സണ്ണി പൈകട
കഴിഞ്ഞമുപ്പതുവര്‍ഷമായി പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന ഒരു മലയോര കര്‍ഷകനാണ് ഞാന്‍ . പരിസ്ഥിതി നാശത്തിനിടയാക്കുന്ന നീക്കങ്ങള്‍ക്കെതിരായി നടന്നിട്ടുള്ള പല സമരങ്ങളിലും പങ്കാളിയാവാനും അത്തരം ചില സമരങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും ഇതിനിടയില്‍ അവസരമുണ്ടായിട്ടുണ്ട്. പരിസ്ഥിതി സമരങ്ങളില്‍ മാത്രമല്ല പ്രകൃതിസംരക്ഷത്തിനായുള്ള നിര്‍മ്മാണാത്മകമായ ചില ഉദ്യമങ്ങളും എളിയ പങ്ക് വഹിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ കൊച്ചുകൊച്ചനുഭവങ്ങളില്‍ നിന്ന് ബോധ്യപ്പെട്ട ചിലകാര്യങ്ങള്‍ കേരളീയത്തിലൂടെ തുറന്നു പറയുകയാണ്. ഇത്തരമൊരു തുറന്നു പറച്ചിലിനുള്ള പ്രകോപനം (പ്രചോദനമല്ല) ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.
ചില പാളിച്ചകളുണ്ടെങ്കിലും തൊണ്ണൂറു ശതമാനവും സ്വീകാര്യമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോരമേഖലയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ആശങ്കകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കാര്യമായൊന്നും ഇടപെടാനോ ജനങ്ങളെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനോ ആവാതെ കാഴ്ചക്കാരായി നില്‍ക്കേണ്ടിവരുന്ന ഞാനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗതികേട് എന്നെ ദുഃഖിപ്പിക്കുന്നു. ആത്മസംതൃപ്തിക്കുവേണ്ടി പരിസ്ഥിതിപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ നടത്തിയിട്ടുള്ള ചില ചെറുപ്രതികരണങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും, അതൊന്നും മലയോര ജനതയുടെ ചിന്താഗതിയില്‍ നേരിയതോതിലുള്ള സ്വാധീനം ചെലുത്താന്‍ പോലും പര്യാപ്തമല്ലായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇവിടെ ഞാന്‍ എന്നോട് തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്.
എന്തുകൊണ്ടാണ് മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നത്? ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലേതാണെന്നിരിക്കെ, വളരെ സജീവമായ അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ സാന്നിദ്ധ്യം എല്ലാ കര്‍ഷക കുടുംബങ്ങളിലുമുണ്ടെന്നിരിക്കെ ആടിനെ പട്ടിയാക്കുന്ന പ്രചരണം ഈ വിധത്തില്‍ വിജയിച്ചുകൊണ്ടിരിക്കുന്നതിന്റെ രഹസ്യമെന്ത്? ചെറുതും വലുതുമായ പരിസ്ഥിതിസംഘടനകളും നേതാക്കളും പ്രസിദ്ധീകരണങ്ങളും കണ്ണലെണ്ണയൊഴിച്ച് പ്രകൃതിസംരക്ഷണത്തിനായി നിലകൊള്ളുന്ന കേരളത്തില്‍ അവരുടെ വാക്കുകള്‍ക്ക് കര്‍ഷകജനത ചെവി കൊടുക്കാത്തതെന്തുകൊണ്ടാണ്? പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന്യം മനസ്സിലാക്കാന്‍ തക്കബുദ്ധിപരമായ വളര്‍ച്ചയില്ലാത്ത വെറും കിഴങ്ങുതീനികളാണോ മലയോര ജനത? ജൈവകൃഷിരീതികളും മറ്റും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്ന മലയോരജനത എന്തുകൊണ്ടാണ് പശ്ചിമഘട്ട സംരക്ഷണകാര്യത്തില്‍ പുറം തിരിഞ്ഞുനില്‍ക്കുന്നത്? ഇത്തരം ചോദ്യങ്ങളാണ് ചില തുറന്നുപറച്ചിലുകള്‍ നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് നിരീക്ഷണങ്ങളാണ് പ്രധാനമായും ഞാനിവിടെ സൂചിപ്പിക്കുന്നത്.
ഒന്നാമത്തെ കാര്യം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് മലയോരജനതയുടെ മനസ്സില്‍ കാര്യമായ വിശ്വാസ്യതയോ സ്വീകാര്യതയോ ഇല്ല എന്നതാണ്. രണ്ടാമത്തെ കാര്യം, കേരളീയ ജനസമൂഹത്തിന്റെ ഗണ്യമായ ഒരു പങ്കിന്റെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒരു വിഷയത്തില്‍ അവരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് സത്യം ബോധ്യപ്പെടുത്താനുള്ള യാഥാര്‍ത്ഥ്യബോധമോ നയതന്ത്രജ്ഞതയോ ആത്മവിശ്വാസമോ ഇനിയും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആര്‍ജ്ജിച്ചിട്ടില്ല.ഞാനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരെക്കുറിച്ച് ആത്മവിമര്‍ശനപരമായി പ്രകടിപ്പിക്കുന്ന ഈ നിരീക്ഷണങ്ങളോട് പരിസ്ഥിതി സംരക്ഷണരംഗത്തെ സുഹൃത്തുകളേറെയും യോജിക്കില്ലായെന്നെനിക്കറിയാം. എങ്കിലും എന്റെ ഈ ബോധ്യങ്ങള്‍ക്ക് ആധാരമായ ചില കാര്യങ്ങള്‍ എനിക്ക് വിശദീകരിക്കാനുണ്ട്.
(തുടരും)
NB
ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ഭൂമികയില്‍ വച്ച് നടക്കുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997.
No comments:
Post a Comment