Thursday, 11 October 2012

പെൺ പരിസ്ഥിതി




എച്മുകുട്ടി (കല. സി)



ചില പരിസ്ഥിതി വിചാരങ്ങൾഎന്ന പേരിൽ മാധ്യമം ദിനപ്പത്രത്തിന്റെ കുടുംബ മാധ്യമം  പേജിലും  പെൺ പരിസ്ഥിതിഎന്നപേരിൽ ബൂലോകം ഓൺലൈൻ ബ്ലോഗ് പത്രത്തിലും നാളത്തെ കേരളം എന്ന ബ്ലോഗിലും ഈ ലേഖനം വന്നിട്ടുണ്ട്.

ലോകമാകമാനം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി അക്ഷീണം സമരം ചെയ്ത, ഇപ്പോഴും സമരം ചെയ്യുന്ന എല്ലാവരാലും അറിയപ്പെടുന്നവരും അതേ സമയം ആരാലും അറിയപ്പെടാത്തവരും, അംഗീകരിയ്ക്കപ്പെടാത്തവരുമായ ഒട്ടനവധി നല്ല മനുഷ്യർക്കും ഈയിടെ അന്തരിച്ച പരിസ്ഥിതി പോരാളിയായ വംഗാരി മതായിയ്ക്കും മുൻപിൽ ആദരവോടെ………

പലപ്പോഴും പൂർണമായും ഉത്തരവാദികൾ ആവാറില്ലെങ്കിലും, എല്ലാ തിക്തഫലങ്ങളും വരിവരിയായി പെണ്ണുങ്ങളെ തേടി വരാറുണ്ട് എന്ന കാരണത്താൽ ഈ മഹാ പ്രപഞ്ചത്തിന്റെ ഏതു പ്രശ്നവും എല്ലായ്പ്പോഴും പെൺപ്രശ്നം കൂടിയാണ്. പരിസ്ഥിതിയെ നിർലജ്ജം ചൂഷണം ചെയ്ത് നശിപ്പിയ്ക്കുന്ന ആധിപത്യ മൂല്യങ്ങൾ, അധിനിവേശ ക്രൂരതകൾ, പരിഗണനയില്ലായ്മയും അനുതാപക്കുറവും, വെറുതേ ഒരു ഗമയും പൊലിപ്പും കാണിച്ചു കൂട്ടലുമാകുന്ന ആഡംബര പ്രദർശനംപ്രപഞ്ച പത്തായത്തിൽ ടൺ കണക്കിന് നീക്കിയിരിപ്പുണ്ടെന്ന തെറ്റിദ്ധാരണയിൽ ചെയ്തുകൂട്ടുന്ന അനിയന്ത്രിതമായ ഉപഭോഗം….. ഇപ്പറഞ്ഞതിന്റെയെല്ലാം ഒഴിവാക്കാനാവാത്ത ദുരന്തങ്ങൾ കൂടുതൽ പേറുന്നത് സ്ത്രീകളും കുട്ടികളുമാണ്.

രാഷ്ട്രീയ തീരുമാനങ്ങളിലോ സാമ്പത്തിക തീരുമാനങ്ങളിലോ മത തീരുമാനങ്ങളിലോ ശാസ്ത്ര കലാ സാഹിത്യ സാംസ്ക്കാരിക ചരിത്ര (വിട്ടു പോയ മേഖലകൾ പൂരിപ്പിയ്ക്കണമെന്ന അപേക്ഷയോടെ) തീരുമാനങ്ങളിലോ ഒന്നും നേരിട്ടൊരിയ്ക്കലും പങ്ക് വഹിയ്ക്കാൻ കാര്യമായ അവസരമില്ലാത്തതു പോലെ (ഇടയ്ക്ക് ബിനാമിയാവാൻ പറ്റാറുണ്ടേ!) പരിസ്ഥിതി തീരുമാനങ്ങളിലും വലിയ അവസരമൊന്നും സ്ത്രീകൾക്ക് കിട്ടാറില്ല. എങ്കിലും എല്ലാറ്റിന്റേയും സൈഡ് ഇഫക്ടുകളും നേരിട്ടുള്ള ഇഫക്ടുകളും കൂടുതൽ ആഞ്ഞടിയ്ക്കുമെന്നതുകൊണ്ട് സ്ത്രീകൾക്ക് ഇവയെക്കുറിച്ചെല്ലാം ഉൽക്കണ്ഠപ്പെട്ടേ മതിയാകൂ എന്ന ചുമതലയുമുണ്ട്.

