Friday, 22 November 2013

ഗാഡ്ഗിലും കോലാഹലങ്ങളും

ആത്മജവര്‍മ തമ്പുരാന്‍
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15163975&programId=7940899&BV_ID=@@@&tabId=21

വിവാദങ്ങള്‍ ഒന്നും ഇല്ലാതിരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കും പരിസ്ഥിതിക്കാര്‍ക്കും തെരുവില്‍ പ്രയോഗിക്കാനൊരു പേരായി മാറിയിരിക്കുന്നു ഇന്നു ഗാഡ്ഗില്‍. പാരിസ്ഥിതിക പ്രാധാന്യം, ഭൂമിശാസ്ത്ര പ്രത്യേകതകള്‍, കാലാവസ്ഥാ വ്യതിയാനം, പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ഇവയെല്ലാം വിശദമായി പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിച്ച് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് അനുകൂലിച്ചും എതിര്‍ത്തും ഉയരുന്ന വാദങ്ങള്‍കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്. പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതികസ്ഥിതി അടിമുടി വിശകലനം ചെയ്തു വിലയിരുത്തിയിട്ടുണ്ടെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും വിദഗ്ദ്ധരുടെ അവലോകനങ്ങളും വെളിവാക്കുന്നുണ്ട് . ഇതോടൊപ്പം രത്‌നഗിരി ,സിന്ധുദുര്‍ഗ് ജില്ലകളിലെ തീരപ്രദേശം, ഗുണ്ടിയ, അതിരപ്പള്ളി ജലവൈദ്യുതപദ്ധതികളും പ്രത്യേകമായി പരിശോധിക്കപ്പെട്ടു.


പ്രാദേശിക ചുറ്റുപാടുകളുടെ സഹകരണത്തോടെ സമന്വയത്തിന്റെ പാതയില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. അതായത് സുസ്ഥിര വികസനം. ഇത് പാരിസ്ഥി തിക-സാമൂഹിക-സാമ്പത്തിക കാഴ്ച പ്പാടില്‍ ഊന്നി നിന്നു വേണമെന്നു മാത്രം . വികസനവും പ്രകൃതി സംരക്ഷണവും വേറിട്ട കാഴ്ചപ്പാടിലൂടെയാണ് സമൂഹം പതിറ്റാണ്ടുകളായി വീക്ഷിക്കുന്നത്. പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ ചില സ്ഥലങ്ങളിലെങ്കിലും ഉടലെടുക്കുന്ന വിവാദങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റായി മാറുന്നതും അതുകൊണ്ടാണ്. ചില തുരുത്തുകളില്‍ മാത്രം പരിസ്ഥിതിസംക്ഷണം എന്ന മുദ്രാവാക്യം ഒറ്റപ്പെട്ട് നില്‍ക്കുകയും മറ്റ് ബഹുഭുരിപക്ഷം സ്ഥലങ്ങളിലും പരിസ്ഥിതിയ്ക്കു 'ശ്മശാനം' നിര്‍മിക്കുകയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആത്യന്തികമായ ഫലം.

പരിസ്ഥിതി നശീകരണം തടയുന്നതിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അധികാരം ഉണ്ട് . പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇവര്‍ക്കു നടപടി സ്വീകരിക്കാം. ചിലസ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യവസായങ്ങള്‍ക്കും കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നിക്ഷേധിക്കുന്നത് ഇത് കൊണ്ടാണ്. 1991 മുതലാണ് പാരിസ്ഥിതി ദുര്‍ബലപ്രദേശം എന്ന ആശയം ഭരണകുടങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത് .




പരിസ്ഥിതി ദുര്‍ബലപ്രദേശം കണ്ടുപിടിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. വന്യമൃഗസങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന നിര്‍ദേശം നല്‍കുന്നതുപോലെ ഒരു ഉത്തരവിലൂടെ പരിസ്ഥിതി ദുര്‍ബലപ്രദേശം കണ്ടെത്താനാവില്ല . സസ്യങ്ങളുടെ ഇനവിവരങ്ങള്‍, ജൈവആവാസ വ്യവസ്ഥ, ഭൗമബാഹ്യസ്വഭാവം എന്നിവയെല്ലാം ഇതില്‍ കണക്കാക്കും .എന്നാല്‍ അതതു സ്ഥലത്തെ ജീവജാലങ്ങളുടെ അടിസ്ഥാന വിവരങ്ങളാണ് മുഖ്യമായും കണക്കാക്കുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പശ്ചിമഘട്ടം പ്രദേശം മുഴുവന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കണമെന്നു സമിതി ശുപാര്‍ശ ചെയ്ത്.

പശ്ചിമഘട്ടത്തില്‍ 1500 ലേറെ തനത് പുഷ്പിത സസ്യങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. അഞ്ഞൂറിലേറെ പക്ഷികള്‍, സസ്തനികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍ എന്നിവയും ഉള്‍പ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഇവയില്‍ ഏറെയും. അപൂര്‍വമായ ജീവിവര്‍ഗങ്ങളും ഇതില്‍പ്പെടും. മനുഷ്യര്‍ വളര്‍ത്തുന്ന ജീവി വര്‍ഗങ്ങളുടെ പ്രകൃത്യായുള്ള ഇനങ്ങളും അവയുടെ വന്യബന്ധുക്കളും ഉള്ള പ്രദേശങ്ങള്‍ കുടിയാണ് പശ്ചിമഘട്ടം.

വന്യജീവികളുടെ ഇടനാഴിയാണ് ഈ സ്ഥലം. പ്രത്യേക ആവാസവ്യവസ്ഥ എന്ന ഒരിനം കുടി കണക്കാക്കപ്പെടുന്നുണ്ട്. ജൈവവും അജൈവവുമായ ഘടകങ്ങള്‍ തമ്മില്‍ ലോലമായ പരസ്പരാശ്രയത്വം നിലനില്‍ക്കുന്നതും ജീവികളുടെ മെച്ചപ്പെട്ട നിലനില്‍പ്പിനും പെരുകലിനും വഴിയൊരുക്കുന്ന പ്രദേശമാണ് ഇത്.



പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പാരിസ്ഥിതികമായി അതീവലോലപ്രദേശം, പാരിസ്ഥിതികമായി ലോലപ്രദേശം, താരതമ്യേന പാരിസ്ഥിതിക ലോലതകുറഞ്ഞ പ്രദേശം എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്. തരംതിരിവിന് ജൈവപരമായ ഘടകങ്ങളാണ് പ്രധാനമായും അവലംബിച്ചിട്ടുള്ളത്. ജീവജാലങ്ങളുടെ ബാഹുല്യം, അപൂര്‍വ ഇനങ്ങളുടെ സാന്നിദ്ധ്യം, സ്വാഭാവികവാസസ്ഥലങ്ങളിലെ ജൈവപിണ്ഡത്തിന്റെ ഉല്‍പാദന ക്ഷമത, ജൈവവും പാരിസ്ഥിതികവുമായ ഭീഷണി നേരിടാനുള്ള കഴിവ്, സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം, ഭൗമകാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയാണ് ജൈവപരമായ ഘടകങ്ങളില്‍ ഉള്‍പ്പടുത്തിയിട്ടുള്ളത് .

