യത്തൊടൊ-
ത്തരികിലെത്തുന്ന സാന്ത്വനം പോലെയാം
'ഇതുകിനാവില്‍ മധുസ്മിത' മെന്നുചൊ-
ന്നൊഴുകിയെത്തുന്ന സങ്കല്പമാധുരി,
കവിത, കല്പനാലാസ്യമോ വാക്കുകള്‍
ഒഴുകി വന്നിങ്ങു നൃത്തമാടുന്നതോ?
അറിയുകില്ലെനി, ക്കെന്നിലൂടീവിധം
അരുളൊഴുക്കാം, കുളിച്ചിടുന്നിന്നു, ഞാന്‍!
(ജോസാന്റണി,)

ഇവിടെ ശബ്ദത്തിന്‍ പൊരുള്‍തന്നെയാം നിന്റെ
കവിതയെന്നറിയണം, ശബ്ദമിങ്ങാകാശ-
ലയമാണു, ജീവിക്കുവാനിടം നല്കുമാ-
ലയമാണു, ഗഹനമീ നിമിഷാര്‍ഥനാദമാം
ബ്രഹ്‌മസംഗീതത്തിലൊഴുകലാം കവിത, 'നീ
ബ്രഹ്‌മ'മെന്നനുഭവിച്ചറിയിക്കുവാനുള്ള
വഴിയാണു, പുഴയാണു, നിഴലിന്റെ പിന്നിലു-
ള്ളഴകാണു കവിത, നീ ഋഷിദൃഷ്ടി നേടുകില്‍!
(ജോസാന്റണി, കവി ഋഷി)

'ഇവിടെ ഞാനറിഞ്ഞീടുന്നതൊക്കെ നിന്‍
മൊഴി, യഴല്‍തിങ്ങുവോര്‍ക്കഴല്‍ മാറ്റുവാന്‍
മൊഴിയിതിന്നാവുമോ, വ്യര്‍ഥമാണു നിന്‍
കനിവു ചോര്‍ന്നൊരീ വാക്കുകള്‍ തന്‍ വഴി!'
'അറിയണം നീ, നിനക്കു നിസ്സംഗമായ്
മൊഴിയുവാനായിടുമ്പൊഴാം കണ്ണുനീര്‍
സഹജരൊത്തു തൂകീടവേയല്ലയി-
ങ്ങഴലുമാറി സന്തോഷമുണ്ടാവുക!'
(ജോസാന്റണി, നിസ്സംഗമൊഴി)

ഈ വഴിയോരത്തൊരു മധുരസ്മിത-
മായണയുന്നൊരു കവിതാമുഖി നിന്‍
നിര്‍ന്നിദ്രസ്മൃതിയെന്നിലുണര്‍ന്നാല്‍
നിര്‍വൃതിയായെന്നിന്നലെവരെ ഞാന്‍
കരുതിയിരുന്നൂ, നിന്‍ കവിളില്‍ നിന്‍
ക്രൗര്യമുണര്‍ന്നതു കാണാനിന്നലെ-
യിടയായ് നിന്നുടെ സൗമ്യതപോലതു-
മൊരു സത്യം, നീ സ്ത്രീയോ ഭൂവോ?
(ജോസാന്റണി, സ്ത്രീയോ ഭൂവോ?)

ഉള്ളിത്തൊലിക്കു സമം പ്രേമ, മുള്ളിതന്‍
ഉള്ളിലെ വാസനയെന്നതല്ലാ-
തുള്ളതെന്തെന്നു ചോദിക്കവെ കേട്ടു ഞാന്‍:
'ഉള്ളതു ഭക്തി, മുളക്കരുത്ത്!
മണ്ണിലലിഞ്ഞു തൊലിയഴിഞ്ഞീടിലേ
കണ്ണിലീയുള്ളിതന്നുള്ളിനുള്ളില്‍
ഉള്ളതാം ഭക്തി മുളക്കരുത്തായ് പുറ-
ത്തുള്ളില്‍നിന്നെത്തിച്ചിരിച്ചുനില്ക്കൂ!
(ജോസാന്റണി, ഉള്ളിയിലുള്ളത്)

ഉള്ളിലാണൊക്കെയുമെന്നു ചൊന്ന്
ഉള്ളില്‍ നിറഞ്ഞു കവിഞ്ഞവന്‍ നീ.
മണ്ണിലൊന്നും സ്വന്തമല്ല, ഉള്ളി-
ന്നുള്ളിലുള്ളോന്‍ സ്വന്തമെന്നറിഞ്ഞാല്‍
സ്വന്തമല്ലാത്തതായൊന്നുമില്ല,
പോസ്റ്റുമാനായ് സ്വയം കണ്ടിടേണം
പോസ്റ്റുമാന്‍ പോസ്റ്റല്‍ വകുപ്പുതന്നെ
എന്നൊക്കെയുള്‍ക്കാഴ്ചയേകിയോന്‍ നീ.
(ജോസാന്റണി, നീയെനിക്കാരാണ്?)

......ഉള്ളിലിത്തിരി സുഖമുണ്ടതു കാണാന്‍ വള്ളം
വെള്ളത്തിലൂടെ  ചാഞ്ഞും ചെരിഞ്ഞും കടക്കുന്നു
തൂണുകള്‍ പണിയുന്നു, പാലമായെന്നാല്‍ കാണാ-
നാണയിട്ടവനോര്‍ത്തു: 'വയ്യെനിക്കിതു മേലില്‍.'
കടത്തന്‍ കിടപ്പിലായെങ്കിലും കരയ്‌ക്കെത്തി-
ക്കഴുക്കോലെടുത്തൂന്നും മട്ടിലോര്‍ത്തിടും നെഞ്ചില്‍
തൂണുകള്‍ തൂര്‍ന്നു, പാലം വാര്‍ക്കലിനിനിയേറെ
ക്കാണില്ല, വിളംബമന്നാളിലേ വെള്ളം പൊങ്ങി.....
(അഗസ്റ്റിന്‍ ഇടമറ്റം, കടത്തുകാരന്‍)

ഉള്ളിലുണ്ടുള്‍പ്പൊരുളെന്നറിഞ്ഞുണ്മതന്‍
ഉള്ളില്‍ ഉഷസ്സായുദിച്ചു നില്ക്കുന്ന നീ
ഉണ്ടെന്നുമില്ലെന്നുമിങ്ങുതര്‍ക്കിപ്പവര്‍
ഉന്മാദരോഗികളെന്നു കാണുന്നു നീ!
ഊഹമപോഹവും ചേര്‍ത്തുളവാക്കിയ
ഊനങ്ങളുള്ള രൂപങ്ങളിലല്ല നീ
ഊണുമുറക്കവുമില്ലാത്ത നിന്നുണര്‍-
വൂഷ്മളമാ,ണൊപ്പമാര്‍ദ്രവും കണ്ടു ഞാന്‍!
(ജോസാന്റണി, ഊഷ്മളാര്‍ദ്രന്‍)

ഊഹാതീതം എന്‍ സ്വപ്‌നത്തിന്‍ ഊഷ്മളമാം പഥങ്ങളില്‍
ഊതും നിന്‍ കാ,റ്റിതു കൊടുങ്കാറ്റുതന്നെയാം!
ഊണിന്നാസ്ഥ കുറയ്ക്കും നിന്‍ ഭാവസ്പന്ദം ഭൂതാതീതം
ഊയലാടും ഹൃദയമാണെന്റെ സ്വത്തിപ്പോള്‍!!
'ഉണരുക,യുണര്‍വോടെ മിഴി തുറന്നിരിക്കുക
മിഴികളില്‍ നിറഞ്ഞീടും സത്യസങ്കല്പം'
മിഴിക്കുള്ളില്‍ മിഴിയുന്ന ചിത്രം ഞാനെന്നറിഞ്ഞീടും
നിമിഷത്തില്‍ ലഭിച്ചീടും നിനക്കു മുക്തി!
(ജോസാന്റണി, ഭൂതാതീതം)

ഋതവാദിയാണു ഞാന്‍, ഋതുഭേദമല്ലല്ല
ഋതമെന്നറിഞ്ഞിവിടെയുള്ളതെന്തെന്നുമതി-
നുള്ളിലെന്തെന്നുമറിയാത്ത ഞാന്‍ തിരയവെ,
'തിരയല്ല കടലാണു സത്യ'മെന്നൊരു മൊഴി!
'നിന്‍ മിഴി തുറക്കുക' തുടര്‍ന്നിതും കേട്ടു ഞാന്‍:
'തിരയിലൊരു നുരയിലെ ചെറുകുമിളയാണു നീ
കടലല്ലനന്തമാം വിശ്വമാം നിന്‍ മിഴി
മിഴിയല്ല, മിഴിയിലണയും കിരണമാം ഋതം!!
(ജോസാന്റണി, ഋതവാദി)

എഴുതിടേണമെന്നുമെന്ന
മൊഴിയിലന്നുണര്‍ന്നു നീ
എഴുതിടാതലഞ്ഞിടുമ്പൊ
ളൊഴുകിയിന്നലിഞ്ഞു നീ
ഇനിയുമെന്തു ചൊല്ലണം?
നിനക്കു കാവ്യസാധന-
യ്ക്കിനിയുമില്ല നേരമെന്നു
ചൊല്ലിടേണ്ടതില്ല നീ!
(ജോസാന്റണി, ആത്മഭാഷണം - ഒന്ന്)