അല്ലാ, സ്ത്രീകൾക്ക് മാത്രം മതിയോ ഈ പരിസ്ഥിതി? മനുഷ്യ രാശിയ്ക്ക് മുഴുവൻ നിലനിൽപ്പ് ഉണ്ടാവേണ്ടുന്ന കാര്യമായതുകൊണ്ട് പുരുഷന്മാർക്കും വേണ്ടേ? അതുകൊള്ളാം, അപ്പോൾ ഈ മനുഷ്യർക്ക് മാത്രമായിട്ടെങ്ങനെയാണ് നിലനില്പ് വരുന്നത്?എന്നുവെച്ചാൽ സമസ്ത ജീവജാലങ്ങൾക്കും ജീവനില്ലാത്ത ജാലങ്ങൾക്കുമൊക്കെ വേണം ഈ പറഞ്ഞ പരിസ്ഥിതി. എന്നാൽ മറ്റു ജീവജാലങ്ങൾക്കില്ലാത്ത വിവേകവും വിവേചന ബുദ്ധിയുമുണ്ടെന്നഭിമാനിയ്ക്കുന്ന മനുഷ്യർ ഏറ്റവും കൂടുതൽ നിന്ദിയ്ക്കുന്നതും, അപമാനിയ്ക്കുന്നതും, ബലാത്സംഗം ചെയ്യുന്നതും, തകർത്തു തരിപ്പണമാക്കി മുച്ചൂടും മുടിച്ചു കളയുന്നതും ഈ പരിസ്ഥിതിയെയാണല്ലോ.

പ്രപഞ്ചത്തിലെ എല്ലാ സഹജീവികളോടുമുള്ള പരിഗണന, ഉത്തരവാദിത്തം, ചുമതല ഇതെല്ലാം ചേർന്നതായിരിയ്ക്കേണ്ടേ പരിസ്ഥിതിയോടുള്ള ഓരോ മനുഷ്യരുടേയും ഇടപെടൽ? അതു വെറുതേ ഏതെങ്കിലും (ഉദാഹരണത്തിന് ഇപ്പോഴത്തെ കണക്കിൽ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചുള്ള) മരം നട്ടു പിടിപ്പിയ്ക്കലുംഅയ്യോ! മനുഷ്യാ വെട്ടല്ലേ വെട്ടല്ലേ മരം വെട്ടല്ലേഎന്ന കരച്ചിലും മാത്രമല്ലല്ലോ. അതൊരു സമ്പൂർണ ജീവിത പദ്ധതിയാവണംഒറ്റക്കാര്യത്തിൽ മാത്രമായി പരിസ്ഥിതി അവബോധവും സംരക്ഷണവും സാധ്യമല്ല.

നൂറു കണക്കിന് പരുത്തി വസ്ത്രങ്ങൾ (വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളോ അല്ലെങ്കിൽ സാധാരണ വസ്ത്രങ്ങളോ ആവട്ടെ) അലമാരിയിൽ ശേഖരിച്ച് സൂക്ഷിച്ചു വെച്ച് ഞാൻ പരുത്തി വസ്ത്രം മാത്രം ധരിയ്ക്കുന്നവനാണെന്ന്, സിന്തെറ്റിക് വസ്ത്രങ്ങൾ സ്പർശിയ്ക്കാത്തവനാണെന്ന് സിദ്ധാന്തിയ്ക്കുന്ന ഒരാൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമഗ്രമായി ആലോചിയ്ക്കുന്നുണ്ടോ?ഇല്ല, കാരണം, അയാൾ ആവശ്യത്തിലും വളരെയേറെ പരുത്തി ഉപഭോഗം ചെയ്യുന്നു. അതിനൊപ്പം പരോക്ഷമായി മറ്റ് ഒട്ടനവധി കാര്യങ്ങളും അനാവശ്യമായി ചെലവഴിയ്ക്കപ്പെടുന്നുണ്ടല്ലോ. ഉദാഹരണമായി ചായം, തുന്നാൻ വേണ്ട നൂല്, വസ്ത്രമുണ്ടാക്കാൻ വരുന്ന അധ്വാനം, ഇവയെല്ലാം  എത്തിയ്ക്കാനാവശ്യമായ ഗതാഗതം, അതിനു വേണ്ട ഇന്ധനംഇതൊരു നീളമേറിയ പാതയാണ്. അതിന്റെ ഒരു കൈവഴിയ്ക്ക് മാത്രമായി പരിസ്ഥിതി സംരക്ഷണം നടക്കുമോ?

