ജോർജ് മൂലേച്ചാലിലിന്റ "നവോത്ഥാനം നവനാഗരികതയിൽ".'നവോത്ഥാനം നവനാഗരികതയിൽ' എന്ന പുസ്തകത്തിൻ്റെ അവതാരിക:
ശ്രീ ജോസ് ടി തോമസ്
നിരുപാധികസ്നേഹത്തിന്റെ അഭാവംമാത്രമായ ഭയം മനുഷ്യരിൽ ഉണർത്തുന്ന ശത്രുത്വങ്ങളിൽനിന്ന് അൻപിന്റെ ബന്ധുത്വങ്ങളിലേക്കുള്ള യുഗപ്പകർച്ചയുടെ മലയാള വാങ്മയമാണ് ജോർജ് മൂലേച്ചാലിലിന്റ "നവോത്ഥാനം നവനാഗരികതയിൽ".
മനുഷ്യരിൽ സഹജമായുള്ള സാഹോദര്യഭാവത്തെ വിഘടിപ്പിച്ചും വിഘടിതത്തെ പ്രതിലോമപരമായി ഏകോപിപ്പിച്ചും ക്രിസ്ത്യൻ യൂറോപ്പ് ആധുനിക സാമ്രാജ്യവ്യവസ്ഥയ്ക്ക് ഊടും പാവും നെയ്തത് എങ്ങനെയെന്ന് ഈ പുസ്തകം മൗലികമായി കണ്ടെത്തുന്നു; അനീതിയുടെയും അശാന്തിയുടെയും സമ്പദ്ക്രമത്തിനും രാഷ്ട്രീയക്രമത്തിനും ജനമനസ്സുകളിൽ മതസാധൂകരണം ഉണ്ടാവുന്നതെങ്ങനെയെന്നു വെളിപ്പെടുത്തുന്നു; യൂറോപ്യൻ നവോത്ഥാനത്തിന്റെയോ (Renaissance) ജ്ഞാനോദയം എന്നു വികലമായി പരിഭാഷപ്പെടുത്തപ്പെടുന്ന യൂറോപ്യൻ പ്രബുദ്ധതാപ്രസ്ഥാനത്തിൻ്റെയോ (Enlightenment) കോപ്പി- പേസ്റ്റ്കൊണ്ടു പരിഹൃതമാവുന്നതല്ല, ഭൂമിയിൽ ഒരിടത്തെയും സാമൂഹികപ്രശ്നങ്ങൾ എന്ന് ഓർമ്മപ്പെടുത്തുന്നു. "അന്യജീവന്നുതകി സ്വജീവിതം ധന്യമാക്കാൻ" പ്രചോദിപ്പിക്കുന്ന പരാർത്ഥതാബോധത്തിന്റെ വ്യാപനവും ആഴപ്പെടലുംവഴി ലേറ്റസ്റ്റ് നാഗരികതയുടെ കടന്നുപോക്കും (പെസഹ) ആഗോളഗ്രാമ മാനവികതയുടെ ഉയിർപ്പും സംഭവിക്കുകതന്നെ ചെയ്യുമെന്ന, യാഥാർത്ഥ്യബോധം കൈവിടാത്ത, പ്രത്യാശയുടെ സർഗ്ഗവിഭാവനാപതാക ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു, ഈ ഗ്രന്ഥം.