കവി;
എഴുതുക, കരള്‍ക്കുത്തൊഴുക്കില്‍ ലയി;ച്ചവിടെ-
യൊഴുകിടുവതേതു മൗനാര്‍ദ്രഭാവം? മൃദുല-
മൊരു സ്വരമതില്‍ ജലതരംഗമായ്‌ക്കേള്‍ക്കുവാന്‍
ഒരുവളകലെക്കാത്തിരിക്കുന്നു തൂലികേ!
തൂലിക:
അറിയുകയെനിക്കില്ല ചിന്ത,യിെന്നന്നെയി-
ങ്ങൊരുകരമിതീവിധമവര്‍ണ്യവര്‍ണങ്ങളുടെ
വടിവരുളിടാന്‍ ചലിപ്പിക്കവേ മര്‍ത്യര്‍ക്ക-
തരുളുന്ന രസഭാവമൊന്നുമറിവീല ഞാന്‍!........
(ജോസാന്റണി, ആത്മദര്‍ശനം, ദര്‍ശനഗീതങ്ങള്‍്)

ഏഴു വര്‍ണങ്ങളും ലോകത്തിനേകവെ-
യാണമ്മ കാളിയായ്ത്തീര്‍ന്നൂ.
ഏഴു വര്‍ണങ്ങളും കണ്ടു രമിക്കുവാന്‍
നീ പിറക്കേണമീ മണ്ണില്‍!
കാളിയില്‍നിന്നു നീ ഭൂവില്‍ ജനിക്കവെ
അസ്വസ്ഥനാകാതിരിക്കാന്‍
'ദൈവമേ, ദൈവമേ, ദൈവമേ' എന്നുള്ള
മന്ത്രം നിനക്കരുളാകും!
(ജോസാന്റണി, 'അമ്മേ ദൈവമേ')
ഏറ്റവും മൂല്യമെന്തിന്നെ-
ന്നിങ്ങറിഞ്ഞീടാതെ സ്വര്‍ഗം
നേടുവാനാവില്ല, സ്വര്‍ഗം
ഇന്ദ്രിയാതീതമാനന്ദം!
ഇന്ദ്രിയമൊക്കെയും സ്വന്തം
ഇച്ഛയ്ക്കധീനമാക്കീടാന്‍
ആവുകില്‍മാത്രമാം സ്വര്‍ഗം!
ആത്മഹര്‍ഷം തന്നെ സ്വര്‍ഗം!!
(ജോസാന്റണി, അര്‍ഥരഹസ്യം)

ഐകമത്യം ബലമെന്നുമതുകൊണ്ടു വരിച്ചീടാം
ഐശ്വര്യത്തിന്‍ മഹാരാജ്യമെന്നു കാണുന്നോര്‍
അകംപൊരുളറിഞ്ഞുണര്‍ന്നുണര്‍വെന്തെന്നറിഞ്ഞവര്‍
അകത്തുള്‍ക്കൊണ്ടിടും മഹാരാജ്യം കാണാത്തോര്‍.
അകത്തുള്ള മഹാരാജ്യം കണ്ടിടുന്നോര്‍ക്കൈക്യപ്പൊരു-
ളറിഞ്ഞുലകിതില്‍ മാറ്റം വരുത്താനാവും
ഉലകിന്റെ മാറ്റം വെട്ടിപ്പിടിച്ചെടുക്കുന്നൊര്‍ക്കുളവാക്കാന്‍
കഴിയില്ലെന്നറിഞ്ഞാലേ ജയിക്കാനാവൂ.
(ജോസാന്റണി, ജയരഹസ്യം)

ഒഴുകി വരുന്ന കിനാവിലൂടെയാം ഞാ-
നൊഴുകിയലഞ്ഞതു; നീയുമിത്രകാലം
ഒരു ചെറുതോണിയിലേറിയാം തുഴഞ്ഞു
കനവിലുണര്‍ന്നൊരു കുഞ്ഞലയ്ക്കുമീതേ!    
ഇതുവരെ നമ്മളറിഞ്ഞതില്ല കാലം
കട; ലതിലുള്ളതൊരേ പൊരുള്‍; നമുക്കാ
പൊരുളരുളെന്നറിയിക്കുവാനൊരിക്കല്‍
വരുമൊരു കാ, റ്റതില്‍ നിന്റെ തോണി മുങ്ങും!
(ജോസാന്റണി, തോണി)

ഒറ്റപ്പെടാമെങ്കിലും, സ്വപ്‌നവീഥിയി-
ലിറ്റു നിരാശയും വേണ്ട, വഴി പുഴ-
യത്രെ, യിങ്ങിറ്റു മഴ പെയ്തിടാന്‍ കാടു-
മിങ്ങു വേണം, മറക്കുന്നു, നാമെപ്പൊഴും.
കാടു കാമാദി, വേരോടെ പിഴുതിടാന്‍
നാം വൃഥാ നോക്കു,ന്നതാഴത്തില്‍ വേരുള്ള  
തൈ, വെട്ടിയാല്‍ ശക്തിയോടെ വളര്‍ന്നിടും,
വെട്ടാതിരിക്കിലേ കാടായ് വളര്‍ന്നിടൂ!
(ജോസാന്റണി, തോണി)


ഓണമെന്നാല്‍ അര്‍ഥമില്ല, കഥമേലെ പണിചെയ്ത
മണല്‍മാളിക മഴപെയ്താല്‍ ഒലിച്ചുപോകും.
കഥയില്ലാ ജീവിതത്തില്‍ കണക്കുകള്‍ തെറ്റിയാലും
മണിമന്ദിരങ്ങളൊക്കെ  തകര്‍ന്നു വീഴും.
സ്വപ്നമെല്ലാം ഉറക്കത്തില്‍ കണ്ടു വിസ്മരിച്ചിടേണം
ജീവിതത്തില്‍ യാഥാര്‍ഥ്യം മാത്രമാം സത്യം.
യാഥാര്‍ഥ്യമെന്നു നിങ്ങള്‍ കരുതീടും കാര്യജാലം
പോലുമോര്‍ത്താല്‍ സങ്കല്പസുരഭിലമാം.......
(ജോസാന്റണി, ശാസ്ത്ര-സാഹിത്യ സംവാദം)

ഓരോ മൗനവുമൂഷ്മളസൗഹൃദ-
സാഗരമല്ലോ, സന്ധ്യ നിലാവിനൊ-
ടതുപോല്‍ സൂര്യന്‍ ചന്ദ്രനൊടും ചൊ-
ന്നീടുവതെന്താണെന്നറിയാന്‍ മൗനം
മൊഴിയുവതെന്തെന്നറിയുക, യുള്ളിലെ
സൂര്യനെയും ചന്ദ്രനെയും കാണുക,
മന്ദസ്മിതസംഗീതലയോഷ്മള-
സൗന്ദര്യപ്പൊരുളില്‍ സ്വയമലിയുക!
(ജോസാന്റണി, മൗനമൊഴി)

ഔഷധമില്ലാ രോഗം നമ്മുടെ-
യന്ധതമാത്രം, കണ്ണില്ലാത്തവ-
നെങ്ങനെ കാഴ്ച കൊടുക്കാനാവും?
കാഴ്ചപ്പൊരുളറിയിക്കാനാവും?
സൂര്യനുമതിലെക്കിരണസഹസ്രവു-
മവയരുളുന്ന മനോഹരലോകവു-
മിരുളല്ലെന്നറിയിച്ചാല്‍ മതിയോ
കണ്ണില്ലാത്തവനനുഭവമാകാന്‍?
(ജോസാന്റണി, അന്ധത)
അം

...കഴിഞ്ഞ കാലത്തിന്റെ കാളിമയകറ്റും പോല്‍
കൊഴിഞ്ഞ മോഹത്തിന്റെ പീലികള്‍ വിടര്‍ത്തും പോല്‍...
കത്തിന്നു വീണ്ടും! നീലക്കവറില്‍! കരളിന്ന-
കത്തിന്നുത്സവം... കാറ്റിന്‍ ചുണ്ടത്തുത്സവാരവം.
കത്തിതപ്രതീക്ഷിതം ഉള്ളിന്റെയുള്ളിലാളി-
ക്കത്തിയ തീകെടുത്തിക്കൊണ്ടെത്തി പൊന്നോണം പോല്‍..
പൊട്ടിച്ചു ഞാനീക്കത്തുവായിക്കും മുന്‍പുള്ളിലെ
പൊട്ടിയ തംബുരുവില്‍ കൈവിരലോടിക്കട്ടെ...
(കൃഷ്ണന്‍കുട്ടി തൊടുപുഴ  9446028002, മഞ്ഞലകളില്‍ക്കൂടി, വഴികള്‍ ചോദിച്ച് ചോദിച്ച്)
കാലമകാലികനായൊരാത്മാവിന്റെ
കാലടിപ്പാടോ കള്‍ച്ചില്ലയില്‍പ്പൂത്തു
വാടിവീഴുന്ന പൂവിന്‍ മോഹഭംഗമോ?
കായകള്‍ പൂവിന്റെ വാസനാനാശമാം.
വാസന, യുള്ളിതന്‍ വാസനപോല്‍ വേരി-
ലാണല്ലോ, മണ്ണിലാണല്ലോ പൂവിന്നതു
വിണ്ണിലെത്തിക്കുവാന്‍ മണ്ണുനല്കുന്നതാം.
മണ്ണല്ല, വിണ്ണല്ല, യാകാശപൂര്‍ണത!
(ജോസാന്റണി, ആകാശപൂര്‍ണത!)
ക്രി
ക്രിസ്തുവിന്നനുയായിയായീടുവാന്‍
വാസ്തവത്തിലിങ്ങാഗ്രഹിച്ചീടുവോര്‍
സത്യസങ്കല്പവീഥിയിലുള്ളതാം
മിഥ്യകള്‍ കണ്ടറിഞ്ഞേ ചരിക്കണം!
ദൈവരാജ്യവും നീതിയും തേടണം
ഭാവിയെക്കുറിച്ചാധിവേ; ണ്ടോര്‍ക്കണം
വേണ്ട, വേണ്ട ധനാസക്തി; യൊക്കെയും
വേണ്ടുവോളമീ ഭൂവിലുണ്ടോര്‍ക്കണം!
(ജോസാന്റണി, ധനം ധന്യഭാവം)


....ഗുരുവരുളിന്‍പൊരുളറിവരുളുന്നൊരു-
പരമാനന്ദരഹസ്യം: ശിഷ്യനു
സ്വയമറിയുന്നവയറിയിക്കുമ്പോള്‍
ഗുരുവിനുകിട്ടും മോക്ഷാനന്ദം.  