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിക്കുന്ന ഉന്നതാധികാര കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ പരിചരിക്കപ്പെടുന്നത്. കേരളത്തില്‍ തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, തലശേരി, പുനലൂര്‍, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, റാന്നി, നെടുമങ്ങാട്, മുകുന്ദപുരം, വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങള്‍ പാരിസ്ഥിതികമായി അതീവലോല പ്രദേശങ്ങളാണ്.

കാഞ്ഞിരപ്പള്ളി, തൃശൂര്‍ എന്നിവയാണ് ലോലപ്രദേശമായി കണക്കാക്കിയിട്ടുള്ളത് . മൂന്നാമത്തെ വിഭാഗമായ താരതമ്യേന പാരിസ്ഥിതികലോലത കുറഞ്ഞ പ്രദേശങ്ങളില്‍ കേരളത്തില്‍ നിന്നു എട്ടു സ്ഥലങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഹോസ്ദുര്‍ഗ്, കൊട്ടാരക്കര, പാലാ, മാഹി, മലപ്പുറം, ആലത്തൂര്‍, മല്ലപ്പള്ളി, വടക്കാഞ്ചേരി എന്നിവയാണ് ആ സ്ഥലങ്ങള്‍.
 

Wednesday, 20 November 2013

പശ്ചിമഘട്ടത്തോട് ചെയ്ത ചതി - മാധവ് ഗാഡ്ഗില്‍

പ്രിയപ്പെട്ട കസ്തൂരിരംഗന്‍,
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞനായിരുന്ന ജെ.ബി.എസ് ഹാല്‍ഡ്‌നേ ഒരിക്കല്‍ പറഞ്ഞു, ‘യാഥാര്‍ത്ഥ്യം നമ്മള്‍ ഊഹിക്കുന്ന അത്ര അപരിചതമായിരിക്കില്ല, പക്ഷേ, നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപരിചതമായിരിക്കും.’
Ads By Google
പശ്ചിമഘട്ടത്തെ കുറിച്ച് താങ്കള്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തുള്ളതായിരിക്കുമല്ലോ!
പശ്ചിമഘട്ടത്തെ കുറിച്ച് ഞങ്ങള്‍ പരിസ്ഥിതി വനം മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധിചര്‍ച്ചകള്‍ക്കും സ്ഥല സന്ദര്‍ശനങ്ങള്‍ക്കും ശേഷമുളളതായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളെ തരം തിരിച്ച് സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളാണ് ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പക്ഷേ, താങ്കള്‍ ഇത് അപ്പാടെ തള്ളിക്കളഞ്ഞ് ഇതിന് പകരം പശ്ചിമഘട്ടത്തിന്റെ മൂന്നിലൊരു ഭാഗം സ്വാഭാവിക മേഖലയെന്നും മൂന്നില്‍ രണ്ട് ഭാഗം ജനവാസ മേഖല(കള്‍ച്ചറല്‍ ലാന്റ്‌സ്‌കേപ്) എന്നും തിരിച്ച് തുറന്ന വികസനത്തിന് വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്.  ഗോവയില്‍ 35000 കോടിയുടെ അനധികൃത ഖനനം നടന്നത് ഇങ്ങനെ വികസനത്തിന് കണ്ണടച്ച് സ്വീകരിച്ചത് കൊണ്ടാണ്.
പശ്ചിമഘട്ടത്തെ ഒരു മരുഭൂമിയാക്കി ഇടയ്ക്ക് ഒരു മരുപ്പച്ചയുണ്ടാക്കുന്നത് പോലെയാണിത്. ഇത്തരം തുണ്ടുതുണ്ടായുള്ള വിഭജനം പതുക്കെ എന്നാല്‍ വിദൂരമല്ലാത്ത കാലത്ത് നമ്മുടെ പശ്ചിമഘട്ടത്തെ ഒരു മരുഭൂമിയാക്കി മാറ്റുമെന്ന് ഉറപ്പാണ്. ഇത് തടയാനുള്ള ഏക മാര്‍ഗം പരിസ്ഥിതി സൗഹാര്‍ദ്ദ രീതിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലേക്കുള്ള പരിപാലനം പാരിസ്ഥികമായി സമ്പന്ന മേഖലകളില്‍ ഇപ്പോഴേ നടപ്പിലാക്കുക എന്നതാണ്. ഇതാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചതും.
വന ജൈവവൈവിധ്യത്തേക്കാള്‍ ഭീഷണി നേരിടുന്നത് ജല ജൈവവൈവിധ്യമാണ്. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ജല ജൈവവൈവിധ്യം മറ്റെന്ത് പോലെത്തന്നെയും പ്രധാനപ്പെട്ടതാണ്.
അതിനാലാണ് ഞങ്ങള്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുള്ള ലോട്ട് കെമിക്കല്‍ ഇന്‍ഡസ്ട്രി കോംപ്ലക്‌സിനെ കുറിച്ചുള്ള വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമത്തിന്റെ എല്ലാ സീമകളും ലംഘിച്ച് മലിനീകരണമുണ്ടാക്കിയത് മൂലം മത്സ്യസമ്പത്തിനെ തകര്‍ത്തുതരിപ്പണമാക്കി. ഇത് മൂലം ജോലി നഷ്ടപ്പെട്ടത് 20,000 ഓളം മത്സ്യതൊഴിലാളികള്‍ക്കാണ്. 11,000 പേര്‍ മാത്രമാണ് ഇവിടെ വ്യാവസായ മേഖലകളില്‍ ജോലി ചെയ്യുന്നത്.
ഇപ്പോള്‍ സര്‍ക്കാര്‍ അവിടെ കൂടുതല്‍ വ്യാവസായിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
താങ്കളുടെ റിപ്പോര്‍ട്ട് നമ്മുടെ നിയമം അനുശാസിക്കുന്ന ജനാധിപത്യ വ്യവസ്ഥയെ പൂര്‍ണമായും തള്ളിക്കളയുന്നതാണ്. താങ്കളുടെ റിപ്പോര്‍ട്ട് പ്രകാരം പ്രാദേശിക സമൂഹത്തിന് സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ യാതൊരു അവകാശവും ഇല്ലെന്നാണ് പറയുന്നത്.
നിങ്ങളുടെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യങ്ങളെ മൂടിവെച്ച് പുറംമോടി മാത്രം മിനുക്കി വെച്ചിരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ ആശ്ചര്യപ്പെടാനും ഒന്നുമില്ല. ഇതുതന്നെയാണ് സര്‍ക്കാരും രത്‌നഗിരിയിലെ അനധികൃത ഖനനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം. ഖനനത്തിനെതിരായി ജനങ്ങള്‍ നടത്തുന്ന സമാധാനപൂര്‍ണമായ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2007-2009 കാലത്ത് നടന്ന സമരം ഏതാണ്ട് 600 ദിവസത്തോളം നീണ്ടുനിന്നിരുന്നു.
പൂനെയില്‍ ഞാന്‍ കുറച്ച് നാള്‍ താമസിച്ചിരുന്ന സ്ഥലത്ത് ധാരാളം പേര, അരയാല്‍, ഗുലാര്‍ മരങ്ങളുണ്ടായിരുന്നു. നിരവധി ജീവിവര്‍ഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ജീവിവര്‍ഗത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് മോഡേണ്‍ ഇക്കോളജി എത്രമാത്രം ഗുണകരമാകുന്നു എന്നതിന് തെളിവായിരുന്നു അവിടം. രാത്രികാലങ്ങളില്‍ ഞാന്‍ മയിലിന്റെ നൃത്തം കണ്ടിരുന്നു.
പ്രകൃതിയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ സംസ്‌കാരം ഇന്നും പിന്തുടരുന്നവരുണ്ട്. അവര്‍ പ്രകൃതിയെ ആരാധിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വവാദിയായിരുന്ന ഫ്രാന്‍സിസ് ബച്ച്‌നനെയാണ് എനിക്ക് ഇപ്പോള്‍ ഓര്‍മവരുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്ന് ഇന്ത്യയിലെ കാവുകള്‍ സംരക്ഷിക്കാനുള്ള ഇന്ത്യക്കാരുടെ തന്ത്രമാണ് അവരുടെ പരിശുദ്ധ വനഭക്തി എന്ന് 1801 ല്‍ ഫ്രാന്‍സിസ് ബച്ച്‌നനന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ നമ്മള്‍ ബ്രിട്ടീഷുകാരേക്കാള്‍ വലിയ ബ്രിട്ടീഷുകാരായി രാജ്യത്തെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനുള്ള മറയായി പരിസ്ഥിത സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളെ ഉപയോഗിക്കുകയാണ്. താങ്കളുടെ റിപ്പോര്‍ട്ടും അത്തരത്തിലൊരു സമീപനം തന്നെയാണ് മുന്നോട്ട് വെക്കുന്നത്. യാഥാര്‍ത്ഥ്യം നമ്മള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും.
- മാധവ് ഗാഡ്ഗില്‍ , ചെയര്‍മാന്‍ ,
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സംഘം.