കേരളത്തിൽ, ഭാരതത്തിൽ, ഏഷ്യയിൽ കാൽകുത്തിനിന്ന് വിശ്വവിശാലതയോളം പരക്കുന്ന ഒരു ദൃഷ്ടിപഥമുണ്ട് ഈ പുസ്തകത്താളുകൾക്ക്. അതിനാൽത്തന്നെ, നേർരേഖയിലുള്ള ഒരു സമർത്ഥനത്തിനുപകരം ചാക്രികവും ഗോളീയവുമായ വിചാരപ്രസരണത്തിന്റെ തനിമയാർന്ന ഒരു രീതിയാണു ഗ്രന്ഥകാരൻ കൈക്കൊള്ളുന്നത്. ഒരധ്യായത്തിനകത്തുതന്നെ കേരളം, ഭാരതം, ലോകം എന്നീ ഭൂവിഭാഗീയതകളിലേക്കും പ്രാചീനം, ആധുനികം, ഉത്തരാധുനികം എന്നീ കാലഘട്ടവിഭജനങ്ങളിലേക്കും വായനക്കാർ മാറിമാറി ആനയിക്കപ്പെട്ടുകൊണ്ടിരിക്കും. ചൂടപ്പംപോലെ വിറ്റ്-അഴിയാൻ വേണ്ട, മലയാള പുസ്തകച്ചന്തയിൽ പ്രചുരപ്രചാരമായ, സ്വരൂപകല്പനയുടെ എല്ലാ പ്രലോഭനങ്ങളെയും അദ്ദേഹം ത്യജിച്ചിരിക്കുന്നു. മുദ്രാവാക്യസമാനമായ വാചകമേളകൾക്കു നിന്നുതരുന്നുമില്ല. നടപ്പുസൈദ്ധാന്തികതകളുടെ ദർശനകാപട്യങ്ങളോടു സന്ധിചെയ്യാതെ, സ്വതന്ത്രമായി ചിന്തിക്കുവാൻ ധൈര്യംതോന്നുന്ന മലയാളിക്ക് ഇതു നാളത്തേക്കുള്ള പുസ്തകമാണ്. നാരായണഗുരു, കേസരി, എം. ഗോവിന്ദൻ, റാഫി-സെഫീനാ റാഫി, കെ. ബാലകൃഷ്ണൻ നായർ, പി. കെ. ബാലകൃഷ്ണൻ, നിത്യചൈതന്യയതി, എസ്. കാപ്പൻ തുടങ്ങിയവരിലൂടെ കടന്ന് അയൽക്കൂട്ടദർശനത്തിന്റെ ഡി പങ്കജാക്ഷനിൽ പുഷ്പിച്ച മലയാള ചിന്താദാർഢ്യത്തിന്റെ തെളിമയെ ഓർമ്മിപ്പിക്കുമാറ്, പുതുതലമുറകളുടെ പുതുയുഗത്തിലേക്കു നമ്മുടെ ജ്ഞാനമാതൃകങ്ങളെ പുതുക്കി കൈമാറുന്ന ഒരു നിയോഗം ഈ പുസ്തകത്തിൽ നിറവേറുന്നതു ഞാൻ കാണുന്നു.
ഗ്രന്ഥകാരൻ തൻ്റെ 'ഇതരകൃതികൾ' എന്ന പട്ടിക നീട്ടിക്കൊണ്ടിരിക്കുവാൻമാത്രം തൽപരനായ ഒരു എഴുത്താളായിരുന്നെങ്കിൽ ഓരോന്നും ഓരോ പുസ്തകമായി വികസിപ്പിക്കുവാൻ കഴിയുമായിരുന്ന, അദ്ദേഹത്തിൻ്റെ ഒരു ഡസൻ പുതിയ തിസീസുകളെങ്കിലും ഒറ്റവായനയിൽ നിങ്ങളിതിൽ കണ്ടെത്തും. മാനവ സാമൂഹികപരിണാമത്തെക്കുറിച്ചു സ്വതന്ത്ര എഡിറ്റോറിയൽ റിസർച്ച് നടത്തുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് ഏറ്റവും ശ്രദ്ധേയമായി അനുഭവപ്പെട്ട ചിലത് ഇങ്ങനെയാണ്:
1. യൂറോപ്പിനെ കേന്ദ്രീകരിച്ചുണ്ടായ (Euro-centric) വ്യാവസായിക വ്യവസ്ഥിതിയോട് അനുരൂപമായ ചിന്താപദ്ധതികളുടെ മൂശയിൽ വാർക്കപ്പെട്ടതാണ് ആധുനികമനുഷ്യൻ്റെ മനസ്സ്. ഒഴുക്കിന്റെ വേഗവും അതിലൊഴുകുന്നവരുടെ വേഗവും ഒന്നുതന്നെ ആയതിനാൽ ആധുനികർ യഥാർത്ഥത്തിൽ നിശ്ചലതയിൽത്തന്നെയാണ്; യാഥാസ്ഥിതികത്വത്തിൽത്തന്നെ. അതുകൊണ്ട് നവ-ഉത്ഥാനം സംഭവിച്ചില്ല.