ഗുരുവിനെ വിശ്വാസത്തിലെടുത്തൊരു
ശിഷ്യനുമതുപോല്‍ പരനില്‍ പരനെ
പരമാനന്ദപ്പൊരുളായായ് കാണാന്‍
പരനില്‍ സ്വയമലിയാനും കഴിയും.
(ജോസാന്റണി, നിയോഗപരമ്പര)







ഞാനാണു നീയെന്നറിഞ്ഞെന്നില്‍ മാത്രമാം
ജ്ഞാനമെന്നോര്‍മിച്ചു നിന്നിലുള്ളെന്നിലെ
സാക്ഷിഭാവത്തില്‍ രമിച്ചു ചരിക്കുക,
സാക്ഷിതന്‍ കണ്ണൂ നീ, ഞാന്‍ വെട്ട,മോര്‍ക്കുക.
കണ്ണിലേക്കെത്തും പ്രകാശമാ,ണല്ലാതെ
കണ്ണിലെത്താത്ത പ്രകാശമല്ലുണ്മതന്‍
സത്തെന്നറിഞ്ഞ,തില്‍ ചിത്തെന്നറിഞ്ഞതില്‍,
സച്ചിദാനന്ദപ്പൊരുളു കണ്ടെത്തുക.
(ജോസാന്റണി, കണ്ണൂ നീ)






തന്‍ മുലക്കണ്ണിന്‍ കറുപ്പിനാല്‍ കുഞ്ഞിനെ
നിത്യം ക്ഷണിക്കുന്നൊരമ്മ
വെട്ടം സഹിക്കുവാനാവാതെയക്കുഞ്ഞു
കേഴവെ സ്തന്യമേകുന്നോള്‍!!
സ്തന്യം വെളുത്തതാ,ണുള്ളില്‍ അതെത്തവെ
കുഞ്ഞിന്നു വെട്ടം സഹിക്കാന്‍
കെല്പു കിട്ടുന്നു, കുഞ്ഞിന്നു തന്നമ്മ ഹാ!
ദൈവമാതാവാണു പിന്നെ!
(ജോസാന്റണി, 'ദൈവമാതാവ്')

ദൈ
.....ദൈവമക്കളായ്ത്തീര്‍ന്നു മര്‍ത്യര്‍ സ്വയം
ദൈവസമ്പത്തു പങ്കുവച്ചീടവെ
വേണ്ടവര്‍ വേണ്ടപോലെടുത്തീടിലും
'വേണ്ട വേ'ണ്ടെന്നഭാവം സ്വയം വരും!
പങ്കു കൂടുതല്‍ ദുര്‍ബലര്‍ക്കേകിടും!!
ശങ്കയെന്നിയെ ദൈവരാജ്യം വരും!!!
ദൈവരാജ്യമീ ഭൂമിയില്‍ വന്നിടില്‍
ദൈവനീതിയും സ്‌നേഹവും പൂവിടും!
(ജോസാന്റണി, ധനം ധന്യഭാവം)
ദൈ
.....ദൈവത്തിനുള്ളതാം പഞ്ചേന്ദ്രിയങ്ങളും
ദൈവം മനുഷ്യര്‍ക്കു നല്കിയിട്ടുണ്ടു, നാം
ദൈവമീ ലോകത്തെ നോക്കിടും പോലെയീ
ലോകത്തെ വീക്ഷിക്കുവാന്‍ പഠിച്ചീടുകില്‍
സ്വന്തമായൊന്നുമിങ്ങില്ലെന്നറിഞ്ഞിടും
പഞ്ചേന്ദ്രിയങ്ങളും 'ദൈവസ്വ'മായിടും!
പിന്നെയീ പ്രാര്‍ഥനയൊക്കെയും സംവാദ-
വേളതന്‍ സ്‌നേഹസന്തോഷോഷ്മളസ്മിതം!!
(ജോസാന്റണി, അന്നധന്യത)
ദൈ
.....ദൈവികം ധന്യഭാവവും വൈഭവം
ഈ വിഭവങ്ങളായതുമാം ധനം!
'സീസറിന്‍മുദ്രയുള്ളതാമിപ്പണം
സീസറിന്റേതു, ദൈവികമല്ലവ!!
ഇങ്ങതിന്‍ സ്ഥാനമോര്‍ത്തുനോക്കീടുകില്‍
വാങ്ങി വില്ക്കലില്‍ 'ദല്ലാ'ളിനുള്ളതാം.
നിങ്ങളാം പണത്തിന്നു കൈമാറുവാന്‍
ഇങ്ങു മൂല്യമേകുന്നതെന്നോര്‍ക്കുക!.....
(ജോസാന്റണി, ധനം ധന്യഭാവം)

നി
......നിന്നെയെന്‍ വൈരുധ്യമായി, വൈവിധ്യമായ്-
ത്തന്നെയറി, ഞ്ഞൊക്കെ ചേര്‍ന്നതായും
ഒന്നുമില്ലായ്മയും സച്ചിദാനന്ദവും
നിന്നില്‍ ലയിച്ചലിഞ്ഞുള്ളതായും
ഞങ്ങള്‍ മറന്നീടിലപ്പോഴെ നീയന്യ-
നങ്ങു ദൂരേയ്ക്കകന്നീടു, മപ്പോള്‍
ഞങ്ങള്‍ തിരഞ്ഞിടും; ഞങ്ങളില്‍ത്തന്നെ നീ-
യിങ്ങൊളിച്ചുള്ളതായ്ക്കാണുമല്ലോ.....
നീ
നീ ശീഘ്രകര്‍ത്തവ്യകൃത്താണു, നിന്നൂര്‍ജ-
മീ ശീഘ്രതയ്ക്കായ് ബലികൊടുത്തീടൊലാ!
നിന്നോടു പണ്ടു മൊഴിഞ്ഞു ഞാന്‍: ഒക്കെയും
സാവധാനം മതി, നിന്‍ ധൃതികൊണ്ടു നീ
ചെയ്യുന്നതൊക്കെയാവര്‍ത്തിച്ചിടേണ്ടതായ്
വന്നിടാറില്ലയോ? ബോധപൂര്‍വംമാത്ര-
മോരോചുവടുമെടുത്തു വച്ചീടുക,
ഓരോന്നിലും സൂക്ഷ്മ ദൃക്കോടെ നോക്കുക.
(ജോസാന്റണി, ധൃതി)
നെ
നെല്‍വിത്തു നെല്‍ച്ചെടിയായി, നെല്ലാ,യരി-
യായതിന്‍ശേഷമീ ചോറായിടുംവരെ
ആരൊക്കെയധ്വാനഭാരം ചുമന്നു? നാം
'ദൈവമേ'യെന്നു വിളിക്കെയോര്‍ക്കേണ്ടയോ?
ഇങ്ങെന്റെ വീട്ടി, ലയല്‍വീട്ടിലും ദൂരെ-
യുള്ള നെല്പാടങ്ങളില്‍പോലുമുള്ളവന്‍
ദൈവമെന്നോര്‍ക്കാതെ നാം വിളിച്ചീടുകില്‍
ദൈവത്തിനില്ല കാതെന്നറിഞ്ഞീടണം.
(ജോസാന്റണി, അന്നധന്യത)

പകലിന്‍വെട്ടം വാര്‍ന്നുകഴിഞ്ഞു, നീലാംബര-
ത്തുളസിത്തറയിലെ വിളക്കു തെളിയവേ
യാത്രചൊല്ലുവാ,നങ്ങേയാശിസ്സിനര്‍ത്ഥിക്കുവാന്‍
മാത്രമായവിടുത്തെ സന്നിധാനത്തില്‍ നില്‍ക്കെ
ഗുരുദക്ഷിണ നല്‍കാന,വിടുന്നാജ്ഞാപിക്കെ
ഒരുമാത്രയെന്‍ കരള്‍ക്കിളി തേങ്ങിയെന്നാലും
അങ്ങനുഗ്രഹിക്കുകി,ലോമല്‍ശിഷ്യനു ജയ-
മംഗളങ്ങള്‍ നേരുകിലിജ്ജന്മം കൃതാര്‍ത്ഥമായ്...
(ചാക്കോ സി. പൊരിയത്ത്, ഗുരുദക്ഷിണ, പച്ചില പഴുതില, മീഡിയാ ഹൗസ് കോഴിക്കോട്)

