Friday, 22 November 2013

പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണം - ഒരൊത്തുതീര്പ്പു സാദ്ധ്യമാണോ?

അല്മായശബ്ദം ബ്ലോഗില്‍ താമരശേരി ബിഷപ്പിന്റെയും ബിഷപ്പ് ഭരണികുളങ്ങരയുടെയും പ്രസ്താവനകളെക്കുറിച്ച് ധാരാളം കമന്റുകള്‍ വന്നിരുന്നു. സണ്ണിപൈകടയുടെ തുറന്ന കത്ത് ചര്‍ച്ചചെയ്യാന്‍ ഭരണങ്ങാനത്തു ചേര്‍ന്ന യോഗത്തിലെ ചര്‍ച്ചയെപ്പറ്റിയുള്ള ശ്രീ സക്കറിയാസ് നെടുങ്കനാലിന്റെ ഒരു റിപ്പോര്‍ട്ടും അവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതാണ് ഇവിടെ കൊടുത്തിരിക്കുന്നത്. 

ഇപ്പോഴത്തെ പശ്ചിമഘട്ട-പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കിംവദന്തികളെയും തെറ്റിദ്ധരിപ്പിക്കലുകളെയും രാഷ്ട്രീയക്കാരുടെയും മെത്രാന്മാരുടെയും ഇടപെടലുകളെയും കുറിച്ച് ചർച്ചചെയ്ത് രൊത്തുതീര്പ്പു സാദ്ധ്യമാണോ എന്നന്വേഷിക്കാൻ ഏതാനും പ്രകൃതിസ്നേഹികളും കൃഷിക്കാരും പരിസ്ഥിതി പ്രവർത്തകരും 22.11.13ൽ ഭരണങ്ങാനത്ത് സമ്മേളിച്ച് മണിക്കൂറുകളോളം ചർച്ചകൾ നടത്തി. അതിൽ ഉരുത്തിരിഞ്ഞു വന്ന ചില ആശയങ്ങൾ ഇവിടെ കുറിക്കുകയാണ്. പങ്കെടുത്തവരുടെ പേരുകളുൾപ്പെടെ സമഗ്രമായ ഒരു കുറിപ്പ് ബന്ധപ്പെട്ടവർ തയ്യാറാക്കുന്നുണ്ട്. അത് ഇവിടെ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്,ആകെ കുഴഞ്ഞുമറിഞ്ഞ ഒരന്തരീക്ഷത്തിൽ, കുറേപ്പേർക്കെങ്കിലും എതാണ്ടൊരാശയവ്യക്തത ഉണ്ടാകട്ടെ എന്നേ ഉദ്ദേശമുള്ളൂ. അവിടെ കേട്ട പലതും എനിക്ക് പുതിയ അറിവുകളായിരുന്നു. ഈ വിവാദത്തിൽ കേള്ക്കുന്നതും വായിക്കുന്നതും മിക്കവാറും എന്നെപ്പോലെ ഒന്നുമറിയില്ലാത്തവർ വിളിച്ചു കൂവുന്നത് മാത്രമാണെന്നതാണ് സത്യം. അവ്യക്തതകളും സംഭീതികളും സൃഷ്ടിക്കാനേ അവയൊക്കെ ഉപകരിക്കൂ. മാദ്ധ്യമങ്ങൾ അവരവരുടെ താത്പര്യമനുസരിച്ച് വലിച്ചു വാരിയെഴുതിക്കൊണ്ടിരിക്കുന്നു. നിഷ്പക്ഷമായ ഒരു വിലയിരുത്തലും സമവായവും ഇല്ലാതെ ഇന്നത്തെ ഈ പ്രതിസന്ധിയെ തരണം ചെയ്യാനാവില്ല. ഞങ്ങൾ കുറേ പ്പേർക്ക് അത് സാദ്ധ്യമായാൽ എണ്ണത്തിൽ കൂടിയ മറ്റു വിഭാഗങ്ങൾക്കും അത് സാദ്ധ്യമാകണം എന്നാ സദ്‌ചിന്തയാണ് ഈ കൂട്ടായ്മയിൽ ഞങ്ങളെ നയിച്ചത്.
സത്യാവസ്ഥ എന്തെന്ന് കണ്ടെത്തുക ഇക്കാര്യത്തിൽ പ്രയാസമാണ്. അതിനു വഴിതെളിക്കേണ്ട ഭരണയന്ത്രം ദയനീയമായി അക്കാര്യത്തിൽ പരാജയപ്പെട്ടുകഴിഞ്ഞു. ഗാഡ്ഗിൽ /കസ്തൂരിഗൻ കമ്മിറ്റികളുടെ പഠനങ്ങളെ ജനസമക്ഷത്തു വേണ്ട സമയത്ത് സമർപ്പിക്കാനൊ അവയെ മലയാളത്തിൽ പ്രസിദ്ധീകരിക്കാനോ ഉത്തരവാദപ്പെട്ടവർ ഒന്നും ചെയ്തില്ല. അവർ കുടുംബവഴക്കുകൾ തീർക്കാൻ ബഹുദൂരം യാത്രയിലായിരുന്നു. മല യാളികൾക്കറിയാത്ത ഇംഗ്ലീഷ് ഭാഷയിൽ ഇതൊക്കെ ഇന്റർനെറ്റിൽ കിടന്നാൽ ആർക്ക് തിരിയാൻ? ഒരു കാര്യത്തിലും ജനങ്ങൾക്ക്‌ വേണ്ടി തക്ക സമയത്ത് ഇടപെടാത്ത ഗവണ്‍മെന്റിൽ ജനത്തിനു ഒട്ടും വിശ്വാസം ബാക്കിയില്ല. ഇപ്പോൾ വളരെ താമസിച്ച്, ആ ഭാഗത്ത് നിന്നുണ്ടാകുന്ന സമാധാനിപ്പിക്കലും ആശന്ക് ദുരീകരണവും വിശദീകരണവും പതിവുള്ള വെറും കബളിപ്പിക്കലായി മാത്രമേ ജനം കാണുന്നുള്ളൂ. കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് സംഗതി കൂടുതൽ വഷളാക്കാനും ചേരിതിരിവുകളുണ്ടാക്കി തമ്മിൽ തല്ലിക്കാനും മെത്രാന്മാർപോലും ഇതൊരു പറ്റിയ അവസരമായി കണ്ടിരിക്കുന്നു എന്നത് പരിതാപകരമാണ്.