2. അപ്പോൾ ഉത്തരാധുനികത അഥവാ, ആധുനികോത്തരത(Post-modernity)യോ? അതും കൊളോണിയൽ ബോധത്തിൽനിന്നു മുക്തമല്ല.
3. മുഴുവൻ ലോകത്തെയും തങ്ങളുടെ അദൃശ്യമായ വിദൂര നിയന്ത്രണത്തിൻകീഴിൽ കൊണ്ടുവരാൻ തക്കവിധം, അത്ര വ്യാപകവും തൃണമൂലത്തോളം ചെല്ലുന്നതുമായ ഒരു സാംസ്കാരികമേധാവിത്വമാണ് യഥാർത്ഥ ആഗോളനവോത്ഥാനത്തിൻ്റെ വഴിമുടക്കുന്നത്. യൂറോ-ക്രിസ്തീയതയുടേതാണ് ആ സാംസ്കാരിക വിധായകത്വം. അത് അഴിയുന്നിടത്താണ് വിമോചകമായ നവ-ഉത്ഥാനം.
4. എങ്ങനെയാണ് അത് അഴിയുക? യൂറോ-ക്രിസ്തീയത യേശുവിൻ്റെ വിമോചനസന്ദേശത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ച സാമ്രാജ്യപൗരോഹിത്യത്തിന്റെ വേദശാസ്ത്രം തിരസ്കൃതമാകണം. ഏഷ്യൻ ഗുരുവായ യേശു മാനവബോധത്തിൽ അടയാളപ്പെടുത്തിയതും നാരായണഗുരുമുതൽ അയൽക്കൂട്ടം പങ്കജാക്ഷൻവരെയുള്ളവരിലൂടെ പ്രയോഗവൽക്കൃതമായതുമായ പരാർത്ഥത എന്ന ആന്തരികതയുടെ അഥവാ സാമൂഹിക ആധ്യാത്മികതയുടെ (Social Spirituality) ഏകതാബോധം തൽസ്ഥാനത്തു പടരണം. അങ്ങനെ ഏഷ്യൻ പരാർത്ഥതയുടെ വിശ്വബോധം, മേധാവിത്വപരമല്ലാത്ത/ബന്ധുത്വപരമായ ഒരു ജ്ഞാനോദയത്തിൻ്റെ വിളക്കുമരമാകണം.
ഒരുകാലത്ത് ഏഷ്യയെ തിളക്കിയ ഭാരതം പുതിയ കാലത്തെ ലോകത്തിനു ജ്ഞാനഗുരുവായിത്തീരുന്ന ആ യഥാർത്ഥ സാംസ്കാരികനവോത്ഥാനത്തിന് ഇവിടെയീ കേരളത്തിൽ നാം എന്തു ചെയ്യണം? ജോർജ് മൂലേച്ചാലിലിൻ്റെ ഉത്തരം യാന്ത്രികമല്ല, ജൈവികമാണ്. ദ്വിമുഖമാണത്:
1. മാനുഷികതയുടെ മൂലസ്രോതസ്സായ ആത്മീയത / ആന്തരികത (Spirituality/ Interiority) ഉദ്ദീപിപ്പിക്കുക. അതിന് ഓരോ മത(ധർമ്മ)സമൂഹത്തിലുമുള്ള പുരോഗമനകാംക്ഷികൾ തങ്ങളുടെ മതത്തിൻ്റെ (ധർമ്മത്തിന്റെ) ആന്തരചൈതന്യം വീണ്ടെടുക്കുക.