പശ്ചിമഘട്ടത്തോട് ചെയ്ത ചതി:

'via Blog this'

Tuesday, 19 November 2013

ഗാഡ്ഗില് കസ്തൂരിരംഗന് ശുപാര്ശകളെക്കാള് അപകടകരമാണ് 2003-ലെ പരിസ്ഥിതി ദുര്ബല പ്രദേശം ഏറ്റെടുക്കല് നിയമം.


 
ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കൂടുതല്‍ പേര്‍ക്ക് എത്താനും പങ്കെടുക്കാനും കൂടുതല്‍ സൗകര്യമുള്ള കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് അസ്സീസി മാസിക-ജീവന്‍ ബുക്‌സ് ഹാളില്‍ രാവിലെ 10 മണിമുതല്‍ നടത്തുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997.

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ പരസ്യകുമ്പസാരം IV

സണ്ണി പൈകട 
IV

റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രക്രിയയില്‍ സംഭവിച്ച ഈ വീഴ്ചപോലെ തന്നെ,ഖനന-ടൂറിസം-നിര്‍മ്മാണ ലോബികള്‍ വിദഗ്ദമായി ജനങ്ങളെ റിപ്പോര്‍ട്ടിനെതിരെ അണിനിരത്താന്‍ ഉപയോഗിച്ച ചില അവ്യക്തതകള്‍നിറഞ്ഞ ശുപാര്‍ശക്‌ളും ശ്രദ്ധിക്കേണ്ടതാണ്. അതിലൊന്ന് 30 ശതമാനമത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടു വിളകള്‍കൃഷി ചെയ്യാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ്. സദുദ്ദേശപരമായ ഈ ശുപാര്‍ശയില്‍ മതിയായ മണ്ണ്-ജല സംരക്ഷണ ഉപാധികള്‍ സ്വീകരിക്കാതെ 30 ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടുവിളകള്‍ അനുവദിക്കരുതെന്ന ഒരു ചെറിയമാറ്റം വരുത്തിയിരുന്നെങ്കില്‍, ഇടുക്കി ബിഷപ്പിന് മലയോരത്തിനി ഒരു മൂട് കപ്പ നടാനാവില്ല എന്ന് വിലപിച്ച് ജനങ്ങളെ ഇളക്കാന്‍ അവസരമുണ്ടാകുമായിരുന്നില്ല. 

മലയോരത്ത് ഒരേ സ്ഥലത്ത് തുടര്‍ച്ചയായി തന്നാണ്ടു വിളകള്‍ കൃഷിചെയ്യുന്ന ഞാനുള്‍പ്പെടെയുള്ള ആയിരക്കണക്കിന് കര്‍ഷകരുണ്ട്. ഞങ്ങള്‍ കൃഷി ചെയ്യുന്നത് കയ്യാലവച്ച് തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ് ഒഴിവാക്കിയിട്ടാണെന്നുമാത്രം. അത്തരം സംര്കഷണ നടപടികളെടുക്കാതെ തന്നാണ്ടുവിളകള്‍ കൃഷി ചെയ്താലുണ്ടാവുന്ന പ്രശ്‌നം ഒരു വിദഗ്ദസമിതിയും ചൂണ്ടിക്കാണിക്കാതെ തന്നെ മനസ്സിലാക്കാനുള്ള വിവരം കര്‍ഷകര്‍ക്കുണ്ട്. എന്നാല്‍ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചിയും വാഴയും മരച്ചീനിയും കൃഷിചെയ്യുന്നവര്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. ഈ കാര്യം പ്രത്യേകമായി ചൂണ്ടിക്കാണിച്ച് നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നെങ്കില്‍ ഇത് സംബന്ധിച്ച് ഒരു വിമര്‍ശനവുമുയരില്ലായിരുന്നു.