പശ്ചിമഘട്ട സംരക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ കർഷകവിരുദ്ധം എന്ന ധാരണയാണ് അധികമാൾക്കാർക്കും ഉണ്ടാകുന്നത്. കാരണം വേറെങ്ങും തിരയേണ്ടതില്ല - കർഷകനെ ബലിയാടാക്കുന്ന പദ്ധതികളാണ് എന്നും ഗവ. സ്വീകരിച്ചിട്ടുള്ളത്. 1977 നു മുമ്പുള്ള പട്ടയം പോലും ഇതുവരെ സ്ഥിരീകരിച്ചു കൊടുത്തിട്ടില്ല എന്നതും ഇതുവരെയുള്ള ഭൂപരിഷ്ക്കരണവുമൊന്നും വേണ്ടത്ര ഗുണം ചെയ്യാതെ പോയതും കൃഷിയോട് താത്പര്യമില്ലാത്തവർ അവയൊക്കെ കൈകാര്യം ചെയ്തതുകൊണ്ടാണ്. കര്ഷകന്റെ പേരിൽ ലാഭംകൊയ്യുന്ന മുതലാളിമാർ എന്നും കേരള പരിസ്ഥിതിയെ അവരുടെ ഇഷ്ടത്തിനു വേണ്ടിമാത്രം ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് ഇന്നൊരു നല്ല കാര്യം കൊണ്ടുവരുമ്പോഴും അതുമായി സഹകരിക്കാൻ മനുഷ്യർക്ക്‌, പ്രത്യേകിച്ച് കർഷകർക്ക്, ഭയം.
നമ്മൾ നടുന്നതൊക്കെ എന്തുകൊണ്ട് കൃമികൾ തിന്നു നശിപ്പിക്കുന്നു? നാടിന്റെ ജൈവസമ്പത്തിനെ ഉപേക്ഷിച്ചിട്ട് മറുനാടാൻ സസ്യങ്ങൾ വളർത്താൻ ശ്രമിക്കുമ്പോൾ അവയ്ക്ക് പ്രതിരോധശക്തി ഉണ്ടായിരിക്കില്ല. കാ‍ന്താരി, കാച്ചിൽ, ചേന, ചേമ്പ്, പ്ലാവ് ആഞ്ഞിലി എന്നിവക്കൊന്നും ആ കുഴപ്പമില്ലല്ലോ. അവ ഈ മണ്ണിൽ അതിജീവനം പഠിച്ചവയാണ്. ഇവിടുത്തെ പശുക്കളിൽ പോലും നമ്മൾ വിദേശ മൂരികളുടെ ബീജം കുത്തിവച്ച് സങ്കരവർഗത്തെ ഉണ്ടാക്കുന്നു. അവയെ തീറ്റിപ്പോറ്റാനും പരിരക്ഷിക്കാനും സ്വാഭാവികമായി വിഷമമുണ്ടാകും. പ്രകൃതിയിൽ എല്ലാ വിളകളും മൃഗങ്ങളും ഈ നിയമത്തിനു കീഴിലാണ്. പശ്ചിമഘട്ടത്തിലുള്ള വിളകളും മൃഗങ്ങളും ഈ നാടിന്റെ സ്വന്തമാണ്. അവയാണ് ഇവിടെ അതിജീവിക്കാൻ ഏറ്റവും സാദ്ധ്യതയുള്ളവ. അവയെ പരിരക്ഷിക്കുക എന്നത് സ്വാഭാവികമായി നമ്മുടെ ഉത്തരവാദിത്വമായി തോന്നേണ്ടതാണ്, പ്രത്യേക നിയമങ്ങളില്ലാതെ തന്നെ. ആ ഒരു പാരമ്പര്യം പണ്ട് നമുക്കുണ്ടായിരുന്നു. നമ്മുടെ കാവുകളെ ഓര്മിക്കുക. ഉള്ള സ്ഥലത്തിൽ മൂന്നു ശതമാനം കാവായി ഓരോ കുടുംബവും ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു.