മരം വെട്ടരുതെന്ന് മുദ്രാവാക്യം മുഴക്കി പൊരിവെയിലിൽ മരത്തെ കെട്ടിപ്പിടിച്ച് നിന്ന് സമരം ചെയ്യുന്നവർ ടിഷ്യു പേപ്പർ കൊണ്ട് വിയർപ്പ് തുടയ്ക്കുന്നതു മാതിരിയുള്ള തൊലിപ്പുറത്തെ പരിസ്ഥിതി ഉൽക്കണ്ഠകൾ പോരാ നമുക്ക്. വിദേശ രാജ്യങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ പലതും ഉണ്ടെന്നും ഇവിടെ ഒന്നുമില്ലെന്നും അരിശം കൊള്ളാറുണ്ട് പലരും. ഇങ്ങനെ അരിശപ്പെടുമ്പോൾ അവിടങ്ങളിലെ ഭൂവിസ്തൃതിയും മനുഷ്യരുടെ എണ്ണത്തിലുള്ള കുറവും ചില കാര്യങ്ങളെങ്കിലും ഭംഗിയായി നടപ്പിലാക്കാനുള്ള ആർജ്ജവവും രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂടി നമ്മൾ കണക്കിലെടുക്കണം. താരതമ്യം തികച്ചും സമഗ്രമാകണം എന്നർഥം.

തടുക്കാൻ ഒരു തരത്തിലും പ്രാപ്തിയില്ലാത്തവരുടെ തലയിൽ, സ്വന്തം വീട്ടിലെ മാലിന്യം നമ്മൾ വലിച്ചെറിഞ്ഞുകൊടുക്കുമ്പോഴല്ലേ വിളപ്പിൽശാലകളും ബ്രഹ്മപുരങ്ങളും ലാലൂരുകളും ഞെളിയൻപറമ്പുകളും ഉണ്ടാകുന്നത്? അമേരിയ്ക്കയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പലതരം മാലിന്യങ്ങൾ കപ്പൽ കയറി വരുന്നതും  നമ്മൾ ഓരോരുത്തരും രാവിലെ കുടുംബശ്രീ സ്ത്രീകൾക്ക് എടുത്തുകൊണ്ടു പോകാനും, മേൽപ്പറഞ്ഞ ഏതെങ്കിലും പറമ്പുകളിൽ ഉപേക്ഷിക്കാനുമായി വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് ബക്കറ്റിൽ നിറച്ചു വെയ്ക്കുന്നതും തമ്മിൽ പറയത്തക്ക വലിയ വ്യത്യാസമില്ല. ഈ പറമ്പുകൾ ഉണ്ടാവാതെയിരിയ്ക്കാൻ നമ്മൾ എന്തുചെയ്യണം? നമ്മുടെ പങ്ക് മാലിന്യമെങ്കിലും അവിടങ്ങളിൽ ചെന്ന് ചേരാതിരിയ്ക്കാനും അങ്ങനെ അവിടങ്ങളിലെ സഹോദരർക്ക് ശല്യമുണ്ടാവാതിരിയ്ക്കാനും നമ്മൾ ശ്രദ്ധിയ്ക്കണം. വിദൂരസ്ഥമായ സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിയ്ക്കാൻ വേണ്ടി വരുന്ന ഭീമമായ ചെലവിനെക്കുറിച്ചും ഈയവസരത്തിൽ നമ്മൾ ഓർക്കേണ്ടതാണ്. വാഹനമോടിയ്ക്കാൻ ആവശ്യമായ ഇന്ധനമുൾപ്പടെ, ആ വാഹനം ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ഉൾപ്പടെ……….. ഫ്ലാറ്റുകളിലും വീടുകളിലും താമസിയ്ക്കുന്ന നമ്മളുണ്ടാക്കുന്ന മാലിന്യം സ്വയം നിർമ്മാർജ്ജനം ചെയ്യുമെന്ന ഒരു നിലപാടിലെത്തുകയും അതു പ്രാവർത്തികമാക്കുകയും വേണം.