തന്നാണ്ടുവിളകളുടെ കാര്യത്തിലെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ശുപാര്‍ശപോലെ തന്നെയാണ് മൃഗങ്ങളുടെ സഞ്ചാരപാതകള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും. ഏതൊക്കെ വനമേഖലകള്‍ക്കിടയില്‍ എത്രകിലോമീറ്റര്‍ വീതിയില്‍ മൃഗങ്ങളുടെ സഞ്ചാരപാതകളൊരുക്കണമെന്നോ, അതിനായി കുടിയൊഴിപ്പിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് മാന്യമായ നഷ്ടപരിഹാരം കൊടുക്കണമെന്നോ, തൊട്ടുചേര്‍ന്ന് കിടക്കുന്ന കൃഷി ഭൂമിയിലേക്ക് വന്യമൃഗങ്ങള്‍ കടക്കുന്നതിനെ ഏതുവിധത്തില്‍ പ്രതിരോധിക്കണമെന്നോ വ്യക്തമാക്കാതെ ഈ നിര്‍ദ്ദേശം വച്ചതോടെ പശ്ചിമഘട്ടത്തിലെവിടെയൊക്കെയോ വന്യമൃഗസംരക്ഷണത്തിനുവേണ്ടി വനങ്ങളുടെ പുനഃസൃഷ്ടിക്കായി കര്‍ഷകര്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ തല്‍പ്പരകക്ഷികള്‍ക്ക് എളുപ്പമായി.

അതുപോലെതന്നെയാണ് കെട്ടിട നിര്‍മ്മാണശൈലിയിലെ മാറ്റം പശ്ചിമഘട്ടത്തിനായി മാത്രം ശുപാര്‍ശചെയ്തതിലെ വിഢ്ഢിത്തം. മലയോരവാസികള്‍ കെട്ടിടം പണിയുമ്പോള്‍ കമ്പിയും സിമന്റും ഉപയോഗിക്കുന്നത് കുറയ്ക്കണം, മറ്റ് മേഖലകളിലുള്ളവര്‍ യഥേഷ്ടം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയട്ടെ എന്ന മനോഭാവം പ്രകോപനപരമാണ്. കെട്ടിടനിര്‍മ്മാണശൈലിയിലെ നിയന്ത്രണങ്ങള്‍ എല്ലാ മേഖലകള്‍ക്കുമായി ശുപാര്‍ശചെയ്തിരുന്നെങ്കില്‍ അതില്‍ യുക്തിഭദ്രതയുണ്ട്. ഇടനാട്ടിലും തീരപ്രദേശങ്ങളിലുമുയരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും, റോഡ്-റയില്‍വേ ലൈനുകള്‍ക്കും വേണ്ടി പാറപൊട്ടിച്ചെടുക്കുന്നതും മണല്‍ ഒഴുകിയെത്തുന്നതും ഏറിയപങ്കും മലയോരമേഖലകളില്‍ നിന്നായതിനാല്‍ നിയന്ത്രണം എല്ലായിടത്തേക്കുമായി ശുപാര്‍ശ ചെയ്യുകയല്ലേയുക്തി. 

സാമാന്യജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഈ യുക്തിരാഹിത്യം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൊതുവെ മലയോരവാസികളോട് ചിറ്റമനയം പുലര്‍ത്തുന്നഒന്നാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെട്ടു.
ഒട്ടും ജനാധിപത്യപരമല്ലാത്ത പ്രക്രിയയിലൂടെ ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങളും കുറെ അവ്യക്തതകളും മുന്നോട്ടുവയ്ക്കുകയും, പശ്ചിമട്ട സംരക്ഷണത്തിനായി പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോ റിറ്റി, സംസ്ഥാന പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോറിറ്റി, ജില്ലാ ആവാസ വ്യവസ്ഥ കമ്മിറ്റി എന്നീ ത്രിതല അധികാര സംവിധാനം രൂപകല്പന ചെയ്യുകയുമാണ് ഗാഡ്ഗില്‍ കമ്മിറ്റിയില്‍ നിന്നുണ്ടായത്. ഇങ്ങനെയെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ വച്ചിട്ട് ഇനി എല്ലാകാര്യങ്ങളും നിശ്ചയിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കുമുണ്ട്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട എന്ന് മലയോരവാസികളെ സമശ്വസിപ്പിച്ചിട്ട് കാര്യമില്ല. 

ഉദ്യോഗസ്ഥമേധാവിത്വവും അഴിമതിയും കൊടികുത്തിവാഴുന്ന കേന്ദ്രീകൃത ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന ഈ രാജ്യത്ത് പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും എന്തധികാരമാണ് പ്രായോഗികമായുള്ളത് എന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ പോലും ഗ്രാമസഭാ തീരുമാനങ്ങള്‍ക്ക് പ്രായോഗികമായി വിലയില്ലാത്ത സാഹചര്യമാണിവിടെയുള്ളത്. ഗ്രാമസഭായോഗങ്ങള്‍ വീട്, കക്കൂസ്, പശു, കോഴി വിതരണ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മാത്രമെ ഉപകരിക്കുന്നുള്ളു എന്നത് മനസ്സിലാക്കിയിട്ടുള്ളവരാണ് ജനങ്ങള്‍. സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കാനുള്ള സമയം ഉണ്ടാവാന്‍ സാധ്യതയില്ലാത്ത വിദഗ്ദന്‍മാര്‍ക്ക്് ഗ്രാമസഭകള്‍ സംബന്ധിച്ച് കാല്‍പ്പനികമായ ധാരണളാവുമുണ്ടാവുക.ജനങ്ങള്‍ക്കങ്ങനെയല്ലല്ലോ.

പൊതുവില്‍ സ്വീകര്യമെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഇവിടെ സൂചിപ്പിച്ചതുപോലുള്ള പരിമിതികള്‍ യഥാസമയം ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ പോയതാണ് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പറ്റിയ വീഴ്ചയെന്ന് ഞാന്‍ കരുതുന്നു. ഇത്തരം കാര്യങ്ങളില്‍ സൂഷ്മതയോടെ സ്വതന്ത്രവും ജനപക്ഷത്തു നില്‍ക്കുന്നതുമായ നിലപാടെടുത്തുകൊണ്ടെ ഇനി മുന്നോട്ടുപോകാനാവു. ഇന്നത്തെ നിലയ്ക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കണ്ണടച്ച് പിന്തുണച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകരും, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും കണ്ണടച്ച് എതിര്‍ത്തുകൊണ്ട് മലയോര കര്‍ഷകരും മുന്നോട്ട് പോയാല്‍ പശ്ചിമഘട്ടസംര്കഷണവിചാരങ്ങള്‍ പരാജയപ്പെടുകയും കര്‍ഷകര്‍വഞ്ചിക്കപ്പെടുകയുമാവും ഫലം. ഇതിനിടയില്‍ വിജയിക്കുന്നത് ഖനന-ടൂറിസം-നിര്‍മ്മാണ ലോബികള്‍ മാത്രമാകും.