പണ്ടു,മിന്നുമെനിക്കെന്നിലുള്ളതാം
സ്വാര്‍ഥ,മെന്റെയഹന്തയുമല്ലയോ
നിന്നിലിന്നു വളര്‍ന്നേറിയായിരം
പൂവു, കായ്കളുമുള്ളതാം കയ്പകള്‍!
കയ്പു ഞാനുമറിഞ്ഞവന്‍, നെല്ലികള്‍
നട്ടിടാനോര്‍ത്തതിപ്പൊഴാണോമലേ!  
നിന്റെ മക്കള്‍ക്കതില്‍നിന്നു നല്കണം
നിത്യവും മുതുനെല്ലിക്ക, വെള്ളവും!!
(ജോസാന്റണി, കയ്പയും നെല്ലിയും)

ബ്ര
ബ്രഹ്‌മചര്യമെന്നവാക്കിനുള്ളിലുള്ള ബ്രഹ്‌മമോ
ബ്രഹ്‌മിയുള്ളിലെത്തിയാലുണര്‍ന്നിടുന്നൊരോര്‍മ്മയായ്
വിഷ്ണുവായിടുന്നു? ജീവനില്‍ തുളുമ്പുമോര്‍മ്മയില്‍
വിശ്വബോധമേറിടുമ്പൊഴെത്തിടുന്നവന്‍ ശിവന്‍.
ശൈവഭാവമെന്നിലുള്ളൊരെന്നെ സംഹരിക്കവെ
ദൈവമാണു സത്യമെന്നറിഞ്ഞു ഞാനുണര്‍ന്നിടും
സത്യമാണു ദൈവമെന്നറിഞ്ഞിടുമ്പൊഴാണു ഞാന്‍
എന്നഹന്തമിഥ്യയെന്നറിഞ്ഞുണര്‍വ്വിലാഴുക!
(ജോസാന്റണി, മിഥ്യാലയം)

ഭവമല്ലല്ലോ സത്യം, ഭവഹര-
നിവിടുണ്ടതു ഹരിഹരനാണെന്നി-
ന്നരുളുവതാരോ? ഹരി-ഹരനെന്നതി-
ലെതിരികളുടെ സമവായപരമ്പര!
അറിയുക: ഹരിയുടെ ഹരിതഗൃഹമതു
തകരവെയല്ലോ, പറുദീസായില്‍-
നിന്നു ബഹിഷ്‌കൃതനായീ മനുഷ്യന്‍
ഹരനവനായ് ഭൂവാതില്‍ തുറന്നോന്‍!....
(ജോസാന്റണി, സമവായപരമ്പര)
ഭാ
....'ഭാവനാപുത്രി' മാത്രമാമിപ്പണം
ഭാവിതീര്‍ക്കുന്നൊരാധി മാറ്റീടുവാന്‍
'സര്‍വശക്തമാം വിഗ്രഹം' പോലെയാം
സര്‍വശക്തിയും നേടി വാഴുന്നിതാ!
നിങ്ങള്‍ സീസറിന്‍ഭാവനാധീനരായ്
ഇങ്ങു ദൈവസങ്കല്പം മറക്കവെ
എന്തു കഷ്ടമാ, ണീഭൂമി സീസറിന്‍
ചന്തയായ് മാറിടുന്നിതാ കാണുക!.....
(ജോസാന്റണി, ധനം ധന്യഭാവം)
മം
മംഗളം ശ്രീവിലാസം മഴയായ് വിണ്ണില്‍ നിന്നും
മണ്ണിലേയ്ക്കാവാഹിക്കാന്‍ വേനലില്‍ തപം ചെയ്‌തോന്‍
അര്‍ക്കന്‍ പങ്കെടുക്കാത്തോരുത്സവക്കൊടിയേറ്റം
കര്‍ക്കട വര്‍ഷകന്യാ നൃത്തത്തിന്നരങ്ങേറ്റം
കഴിഞ്ഞു, ചിങ്ങം പടിവാതിലില്‍ കാല്‍വയ്ക്കവേ
കരച്ചില്‍ തെല്ലടക്കാന്‍ പ്രകൃതി ശ്രമിക്കവേ
കഴിഞ്ഞകാലത്തിന്റെ കാളിമയകറ്റും പോല്‍
കൊഴിഞ്ഞ മോഹത്തിന്റെ പീലികള്‍ വിടര്‍ത്തും പോല്‍...
(കൃഷ്ണന്‍കുട്ടി തൊടുപുഴ  9446028002, മഞ്ഞലകളില്‍ക്കൂടി, വഴികള്‍ ചോദിച്ച് ചോദിച്ച്)

....മുപ്പത്തി മുക്കോടി ദൈവങ്ങളായ് ശിലാ-
രൂപികളായി ഞാന്‍ മാറാന്‍
നിങ്ങളില്‍ ഞാന്‍ വളര്‍ന്നീടവെ ഞാന്‍ പുറ-
ത്താകേണ്ടി വന്നതാം കാര്യം!!
ഇന്നറിയുന്നു ഞാന്‍: നിന്നില്‍ ഞാനെന്നതി-
ലേറിയ സത്യ, മെന്നില്‍നി-
ന്നെന്നിലേക്കുള്ളതാം ദൂരങ്ങള്‍ താണ്ടുവാ-
നാവാതെ നില്ക്കുമീ ഞാനാം!'
(ജോസാന്റണി, ഈശ്വരന്‍)
മൊഴിയേണ്ട വാക്കുകള്‍ വൈകാരികം ഭാവ-
മൊഴിവാക്കി നിന്റെ നിസ്സംഗഭാവത്തിന്റെ
മൊഴിയായ്, പ്രകോപനം സൃഷ്ടിച്ചിടാതിനിയു-
മതിസൗമ്യമായ്, ഹൃദ്യമായ്, കാവ്യഭാഷയായ്
കരുതുന്ന, സ്‌നേഹാര്‍ദ്രസംഗീതമായ് നിന്റെ
മകളോടു, തുണയോടുമെങ്കിലും ചൊല്ലുക.
ഇതു ശാന്തിമന്ത്രം, കുടുംബശാന്തിക്കു നിന്‍
ഗുരുചൊന്ന യോഗപാഠങ്ങളും ഓര്‍ക്കുക.....
(ജോസാന്റണി, ആത്മഭാഷണം)


....രക്ഷതന്‍ മന്ത്രമത്രെ'യെമ്മാനുവേല്‍'
രക്ഷ ദൈവമുണ്ടൊപ്പമെന്നോര്‍ക്കുവോര്‍-
ക്കുള്ളതെങ്ങിന്നു ചൊന്നവന്‍ യേശു, നാം
ഇങ്ങു വിശ്വസിക്കേണമാ വാക്കുകള്‍:
ജീവിതത്തിലിങ്ങാധികള്‍ വ്യാധിയായ്
ജീവിതാസക്തി പോലുമേ രോഗമായ്
മാറിടാതിരുന്നീടുവാന്‍ പാലകന്‍
താതനൊപ്പമുണ്ടെന്നറിഞ്ഞീടണം!
(ജോസാന്റണി, ദൈവപൈതൃകം)
രാ
.....രാത്രിയില്‍ കടക്കുവാന്‍ പാലമൊന്നേറ്റം കാമ്യം
രാത്രിയും പകലുമായ് നെട്ടോട്ടമോടീ നാട്ടാര്‍
ആറ്റുനോറ്റിരുന്നൊരാപ്പാലവും പണിയാറായ,്
നാട്ടുകാര്‍ മറന്നൊരാക്കടത്തന്‍ കിഴവനായ്
പ്രായമായ് കിടപ്പായി, പണ്ടേപ്പോലിപ്പോഴൂന്നാ-
നായാസമുണ്ടെന്നാലു മാഗ്രഹം നിലച്ചീലാ.
പിച്ചവാങ്ങുവാന്‍ മടിയുണ്ടവനെന്നാകിലും
മിച്ചമെന്നൊന്നില്ലാത്തോന്‍ മിക്കവരെയും കാണും....
(അഗസ്റ്റിന്‍ ഇടമറ്റം, കടത്തുകാരന്‍)