ഓയിൽക്കമ്പനികളുടെ മുന്നിൽ കൈകൂപ്പി മുട്ടിലിഴഞ്ഞ് മൂക്കുകൊണ്ട്ക്ഷവരയ്ക്കുന്ന സർക്കാർ നയങ്ങൾ ഗ്യാസ് സിലിണ്ടറിന് വില കൂട്ടുമ്പോൾ ഒരു ജനത എന്ന നിലയിൽ എന്തു ചെയ്യാനാകുമെന്ന് നമ്മൾ ആലോചിയ്ക്കണം. ഒരു കെട്ട് വിറകിനും ഒരു ബക്കറ്റ് വെള്ളത്തിനും ഒരു പിടി ധാന്യത്തിനും വേണ്ടിപ്പോലും പലർക്കും മുൻപിൽ തുണിയഴിയ്ക്കേണ്ടി വരുന്ന പട്ടിണിപ്പാവങ്ങളായ സ്ത്രീകൾ നിറഞ്ഞ ഇന്ത്യയിലാണ് നാം കഴിയുന്നതെന്നും കൂടി ഓർമ്മിച്ച്, മാലിന്യങ്ങളിൽ നിന്ന് ഗ്യാസുണ്ടാക്കുന്ന പദ്ധതികൾ പോലെയുള്ള വ്യവസ്ഥേതരമായ ബദൽ ജീവിതരീതികൾ ആവേശത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ നമ്മൾ ശ്രദ്ധിയ്ക്കേണ്ടതില്ലേ?

കറുത്ത ഗ്ലാസ്സിട്ട കൂറ്റൻ വാഹനങ്ങളിലെ വലിയൊരു ഇരിപ്പിടത്തിൽ ഒറ്റയ്ക്കിരുന്ന് ചീറിപ്പായുന്നതിലല്ല അന്തസ്സെന്ന് നമ്മൾ അറിയണം. അത്യധികം ഇന്ധനച്ചെലവുണ്ടാക്കുന്ന വാഹനങ്ങളോടുള്ള ഭ്രമം കുറയുമ്പോൾ മാത്രമേ നമുക്ക് നടപ്പാതകളുണ്ടാവൂ. സൈക്കിൾ പാതകളുണ്ടാവൂ. നമ്മുടെ പൊതുവാഹനങ്ങളെ കുറ്റമറ്റതാക്കി സംരക്ഷിയ്ക്കുന്ന മനോഭാവം വളരൂ. യാതൊരു ഗത്യന്തരവുമില്ലെങ്കിൽ മാത്രമേ നമ്മൾ സ്വകാര്യ വാഹനത്തെ ശരണം പ്രാപിയ്ക്കാവൂ. ഈ മനോഭാവമുള്ള ജനതയ്ക്കു മുൻപിൽ വികലമായ നയങ്ങൾ മാറ്റിയെഴുതുവാൻ ചിലപ്പോൾ സർക്കാർ നിർബന്ധിതമായേക്കും. അതിന് ആദ്യം വേണ്ടത്  മറ്റുള്ളവർ എല്ലാം മാറട്ടെ എന്നിട്ട് ഞാൻ മാറാം എന്ന നിലപാട് ഓരോരുത്തരും അവരവർക്കാവുന്ന ഏറ്റവും ലളിതമായ രീതിയിലെങ്കിലും തിരുത്തിയെഴുതുകയാണ്.









.............. 
ഈ ബ്ലോഗ്പോസ്റ്റ് പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ ആ ബ്ലോഗിലേക്കുള്ള ലിങ്കാണ് താഴെ: 
Echmuvodu Ulakam / എച്മുവോട് ഉലകം:

'via Blog this'