പരിസ്ഥിതിസംരക്ഷണം എന്നത് ഒരു അക്കാഡമിക് സബ്ജറ്റായി മാത്രം കാണുന്നവരെ സംബന്ധിച്ചിടത്തോളം ജനങ്ങളോ ജനങ്ങളുടെ വികാരങ്ങളോ പരിഗണന അര്‍ഹിക്കുന്ന കാര്യമല്ലായിരിക്കാം. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ പങ്കാളിത്തമില്ലാതെ അസാധ്യമാണെന്ന് യാഥാര്‍ത്ഥ്യബോധമുള്ളവര്‍ ജനസമൂഹത്തെ ശരിയായി മനസ്സിലാക്കികൊണ്ടുവേണം മുന്നോട്ടുപോകാന്‍ . പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മലയോര കര്‍ഷകര്‍ക്കും ഒരുപോലെ സ്വീകാര്യമാകാവുന്ന കാര്യങ്ങളെക്കുറിച്ച് സമചിത്തതയോടെയും പക്വതയോടെയും കൂടിയാലോചനകള്‍ നടത്തേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ വിനയത്തോടെയും സത്യസന്ധതയോടെയും സ്വന്തം നിലപാടുകളെയും പ്രവര്‍ത്തന ശൈലികളെയും വിലയിരുത്തി ഇത്തരമൊരു കൂടിയാലോചനയ്ക്ക് മുന്‍കൈയെടുക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു. പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലുമൊക്കെ അങ്ങനെ തോന്നുന്നുണ്ടാവുമെന്നാണെന്റെ വിചാരം.

NB

ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കൂടുതല്‍ പേര്‍ക്ക് എത്താനും പങ്കെടുക്കാനും കൂടുതല്‍ സൗകര്യമുള്ള കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് അസ്സീസി മാസിക-ജീവന്‍ ബുക്‌സ് ഹാളില്‍ രാവിലെ 10 മണിമുതല്‍ നടത്തുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997

Sunday, 17 November 2013

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ പരസ്യകുമ്പസാരം III

 
സണ്ണി പൈകട 
3

ഇനി എന്റെ രണ്ടാമത്തെ നിരീക്ഷത്തിന്റെ അടിസ്ഥാനമെന്തെന്നു  വിശദീകരിക്കാം. വലിയൊരു മേഖലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുന്ന ഒരു വിഷയത്തില്‍ യുക്തിസഹമായി ഇടപെടാനുള്ള തന്ത്രജ്ഞതയോ ആത്മവിശ്വാസമോ യാഥാര്‍ത്ഥ്യബോധമോ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആര്‍ജ്ജിച്ചിട്ടില്ല എന്നതാണ് എന്റെ രണ്ടാമത്തെ നിരീക്ഷണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് ഞാനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതുവരെ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ നിരീക്ഷണത്തിനടിസ്ഥാനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സ്വതന്ത്രമായി വിലയിരുത്തുന്നതിനുപകരം, അതിലടങ്ങിയിരിക്കുന്ന ശ്രദ്ധേയവും സ്വീകാര്യവുമായ നിര്‍ദ്ദേശങ്ങളില്‍ ആവേശം പൂണ്ട് റിപ്പോര്‍ട്ടിനൊന്നാകെ സ്തുതിഗീതങ്ങളാലപിച്ച് അതിന് പ്രതിരോധകവചം തീര്‍ക്കുന്ന നിലപാടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വ്യതസ്ത താല്പര്യങ്ങളും വീക്ഷണങ്ങളും നിലനില്‍ക്കുന്ന ഒരു വലിയ സമൂഹത്തില്‍ ഇതുപോലുള്ള വിഷയങ്ങളില്‍, സത്യമാണെങ്കില്‍ പോലും അതെങ്ങനെ അവതരിപ്പിക്കുന്നു എന്നത്, ഇക്കാര്യത്തിന് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ആകമാനം ആവേശത്തോടെ വാഴ്ത്തിയപ്പോള്‍ നമ്മള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാതെ പോയ ചില ഗൗരവമാര്‍ന്ന പോരായ്മകളെ മറുപക്ഷം വിദഗ്ദമായും പ്രായോഗിക കൗശലങ്ങളോടെയും വികസിപ്പിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും നിറം പിടിപ്പിച്ചും ജനമദ്ധ്യത്തിലവതരിപ്പിക്കുകയും റിപ്പോര്‍ട്ടിനെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്തു. എന്തൊക്കയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധിയ്ക്കാതെ പോയതും സ്ഥാപിത താല്പര്യക്കാര്‍ ഇന്ധനമാക്കിയതുമായ പോരായ്മകള്‍ എന്നു നോക്കാം.
 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഉയര്‍ന്ന ഏറ്റവും മൂര്‍ച്ചയുള്ള വിമര്‍ശനം അത് ജനങ്ങളുടെ അഭിപ്രായം തേടാതെ തയ്യാറാക്കിയതാണെന്നാണ്. ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനു നല്‍കിയ നിര്‍ദ്ദേശങ്ങളിലൊന്ന്, ബന്ധപ്പെട്ട എല്ലാ സംസ്ഥാനഭരണകൂടങ്ങളുടെയും പ്രദേശികവാസികളായ ജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാര്‍ഗ്ഗരേഖകള്‍ നിര്‍ദ്ദേശിക്കുക എന്നതാണ്. എന്നാല്‍ നിരവധിസംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന പശ്ചിമഘട്ടത്തെക്കുറിച്ച് നടത്തിയ പഠനത്തിനായി ആകെ നടത്തിയത് നാല് ജനകീയ ചര്‍ച്ചകള്‍ മാത്രമാണെന്ന് വിദഗ്ദസമിതിയംഗമായ ഡോ.വി. എസ്.വിജയന്‍ തന്നെ പറയുന്നു. ആകെ 35 യോഗങ്ങള്‍ നടന്നെങ്കിലും അതില്‍ നാല് ജനകീയ ചര്‍ച്ചകളെ ഉണ്ടായുള്ളു എന്നോര്‍ക്കണം. ഇതില്‍ നിന്നു തന്നെ ജനാഭിപ്രായങ്ങളോട് സമിതിക്കുണ്ടായിരുന്ന മനോഭാവം വ്യക്തമാണ്. ആ നാലു ചര്‍ച്ചകളുടെയും സ്വഭാവമെന്തായിരുന്നു എന്നതും അതില്‍ പങ്കെടുത്ത ജനങ്ങള്‍ പശ്ചിമഘട്ടമേഖലയിലെ ജനസമൂഹത്തിന്റെ പരിഛേദമായിരുന്നോ എന്നൊന്നും അറിയില്ല. പശ്ചിമഘട്ടമേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ഉത്തരവാദിത്വപൂര്‍ണ്ണവും ബോധപൂര്‍വ്വകവുമായ പങ്കാളിത്തമില്ലാതെ ഏതു റിപ്പോര്‍ട്ട് വന്നാലും, എന്തു നിയമനിര്‍മ്മാണം നടത്തിയാലും, പട്ടാളനടപടി ഉണ്ടായാല്‍ പോലും പശ്ചിമഘട്ടസംരക്ഷണം അസാധ്യമാണെന്നിരികെ, നാല് ജനകീയ ചര്‍ച്ചകള്‍ കൊണ്ട് മതിയാക്കിയ വിദഗ്ദസമിതിയുടെ സമീപനം ധിക്കാരപരമാണ്. 