പ്രകൃതിക്ക് അതിന്റേതായ സംരക്ഷണ പദ്ധതിയുണ്ട്. എന്തുകൊണ്ടാണ് ഉരുൾ പൊട്ടുന്നത്. വഴിവെട്ടിയും വലിയ റ്റവറുകൾ പണുതും അണകെട്ടിയുമൊക്കെ പ്രകൃതിയുടെ സ്വതേയുള്ള ബാലൻസ് മാറ്റുമ്പോഴാണ് മണ്ണിടിയാനും ഉരുൾപൊട്ടി നശിക്കാനുമൊക്കെ ഇടയാകുന്നത്. ഉത്തർഖണ്ടിൽ ഈയിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണവും ഇതൊക്കെത്തന്നെയാണ്. അവിടെ പാറ പൊട്ടിച്ച് കാശുണ്ടാക്കിയ മാഫിയാ ദുരന്തത്തിനു കാരണമുണ്ടാക്കിയിട്ടു സ്ഥലം വിട്ടു. ഇനിയവർ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി തിരിച്ചുവരും, വീണ്ടും പണം കൊയ്യാൻ. ഇത്തരം അനുഭവങ്ങളിൽ നിന്നാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കാനുള്ള ബുദ്ധി നമുക്കുണ്ടാകേണ്ടത്. മണ്ണും വിത്തും മനസ്സും ഒത്തൊരുമിച്ച് അതിനുവേണ്ടി സജ്ജീകരിക്കപ്പെടണം. പെട്ടെന്നായാൽ മാറ്റങ്ങള്ക്ക് അംഗീകാരം കിട്ടില്ല. സമയമെടുത്ത്, വേണ്ടതായ ബോധവല്ക്കരണം നടത്തി വേണം പുതിയ ശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ. അതിനു പകരം ആരുമറിയാതെ ഒരു റിപ്പോർട്ടുണ്ടാക്കി, അതിൽ സമ്പന്ന മാഫിയയ്ക്ക് കേടുവരാത്തരീതിയിൽ ഒരു പ്ലാനുണ്ടാക്കി, പൊടുന്നനെ നടപ്പാക്കാൻ നോക്കുന്നത് അപകടകരമാണ്. അതുകൊണ്ടാണ് എല്ലാത്തരത്തിലും അംഗീകാരയോഗ്യതയുള്ള ഗാഡ്ഗിൽ റിപ്പോർട്ട്‌ തിരസ്കരിക്കപ്പെട്ടത്‌. പകരം ഉണ്ടാക്കിയ കസ്തൂരിരംഗനും ജനമനസ്സിൽ സ്വാധീനമില്ലാത്തത് അതിലെ സുതാര്യതയുടെ കുറവുകൊണ്ടാണ്. രാഷ്ട്രീയക്കാരാണ് പ്രശ്നമുണ്ടാക്കുന്നത്.

പലയിടത്തുനിന്നും ആത്മാർത്ഥതയില്ലാത്ത ഇടപെടലുകൾ വളരെ വ്യക്തമാണ്. അല്ലെങ്കിൽ എങ്ങനെയാണ് വാഗമന്നും മൂന്നിലവുമൊക്കെ പരി.ലോല പ്രദേശങ്ങളിൽ ഉൾപ്പെടാതെ ഒഴിഞ്ഞുപോയത്. ജനം അത്ര വിഡ്ഢികളല്ല. കള്ളക്കളികൾ ഒത്തിരി കണ്ടാണ്‌ നാം ജീവിക്കുന്നത്. എന്നാലും ഇത്ര ബാലിശമായി ഒരു പദ്ധതിയെ മലീനസമാക്കാൻ ഭയങ്കര ദുഷ്ടലാക്കു തന്നെ വേണം.

