ഏപ്രില്‍ 2, 2020, വ്യാഴം
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ
ഇന്ത്യയിലെ പ്രിയപ്പെട്ട സഹപൗരന്‍മാരേ,ആശംസകള്‍. നാമെല്ലാം അറിയുന്നതു പോലെ മാനവവംശം ഇന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ അഭിമുഖീകരിക്കുന്ന സമയമാണിത്. ഇന്ത്യയിലെ ജനങ്ങളായ നാമും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളും ഒത്തു ചേര്‍ന്ന് ഇതിനെ സാധ്യമായത്ര കാര്യക്ഷമതയോടെ അതിജീവിക്കുന്നതിനു പരിശ്രമിക്കുകയുമാണ്.
കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളുടെ അറ്റകൈ നടപടിയായ ദേശീയ ലോക്ഡൗണ്‍ പോലെയുള്ള തീരുമാനങ്ങളെ നമ്മള്‍ അംഗീകരിക്കുകയും അവയോടു സഹകരിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ടും ആവശ്യമാണ്. എന്നിരിക്കിലും ഈ തീരുമാനം നടപ്പിലാക്കുന്നതില്‍ സംഭവിച്ച ആസൂത്രണമില്ലായ്മയെയും കൂടിയാലോചനക്കുറവിനെയും ജനാധിപത്യവിരുദ്ധതയെയും ജനപങ്കാളിത്തം തേടാത്ത സമീപനത്തെയും ചൂണ്ടിക്കാണിക്കേണ്ട ബാധ്യതയും നമുക്കുണ്ട്.
ഈ പോരായ്മകളുടെ ഫലമായി ലക്ഷക്കണക്കിന് അസംഘടിത തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളും ഭവനരഹിതരായ ജനങ്ങളും ദുര്‍ബല വിഭാഗങ്ങളും തികഞ്ഞ നിസഹായാവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. അതിവേഗം പടര്‍ന്നുപിടിക്കുന്ന രാജ്യാന്തര മഹാവ്യാധിയുടെ മുന്നില്‍ ആവശ്യമായ വൈദ്യസഹായമോ ശുചിത്വസൗകര്യങ്ങളോ ഗതാഗതസംവിധാനമോ അഭയമോ വരുമാനമോ ഭക്ഷണ പാനീയങ്ങളോ ലഭിക്കാതെ സ്വന്തം വഴി സ്വയം തേടേണ്ട പരിതാപകരമായ സാഹചര്യമാണ് ഇവര്‍ക്കായി സൃഷ്ടിക്കപ്പെട്ടത്.
തൊഴില്‍ ദാതാക്കളും ഗവണ്‍മെന്‍റുകളും ഒരു പോലെ കൈയൊഴിഞ്ഞ അവസ്ഥയില്‍ ഡല്‍ഹിയുള്‍പ്പെടെയുള്ള മഹാനഗരങ്ങളില്‍ നിന്ന് ദരിദ്രജനതയുടെ നിസഹായ പ്രയാണത്തിനാണ് രാജ്യം സാക്ഷിയായത്. സ്വന്തം ജന്മനാടുകളിലേക്ക് നൂറുകണക്കിനു കിലോമീറ്ററുകള്‍ ഇവര്‍ കാല്‍നടയായി താണ്ടുന്നത് ഭക്ഷണമോ ജലപാനമോ ഇല്ലാതെയാണെന്നു മാത്രമല്ല, ചിലസ്ഥലങ്ങളിലെങ്കിലും വേട്ടയാടുന്ന പോലിസിനും പ്രദേശവാസികള്‍ക്കുമിടയിലൂടെയുമാണ്. എന്തൊരു അപമാനകരമായ ദേശീയ പരാജയമാണിത്.
അവരെക്കാള്‍ മെച്ചപ്പെട്ട നിലയിലും സൗകര്യപ്രദമായ ഭവനങ്ങളിലും ജീവിതത്തിന്‍റെ അടിസ്ഥാനാവശ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ട അവസ്ഥയില്‍ കഴിയുന്ന നമുക്കാര്‍ക്കും ഇത്രവലിയ ദേശീയ ദുരന്തത്തിനോ സഹപൗരന്‍മാരുടെ ജീവാപായം വരെ സംഭവിക്കുന്ന സഹനങ്ങള്‍ക്കോ മുന്നില്‍ നിശബ്ദ സാക്ഷികളാകാന്‍ കഴിയില്ല, കഴിയരുത്.