വൈദഗ്ദ്യം എന്നത് ഇന്നത്തെ സമൂഹത്തില്‍ അധികാരം കൂടിയാണ്. വിദഗ്ദസമിതികള്‍ അധികാരസമിതികള്‍ തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ വിദഗ്ദസമിതി റിപ്പോര്‍ട്ടുകളെയാണ് മിക്കപ്പോഴും ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്കുമേലുള്ള അധികാരപ്രയോഗം വ്യവസ്ഥാപിതമാക്കാനുള്ള ഉപകരണങ്ങളാക്കുന്നത്. അത്തരമൊരു വിദഗ്ദസമിതിയായ ഗാഡ്ഗില്‍ കമ്മിറ്റി പേരിനു മാത്രം ജനകീയ ചര്‍ച്ച നടത്തി തങ്ങളുടെ വൈദഗ്ദ്യധാര്‍ഷ്ട്യം പ്രകടിപ്പിച്ചതിനെ ജനങ്ങളില്‍ പ്രകോപനം സൃഷ്ടിക്കാന്‍ മറുപക്ഷം അതിവിദഗ്ദമായി ഉപയോഗപ്പെടുത്തി. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഡ്രാഫ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രാദേശികഭാഷയില്‍ ഈ മേഖലയിലെ ഗ്രാമപഞ്ചായത്തുകള്‍ മുതലുള്ള ഭരണസ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ട് പശ്ചിമഘട്ടത്തിലെ ഓരോജില്ലയിലും ഒന്നോ രണ്ടോ മേഖലാതല സിറ്റിംഗ് നടത്തി നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കില്‍ അത് എത്ര ജനാധിപത്യപരമാകുമായിരുന്നു. സമയക്കുറമൊന്നും ഈ വീഴ്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കാവുന്ന ന്യായീകരണമല്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ട് തയ്യാറാക്കുന്ന പ്രക്രിയയില്‍ സംഭവിച്ച ഈ ജനാധിപത്യമില്ലായ്മ ചൂണ്ടിക്കാണിക്കാനും അതില്‍ പ്രതിഷേധിക്കാനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഒരു ഘട്ടത്തിലും കഴിഞ്ഞില്ല.                
                                                                                                    (തുടരും)
NB

ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ഭൂമികയില്‍ വച്ച് നടക്കുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997.

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ പരസ്യകുമ്പസാരം II




                                                           സണ്ണി പൈകട
                                                              2

കേരളത്തിന്റെ പൊതുമനസ്സ് കര്‍ഷകരെ മാനിക്കുന്ന ഒന്നല്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ കൃഷിയെക്കുറിച്ച് വളരെ കാല്‍പ്പനികമായി സംസാരിക്കുമെങ്കിലും അവരിലേറിയ പങ്കിന്റെയും ഉപജീവനമാര്‍ഗ്ഗം കൃഷിയല്ലതാനും. നെല്‍കര്‍ഷകര്‍ ഒഴികെയുള്ള കര്‍ഷകരെ, പ്രത്യേകിച്ചും നാണ്യവിളകള്‍ കൃഷി ചെയ്യുന്ന മലയോര കര്‍ഷകരെക്കുറിച്ചുള്ള മിക്ക പരിസ്ഥിതിപ്രവര്‍ത്തകരുടെയും മുന്‍വിധി അവര്‍ വനം കയ്യേറ്റക്കാര്‍ ആണ് എന്നതാണ്. ഈ മുന്‍വിധിയോടെയുള്ള പ്രതികരണങ്ങളും നിലപാടുകളും ഞാന്‍ എത്രയോ തവണകണ്ടിരിക്കുന്നു കേട്ടിരിക്കുന്നു. എന്നാല്‍ മലയോരകര്‍ഷകര്‍ വെട്ടിവെളുപ്പിച്ചതിലുമധികം വനം വന്‍കിടപ്ലാന്റേഷനുകള്‍ക്കുവേണ്ടിയും സര്‍ക്കാരിന്റെ വന്‍കിടപദ്ധതികള്‍ക്കുവേണ്ടിയും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടില്ലെന്നു നടിക്കയാണ്. മാത്രവുമല്ല മലയോരങ്ങളിലേക്കുള്ള കുടിയേറ്റം ആദ്യഘട്ടത്തില്‍ നടന്നത് അക്കാലത്തെ ഭരണ കര്‍ത്താക്കളുടെ പിന്‍ബലത്തോടെയും പ്രേരണയോടെയുമായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. 

ആദ്യകാല കുടിയേറ്റക്കാര്‍ സഹിച്ചിട്ടുള്ളയാതനകളും പലരും ഉള്‍ക്കൊള്ളുന്നില്ല. അവരുടെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഇന്നത്തെ മലയോരജനത ഇടനാട്ടിലും തീരമേഖലകളിലുമായിരുന്നു പെറ്റ് പെരുകിയിരുന്നത് എങ്കില്‍ ആ മേഖലകളിലെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സമ്മര്‍ദ്ദം എത്രയാകുമായിരുന്നു എന്നതും ആലോചിക്കേണ്ടതാണ്. ഇടനാട്ടിലും തീരപ്രദേശങ്ങളിലും അധിവസിക്കുന്നവരുടെ കൈകള്‍ പാരിസ്ഥിതികമായി ശുദ്ധമാണോ എന്നതും ആലോചിക്കേണ്ടതാണ്. പാടങ്ങള്‍ വന്‍തോതില്‍ നികത്തിയതും നദികളുടെയും കടലിന്റെയും തീരങ്ങള്‍ വന്‍തോതില്‍ കയ്യേറിയവരും മലയോരജനതയല്ലല്ലോ. അവരോടില്ലാത്ത പാരിസ്ഥിതികകാര്‍ക്കശ്യം എന്തിനാണ് മലയോരവാസികളോട് ചില പരിസ്ഥിതിക്കാര്‍ വച്ചുപുലര്‍ത്തുന്നത്. പാടം നികത്തി വീടുകളും, വിദ്യാലയങ്ങളും കളിസ്ഥലങ്ങളും മറ്റും കെട്ടിപ്പൊക്കിയവരെയും തീരങ്ങള്‍ കയ്യേറി കോണ്‍ക്രീറ്റ് കാടുകള്‍ വളര്‍ത്തിയവരെയും കുടിയൊഴിപ്പിച്ച് പാടങ്ങളും തീരങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആരും നിലപാടെടുക്കുന്നില്ലല്ലോ. 