കേരളം മുഴുവൻ ഇടിച്ചു പൊട്ടിച്ചും തുരന്നും നശിപ്പിക്കുന്ന പാറമടകൾ ശബ്ദമലിനീകരണം, രാസോപയോഗം, റോഡുപയോഗം തുടങ്ങിയ ഇപ്പോഴുള്ള എല്ലാ നിയമങ്ങളെയുമാവഗണിച്ചുകൊണ്ടാണ് പ്രവര്ത്തിക്കുന്നത്. എവിടെയ്ക്കാണ് ഈ കല്ലെല്ലാം പോകുന്നത്? 60 % വിഴിഞ്ഞത്ത് കടലിൽ കൊണ്ടിടനാണ്. ബാക്കി മുതലാളിമാർക്കും രണ്ടുമൂന്നു കൊല്ലത്തിൽ ഒരിക്കൽ മാത്രം വന്നു താമസിക്കുന്ന പ്രവാസികൾക്കും വേണ്ടി കെട്ടിടം പണിയാനാണ്. ഉപയോഗശൂന്യമായ ഇടം ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ കെട്ടിപ്പൊക്കാതിരിക്കാൻ നിയമം കൊണ്ടുവരണം. ആളെണ്ണം വച്ച് ഒരാൾക്ക്‌ തീർക്കാവുന്ന കെട്ടിടത്തിന്റെ വിസ്തീർണത്തിന് പരിധി കല്പ്പിക്കണം. ഇന്നത്തെ കണക്കനുസരിച്ച് ഉണ്ടാക്കുന്ന 30% ഫ്ലാറ്റുകളും ആൾതാമസമില്ലാതെ കിടക്കുകയാണ്. അതുപോലെ, കല്ല്‌ വീണ്ടും ഉപയോഗിക്കാവുന്ന രീതിയിൽ ആയിരിക്കണം വെട്ടിയെടുക്കുന്നത്. അല്ലെങ്കിൽ ഒരൻപതു കൊല്ലം കഴിഞ്ഞാൽ കെട്ടിടത്തോടെ ഇന്ന് പൊട്ടിച്ച പാറ നശിച്ചുപോകുകയാണ്. എന്നും പൊട്ടിച്ചുകൊണ്ടിരിക്കാൻ മാത്രം പാറ എവിടെയാണുള്ളത്. ഇന്നത്തെ അളവിൽ തന്നെ തുടർന്നാലും 20 കൊല്ലം കൊണ്ട് ഈ പ്രദേശം ഒരു മരുഭൂമിയായി മാറും. ഇതൊക്കെ ലോകത്തിന്റെ പല ഭാഗത്തും കാണുന്ന അനുഭവങ്ങളാണ്. എത്ര കണ്ടാലും കേട്ടാലും ആരും ഒന്നും പഠിക്കുന്നില്ല.

നമ്മുടെ ഇപ്പോഴത്തെ സമ്പദ്വ്യവസ്ഥ മൊത്തം തെറ്റാണ്. കഴിയുന്നവനൊക്കെ പാറയിലാണ് അവന്റെ ജീവിതം പടുതുയർത്തുന്നത്. അതാണ്‌ ഏറ്റവും നല്ല വരുമാനമാര്ഗം. കല്ക്കരിയും എണ്ണയുമൊക്കെ പ്പോലെ പാറയും പൊതുസ്വത്താണ് എന്നത് മറക്കുകയാണ് നാം. അതിന്റെ റോയൽറ്റിക്ക് ഓരോ പഞ്ചായത്തിലുമുള്ളവർക്കു അവകാശമുണ്ട്‌. പാറയായാലും, കരിമണലായാലും തടിയായാലും കയ്യൂക്കുള്ളവന് ഖനനം ചെയ്ത് സ്വത്തുണ്ടാക്കാനുള്ളതല്ല നാടിന്റെ പൊതുസ്വത്ത്. 50% എങ്കിലും അതാണ്‌ പഞ്ചായത്തിൽ നിക്ഷേപിക്കപ്പെടണം. ഈ സമ്പത്തിലെല്ലാം അവര്ക്കുള്ള പങ്ക് നഷ്ടപ്പെടും എന്നതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, രാഷ്ട്രീയക്കാരും മെത്രാന്മാരും ഇപ്പോഴത്തെ പദ്ധതിയെ എതിർക്കുന്നത്. അവരതു മതതീവ്രവാദം പോലുമാക്കി മാറ്റുകയാണ്. അവരുടേത് കർഷകപ്രേമമല്ല. പ്രകൃതി ഇന്നാവശ്യപ്പെടുന്ന മുൻകരുതലുകൾ തടയപ്പെട്ടാൽ അവസാനം ദുരിതങ്ങൾ വന്നു പതിക്കുന്നത് ഏറ്റവും താഴെയുള്ള പാവങ്ങളുടെ തലയിൽ ആയിരിക്കും. അല്ലാത്തവർ എല്ലാ നിയമത്തിനും മുകളിൽ നിന്ന് കൊയ്യും. വീണ്ടും വീണ്ടും കൊയ്യും.