......ലഹരിസുഖ;മെങ്കിലും ബോധമേ നഷ്ടമായ്
ലഹളകളിലുള്‍പ്പെട്ടുപോകുന്നതും വഴിയില്‍
വഴുതി വീഴുന്നതും നന്നല്ല; നിന്നൊടൊ-
ത്തൊഴുകി നീങ്ങുന്നതൊരു മലിനജലവാഹിയാം
പുഴയിലേക്കെന്നു കാണുന്നു; പുഴ കടലിലേ-
യ്‌ക്കെന്നതറിയുമ്പൊഴും വയ്യതിലൊലിച്ചിടാന്‍!
കടലതിനെ 'സംസാര'മെന്ന വാക്കാലെ, പ-
ണ്ടറിവുള്ളവര്‍ വിളി;ച്ചറിയുകയതിന്‍ പൊരുള്‍!!
(ജോസാന്റണി, സഹൃദയപക്ഷം)
വാ
.......വാക്കായി വാക്കിന്‍പൊരുള്‍തന്നെയാമരുള്‍
വാഴുന്നിടത്താണു മുക്തിയെന്നോര്‍ക്കുക.
ആത്മാവു നീ, നിന്നിലുള്ളൊരര്‍ഥം പര-
മാത്മാവു, ഞാന്‍ നിന്നെ യുദ്ധരിച്ചീടുവാന്‍
നിന്നിലെ നീ, നിന്നില്‍ ഞാനുണ്ടു, ഞാനല്ല,
നീ തന്നെ നിന്നുണ്മയെന്നു കണ്ടീടുക.
നീ നിന്നെ നിന്റെ വരുതിയില്‍ നിര്‍ത്തുക
നീ നിന്നെ മാത്രമനുസരിച്ചീടുക.
(ജോസാന്റണി, കണ്ണൂ നീ)
വാ
വാടിയില്‍ വാടി വീഴേണ്ടതു പൂക്കളോ
വാടിയ പൂക്കള്‍ കൊഴിക്കിലും കായയായ്
ആടിനില്ക്കുന്ന ഫലങ്ങളോ ഫലങ്ങള്‍ തന്‍
മോടികൂട്ടുന്നതാം മാംസളഭാഗമോ?
ഉള്ളിന്റെയുള്ളിലായ് വിത്തുള്ള സദ്ഫലം
വാടിവീഴാന്‍ ഭയക്കില്ല, നാളേയ്ക്കതു
വീണ്ടുമേകീടുമിങ്ങായിരം സദ്ഫലം,
വാടിവീഴുന്ന പൂ പോലും കൃതാര്‍ഥയാം!
(ജോസാന്റണി, കൃതാര്‍ഥത!)
വൈ
വൈകാരികതയുടെ വൈവശ്യത്താല്‍
വൈഷമ്യങ്ങള്‍ പലതുണ്ടതിനാല്‍
വൈചാരികതയിലൊരഭയം തേടവെ
വൈകൃതമെന്തെന്നറിയാനിടയായ്!
സുന്ദരമെന്നതനശ്വര,മെന്നാല്‍
സൗന്ദര്യംഹൃദയസ്ഥിതമെന്നു
ള്ളറിവില്ലാതിവിടെ ചെയ്യുന്നവ
സകലം വൈകൃത! മെന്തേ സുകൃതം?
(ജോസാന്റണി, വൈകൃതം)
വി
.....വിശ്വമേ തന്‍ കുടുംബമാക്കേണ്ട നാം
വംശമാഹാത്മ്യമെല്ലാം മറന്നിടാന്‍
വിശ്വസിക്കേണ്ട സത്യമോതീടുവാന്‍
യേശുവിന്നസംബന്ധമാം പൈതൃകം!
ദൈവമാണേകതാത, നിങ്ങേവരും
ദൈവപുത്രരാണെന്നതും വിശ്വസി-
ച്ചിങ്ങു സോദരസ്‌നേഹം വളര്‍ത്തണം
എന്നു ചൊല്ലുവാന്‍ യേശു വന്നൂഴിയില്‍!!
(ജോസാന്റണി, ദൈവപൈതൃകം)
ശൈ
'' 'ശൈശവ'ത്തിലെത്ര കഷ്ടമീ 'ശവം' വരുന്നതെ-
ന്നീശ്വരാ,'' കരള്‍തുളുമ്പിടും കവിക്കൊരുത്തരം:
വിശ്വഭാവമെന്ന നശ്വരസ്മിതം പൊലിഞ്ഞിടാന്‍
ഈശ്വരന്‍ മനുഷ്യബോധമങ്ങുവിട്ടിടുംവരെ
വൈശ്യഭാവമായ് അസത്യമായി ശൈശവം വരും
വേശ്യതന്റെ ഭാവമാമതല്ല വിസ്മയോഷ്മളം
നിത്യസത്യസുന്ദരസ്മിതംപകര്‍ന്നിടുന്നൊരാ-
നന്ദനന്ദനാശ്രമം, ശവാലയം ശിവാലയം!  
(ജോസാന്റണി, ശിശുസ്മിതം)

സു
സുന്ദരമാമൊരുസങ്ക്പത്തൊടെ
യിങ്ങനെയെഴുതവെയെന്നൊടുചേരാ-
നൊരുവനുമൊരുവളുമെത്താത്തതിലു-
ണ്ടിത്തിരിയല്ല,ല്ലൊത്തിരി വിഷമം.
ഒറ്റയ്ക്കാവാ,മെങ്കിലുമൊത്തിരി-
യാളുകള്‍ചേര്‍ന്നൊരു കര്‍മ്മം ചെയ്യവെ
ഹൃത്തുകളില്‍ നിറയും ചരിതാര്‍ഥത-
യത്രെയെനിക്കു പ്രചോദനമെന്നും!
(ജോസാന്റണി, പ്രചോദനം)
''.........സ്വപ്നത്തില്‍ കുടിക്കുന്ന പായസത്തിന്‍ പോഷണത്താല്‍
സ്വന്തജീവന്‍ നിലനിര്‍ത്താന്‍ നിനക്കാവുമോ?''
''നിന്‍ വികാരങ്ങളില്‍ തലച്ചോറിലുള്ള രാസമാറ്റം
നിന്റെയാനന്ദങ്ങളും മറ്റൊന്നുമല്ലല്ലോ.''
''നീ ചൊന്നതുതന്നെ സത്യം, പരമാനന്ദവും രാസ-
മാറ്റമാണവയാസ്വദിക്കാന്‍ മരുന്നുണ്ടല്ലോ.''
''പരമാനന്ദമാം പരമാര്‍ഥമെന്നു സമ്മതിക്കാ-
തെന്തിനിങ്ങു ജീവിതം? നീ ചൊന്നുതന്നാട്ടെ.''
(ജോസാന്റണി, ശാസ്ത്ര-സാഹിത്യ സംവാദം)



Saturday 23 September 2023

ഭാവിയിലേക്കു തുറന്ന സംവാദപുസ്തകം

ജോർജ് മൂലേച്ചാലിലിന്റ "നവോത്ഥാനം നവനാഗരികതയിൽ".'നവോത്ഥാനം നവനാഗരികതയിൽ' എന്ന പുസ്തകത്തിൻ്റെ അവതാരിക:

ശ്രീ ജോസ് ടി തോമസ്

നിരുപാധികസ്നേഹത്തിന്റെ അഭാവംമാത്രമായ ഭയം മനുഷ്യരിൽ ഉണർത്തുന്ന ശത്രുത്വങ്ങളിൽനിന്ന് അൻപിന്റെ ബന്ധുത്വങ്ങളിലേക്കുള്ള യുഗപ്പകർച്ചയുടെ മലയാള വാങ്മയമാണ് ജോർജ് മൂലേച്ചാലിലിന്റ "നവോത്ഥാനം നവനാഗരികതയിൽ".


മനുഷ്യരിൽ സഹജമായുള്ള സാഹോദര്യഭാവത്തെ വിഘടിപ്പിച്ചും വിഘടിതത്തെ പ്രതിലോമപരമായി ഏകോപിപ്പിച്ചും ക്രിസ്ത്യൻ യൂറോപ്പ് ആധുനിക സാമ്രാജ്യവ്യവസ്ഥയ്ക്ക് ഊടും പാവും നെയ്തത് എങ്ങനെയെന്ന് ഈ പുസ്തകം മൗലികമായി കണ്ടെത്തുന്നു; അനീതിയുടെയും അശാന്തിയുടെയും സമ്പദ്ക്രമത്തിനും രാഷ്ട്രീയക്രമത്തിനും ജനമനസ്സുകളിൽ മതസാധൂകരണം ഉണ്ടാവുന്നതെങ്ങനെയെന്നു വെളിപ്പെടുത്തുന്നു; യൂറോപ്യൻ നവോത്ഥാനത്തിന്റെയോ (Renaissance) ജ്ഞാനോദയം എന്നു വികലമായി പരിഭാഷപ്പെടുത്തപ്പെടുന്ന യൂറോപ്യൻ പ്രബുദ്ധതാപ്രസ്ഥാനത്തിൻ്റെയോ (Enlightenment) കോപ്പി- പേസ്റ്റ്കൊണ്ടു പരിഹൃതമാവുന്നതല്ല, ഭൂമിയിൽ ഒരിടത്തെയും സാമൂഹികപ്രശ്നങ്ങൾ എന്ന് ഓർമ്മപ്പെടുത്തുന്നു. "അന്യജീവന്നുതകി സ്വജീവിതം ധന്യമാക്കാൻ" പ്രചോദിപ്പിക്കുന്ന പരാർത്ഥതാബോധത്തിന്റെ വ്യാപനവും ആഴപ്പെടലുംവഴി ലേറ്റസ്റ്റ് നാഗരികതയുടെ കടന്നുപോക്കും (പെസഹ) ആഗോളഗ്രാമ മാനവികതയുടെ ഉയിർപ്പും സംഭവിക്കുകതന്നെ ചെയ്യുമെന്ന, യാഥാർത്ഥ്യബോധം കൈവിടാത്ത, പ്രത്യാശയുടെ സർഗ്ഗവിഭാവനാപതാക ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു, ഈ ഗ്രന്ഥം.


