സണ്ണി പൈകട
3
ഇനി എന്റെ രണ്ടാമത്തെ നിരീക്ഷത്തിന്റെ അടിസ്ഥാനമെന്തെന്നു വിശദീകരിക്കാം. വലിയൊരു മേഖലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുന്ന ഒരു വിഷയത്തില്‍ യുക്തിസഹമായി ഇടപെടാനുള്ള തന്ത്രജ്ഞതയോ ആത്മവിശ്വാസമോ യാഥാര്‍ത്ഥ്യബോധമോ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആര്‍ജ്ജിച്ചിട്ടില്ല എന്നതാണ് എന്റെ രണ്ടാമത്തെ നിരീക്ഷണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് ഞാനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതുവരെ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ നിരീക്ഷണത്തിനടിസ്ഥാനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സ്വതന്ത്രമായി വിലയിരുത്തുന്നതിനുപകരം, അതിലടങ്ങിയിരിക്കുന്ന ശ്രദ്ധേയവും സ്വീകാര്യവുമായ നിര്‍ദ്ദേശങ്ങളില്‍ ആവേശം പൂണ്ട് റിപ്പോര്‍ട്ടിനൊന്നാകെ സ്തുതിഗീതങ്ങളാലപിച്ച് അതിന് പ്രതിരോധകവചം തീര്‍ക്കുന്ന നിലപാടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വ്യതസ്ത താല്പര്യങ്ങളും വീക്ഷണങ്ങളും നിലനില്‍ക്കുന്ന ഒരു വലിയ സമൂഹത്തില്‍ ഇതുപോലുള്ള വിഷയങ്ങളില്‍, സത്യമാണെങ്കില്‍ പോലും അതെങ്ങനെ അവതരിപ്പിക്കുന്നു എന്നത്, ഇക്കാര്യത്തിന് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ആകമാനം ആവേശത്തോടെ വാഴ്ത്തിയപ്പോള്‍ നമ്മള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാതെ പോയ ചില ഗൗരവമാര്‍ന്ന പോരായ്മകളെ മറുപക്ഷം വിദഗ്ദമായും പ്രായോഗിക കൗശലങ്ങളോടെയും വികസിപ്പിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും നിറം പിടിപ്പിച്ചും ജനമദ്ധ്യത്തിലവതരിപ്പിക്കുകയും റിപ്പോര്‍ട്ടിനെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്തു. എന്തൊക്കയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധിയ്ക്കാതെ പോയതും സ്ഥാപിത താല്പര്യക്കാര്‍ ഇന്ധനമാക്കിയതുമായ പോരായ്മകള്‍ എന്നു നോക്കാം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഉയര്‍ന്ന ഏറ്റവും മൂര്‍ച്ചയുള്ള വിമര്‍ശനം അത് ജനങ്ങളുടെ അഭിപ്രായം തേടാതെ തയ്യാറാക്കിയതാണെന്നാണ്. ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനു നല്‍കിയ നിര്‍ദ്ദേശങ്ങളിലൊന്ന്, ബന്ധപ്പെട്ട എല്ലാ സംസ്ഥാനഭരണകൂടങ്ങളുടെയും പ്രദേശികവാസികളായ ജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാര്‍ഗ്ഗരേഖകള്‍ നിര്‍ദ്ദേശിക്കുക എന്നതാണ്. എന്നാല്‍ നിരവധിസംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന പശ്ചിമഘട്ടത്തെക്കുറിച്ച് നടത്തിയ പഠനത്തിനായി ആകെ നടത്തിയത് നാല് ജനകീയ ചര്‍ച്ചകള്‍ മാത്രമാണെന്ന് വിദഗ്ദസമിതിയംഗമായ ഡോ.