2. പാർട്ടികളും ബഹുജനപ്രസ്ഥാനങ്ങളുമടക്കം എല്ലാ പ്രസ്ഥാനങ്ങളുടെയും ആന്തരികസത്തയെ അവയുടെതന്നെ ബാഹ്യഘടനകൾ ( മതങ്ങളെ മതമൗലികവാദങ്ങൾ എന്നപോലെ) ഊറ്റിക്കുടിക്കുന്ന സാഹചര്യത്തിൽ, മതവിരുദ്ധപ്രസ്ഥാനങ്ങളടക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അവശേഷിക്കുന്ന ധാർമികമൂല്യബോധത്തെ സംരക്ഷിക്കാനും വളർത്താനുമുള്ള ബോധപൂർവ്വകമായ ശ്രമം നടത്തുക.
ചൈതന്യം, ബോധം, അവബോധം, ആത്മീയത /ആന്തരികത, ധാർമികമൂല്യപരത - ഇതിലാണ് മൂലേച്ചാലിലിന്റെ ഊന്നൽ. ശാസ്ത്രവാദം, യുക്തിവാദം, ഭൗതികവാദം തുടങ്ങിയവവച്ച് വാദിച്ചുജയിക്കാൻ ആഭിമുഖ്യമുള്ളവർക്കുവേണമെങ്കിൽ, ബോധോദയത്തിന്റെ ഈ സർവോദയത്തെ 'ആശയവാദം' എന്നു ടാഗ് ചെയ്തു പടിയടയ്ക്കുക എളുപ്പമാണ്. മൂലേച്ചാലിൽ അവരോടുള്ള സമീപനം ശത്രുതാപരമാക്കുന്നില്ല. അവരുടെ അകക്കണ്ണു തുറപ്പിക്കാൻ സഹിഷ്ണുതാപൂർവ്വം സംവാദാത്മകമായ ശ്രമം നടത്തുന്നു - പല അധ്യായങ്ങളിൽ പല സന്ദർഭങ്ങളിലായി. 'നവോത്ഥാനം നവനാഗരികതയിൽ' ഭാവിക്കായുള്ള ചർച്ചാപുസ്തകമാകുന്നതു പ്രധാനമായും ഈ സംവാദത്തിലൂടെയാണ്. നാലു ഘടകങ്ങൾ ഈ സംവാദത്തിൽ പ്രധാനമാണ്:
1 - "ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് " എന്ന കാവ്യയുക്തി (മൂലേച്ചാലിൽ അതിനെ യുക്തിയുടെ കാല്പനികത എന്നു വിളിക്കുന്നു) പരിഗണിക്കാതെയുള്ള കേവല ഗണിതയുക്തിമാത്ര ചിന്തയുടെമേൽ നടത്തുന്ന വിമർശം. 2- ആ ചിന്തയുടെമേൽ പണിയപ്പെട്ട യൂറോപ്യൻ ഭൗതിക - 'ശാസ്ത്രമത'ത്തിൻ്റെ വിമർശം. 3 - ആ ശാസ്ത്രമതത്തിലുള്ള അന്ധവിശ്വാസത്തിന്മേൽ ഏതാണ്ട് ഒരുപോലെ ഉറപ്പിക്കപ്പെട്ട മുതലാളിത്തത്തിന്റെയും സോഷ്യലിസങ്ങളുടെയും വിമർശം. 4 - ആ രാഷ്ട്രീയ-സാമ്പത്തിക ദർശനങ്ങളുടെമേൽ കെട്ടിപ്പടുത്ത കൊളോണിയൽ പുരോഗമന / വികസന സങ്കല്പങ്ങളുടെ വിമർശം. ഈ നാലു വിമർശവും അന്തർദേശീയതലത്തിൽ സമീപ പതിറ്റാണ്ടുകളിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. കേരളത്തിന്റെയും ബാക്കി ഭാരതത്തിന്റെയും കോളനിമനസ്സിൽ അവ വേണ്ടത്ര വിരിഞ്ഞിട്ടില്ലെന്നേയുള്ളൂ.