വിസ്മരിക്കപ്പെടരുതാത്ത മറ്റൊരു കാര്യം പരിസ്ഥിതി സംരക്ഷണം രാജ്യത്തെ മൊത്തത്തിൽ വ്യാപിക്കുന്ന ഒരു പ്രസ്ഥാനമാക്കുന്നില്ലെങ്കിൽ പ്രയോജനം ഉണ്ടാവില്ല എന്നതാണ്. രാജ്യത്തെ 135 കോടി ജനത്തിന് ശുദ്ധവായു ലഭിക്കാൻ 5 കോടി വരുന്ന പശ്ചിമഘട്ടത്തിലെ ജനം മാത്രം ശ്രമിച്ചാൽ മതിയാവില്ല. പശ്ചിമഘട്ടം പ്രദേശങ്ങളിൽ രാസവളങ്ങളും വിഷം നിറഞ്ഞ കീടനാശിനികളും ഉപേക്ഷിച്ചാലും കുട്ടനാട്ടിൽ ഇന്ന് നടക്കുന്ന രീതിയിൽ ലക്ഷക്കണക്കിന് ടണ്‍ വിഷമിറക്കിയാൽ അതൊക്കെ കടലിലെത്തി, ബാഷ്പീകരിച്ച്, പശ്ചിമഘട്ടത്തിലും എത്താവുന്നതേയുള്ളൂ. ഇത് ലോകവ്യാപകമായും ബാധകമാണ്. സമ്പന്ന രാജ്യങ്ങൾ വായുമലിനീകരണം നടത്തിയിട്ട് ദരിദ്ര രാജ്യങ്ങൾ ശുദ്ധീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവര്ക്കായി നിയമങ്ങൾ പടച്ചുവയ്ക്കുന്നതും പാഴ്വേലയാണ്. ഭൂമി ഒരൊറ്റ ജൈവസംഭരണിയാണെന്നത് മറക്കുന്നതുകൊണ്ടാണ് ഇത്തരം ഭ്രാന്തുകൾ നടമാടുന്നത്.

ഇപ്പോൾ കർശനമായി ചെയ്യാനുള്ളത് ഒന്നുമാത്രം. ഗാഡ്ഗിൽ/കസ്തൂരിരംഗൻ നിർദ്ദേശങ്ങൾ, അവയിലെ പോരായമകൾ തിരുത്തി, പരിസ്ഥിതിലോലമായ ഇടങ്ങളിൽ സമാനമായി നടപ്പാക്കണം. പ്രാദേശികമായ വ്യതിയാനങ്ങൾ കൊണ്ടുരാനും അവയെ സുതാര്യമായി പ്രാവർത്തികമാക്കാനും വേണ്ടതായ നിയമസാധുത പഞ്ചായത്തുകൾക്ക് ഉറപ്പുവരുത്തണം.
ഈ കമെന്റുകളോട് ചേർത്ത് നിർബന്ധമായും വായിക്കേണ്ട ശ്രീ ബാബു പോളിന്റെ ഒരു സരസവും കാര്യപ്രസക്തവുമായ ഒരു ലേഖനം ഇവിടെ കാണുക. വന്നു പിണഞ്ഞതും ഇനി എടുത്തുചാട്ടം മൂലം സംഭവിക്കരുതാത്തതുമായ കാര്യങ്ങൾ അദ്ദേഹം ചുരുക്കിപ്പരയുന്നു. വായിക്കുക.
http://www.joychenputhukulam.com/newsMore.php?newsId=35382

"
വത്തിക്കാനില്‍ പുതിയ മാര്‍പ്പാപ്പ വന്ന കാര്യം അറിയാതെയോ ഓര്‍ക്കാതെയോ പണ്ടത്തെ വിമോചനസമരത്തെ അനുസ്‌മരിപ്പിക്കുന്ന നിലയില്‍ കത്തനാരും മെത്രാനും പ്രശ്‌നത്തില്‍ ഇടപെടുന്നത്‌ സമൂഹത്തില്‍ വിഭാഗീയത വര്‍ധിപ്പിക്കുന്നു എന്ന്‌ അവരൊട്ട്‌ അറിയുന്നതുമില്ല
.