കേരളത്തിൽ, ഭാരതത്തിൽ, ഏഷ്യയിൽ കാൽകുത്തിനിന്ന് വിശ്വവിശാലതയോളം പരക്കുന്ന ഒരു ദൃഷ്ടിപഥമുണ്ട് ഈ  പുസ്തകത്താളുകൾക്ക്. അതിനാൽത്തന്നെ, നേർരേഖയിലുള്ള ഒരു സമർത്ഥനത്തിനുപകരം ചാക്രികവും ഗോളീയവുമായ വിചാരപ്രസരണത്തിന്റെ തനിമയാർന്ന ഒരു രീതിയാണു ഗ്രന്ഥകാരൻ കൈക്കൊള്ളുന്നത്. ഒരധ്യായത്തിനകത്തുതന്നെ കേരളം, ഭാരതം, ലോകം എന്നീ ഭൂവിഭാഗീയതകളിലേക്കും പ്രാചീനം, ആധുനികം, ഉത്തരാധുനികം എന്നീ കാലഘട്ടവിഭജനങ്ങളിലേക്കും വായനക്കാർ മാറിമാറി ആനയിക്കപ്പെട്ടുകൊണ്ടിരിക്കും. ചൂടപ്പംപോലെ വിറ്റ്-അഴിയാൻ വേണ്ട, മലയാള പുസ്തകച്ചന്തയിൽ പ്രചുരപ്രചാരമായ, സ്വരൂപകല്പനയുടെ എല്ലാ പ്രലോഭനങ്ങളെയും അദ്ദേഹം ത്യജിച്ചിരിക്കുന്നു. മുദ്രാവാക്യസമാനമായ വാചകമേളകൾക്കു നിന്നുതരുന്നുമില്ല. നടപ്പുസൈദ്ധാന്തികതകളുടെ ദർശനകാപട്യങ്ങളോടു സന്ധിചെയ്യാതെ, സ്വതന്ത്രമായി ചിന്തിക്കുവാൻ ധൈര്യംതോന്നുന്ന മലയാളിക്ക് ഇതു നാളത്തേക്കുള്ള പുസ്തകമാണ്. നാരായണഗുരു, കേസരി, എം. ഗോവിന്ദൻ, റാഫി-സെഫീനാ റാഫി, കെ. ബാലകൃഷ്ണൻ നായർ, പി. കെ. ബാലകൃഷ്ണൻ, നിത്യചൈതന്യയതി, എസ്. കാപ്പൻ തുടങ്ങിയവരിലൂടെ കടന്ന് അയൽക്കൂട്ടദർശനത്തിന്റെ ഡി പങ്കജാക്ഷനിൽ പുഷ്പിച്ച മലയാള ചിന്താദാർഢ്യത്തിന്റെ തെളിമയെ ഓർമ്മിപ്പിക്കുമാറ്, പുതുതലമുറകളുടെ പുതുയുഗത്തിലേക്കു നമ്മുടെ ജ്ഞാനമാതൃകങ്ങളെ പുതുക്കി കൈമാറുന്ന ഒരു നിയോഗം ഈ പുസ്തകത്തിൽ നിറവേറുന്നതു ഞാൻ കാണുന്നു.


ഗ്രന്ഥകാരൻ തൻ്റെ 'ഇതരകൃതികൾ' എന്ന പട്ടിക നീട്ടിക്കൊണ്ടിരിക്കുവാൻമാത്രം തൽപരനായ ഒരു എഴുത്താളായിരുന്നെങ്കിൽ ഓരോന്നും ഓരോ പുസ്തകമായി വികസിപ്പിക്കുവാൻ കഴിയുമായിരുന്ന, അദ്ദേഹത്തിൻ്റെ ഒരു ഡസൻ പുതിയ തിസീസുകളെങ്കിലും ഒറ്റവായനയിൽ നിങ്ങളിതിൽ കണ്ടെത്തും. മാനവ സാമൂഹികപരിണാമത്തെക്കുറിച്ചു സ്വതന്ത്ര എഡിറ്റോറിയൽ റിസർച്ച് നടത്തുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് ഏറ്റവും ശ്രദ്ധേയമായി അനുഭവപ്പെട്ട ചിലത് ഇങ്ങനെയാണ്:


1. യൂറോപ്പിനെ കേന്ദ്രീകരിച്ചുണ്ടായ (Euro-centric) വ്യാവസായിക വ്യവസ്ഥിതിയോട് അനുരൂപമായ ചിന്താപദ്ധതികളുടെ മൂശയിൽ വാർക്കപ്പെട്ടതാണ് ആധുനികമനുഷ്യൻ്റെ മനസ്സ്. ഒഴുക്കിന്റെ വേഗവും അതിലൊഴുകുന്നവരുടെ വേഗവും ഒന്നുതന്നെ ആയതിനാൽ ആധുനികർ യഥാർത്ഥത്തിൽ നിശ്ചലതയിൽത്തന്നെയാണ്; യാഥാസ്ഥിതികത്വത്തിൽത്തന്നെ. അതുകൊണ്ട് നവ-ഉത്ഥാനം സംഭവിച്ചില്ല.


2. അപ്പോൾ ഉത്തരാധുനികത അഥവാ, ആധുനികോത്തരത(Post-modernity)യോ? അതും കൊളോണിയൽ ബോധത്തിൽനിന്നു മുക്തമല്ല.


3. മുഴുവൻ ലോകത്തെയും തങ്ങളുടെ അദൃശ്യമായ വിദൂര നിയന്ത്രണത്തിൻകീഴിൽ കൊണ്ടുവരാൻ തക്കവിധം, അത്ര വ്യാപകവും തൃണമൂലത്തോളം ചെല്ലുന്നതുമായ ഒരു സാംസ്കാരികമേധാവിത്വമാണ് യഥാർത്ഥ ആഗോളനവോത്ഥാനത്തിൻ്റെ വഴിമുടക്കുന്നത്. യൂറോ-ക്രിസ്തീയതയുടേതാണ് ആ സാംസ്കാരിക വിധായകത്വം. അത് അഴിയുന്നിടത്താണ് വിമോചകമായ നവ-ഉത്ഥാനം.


4. എങ്ങനെയാണ് അത് അഴിയുക? യൂറോ-ക്രിസ്തീയത യേശുവിൻ്റെ വിമോചനസന്ദേശത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ച സാമ്രാജ്യപൗരോഹിത്യത്തിന്റെ വേദശാസ്ത്രം തിരസ്കൃതമാകണം. ഏഷ്യൻ ഗുരുവായ യേശു മാനവബോധത്തിൽ അടയാളപ്പെടുത്തിയതും നാരായണഗുരുമുതൽ അയൽക്കൂട്ടം പങ്കജാക്ഷൻവരെയുള്ളവരിലൂടെ പ്രയോഗവൽക്കൃതമായതുമായ പരാർത്ഥത എന്ന ആന്തരികതയുടെ അഥവാ സാമൂഹിക ആധ്യാത്മികതയുടെ (Social Spirituality)  ഏകതാബോധം തൽസ്ഥാനത്തു പടരണം. അങ്ങനെ ഏഷ്യൻ പരാർത്ഥതയുടെ വിശ്വബോധം, മേധാവിത്വപരമല്ലാത്ത/ബന്ധുത്വപരമായ ഒരു ജ്ഞാനോദയത്തിൻ്റെ വിളക്കുമരമാകണം.


ഒരുകാലത്ത് ഏഷ്യയെ തിളക്കിയ ഭാരതം പുതിയ കാലത്തെ ലോകത്തിനു ജ്ഞാനഗുരുവായിത്തീരുന്ന ആ യഥാർത്ഥ സാംസ്കാരികനവോത്ഥാനത്തിന് ഇവിടെയീ കേരളത്തിൽ നാം എന്തു ചെയ്യണം? ജോർജ് മൂലേച്ചാലിലിൻ്റെ ഉത്തരം യാന്ത്രികമല്ല, ജൈവികമാണ്. ദ്വിമുഖമാണത്: 


1. മാനുഷികതയുടെ മൂലസ്രോതസ്സായ ആത്മീയത / ആന്തരികത (Spirituality/ Interiority) ഉദ്ദീപിപ്പിക്കുക. അതിന് ഓരോ മത(ധർമ്മ)സമൂഹത്തിലുമുള്ള പുരോഗമനകാംക്ഷികൾ തങ്ങളുടെ മതത്തിൻ്റെ (ധർമ്മത്തിന്റെ) ആന്തരചൈതന്യം വീണ്ടെടുക്കുക. 


2. പാർട്ടികളും ബഹുജനപ്രസ്ഥാനങ്ങളുമടക്കം എല്ലാ പ്രസ്ഥാനങ്ങളുടെയും  ആന്തരികസത്തയെ അവയുടെതന്നെ ബാഹ്യഘടനകൾ ( മതങ്ങളെ മതമൗലികവാദങ്ങൾ എന്നപോലെ) ഊറ്റിക്കുടിക്കുന്ന സാഹചര്യത്തിൽ, മതവിരുദ്ധപ്രസ്ഥാനങ്ങളടക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അവശേഷിക്കുന്ന ധാർമികമൂല്യബോധത്തെ സംരക്ഷിക്കാനും വളർത്താനുമുള്ള ബോധപൂർവ്വകമായ ശ്രമം നടത്തുക.


