Monday, 20 January 2025

സായാഹ്നചിന്തകള്‍

അജയകുമാര്‍ തലനാട്

സമയമേറെയായ് നിഴലുകള്‍ നീണ്ടൂ
നടന്നു നാമെത്ര വഴികളും താണ്ടി
തളര്‍ച്ചയുണ്ടെന്റെ ഉടഞ്ഞ മേനിക്കും
വരണ്ടുവിണ്ടൊരീ പദയുഗങ്ങള്‍ക്കും!

ഇരുന്നിടാം മെല്ലെ ഒരിറ്റു നേരമീ
തണല്‍മരത്തിന്റെ ചുവട്ടില്‍ നാമിനി
പുറപ്പെടുമ്പോള്‍ നാം എടുത്ത പാഥേയം
പകുതി ദൂരത്തില്‍ കഴിഞ്ഞുപോയല്ലോ...

വഴിയില്‍ നമ്മളോടൊരുമിച്ചോര്‍ പിന്നെ
ഇടയിലെപ്പോഴോ പിരിഞ്ഞുപോയവര്‍
നമുക്കേറ്റം പ്രിയരവ,രവരെന്നാല്‍
സ്വകീയജീവിതം സ്വകാര്യമാക്കണം

സമയമെത്തിപ്പോയ് അറികയെന്‍ പ്രിയേ
നമുക്കു നാം തുണ വൃഥാ പ്രതീക്ഷകള്‍
എണീക്ക നീയെന്റെ വിരല്‍ പിടിക്കുക
നടക്കുക മെല്ലെ... നടന്നല്ലേ തീരൂ!



Kerala can Power India For Next 1000 Years | കേരളത്തിലെ ഈ അമൂല്യ നിധി ഇ...

Wednesday, 1 January 2025

ലോകമെന്ന വസ്ത്രം


നമ്മള്‍ ചെയ്തിടുന്ന കര്‍മമെന്ന പാവുനൂലും
നമ്മിലുള്ള സസ്‌നേഹഭാവമായൊരൂടുനൂലും
കോര്‍ത്തെടുത്തു വര്‍ണചിത്രകൗശലങ്ങള്‍ ചെയ്‌തേ
തീര്‍ത്തിടേണമീ വിശാലലോകമെന്ന വസ്ത്രം!

നമ്മിലിന്നഹന്തയേറിയൂടുനൂലിനിപ്പോള്‍
നേര്‍മയില്ല, ശക്തിയില്ല, നാരുകള്‍ക്കു തമ്മില്‍
ചേര്‍ച്ചയില്ല, പാവുനൂലിനും ബലംകുറഞ്ഞു!
തീര്‍ത്തിടേണമല്ലൊനല്ല ലോകമെങ്കിലും നാം!!

എന്തുചെയ്യണം? നമുക്കു നമ്മള്‍തമ്മിലുള്ളോ-
രന്തരങ്ങള്‍ പൂരകത്വമെന്ന ചിന്തയോടെ
അന്യനല്പദുഃഖവും വരുത്തിടാവിധത്തില്‍
വിന്യസിച്ചുമൊത്തുചേര്‍ന്നുമേകലോകമാകാം!!