അല്മായശബ്ദം: LATEST: രക്തം ചൊരിയും: താമരശേരി ബിഷപ്പ്:

'via Blog this'

ഗാഡ്ഗിലും കോലാഹലങ്ങളും

ആത്മജവര്‍മ തമ്പുരാന്‍
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15163975&programId=7940899&BV_ID=@@@&tabId=21

വിവാദങ്ങള്‍ ഒന്നും ഇല്ലാതിരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കും പരിസ്ഥിതിക്കാര്‍ക്കും തെരുവില്‍ പ്രയോഗിക്കാനൊരു പേരായി മാറിയിരിക്കുന്നു ഇന്നു ഗാഡ്ഗില്‍. പാരിസ്ഥിതിക പ്രാധാന്യം, ഭൂമിശാസ്ത്ര പ്രത്യേകതകള്‍, കാലാവസ്ഥാ വ്യതിയാനം, പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ഇവയെല്ലാം വിശദമായി പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിച്ച് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് അനുകൂലിച്ചും എതിര്‍ത്തും ഉയരുന്ന വാദങ്ങള്‍കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്. പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതികസ്ഥിതി അടിമുടി വിശകലനം ചെയ്തു വിലയിരുത്തിയിട്ടുണ്ടെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും വിദഗ്ദ്ധരുടെ അവലോകനങ്ങളും വെളിവാക്കുന്നുണ്ട് . ഇതോടൊപ്പം രത്‌നഗിരി ,സിന്ധുദുര്‍ഗ് ജില്ലകളിലെ തീരപ്രദേശം, ഗുണ്ടിയ, അതിരപ്പള്ളി ജലവൈദ്യുതപദ്ധതികളും പ്രത്യേകമായി പരിശോധിക്കപ്പെട്ടു.


പ്രാദേശിക ചുറ്റുപാടുകളുടെ സഹകരണത്തോടെ സമന്വയത്തിന്റെ പാതയില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. അതായത് സുസ്ഥിര വികസനം. ഇത് പാരിസ്ഥി തിക-സാമൂഹിക-സാമ്പത്തിക കാഴ്ച പ്പാടില്‍ ഊന്നി നിന്നു വേണമെന്നു മാത്രം . വികസനവും പ്രകൃതി സംരക്ഷണവും വേറിട്ട കാഴ്ചപ്പാടിലൂടെയാണ് സമൂഹം പതിറ്റാണ്ടുകളായി വീക്ഷിക്കുന്നത്. പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ ചില സ്ഥലങ്ങളിലെങ്കിലും ഉടലെടുക്കുന്ന വിവാദങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റായി മാറുന്നതും അതുകൊണ്ടാണ്. ചില തുരുത്തുകളില്‍ മാത്രം പരിസ്ഥിതിസംക്ഷണം എന്ന മുദ്രാവാക്യം ഒറ്റപ്പെട്ട് നില്‍ക്കുകയും മറ്റ് ബഹുഭുരിപക്ഷം സ്ഥലങ്ങളിലും പരിസ്ഥിതിയ്ക്കു 'ശ്മശാനം' നിര്‍മിക്കുകയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആത്യന്തികമായ ഫലം.

പരിസ്ഥിതി നശീകരണം തടയുന്നതിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അധികാരം ഉണ്ട് . പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇവര്‍ക്കു നടപടി സ്വീകരിക്കാം. ചിലസ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യവസായങ്ങള്‍ക്കും കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നിക്ഷേധിക്കുന്നത് ഇത് കൊണ്ടാണ്. 1991 മുതലാണ് പാരിസ്ഥിതി ദുര്‍ബലപ്രദേശം എന്ന ആശയം ഭരണകുടങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത് .




പരിസ്ഥിതി ദുര്‍ബലപ്രദേശം കണ്ടുപിടിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. വന്യമൃഗസങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന നിര്‍ദേശം നല്‍കുന്നതുപോലെ ഒരു ഉത്തരവിലൂടെ പരിസ്ഥിതി ദുര്‍ബലപ്രദേശം കണ്ടെത്താനാവില്ല . സസ്യങ്ങളുടെ ഇനവിവരങ്ങള്‍, ജൈവആവാസ വ്യവസ്ഥ, ഭൗമബാഹ്യസ്വഭാവം എന്നിവയെല്ലാം ഇതില്‍ കണക്കാക്കും .എന്നാല്‍ അതതു സ്ഥലത്തെ ജീവജാലങ്ങളുടെ അടിസ്ഥാന വിവരങ്ങളാണ് മുഖ്യമായും കണക്കാക്കുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പശ്ചിമഘട്ടം പ്രദേശം മുഴുവന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കണമെന്നു സമിതി ശുപാര്‍ശ ചെയ്ത്.