ചൈതന്യം, ബോധം, അവബോധം, ആത്മീയത /ആന്തരികത, ധാർമികമൂല്യപരത - ഇതിലാണ് മൂലേച്ചാലിലിന്റെ ഊന്നൽ. ശാസ്ത്രവാദം, യുക്തിവാദം, ഭൗതികവാദം തുടങ്ങിയവവച്ച് വാദിച്ചുജയിക്കാൻ ആഭിമുഖ്യമുള്ളവർക്കുവേണമെങ്കിൽ, ബോധോദയത്തിന്റെ ഈ സർവോദയത്തെ 'ആശയവാദം' എന്നു ടാഗ് ചെയ്തു പടിയടയ്ക്കുക എളുപ്പമാണ്.  മൂലേച്ചാലിൽ അവരോടുള്ള സമീപനം ശത്രുതാപരമാക്കുന്നില്ല. അവരുടെ അകക്കണ്ണു തുറപ്പിക്കാൻ സഹിഷ്ണുതാപൂർവ്വം സംവാദാത്മകമായ ശ്രമം നടത്തുന്നു - പല അധ്യായങ്ങളിൽ പല സന്ദർഭങ്ങളിലായി. 'നവോത്ഥാനം നവനാഗരികതയിൽ' ഭാവിക്കായുള്ള ചർച്ചാപുസ്തകമാകുന്നതു പ്രധാനമായും ഈ സംവാദത്തിലൂടെയാണ്. നാലു ഘടകങ്ങൾ ഈ സംവാദത്തിൽ പ്രധാനമാണ്:


1 - "ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് " എന്ന കാവ്യയുക്തി (മൂലേച്ചാലിൽ അതിനെ യുക്തിയുടെ കാല്പനികത എന്നു വിളിക്കുന്നു) പരിഗണിക്കാതെയുള്ള കേവല ഗണിതയുക്തിമാത്ര ചിന്തയുടെമേൽ നടത്തുന്ന വിമർശം. 2- ആ ചിന്തയുടെമേൽ പണിയപ്പെട്ട യൂറോപ്യൻ ഭൗതിക - 'ശാസ്ത്രമത'ത്തിൻ്റെ വിമർശം. 3 - ആ ശാസ്ത്രമതത്തിലുള്ള അന്ധവിശ്വാസത്തിന്മേൽ ഏതാണ്ട് ഒരുപോലെ ഉറപ്പിക്കപ്പെട്ട മുതലാളിത്തത്തിന്റെയും സോഷ്യലിസങ്ങളുടെയും വിമർശം. 4 - ആ രാഷ്ട്രീയ-സാമ്പത്തിക ദർശനങ്ങളുടെമേൽ കെട്ടിപ്പടുത്ത കൊളോണിയൽ പുരോഗമന / വികസന സങ്കല്പങ്ങളുടെ വിമർശം. ഈ നാലു വിമർശവും അന്തർദേശീയതലത്തിൽ സമീപ പതിറ്റാണ്ടുകളിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. കേരളത്തിന്റെയും ബാക്കി ഭാരതത്തിന്റെയും കോളനിമനസ്സിൽ അവ വേണ്ടത്ര വിരിഞ്ഞിട്ടില്ലെന്നേയുള്ളൂ.


അക്കാദമീയ ജാർഗണുകളുടെ അതിപ്രസരംകൂടാതെയും ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകാരന്മാരുടെയും പേരുകളുടെ പടക്കംപൊട്ടിക്കൽകൊണ്ടു സാധാരണ വായനക്കാരെ ഭയപ്പെടുത്താതെയും ലളിതമനോഹരമലയാളത്തിൽ മൂലേച്ചാലിൽ താൻപോരിമയുള്ള ശൈലിയോടെ ഈ വിമർശങ്ങൾ ഒതുക്കി അവതരിപ്പിക്കുന്നു. ആ വിമർശങ്ങളുടെ ബലം സമീപനൂറ്റാണ്ടുകളിലെ കേരളനവോത്ഥാനചരിത്രം വിലയിരുത്താൻ ഉപയോഗിക്കുന്നിടത്താണ് അദ്ദേഹത്തിൻ്റെ ഏറ്റവും മൗലികമായ അന്വേഷണ ഫലങ്ങളിലൊന്നു പുറത്തുവരുന്നത് ( രണ്ടാം അദ്ധ്യായത്തിലെ, "പുരോഗമനപ്രസ്ഥാനങ്ങൾ, പ്രതിലോമധർമ്മങ്ങൾ" എന്ന ഖണ്ഡം). ആരോടും പകയില്ലാതെ അദ്ദേഹം എഴുതുന്നു:


" നമ്മുടെതന്നെ ദാർശനിക സാംസ്കാരികപശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ശ്രീനാരായണഗുരു ഒരു ആധ്യാത്മികവിപ്ലവത്തിന് അടിത്തറ പാകിയത്... എന്നാൽ, കേരള സാംസ്കാരികനവോത്ഥാനത്തിന്റെ രണ്ടാം ഘട്ടമെന്നും മൂന്നാം ഘട്ടമെന്നും വിശേഷിപ്പിക്കപ്പെടുന്ന ദേശീയപ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുന്നപക്ഷം, അവ [ആ] നവോത്ഥാനപ്രക്രിയയുടെ സ്വാഭാവികമായ തുടർച്ചയല്ലെന്നു പറയേണ്ടിവരും... ശ്രീനാരായണപ്രസ്ഥാനം ഉഴുതുമറിച്ചു പാകപ്പെടുത്തിയ കേരളമനസ്സിൽ തുടർന്നങ്ങോട്ടു വിതയ്ക്കപ്പെട്ടതു കൂടുതലും പാശ്ചാത്യ [ലിബറൽ-സോഷ്യലിസ്റ്റ്] ആശയങ്ങളായിരുന്നു... ഒരുപക്ഷേ, കേരളനവോത്ഥാനത്തിന്റെ ശക്തമായ അലകൾ മന്ദീഭവിച്ചതിന് [....] ഉള്ള മുഖ്യ ഉത്തരവാദിത്വം അതിൻ്റെതന്നെ ഉണർവുകളെ മൂലധനമാക്കി ഇവിടെ വളർന്നുവന്ന പാശ്ചാത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനായിക്കൂടെന്നില്ല."


നോക്കൂ, ഒരു തിസീസിന്റെ സമർത്ഥനത്തിനു വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടും, ചിലർക്കു വെറും ഹൈപ്പോതീസിസ് എന്നുപറയാൻപോലും ഇടംകൊടുക്കുന്ന, സംവാദാത്മകമായ സൗമ്യഭാഷണം. മനുഷ്യപ്പറ്റില്ലാത്ത ചിന്താപദ്ധതികളെയും കർമ്മക്രമങ്ങളെയും വിമർശവിധേയമാക്കുമ്പോൾ ആദ്യന്തം മൂലേച്ചാലിൽ പാലിക്കുന്ന ആർദ്രതയാണത്. ഭൗതികേതരം എന്നു ഭൗതികവാദക്കാർ പറയുന്ന 'ആത്മാവിനെ' തൊടുന്ന ആർദ്രത. ഈ ആന്തരികത വീണ്ടെടുക്കുക, ഊതിത്തെളിക്കുക, പൊലിപ്പിക്കുക എന്നത് പുസ്തകപ്രമേയമാവുമ്പോൾ, സ്വന്തം ഭാഷാശൈലികൊണ്ട് അതു സാധൂകരിക്കാൻ ( ഒരർത്ഥത്തിൽ സാക്ഷാത്കരിക്കാൻ) ആത്മബോധമുള്ള എഴുത്താളുകൾ സ്വയംപ്രേരിതരാവുകയല്ലേയുള്ളൂ. ശത്രുതാപരമായ വിമർശനങ്ങളുടെ (criticism) കാലുഷ്യത്തിൽനിന്ന് അവരുടെ വിമർശം (critique) സംവാദസ്ഥലികളെ വിമോചിപ്പിക്കുന്നു.


ചുരുക്കത്തിൽ, വൈകുണ്ഠസ്വാമിയിലും ശ്രീനാരായണഗുരുവിലും പൊയ്കയിൽ അപ്പച്ചനിലുമെല്ലാം സാമൂഹികാധ്യാത്മികത ആയി തുടങ്ങിയതും അയ്യങ്കാളിയിലും സഹോദരൻ അയ്യപ്പനിലും സാമ്പത്തിക-രാഷ്ട്രീയരൂപം കൈവരിച്ചതും അയൽക്കൂട്ടം പങ്കജാക്ഷനിലൂടെ ക്വാണ്ടംകുതിപ്പു നടത്തിയതുമായ ആന്തരികപരിവർത്തനമാർഗം. നാടനും വിദേശിയുമായ എല്ലാ തത്ത്വശാസ്ത്രങ്ങളെയും വേദശാസ്ത്രങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും യൂറോപ്യൻ ജാക്കറ്റിട്ട സാമൂഹികശാസ്ത്രങ്ങളെയും അതിശയിച്ചുനിൽക്കുന്ന 'അൻപേ ദൈവ'ബോധത്തിന്റെ സാമൂഹിക ആധ്യാത്മികതതന്നെയാണ്, ക്ഷണഭംഗുരമോ ഉപരിപ്ലവമോ ആകാത്ത ഈ ഭാവിവിപ്ലവം. അതാണ് ഈ പുസ്തകം മുന്നോട്ടുകാണുന്ന നവോത്ഥാനം; നിത്യനൂതനോത്ഥാനം. 'ആധുനിക'നാഗരികത എന്നതിൻ്റെ പര്യായമായിനിന്ന 'നവ'നാഗരികതയ്ക്കുപകരം, തുല്യ മനുഷ്യമഹത്വത്തിന്റെ പുതിയൊരു ഏകലോകഗ്രാമ്യതയിലേക്കു നയിക്കുന്ന പുതുമാനുഷരുടെ ഉണർച്ചയാണത്.