വി. എസ്.വിജയന്‍ തന്നെ പറയുന്നു. ആകെ 35 യോഗങ്ങള്‍ നടന്നെങ്കിലും അതില്‍ നാല് ജനകീയ ചര്‍ച്ചകളെ ഉണ്ടായുള്ളു എന്നോര്‍ക്കണം. ഇതില്‍ നിന്നു തന്നെ ജനാഭിപ്രായങ്ങളോട് സമിതിക്കുണ്ടായിരുന്ന മനോഭാവം വ്യക്തമാണ്. ആ നാലു ചര്‍ച്ചകളുടെയും സ്വഭാവമെന്തായിരുന്നു എന്നതും അതില്‍ പങ്കെടുത്ത ജനങ്ങള്‍ പശ്ചിമഘട്ടമേഖലയിലെ ജനസമൂഹത്തിന്റെ പരിഛേദമായിരുന്നോ എന്നൊന്നും അറിയില്ല. പശ്ചിമഘട്ടമേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ഉത്തരവാദിത്വപൂര്‍ണ്ണവും ബോധപൂര്‍വ്വകവുമായ പങ്കാളിത്തമില്ലാതെ ഏതു റിപ്പോര്‍ട്ട് വന്നാലും, എന്തു നിയമനിര്‍മ്മാണം നടത്തിയാലും, പട്ടാളനടപടി ഉണ്ടായാല്‍ പോലും പശ്ചിമഘട്ടസംരക്ഷണം അസാധ്യമാണെന്നിരികെ, നാല് ജനകീയ ചര്‍ച്ചകള്‍ കൊണ്ട് മതിയാക്കിയ വിദഗ്ദസമിതിയുടെ സമീപനം ധിക്കാരപരമാണ്.
വൈദഗ്ദ്യം എന്നത് ഇന്നത്തെ സമൂഹത്തില്‍ അധികാരം കൂടിയാണ്. വിദഗ്ദസമിതികള്‍ അധികാരസമിതികള്‍ തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ വിദഗ്ദസമിതി റിപ്പോര്‍ട്ടുകളെയാണ് മിക്കപ്പോഴും ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്കുമേലുള്ള അധികാരപ്രയോഗം വ്യവസ്ഥാപിതമാക്കാനുള്ള ഉപകരണങ്ങളാക്കുന്നത്. അത്തരമൊരു വിദഗ്ദസമിതിയായ ഗാഡ്ഗില്‍ കമ്മിറ്റി പേരിനു മാത്രം ജനകീയ ചര്‍ച്ച നടത്തി തങ്ങളുടെ വൈദഗ്ദ്യധാര്‍ഷ്ട്യം പ്രകടിപ്പിച്ചതിനെ ജനങ്ങളില്‍ പ്രകോപനം സൃഷ്ടിക്കാന്‍ മറുപക്ഷം അതിവിദഗ്ദമായി ഉപയോഗപ്പെടുത്തി. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഡ്രാഫ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രാദേശികഭാഷയില്‍ ഈ മേഖലയിലെ ഗ്രാമപഞ്ചായത്തുകള്‍ മുതലുള്ള ഭരണസ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ട് പശ്ചിമഘട്ടത്തിലെ ഓരോജില്ലയിലും ഒന്നോ രണ്ടോ മേഖലാതല സിറ്റിംഗ് നടത്തി നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കില്‍ അത് എത്ര ജനാധിപത്യപരമാകുമായിരുന്നു. സമയക്കുറമൊന്നും ഈ വീഴ്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കാവുന്ന ന്യായീകരണമല്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ട് തയ്യാറാക്കുന്ന പ്രക്രിയയില്‍ സംഭവിച്ച ഈ ജനാധിപത്യമില്ലായ്മ ചൂണ്ടിക്കാണിക്കാനും അതില്‍ പ്രതിഷേധിക്കാനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഒരു ഘട്ടത്തിലും കഴിഞ്ഞില്ല.
(തുടരും)
NB ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ഭൂമികയില്‍ വച്ച് നടക്കുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997.
No comments:
Post a Comment