പശ്ചിമഘട്ടത്തില്‍ 1500 ലേറെ തനത് പുഷ്പിത സസ്യങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. അഞ്ഞൂറിലേറെ പക്ഷികള്‍, സസ്തനികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍ എന്നിവയും ഉള്‍പ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഇവയില്‍ ഏറെയും. അപൂര്‍വമായ ജീവിവര്‍ഗങ്ങളും ഇതില്‍പ്പെടും. മനുഷ്യര്‍ വളര്‍ത്തുന്ന ജീവി വര്‍ഗങ്ങളുടെ പ്രകൃത്യായുള്ള ഇനങ്ങളും അവയുടെ വന്യബന്ധുക്കളും ഉള്ള പ്രദേശങ്ങള്‍ കുടിയാണ് പശ്ചിമഘട്ടം.

വന്യജീവികളുടെ ഇടനാഴിയാണ് ഈ സ്ഥലം. പ്രത്യേക ആവാസവ്യവസ്ഥ എന്ന ഒരിനം കുടി കണക്കാക്കപ്പെടുന്നുണ്ട്. ജൈവവും അജൈവവുമായ ഘടകങ്ങള്‍ തമ്മില്‍ ലോലമായ പരസ്പരാശ്രയത്വം നിലനില്‍ക്കുന്നതും ജീവികളുടെ മെച്ചപ്പെട്ട നിലനില്‍പ്പിനും പെരുകലിനും വഴിയൊരുക്കുന്ന പ്രദേശമാണ് ഇത്.



പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പാരിസ്ഥിതികമായി അതീവലോലപ്രദേശം, പാരിസ്ഥിതികമായി ലോലപ്രദേശം, താരതമ്യേന പാരിസ്ഥിതിക ലോലതകുറഞ്ഞ പ്രദേശം എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്. തരംതിരിവിന് ജൈവപരമായ ഘടകങ്ങളാണ് പ്രധാനമായും അവലംബിച്ചിട്ടുള്ളത്. ജീവജാലങ്ങളുടെ ബാഹുല്യം, അപൂര്‍വ ഇനങ്ങളുടെ സാന്നിദ്ധ്യം, സ്വാഭാവികവാസസ്ഥലങ്ങളിലെ ജൈവപിണ്ഡത്തിന്റെ ഉല്‍പാദന ക്ഷമത, ജൈവവും പാരിസ്ഥിതികവുമായ ഭീഷണി നേരിടാനുള്ള കഴിവ്, സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം, ഭൗമകാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയാണ് ജൈവപരമായ ഘടകങ്ങളില്‍ ഉള്‍പ്പടുത്തിയിട്ടുള്ളത് .

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിക്കുന്ന ഉന്നതാധികാര കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ പരിചരിക്കപ്പെടുന്നത്. കേരളത്തില്‍ തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, തലശേരി, പുനലൂര്‍, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, റാന്നി, നെടുമങ്ങാട്, മുകുന്ദപുരം, വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങള്‍ പാരിസ്ഥിതികമായി അതീവലോല പ്രദേശങ്ങളാണ്.

കാഞ്ഞിരപ്പള്ളി, തൃശൂര്‍ എന്നിവയാണ് ലോലപ്രദേശമായി കണക്കാക്കിയിട്ടുള്ളത് . മൂന്നാമത്തെ വിഭാഗമായ താരതമ്യേന പാരിസ്ഥിതികലോലത കുറഞ്ഞ പ്രദേശങ്ങളില്‍ കേരളത്തില്‍ നിന്നു എട്ടു സ്ഥലങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഹോസ്ദുര്‍ഗ്, കൊട്ടാരക്കര, പാലാ, മാഹി, മലപ്പുറം, ആലത്തൂര്‍, മല്ലപ്പള്ളി, വടക്കാഞ്ചേരി എന്നിവയാണ് ആ സ്ഥലങ്ങള്‍.
 