ദുരിതത്തിലാണ്ട ജനതയോട് ഐക്യദാര്‍ഢ്യപ്പെടുന്നതിനും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളോടുള്ള സഹകരണ മനോഭാവം വ്യക്തമാക്കുന്നതിനും (ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലാണെങ്കില്‍ കൂടി ലോക്ഡൗണിന്‍റെ മുന്നില്‍ പങ്കാളിത്തം നിഷേധിക്കപ്പെട്ട 'അരാഷ്ട്രീയ വസ്തു'ക്കളായും നിസഹായരായും നമ്മള്‍ തള്ളിമാറ്റപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം നിഷേധിക്കാതെ തന്നെ) ഞങ്ങള്‍ ഗാന്ധിയന്‍ കളക്ടിവ് ഇന്ത്യയിലെ ജനാധിപത്യ-പുരോഗമനാത്മക ഗ്രൂപ്പുകളുമായി ചേര്‍ന്ന് ദേശീയ ഉപവാസദിനം ആചരിക്കുന്നതിനു തീരുമാനിച്ചിരിക്കുന്നു. ഏപ്രില്‍ രണ്ട്, വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിക്കുന്ന ദിനാചരണം വൈകുന്നേരം ആറിനു സമാപിക്കും.
ലോക്ഡൗണിനെയും ഗവണ്‍മെന്‍റുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളെയും പൂര്‍ണമായി ആദരിച്ച് ഞങ്ങളോരോരുത്തരും സ്വഭവനങ്ങളിലായിരിക്കും ഉപവാസത്തിലേര്‍പ്പെടുക. സന്നദ്ധതയും തൃപ്തികരമായ ആരോഗ്യാവസ്ഥയുമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോഴത്തെ ദേശീയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം ജനതയോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ഉപവാസത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേരുന്നതാണ്.
ഉപവാസത്തിലും പ്രാര്‍ഥനയിലും ധ്യാനത്തിലും ഏര്‍പ്പെടുമ്പോള്‍ തന്നെ കൊറോണ ഭീഷണിയെ പ്രാദേശിക, ദേശീയ തലങ്ങളില്‍ നേരിടുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍, അധിക ദുരിതങ്ങളിലും ക്ലേശങ്ങളിലും നിന്ന് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ രക്ഷിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍, നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ, മതേതര ഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മക നടപടികള്‍ എന്നിവ ഞങ്ങളുടെ ആലോചനയ്ക്കു വിഷയമാകുന്നതുമാണ്.
അസംഘടിത തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍ പെട്ടവര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, വൈദ്യസഹായം, സമാശ്വാസ വേതനം എന്നിവ നാലുമാസത്തേക്കെങ്കിലും ഉറപ്പു വരുത്തുന്ന പ്രത്യേക പാക്കേജ് താമസംവിനാ പ്രഖ്യാപിക്കണമെന്ന് ദേശീയ ഉപവാസദിനാചരണത്തില്‍ പങ്കെടുക്കുന്നവര്‍ ഇതിനൊപ്പം കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളോട് ആവശ്യപ്പെടുന്നതുമാണ്.
കൊറോണ ഭീഷണിയെ നേരിടുന്നതിന് മുന്നില്‍ നിന്നു പ്രയത്നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, പോലീസ് അധികൃതര്‍ എന്നിവരുടെ നിസ്വാര്‍ഥ സേവനങ്ങളെ ഞങ്ങള്‍ ആദരിക്കുകയും അവരോട് നന്ദി അറിയിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ഞങ്ങളുടെ സഹോദര പൗരന്‍മാരോടും ആരാധ്യനായ രാഷ്ട്രപതിയോടും ആദരണീയനായ പ്രധാനമന്ത്രിയോടും ദേശീയ ഉപവാസദിനാചരണത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കുചേരണമെന്ന് അപേക്ഷിക്കുന്നു. ആദരപൂര്‍വം
ഗാന്ധിയന്‍ കൂട്ടായ്മയ്ക്കു വേണ്ടി
ഡോ.എസ്.പി ഉദയകുമാർ
സണ്ണി പൈകട 9207604997
കെ.ജി ജഗദീശൻ
8547 4542 44
വി.എം മൈക്കിൾ
9744558250
ഇസാബിൻ അബ്ദുൾ കരീം 9497064356
അഡ്വ.ജോർജുകുട്ടി കടപ്ളാക്കൽ 94471813 16
No comments:
Post a Comment