അക്കാദമീയ ജാർഗണുകളുടെ അതിപ്രസരംകൂടാതെയും ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകാരന്മാരുടെയും പേരുകളുടെ പടക്കംപൊട്ടിക്കൽകൊണ്ടു സാധാരണ വായനക്കാരെ ഭയപ്പെടുത്താതെയും ലളിതമനോഹരമലയാളത്തിൽ മൂലേച്ചാലിൽ താൻപോരിമയുള്ള ശൈലിയോടെ ഈ വിമർശങ്ങൾ ഒതുക്കി അവതരിപ്പിക്കുന്നു. ആ വിമർശങ്ങളുടെ ബലം സമീപനൂറ്റാണ്ടുകളിലെ കേരളനവോത്ഥാനചരിത്രം വിലയിരുത്താൻ ഉപയോഗിക്കുന്നിടത്താണ് അദ്ദേഹത്തിൻ്റെ ഏറ്റവും മൗലികമായ അന്വേഷണ ഫലങ്ങളിലൊന്നു പുറത്തുവരുന്നത് ( രണ്ടാം അദ്ധ്യായത്തിലെ, "പുരോഗമനപ്രസ്ഥാനങ്ങൾ, പ്രതിലോമധർമ്മങ്ങൾ" എന്ന ഖണ്ഡം). ആരോടും പകയില്ലാതെ അദ്ദേഹം എഴുതുന്നു:
" നമ്മുടെതന്നെ ദാർശനിക സാംസ്കാരികപശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ശ്രീനാരായണഗുരു ഒരു ആധ്യാത്മികവിപ്ലവത്തിന് അടിത്തറ പാകിയത്... എന്നാൽ, കേരള സാംസ്കാരികനവോത്ഥാനത്തിന്റെ രണ്ടാം ഘട്ടമെന്നും മൂന്നാം ഘട്ടമെന്നും വിശേഷിപ്പിക്കപ്പെടുന്ന ദേശീയപ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുന്നപക്ഷം, അവ [ആ] നവോത്ഥാനപ്രക്രിയയുടെ സ്വാഭാവികമായ തുടർച്ചയല്ലെന്നു പറയേണ്ടിവരും... ശ്രീനാരായണപ്രസ്ഥാനം ഉഴുതുമറിച്ചു പാകപ്പെടുത്തിയ കേരളമനസ്സിൽ തുടർന്നങ്ങോട്ടു വിതയ്ക്കപ്പെട്ടതു കൂടുതലും പാശ്ചാത്യ [ലിബറൽ-സോഷ്യലിസ്റ്റ്] ആശയങ്ങളായിരുന്നു... ഒരുപക്ഷേ, കേരളനവോത്ഥാനത്തിന്റെ ശക്തമായ അലകൾ മന്ദീഭവിച്ചതിന് [....] ഉള്ള മുഖ്യ ഉത്തരവാദിത്വം അതിൻ്റെതന്നെ ഉണർവുകളെ മൂലധനമാക്കി ഇവിടെ വളർന്നുവന്ന പാശ്ചാത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനായിക്കൂടെന്നില്ല."
നോക്കൂ, ഒരു തിസീസിന്റെ സമർത്ഥനത്തിനു വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടും, ചിലർക്കു വെറും ഹൈപ്പോതീസിസ് എന്നുപറയാൻപോലും ഇടംകൊടുക്കുന്ന, സംവാദാത്മകമായ സൗമ്യഭാഷണം. മനുഷ്യപ്പറ്റില്ലാത്ത ചിന്താപദ്ധതികളെയും കർമ്മക്രമങ്ങളെയും വിമർശവിധേയമാക്കുമ്പോൾ ആദ്യന്തം മൂലേച്ചാലിൽ പാലിക്കുന്ന ആർദ്രതയാണത്. ഭൗതികേതരം എന്നു ഭൗതികവാദക്കാർ പറയുന്ന 'ആത്മാവിനെ' തൊടുന്ന ആർദ്രത. ഈ ആന്തരികത വീണ്ടെടുക്കുക, ഊതിത്തെളിക്കുക, പൊലിപ്പിക്കുക എന്നത് പുസ്തകപ്രമേയമാവുമ്പോൾ, സ്വന്തം ഭാഷാശൈലികൊണ്ട് അതു സാധൂകരിക്കാൻ ( ഒരർത്ഥത്തിൽ സാക്ഷാത്കരിക്കാൻ) ആത്മബോധമുള്ള എഴുത്താളുകൾ സ്വയംപ്രേരിതരാവുകയല്ലേയുള്ളൂ. ശത്രുതാപരമായ വിമർശനങ്ങളുടെ (criticism) കാലുഷ്യത്തിൽനിന്ന് അവരുടെ വിമർശം (critique) സംവാദസ്ഥലികളെ വിമോചിപ്പിക്കുന്നു.