സംഭവിച്ചുപോയ പാരിസ്ഥിതികമായ ചില ശരികേടുകളെ സാമൂഹികമായ ചില ശരികളായി അംഗീകരിക്കേണ്ടിവരുന്ന അനിവാര്യത മൂലമാണിങ്ങനെ നിലപാടെടുക്കാന്‍ കഴിയാത്തത്. എന്നാല്‍ മലയോരകര്‍ഷകരുടെ കാര്യത്തില്‍ ഈയൊരു യാഥാര്‍ത്ഥ്യബോധം പലരും പ്രകടിപ്പിക്കുന്നില്ല. 1977 വരെയുള്ള കുടിയേറ്റകര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനത്തെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാനും തുറന്നംഗീകരിക്കാനും പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആരാണ് തയ്യാറായിട്ടുള്ളത്? ചിലരെങ്കിലും കോടതി വഴി ചില തടസ്സവാദങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടയം ലഭിക്കാനുള്ള നടപടികള്‍ തടസ്സപ്പെട്ട അനുഭവങ്ങള്‍ മലയോരകര്‍ഷകര്‍ക്ക് പറയാനുണ്ട്. രാഷ്ട്രീയനേതൃത്വം. 1977വരെയുള്ളകുടിയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന് പറയുമ്പോഴും, ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ കുറെപ്പേര്‍ക്ക് മാത്രം പട്ടയം നല്‍കുകയും ബാക്കിയാളുകളെ പട്ടയമെന്ന പ്ലാവിലകാണിച്ച് പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. പട്ടയദാനം ഒരിക്കലും പൂര്‍ത്തിയാക്കാതെ ഇങ്ങനെ നീട്ടികൊണ്ടുപോകുന്നത് രാഷ്ട്രീയ നേട്ടത്തോടൊപ്പം പുതിയ കയ്യേറ്റങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ക്കൂടിയാണെന്ന സത്യമെങ്കിലും മനസ്സിവാക്കി 1977 വരെയുള്ള കുടിയേറ്റക്കാര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കണമെന്ന ഉറച്ച നിലപാട് പരിസ്ഥിതി സംഘടനകളൊന്നും സ്വീകരിച്ചുകാണുന്നില്ല. പരിസ്ഥിതി സംഘടനകള്‍ അത്തരം നിലപാടെടുക്കാത്തതിനാലാണ് പട്ടയദാനം വൈകുന്നത് എന്നല്ല പറഞ്ഞുവരുന്നത്,മറിച്ച് വസ്തുനിഷ്ഠമായനിലപാട് യഥാസമയം സ്വീകരിച്ചിരുന്നെങ്കില്‍ പരിസ്ഥിതി പ്രവര്‍ത്തകരോട് മലയോര ജനതക്ക് ഇന്നുള്ള മനോഭാവത്തില്‍ മാറ്റം വരുമായിരുന്നു എന്നാണ്.
 
 മലയോരകര്‍ഷകര്‍ വിയര്‍പ്പുചിന്തി ഒരു ഹരിതമേലാപ്പ് എങ്കിലും വളര്‍ത്തിയവരാണ്. എന്നാല്‍ പാടം നികത്തിയവരും തീരങ്ങള്‍ കയ്യേറിയവരും വളര്‍ത്തിയത് കോണ്‍ക്രീറ്റ് കാടാണെന്നും, ചിലരെങ്കിലും അത്തരം കോണ്‍ക്രീറ്റ് കാടുകളില്‍ തപസ്സു ചെയ്തുകൊണ്ടും, തൊഴിലെടുത്തുകൊണ്ടുമാണ് ഹരിത വിചാരങ്ങള്‍ പ്രസരിപ്പിക്കുന്നത് എന്നതും മലയോരജനത മനസ്സിലാക്കുന്നുണ്ട്. മാത്രവുമല്ല കൃഷിയെക്കുറിച്ച് ഏറെ കാല്‍പ്പനികമായി സംസാരിക്കുന്നവരില്‍ ആരും തന്നെ സ്വന്തം മക്കളിലാര്‍ക്കെങ്കിലും രണ്ടേക്കര്‍ സ്ഥലം വാങ്ങി നല്‍കി പ്രകൃതി സൗഹൃദപരമായി കൃഷി ചെയ്ത് ജിവിക്കാന്‍ പ്രേരിപ്പിക്കുന്ന കാഴ്ച ഈ ഭൂമിമലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ല. ഓര്‍ക്കുക; ഉദ്യോഗസ്ഥരും സംഘടിതതൊഴിലാളികളും, സംഘടിതരായ വ്യാപാരി വ്യവസായി സമൂഹവും, അസംഘടിതരായ കര്‍ഷരുമെല്ലാം അടങ്ങുന്നതാണ് കേരളീയ സമൂഹം. ഈ സമൂഹം കമ്പോളം അഴിച്ചുവിടുന്ന ഉപഭോഗമോഹങ്ങളുടെ ഒരേ പ്രവാഹത്തിലാണ് നീന്തിത്തുടിക്കുന്നത്. ഏതെങ്കിലും ഒരു ജനവിഭാഗം മാത്രം ഈ പ്രവാഹത്തിനെതിരെ നിലകൊള്ളണമെന്ന് മറ്റ് ജനവിഭാഗങ്ങള്‍ പറയുന്നതിലര്‍ത്ഥമില്ല. നിങ്ങള്‍ മലയോരജനത മുഴുവന്‍ സമൂഹത്തിനും വേണ്ടി വലിയ വീടുവയ്ക്കാനും മുന്തിയ ഇനം കാറുവാങ്ങാനും, ആധുനിക ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനും നല്ല ഗതാഗത സൗകര്യങ്ങള്‍ അനുഭവിക്കാനുമൊക്കെയുള്ള മോഹങ്ങള്‍ മാറ്റിവയ്ക്കണമെന്ന് മറ്റ് ജനവിഭാഗങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലൂടെ പറയുന്നതായാണ് അവര്‍ക്ക് തോന്നുന്നത്. അങ്ങനെയല്ല എന്നവരെ ബോധ്യപ്പെടുത്താനുള്ള സ്വീകാര്യതയും വിശ്വാസ്യതയും ജീവിതം കൊണ്ടും നിലപാടുകള്‍കൊണ്ടും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരിലെ പ്രാമാണിക വിഭാഗം ആര്‍ജ്ജിച്ചിട്ടില്ലായെന്നിടത്താണ് മലയോരജനത മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് ചെവികൊടുക്കുന്നത് എന്ന സത്യം നമ്മള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇനിയെങ്കിലും അംഗീകരിക്കണം.
                                                                                                   
(തുടരും)
NB

ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ഭൂമികയില്‍ വച്ച് നടക്കുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997.

