Monday, 7 January 2013

പറയൂ… ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം

..............പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും  പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.
11.  ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12.  ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.
(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍  നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20.  സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,
സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,
സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.
സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)
അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.
30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.
31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.
32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം  കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).
33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).
34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .
35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക്  ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ).  പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര).  നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ).  കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല).    30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള).  സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39.  തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച്  അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം പൂര്‍ണമായി വായിക്കാന്‍ ക്ലിക്കുചെയ്യുക:
പറയൂ… ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം:

'via Blog this'

No comments:

Post a Comment