ചുരുക്കത്തിൽ, വൈകുണ്ഠസ്വാമിയിലും ശ്രീനാരായണഗുരുവിലും പൊയ്കയിൽ അപ്പച്ചനിലുമെല്ലാം സാമൂഹികാധ്യാത്മികത ആയി തുടങ്ങിയതും അയ്യങ്കാളിയിലും സഹോദരൻ അയ്യപ്പനിലും സാമ്പത്തിക-രാഷ്ട്രീയരൂപം കൈവരിച്ചതും അയൽക്കൂട്ടം പങ്കജാക്ഷനിലൂടെ ക്വാണ്ടംകുതിപ്പു നടത്തിയതുമായ ആന്തരികപരിവർത്തനമാർഗം. നാടനും വിദേശിയുമായ എല്ലാ തത്ത്വശാസ്ത്രങ്ങളെയും വേദശാസ്ത്രങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും യൂറോപ്യൻ ജാക്കറ്റിട്ട സാമൂഹികശാസ്ത്രങ്ങളെയും അതിശയിച്ചുനിൽക്കുന്ന 'അൻപേ ദൈവ'ബോധത്തിന്റെ സാമൂഹിക ആധ്യാത്മികതതന്നെയാണ്, ക്ഷണഭംഗുരമോ ഉപരിപ്ലവമോ ആകാത്ത ഈ ഭാവിവിപ്ലവം. അതാണ് ഈ പുസ്തകം മുന്നോട്ടുകാണുന്ന നവോത്ഥാനം; നിത്യനൂതനോത്ഥാനം. 'ആധുനിക'നാഗരികത എന്നതിൻ്റെ പര്യായമായിനിന്ന 'നവ'നാഗരികതയ്ക്കുപകരം, തുല്യ മനുഷ്യമഹത്വത്തിന്റെ പുതിയൊരു ഏകലോകഗ്രാമ്യതയിലേക്കു നയിക്കുന്ന പുതുമാനുഷരുടെ ഉണർച്ചയാണത്.
അവർ വന്നുകൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. 'വർത്തമാനം' എന്നു പറഞ്ഞു നിർത്തുംമുമ്പേ ആ വർത്തമാനം ഭൂതമാകുന്നതുപോലെ, ഭാവി എന്നു പറഞ്ഞു നിർത്തുംമുമ്പേ ആ ഭാവി വർത്തമാനയാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്, മതങ്ങളുടെ പുനഃപരിശോധനയിലൂടെ സാമൂഹിക ആത്മീയതയുടെ വീണ്ടെടുപ്പ് എന്ന അജണ്ട ഈ ആലോചനാപുസ്തകം മുന്നോട്ടുവയ്ക്കുമ്പോൾ, ഉട്ടോപ്യൻ എന്നത് അതിനൊരു ആക്ഷേപമല്ല, പ്രശംസയാണ്. വേറൊരു ലോകം സാധ്യമാണ് (possible) എന്ന മുദ്രാവാക്യം മൂന്നു പതിറ്റാണ്ടുമുമ്പ് ഉയർന്നെങ്കിൽ, അതു സംഭവ്യമാണ് (probable) എന്ന് ഈ സഹസ്രാബ്ദത്തിന്റെ തുടക്കം വെളിപ്പെടുത്തി. ഇപ്പോൾ ഉട്ടോപ്യ ഒരു യാഥാർത്ഥ്യമായി വെളിപ്പെടുന്നു. ഈ വെളിവിൽ (revelation) കുറഞ്ഞ തെളിവ് (evidence) തിരഞ്ഞുപോകാൻ അസ്മാദൃശർ സ്വയം ഭാരപ്പെടുത്തുന്നില്ല. പുതുതലമുറകളിലെ പുതുമനുഷ്യരുടെ ജീവിതസാക്ഷ്യത്തിൽക്കവിഞ്ഞ ഒരു തെളിവ് ആർക്കാണു കൊണ്ടുവരാൻ കഴിയുക!