Saturday, 16 November 2013

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ പരസ്യകുമ്പസാരം

സണ്ണി പൈകട

കഴിഞ്ഞമുപ്പതുവര്‍ഷമായി പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന ഒരു മലയോര കര്‍ഷകനാണ് ഞാന്‍ . പരിസ്ഥിതി നാശത്തിനിടയാക്കുന്ന നീക്കങ്ങള്‍ക്കെതിരായി നടന്നിട്ടുള്ള പല സമരങ്ങളിലും പങ്കാളിയാവാനും അത്തരം ചില സമരങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും ഇതിനിടയില്‍ അവസരമുണ്ടായിട്ടുണ്ട്. പരിസ്ഥിതി സമരങ്ങളില്‍ മാത്രമല്ല പ്രകൃതിസംരക്ഷത്തിനായുള്ള നിര്‍മ്മാണാത്മകമായ ചില ഉദ്യമങ്ങളും എളിയ പങ്ക് വഹിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ കൊച്ചുകൊച്ചനുഭവങ്ങളില്‍ നിന്ന് ബോധ്യപ്പെട്ട ചിലകാര്യങ്ങള്‍ കേരളീയത്തിലൂടെ തുറന്നു പറയുകയാണ്. ഇത്തരമൊരു തുറന്നു പറച്ചിലിനുള്ള പ്രകോപനം (പ്രചോദനമല്ല) ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.
 

ചില പാളിച്ചകളുണ്ടെങ്കിലും തൊണ്ണൂറു ശതമാനവും സ്വീകാര്യമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോരമേഖലയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ആശങ്കകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കാര്യമായൊന്നും ഇടപെടാനോ ജനങ്ങളെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനോ ആവാതെ കാഴ്ചക്കാരായി നില്‍ക്കേണ്ടിവരുന്ന ഞാനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗതികേട് എന്നെ ദുഃഖിപ്പിക്കുന്നു. ആത്മസംതൃപ്തിക്കുവേണ്ടി പരിസ്ഥിതിപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ നടത്തിയിട്ടുള്ള ചില ചെറുപ്രതികരണങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും, അതൊന്നും മലയോര ജനതയുടെ ചിന്താഗതിയില്‍ നേരിയതോതിലുള്ള സ്വാധീനം ചെലുത്താന്‍ പോലും പര്യാപ്തമല്ലായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇവിടെ ഞാന്‍ എന്നോട് തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. 

എന്തുകൊണ്ടാണ് മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നത്? ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലേതാണെന്നിരിക്കെ, വളരെ സജീവമായ അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ സാന്നിദ്ധ്യം എല്ലാ കര്‍ഷക കുടുംബങ്ങളിലുമുണ്ടെന്നിരിക്കെ ആടിനെ പട്ടിയാക്കുന്ന പ്രചരണം ഈ വിധത്തില്‍ വിജയിച്ചുകൊണ്ടിരിക്കുന്നതിന്റെ രഹസ്യമെന്ത്? ചെറുതും വലുതുമായ പരിസ്ഥിതിസംഘടനകളും നേതാക്കളും പ്രസിദ്ധീകരണങ്ങളും കണ്ണലെണ്ണയൊഴിച്ച് പ്രകൃതിസംരക്ഷണത്തിനായി നിലകൊള്ളുന്ന കേരളത്തില്‍ അവരുടെ വാക്കുകള്‍ക്ക് കര്‍ഷകജനത ചെവി കൊടുക്കാത്തതെന്തുകൊണ്ടാണ്? പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന്യം മനസ്സിലാക്കാന്‍ തക്കബുദ്ധിപരമായ വളര്‍ച്ചയില്ലാത്ത വെറും കിഴങ്ങുതീനികളാണോ മലയോര ജനത? ജൈവകൃഷിരീതികളും മറ്റും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്ന മലയോരജനത എന്തുകൊണ്ടാണ് പശ്ചിമഘട്ട സംരക്ഷണകാര്യത്തില്‍ പുറം തിരിഞ്ഞുനില്‍ക്കുന്നത്? ഇത്തരം ചോദ്യങ്ങളാണ് ചില തുറന്നുപറച്ചിലുകള്‍ നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് നിരീക്ഷണങ്ങളാണ് പ്രധാനമായും ഞാനിവിടെ സൂചിപ്പിക്കുന്നത്. 

ഒന്നാമത്തെ കാര്യം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് മലയോരജനതയുടെ മനസ്സില്‍ കാര്യമായ വിശ്വാസ്യതയോ സ്വീകാര്യതയോ ഇല്ല എന്നതാണ്. രണ്ടാമത്തെ കാര്യം, കേരളീയ ജനസമൂഹത്തിന്റെ ഗണ്യമായ ഒരു പങ്കിന്റെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒരു വിഷയത്തില്‍ അവരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് സത്യം ബോധ്യപ്പെടുത്താനുള്ള യാഥാര്‍ത്ഥ്യബോധമോ നയതന്ത്രജ്ഞതയോ ആത്മവിശ്വാസമോ ഇനിയും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആര്‍ജ്ജിച്ചിട്ടില്ല.ഞാനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരെക്കുറിച്ച് ആത്മവിമര്‍ശനപരമായി പ്രകടിപ്പിക്കുന്ന ഈ നിരീക്ഷണങ്ങളോട് പരിസ്ഥിതി സംരക്ഷണരംഗത്തെ സുഹൃത്തുകളേറെയും യോജിക്കില്ലായെന്നെനിക്കറിയാം. എങ്കിലും എന്റെ ഈ ബോധ്യങ്ങള്‍ക്ക് ആധാരമായ ചില കാര്യങ്ങള്‍ എനിക്ക് വിശദീകരിക്കാനുണ്ട്.

                                                                                                     (തുടരും)
NB

ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ഭൂമികയില്‍ വച്ച് നടക്കുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997.