Tuesday, 9 October 2012

ഭക്തിയും പരിസ്ഥിതിയും


സക്കറിയാസ് നെടുങ്കനാല്‍


.............മനുഷ്യര്‍ ഭൂമിയെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍. പരിസ്ഥിതിയെപ്പറ്റി ആഴമായി ധ്യാനിക്കാതെ ആരോഗ്യകരമായ ഭക്തിയില്‍ വളരുക എന്നത് ഇന്ന് ചിന്തനീയമേയല്ല. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ കണ്ടെത്താന്‍ നാം സുവിശേഷങ്ങളിലും ഗീതയിലും ഇന്ത്യയുടെ ഏറ്റവും വലിയ ആത്മീയവ്യക്തിത്വമായ ഗന്ധിജിയിലും അന്വേഷിച്ചാല്‍ മതി. ചരാചരങ്ങള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, തനിയെ വേറിട്ടൊരു അസ്തിത്വം ഒന്നിനും സാദ്ധ്യമല്ല എന്നത് അതിപുരാതനമായ ഒരു ഭാരതീയദര്‍ശനമാണ്. എല്ലാ പൂര്‍വ്വ സംസ്കാരങ്ങളിലും ഈ ചിന്തയുണ്ടായിരുന്നു. അതാകട്ടെ വളരെ ലളിതവുമാണ്. അവയവങ്ങളെല്ലാം ശരീരത്തിന്റെ ഭാഗമാണെന്നും അങ്ങനെയായിരുന്നാല്‍ മാത്രമേ അതിനു ശരിയായ ആരോഗ്യം നിലനിര്‍ത്താനാകൂ എന്നതുപോലെ, നാമോരോരുത്തരും ഈ മഹാപ്രപഞ്ചത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു, ജീവികളെല്ലാം അന്യോന്യം പങ്കുവയ്ക്കുക എന്നത് ഓരോന്നിന്റെയും അസ്തിത്വത്തിന്റെയും നിലനില്‍പ്പിന്റെയും കാതലാണെന്നും ഓര്‍ത്തുകൊണ്ടാല്ലാതെ അധികനാള്‍ മുന്നോട്ടുപോകാന്‍ പ്രകൃതിനിയമം അനുവദിക്കുകയില്ല. ഈ സ്വരച്ചേര്‍ച്ചയിലൂടെയാണ് ഓരോ ജീവനും പൂര്‍ണ്ണതയിലെത്തുന്നത്. അറിഞ്ഞോ അറിയാതെയോ വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന വ്യതിരിക്തത ഏതെല്ലാം വിനാശങ്ങളിലേയ്ക്കാണ് മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടെത്തിക്കുന്നത് എന്ന് നാം കണ്ടുതുടങ്ങിയിരിക്കുന്നു. ................
.............
ഈ ബ്ലോഗ് പോസ്റ്റ് മുഴുവന്‍ വായിക്കാന്‍ താഴെ ക്ലിക്കുചെയ്യുക
അല്മായശബ്ദം:

'via Blog this'

Sunday, 7 October 2012

ഭരണങ്ങാനത്തേക്കുള്ള സ്റ്റേറ്റ് ഹൈവേയില്‍ ഒരു ബ്ലൈന്‍ഡ്‌സ്‌പോട്ട്

പാലായില്‍നിന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള ആഗോളപ്രശസ്ത തീര്‍ഥാടനകേന്ദ്രമായ ഭരണങ്ങാനത്തേക്കുള്ള സ്റ്റേറ്റ് ഹൈവേയില്‍ കൊച്ചിടപ്പാടിയില്‍ വലിയ അപകടങ്ങളുണ്ടാക്കാനിടയുള്ള ഒരു ബ്ലൈന്‍ഡ്‌സ്‌പോട്ട് ഉള്ള വിധത്തില്‍ റോഡുപണി പുരോഗമിക്കുന്നു. (എതിരേ വരുന്ന  വാഹനങ്ങളെ വളരെയടുത്തെത്താതെ കാണാനാവാത്ത അവസ്ഥയുണ്ടാകുംവിധം കയറ്റമിറക്കങ്ങളോ വളവോ ഉള്ള സ്ഥലങ്ങളില്‍ റോഡു നിര്‍മ്മിക്കുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് ബ്ലൈന്‍ഡ്‌സ്‌പോട്ട്.)  അപകടസാധ്യത കണ്ടെത്തിയ ഏതാനും സുമനസ്സുകള്‍ (ശ്രീ പ്രിന്‍സ് മാടപ്പള്ളില്‍, ശ്രീ റോയി പിണക്കാട്ട്) ആഗസ്റ്റ് 17-ന് പാലാ PWD-AE മുമ്പാകെ പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ സെപ്തംബര്‍ 28-ന് പുനര്‍പരാതി നല്കി. ഒക്ടോബര്‍ 2-ന് മംഗളം ദിനപ്പത്രത്തില്‍ ബ്ലൈന്‍ഡ്സ്‌പോട്ടിനെപ്പറ്റി വിശദമായ വാര്‍ത്ത വരുകയും മൂന്നാം തീയതി എബി ജെ. ജോസിന്റെയും റോണി എം. ജോര്‍ജ് മനയാനിയുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. നാലാം തീയതി ദീപിക ദിനപ്പത്രത്തിലും ബ്ലൈന്‍ഡ് സ്‌പോട്ടിനെപ്പറ്റി വിശദമായ വാര്‍ത്തവന്നു.
അന്നുതന്നെ പാലാ PWD-AE മുമ്പാകെ പത്രകോപ്പികളുടെ എന്‍ക്ലോഷര്‍സഹിതം പുനര്‍പരാതി നല്കി. അഞ്ചാം തീയതി മാതൃഭൂമി ദിനപ്പത്രത്തിലും ബ്ലൈന്‍ഡ് സ്‌പോട്ടിനെപ്പറ്റി വാര്‍ത്ത വന്നു. അന്നുതന്നെ ബഹുമാനപ്പെട്ട ധനകാര്യമന്ത്രി കെ. എം മാണിയുടെ രേഖാമൂലമുള്ള നിര്‍ദ്ദേശത്തോടെ പാലാ PWD-AE മുമ്പാകെ വീണ്ടും പരാതി നല്കി. ആറാം തീയതി കോട്ടയം ജില്ലാ കളക്ടറുടെ മുമ്പാകെ അടിയന്തിര പരാതി സമര്‍പ്പിക്കുകയും ജില്ലാ കളക്ടറുടെ നിര്‍ദേശമുള്ള പരാതി ബഹു. കോട്ടയം PWD-EE മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏഴാം തീയതി എബി പൂണ്ടിക്കുളത്തിന്റെ നേതൃത്വത്തിലുള്ള ഭൂമിക മീനച്ചില്‍ നദീസംരക്ഷണസമിതി എന്നീ സംഘടനകളുടെ പ്രതിനിധികളടങ്ങിയ സംഘം ബ്ലൈന്‍ഡ് സ്‌പോട്ട് സന്ദര്‍ശിക്കുകയും മന്ത്രിയും കളക്ടറും ഉള്‍പ്പെടെയുള്ളവരുടെ രേഖാമൂലമുള്ള നിര്‍ദ്ദേശത്തോടെ ഇത്രയും പരാതികള്‍ നല്കിയിട്ടുള്ളതിനാല്‍, പണിതുടരാനാണ് PWD തീരുമാനിക്കുന്നതെങ്കില്‍ ഈ സ്ഥലത്ത് എന്തെങ്കിലും അപകടമുണ്ടായാല്‍ PWD ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും അതിന് ഉത്തരവാദികളെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒപ്പം ഇതുപോലെയുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും 
പ്രസിദ്ധീരിക്കാന്‍  തുടങ്ങിയിട്ടുള്ള dhanyabhoomika.blogspot.com എന്ന ബ്ലോഗും ഫേസ്ബുക്കും ഈ സംഭവത്തിന്റെ വാര്‍ത്ത ആഗോളമായി പ്രചരിപ്പിക്കാനായി ഉപയോഗിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. 