ആ വെളിവിന്റെ തെളിവ് ശുദ്ധമലയാളത്തിൽ ജോർജ് മൂലേച്ചാലിൽ ഇങ്ങനെ ഒരു ഖണ്ഡികയിൽ ഒതുക്കുന്നു: "ഇന്നത്തെ ലോകവീക്ഷണത്തിൽനിന്നു നോക്കുമ്പോൾ, ഇതെല്ലാം വെറും സ്വപ്നമോ ഭാവനാസൃഷ്ടിയോ ആണെന്നു തോന്നുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും ഇന്നത്തെ അവസ്ഥ തുറന്നു കാണുവാൻ തയ്യാറാവുന്ന ആരും, ഭാവിസമൂഹത്തെപ്പറ്റിയുള്ള ഈ ഭാവന യാഥാർത്ഥ്യമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാതിരിക്കില്ല. ഈ ആഗ്രഹത്തെ ആവശ്യബോധമായും ഇച്ഛാശക്തിയായും വളർത്തിയെടുക്കുന്നപക്ഷം, ആ ദിശയിൽ പുതിയ വഴികൾ തെളിക്കാൻ മനുഷ്യനു കഴിയുകതന്നെ ചെയ്യും. വെട്ടിയിട്ടിരിക്കുന്ന അതിവിശാലമായ ഒരു പാതയിലൂടെ അതിവേഗം പാഞ്ഞുകൊണ്ടിരിക്കുമ്പോൾ മറ്റൊരു വഴിയെപ്പറ്റി ആലോചിക്കുവാൻപോലും എളുപ്പമല്ല എന്നതാണു പ്രശ്നം. മനുഷ്യനിപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വികസനപാത അവനെ നയിക്കുന്നത് സർവ്വവിനാശത്തിന്റേതായ ഒരു അഗാധഗർത്തത്തിലേക്കാണ് എന്ന അവബോധമുണ്ടാകുന്നതിനനുസരിച്ച് വിവേകശാലികൾ ഈ ഓട്ടത്തിന്റെ വേഗം കുറയ്ക്കുകയും അല്പമൊന്നു നിന്നു മനുഷ്യനു സുരക്ഷിതമായ വേറെ വഴിയുണ്ടോ എന്നന്വേഷിക്കുകയും ചെയ്യും. അങ്ങനെ പുതിയ വഴികൾ ക്രാന്തദർശിത്വത്തോടെ ഭാവനചെയ്യാനും അവ വെട്ടിത്തെളിക്കാനുമുള്ള മനുഷ്യൻ്റെ സ്വതസിദ്ധമായ കഴിവാണ് അവനെ എന്നും നിലനിർത്തിയിട്ടുള്ളതും, തുടർന്നും നിലനിർത്താൻ പോകുന്നതും" (പേജ്: 60). അതെ, ചരിത്രം സൂംഔട്ട് ചെയ്തു പറഞ്ഞാൽ, മനുഷ്യർ പ്രോബ്ളം സോൾവ് ചെയ്യുന്നവർ.
"അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിനുകണ്ണു മനമാകുന്ന കണ്ണു"തുറന്നുള്ള കാഴ്ച തരുന്ന ഈ തെളിമയുടെ പുസ്തകം, പുതിയ ലോകവീക്ഷണത്തോടെ ഭാവികേരളത്തെയും ഭാവിഭാരതത്തെയുംകുറിച്ചു സ്വതന്ത്രമായും സർഗാത്മകമായും ചർച്ചചെയ്യാൻ ഭയപ്പെടാത്ത എല്ലാ മലയാളികൾക്കുമായി ഞാനിവിടെ സവിനയം തുറന്നുവയ്ക്കുന്നു.
No comments:
Post a Comment