അവർ വന്നുകൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. 'വർത്തമാനം' എന്നു പറഞ്ഞു നിർത്തുംമുമ്പേ ആ വർത്തമാനം ഭൂതമാകുന്നതുപോലെ, ഭാവി എന്നു പറഞ്ഞു നിർത്തുംമുമ്പേ ആ ഭാവി വർത്തമാനയാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്, മതങ്ങളുടെ പുനഃപരിശോധനയിലൂടെ സാമൂഹിക ആത്മീയതയുടെ വീണ്ടെടുപ്പ് എന്ന അജണ്ട ഈ ആലോചനാപുസ്തകം മുന്നോട്ടുവയ്ക്കുമ്പോൾ, ഉട്ടോപ്യൻ എന്നത് അതിനൊരു ആക്ഷേപമല്ല, പ്രശംസയാണ്. വേറൊരു ലോകം സാധ്യമാണ് (possible) എന്ന മുദ്രാവാക്യം മൂന്നു പതിറ്റാണ്ടുമുമ്പ് ഉയർന്നെങ്കിൽ, അതു സംഭവ്യമാണ് (probable) എന്ന് ഈ സഹസ്രാബ്ദത്തിന്റെ തുടക്കം വെളിപ്പെടുത്തി. ഇപ്പോൾ ഉട്ടോപ്യ ഒരു യാഥാർത്ഥ്യമായി വെളിപ്പെടുന്നു. ഈ വെളിവിൽ (revelation) കുറഞ്ഞ തെളിവ് (evidence) തിരഞ്ഞുപോകാൻ അസ്മാദൃശർ സ്വയം ഭാരപ്പെടുത്തുന്നില്ല. പുതുതലമുറകളിലെ പുതുമനുഷ്യരുടെ ജീവിതസാക്ഷ്യത്തിൽക്കവിഞ്ഞ ഒരു തെളിവ് ആർക്കാണു കൊണ്ടുവരാൻ കഴിയുക!


ആ വെളിവിന്റെ തെളിവ് ശുദ്ധമലയാളത്തിൽ ജോർജ് മൂലേച്ചാലിൽ ഇങ്ങനെ ഒരു ഖണ്ഡികയിൽ ഒതുക്കുന്നു: "ഇന്നത്തെ ലോകവീക്ഷണത്തിൽനിന്നു നോക്കുമ്പോൾ, ഇതെല്ലാം വെറും സ്വപ്നമോ ഭാവനാസൃഷ്ടിയോ ആണെന്നു തോന്നുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും ഇന്നത്തെ അവസ്ഥ തുറന്നു കാണുവാൻ തയ്യാറാവുന്ന ആരും, ഭാവിസമൂഹത്തെപ്പറ്റിയുള്ള ഈ ഭാവന യാഥാർത്ഥ്യമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാതിരിക്കില്ല. ഈ ആഗ്രഹത്തെ ആവശ്യബോധമായും ഇച്ഛാശക്തിയായും വളർത്തിയെടുക്കുന്നപക്ഷം, ആ ദിശയിൽ പുതിയ വഴികൾ തെളിക്കാൻ മനുഷ്യനു കഴിയുകതന്നെ ചെയ്യും. വെട്ടിയിട്ടിരിക്കുന്ന അതിവിശാലമായ ഒരു പാതയിലൂടെ അതിവേഗം പാഞ്ഞുകൊണ്ടിരിക്കുമ്പോൾ മറ്റൊരു വഴിയെപ്പറ്റി ആലോചിക്കുവാൻപോലും എളുപ്പമല്ല എന്നതാണു പ്രശ്നം. മനുഷ്യനിപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വികസനപാത അവനെ നയിക്കുന്നത് സർവ്വവിനാശത്തിന്റേതായ ഒരു അഗാധഗർത്തത്തിലേക്കാണ് എന്ന അവബോധമുണ്ടാകുന്നതിനനുസരിച്ച് വിവേകശാലികൾ ഈ ഓട്ടത്തിന്റെ വേഗം കുറയ്ക്കുകയും അല്പമൊന്നു നിന്നു മനുഷ്യനു സുരക്ഷിതമായ വേറെ വഴിയുണ്ടോ എന്നന്വേഷിക്കുകയും ചെയ്യും. അങ്ങനെ പുതിയ വഴികൾ ക്രാന്തദർശിത്വത്തോടെ ഭാവനചെയ്യാനും അവ വെട്ടിത്തെളിക്കാനുമുള്ള മനുഷ്യൻ്റെ സ്വതസിദ്ധമായ കഴിവാണ് അവനെ എന്നും നിലനിർത്തിയിട്ടുള്ളതും, തുടർന്നും നിലനിർത്താൻ പോകുന്നതും" (പേജ്: 60). അതെ, ചരിത്രം സൂംഔട്ട് ചെയ്തു പറഞ്ഞാൽ, മനുഷ്യർ പ്രോബ്ളം സോൾവ് ചെയ്യുന്നവർ.


"അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിനുകണ്ണു മനമാകുന്ന കണ്ണു"തുറന്നുള്ള കാഴ്ച തരുന്ന ഈ തെളിമയുടെ പുസ്തകം, പുതിയ ലോകവീക്ഷണത്തോടെ ഭാവികേരളത്തെയും ഭാവിഭാരതത്തെയുംകുറിച്ചു സ്വതന്ത്രമായും സർഗാത്മകമായും ചർച്ചചെയ്യാൻ ഭയപ്പെടാത്ത എല്ലാ മലയാളികൾക്കുമായി ഞാനിവിടെ സവിനയം തുറന്നുവയ്ക്കുന്നു.



Thursday 10 August 2023

തീരവാസി

ജോസാന്റണി

2001-ല്‍ ഫെബ്രുവരി 23-ന് എഴുതിയ ഈ കവിത ഇന്ന് പുനഃപ്രസിദ്ധീകരിക്കുന്നത് മുപ്പതിലേറെ വര്‍ഷംമുമ്പ് മീനച്ചില്‍നദീ സംരക്ഷണസമിതി മീനച്ചില്‍ നദീതടസംരക്ഷണസമിതി എന്നപേരില്‍ പ്രവര്‍ത്തനംആരംഭിച്ചപ്പോള്‍മുതല്‍ അതില്‍പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന അഭിമാനത്തോടെയാണ്.

കോട്ടയം കളക്ടറായ ആദരണീയ ശ്രീമതി വിഘ്‌നേശ്വരി മീനച്ചില്‍ നദീസംരക്ഷണസമിതിപ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ പാലായില്‍ എത്തുമ്പോള്‍ വേദിയില്‍ ഈ കവിത അവതരിപ്പിക്കാന്‍ ആഗ്രഹവുമുണ്ട്.


മീനച്ചിലാറിന്റെ തീരത്തിലായ് ജനി-

ച്ചാനന്ദമോടെ വളര്‍ന്നവന്‍ ഞാന്‍!

ചേരിപ്പാട്ടെത്തവെ ശാന്തയായ്ത്തീര്‍ന്നവ-

ളീ നദി, യെന്നുടെ ശൈശവത്തില്‍

വേനലിലിങ്ങു മണല്‍വിരിച്ചായിരു-

ന്നാര്‍ദ്രയായ്, സൗമ്യയായ്, പുഞ്ചിരിച്ചു!

ആമണല്‍ത്തിട്ടയിലാടിയോടിക്കളി-

ച്ചാണല്ലൊ ഞങ്ങള്‍ തളര്‍ന്നുറങ്ങി!!

പിന്നെ, യുണര്‍ന്നു കുളിക്കവെ,യേറ്റവും

ചൈതന്യദായിയാറെന്നറിഞ്ഞു!!!


എങ്ങുപോയെങ്ങുപോയിന്നാ മണല്‍പ്പര-

പ്പെന്നറിയുന്നു ഞാന്‍; നമ്മളെല്ലാം

ആ മണല്‍ ചേര്‍ന്നതാം കോണ്‍ക്രീറ്റുകാടിന്റെ

കീഴിലല്ലോ വിശ്രമിച്ചിടുന്നു!

ഇന്നിതാ ഭൂചലനങ്ങളാല്‍ വീടുകള്‍-

ക്കെല്ലാമടിത്തറ വിണ്ടിടുന്നു!!


ഈ വീടിനെല്ലാമടിസ്ഥാനമായ് മണ-

ലാകയാലന്തിമവിശ്രമത്തി-

ന്നായിട്ടുവേറൊരിടം തിരഞ്ഞീടേണ്ട

ഭൂചലനംസംസ്‌കരിച്ചുകൊള്ളും!!


ഇങ്ങോളം നാളെ കടല്‍ നടന്നെത്തിടാ-

മെന്നുമറിഞ്ഞിരിക്കുന്നു നമ്മള്‍!

അക്കടല്‍ സംസാരമായിടാം; സംവിത്തു-

മായിടാം!! അന്ത്യം ലയത്തിലല്ലോ!!!