Tuesday, 2 October 2012

Nothing is Impossible..Inspirational | JunkFun-Fun With Difference

Nothing is Impossible..Inspirational | JunkFun-Fun With Difference:

'via Blog this'

വാഗമണ്‍ സംരക്ഷണ ബോധവത്കരണ പ്രകടനവും സമരപ്രഖ്യാപനവും




എമര്‍ജിങ് കേരളയുടെ ഭാഗമായി  വാഗമണ്ണില്‍  നടപ്പിലാക്കാനുദ്ദേശിക്കുന്ന ഗോള്‍ഫ്‌ക്ലബ്ബിന്റെ അനാശാസ്യസ്വഭാവം വ്യക്തമാക്കുന്ന ഒരു ബോധവത്കരണ പ്രകടനവും സമരപ്രഖ്യാപനവും, മീനച്ചില്‍ നദീ സംരക്ഷണസമിതിയുടെയും വിവിധ പരിസ്ഥിതി സംരക്ഷണപ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍, നടത്തപ്പെട്ടു. മീനച്ചില്‍ നദീ സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. എസ് രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ശ്രീ സി. ആര്‍ നീലകണ്ഠന്‍ വാഗമണ്‍ സംരക്ഷണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ത്തന്നെ വല്ലാത്ത ജലദൗര്‍ലഭ്യമുള്ള വാഗമണ്ണില്‍ അനേകം കോടി രൂപാമുടക്കി ഗോള്‍ഫ് ക്ലബ് തുടങ്ങിയാല്‍ വാഗമണ്ണില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ക്കിവിടെ ജീവിക്കുവാന്‍തന്നെ സാധിക്കാത്ത സാഹചര്യമായിരിക്കും സംജാതമാവുക എന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വശ്രീ കെ. എം. സുലൈമാന്‍ ഈരാറ്റുപേട്ട, എബി എമ്മാനുവല്‍, ബിനു മൈക്കള്‍, ദീപു ജോയി, ഒ. ഡി കുര്യാക്കോസ് മുതലായവര്‍ പ്രസംഗിച്ചു.