Wednesday, 20 November 2013

പശ്ചിമഘട്ടത്തോട് ചെയ്ത ചതി - മാധവ് ഗാഡ്ഗില്‍

പ്രിയപ്പെട്ട കസ്തൂരിരംഗന്‍,
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞനായിരുന്ന ജെ.ബി.എസ് ഹാല്‍ഡ്‌നേ ഒരിക്കല്‍ പറഞ്ഞു, ‘യാഥാര്‍ത്ഥ്യം നമ്മള്‍ ഊഹിക്കുന്ന അത്ര അപരിചതമായിരിക്കില്ല, പക്ഷേ, നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപരിചതമായിരിക്കും.’
Ads By Google
പശ്ചിമഘട്ടത്തെ കുറിച്ച് താങ്കള്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തുള്ളതായിരിക്കുമല്ലോ!
പശ്ചിമഘട്ടത്തെ കുറിച്ച് ഞങ്ങള്‍ പരിസ്ഥിതി വനം മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധിചര്‍ച്ചകള്‍ക്കും സ്ഥല സന്ദര്‍ശനങ്ങള്‍ക്കും ശേഷമുളളതായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളെ തരം തിരിച്ച് സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളാണ് ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പക്ഷേ, താങ്കള്‍ ഇത് അപ്പാടെ തള്ളിക്കളഞ്ഞ് ഇതിന് പകരം പശ്ചിമഘട്ടത്തിന്റെ മൂന്നിലൊരു ഭാഗം സ്വാഭാവിക മേഖലയെന്നും മൂന്നില്‍ രണ്ട് ഭാഗം ജനവാസ മേഖല(കള്‍ച്ചറല്‍ ലാന്റ്‌സ്‌കേപ്) എന്നും തിരിച്ച് തുറന്ന വികസനത്തിന് വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്.  ഗോവയില്‍ 35000 കോടിയുടെ അനധികൃത ഖനനം നടന്നത് ഇങ്ങനെ വികസനത്തിന് കണ്ണടച്ച് സ്വീകരിച്ചത് കൊണ്ടാണ്.
പശ്ചിമഘട്ടത്തെ ഒരു മരുഭൂമിയാക്കി ഇടയ്ക്ക് ഒരു മരുപ്പച്ചയുണ്ടാക്കുന്നത് പോലെയാണിത്. ഇത്തരം തുണ്ടുതുണ്ടായുള്ള വിഭജനം പതുക്കെ എന്നാല്‍ വിദൂരമല്ലാത്ത കാലത്ത് നമ്മുടെ പശ്ചിമഘട്ടത്തെ ഒരു മരുഭൂമിയാക്കി മാറ്റുമെന്ന് ഉറപ്പാണ്. ഇത് തടയാനുള്ള ഏക മാര്‍ഗം പരിസ്ഥിതി സൗഹാര്‍ദ്ദ രീതിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലേക്കുള്ള പരിപാലനം പാരിസ്ഥികമായി സമ്പന്ന മേഖലകളില്‍ ഇപ്പോഴേ നടപ്പിലാക്കുക എന്നതാണ്. ഇതാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചതും.
വന ജൈവവൈവിധ്യത്തേക്കാള്‍ ഭീഷണി നേരിടുന്നത് ജല ജൈവവൈവിധ്യമാണ്. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ജല ജൈവവൈവിധ്യം മറ്റെന്ത് പോലെത്തന്നെയും പ്രധാനപ്പെട്ടതാണ്.
അതിനാലാണ് ഞങ്ങള്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുള്ള ലോട്ട് കെമിക്കല്‍ ഇന്‍ഡസ്ട്രി കോംപ്ലക്‌സിനെ കുറിച്ചുള്ള വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമത്തിന്റെ എല്ലാ സീമകളും ലംഘിച്ച് മലിനീകരണമുണ്ടാക്കിയത് മൂലം മത്സ്യസമ്പത്തിനെ തകര്‍ത്തുതരിപ്പണമാക്കി. ഇത് മൂലം ജോലി നഷ്ടപ്പെട്ടത് 20,000 ഓളം മത്സ്യതൊഴിലാളികള്‍ക്കാണ്. 11,000 പേര്‍ മാത്രമാണ് ഇവിടെ വ്യാവസായ മേഖലകളില്‍ ജോലി ചെയ്യുന്നത്.
ഇപ്പോള്‍ സര്‍ക്കാര്‍ അവിടെ കൂടുതല്‍ വ്യാവസായിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
താങ്കളുടെ റിപ്പോര്‍ട്ട് നമ്മുടെ നിയമം അനുശാസിക്കുന്ന ജനാധിപത്യ വ്യവസ്ഥയെ പൂര്‍ണമായും തള്ളിക്കളയുന്നതാണ്. താങ്കളുടെ റിപ്പോര്‍ട്ട് പ്രകാരം പ്രാദേശിക സമൂഹത്തിന് സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ യാതൊരു അവകാശവും ഇല്ലെന്നാണ് പറയുന്നത്.
നിങ്ങളുടെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യങ്ങളെ മൂടിവെച്ച് പുറംമോടി മാത്രം മിനുക്കി വെച്ചിരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ ആശ്ചര്യപ്പെടാനും ഒന്നുമില്ല. ഇതുതന്നെയാണ് സര്‍ക്കാരും രത്‌നഗിരിയിലെ അനധികൃത ഖനനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം. ഖനനത്തിനെതിരായി ജനങ്ങള്‍ നടത്തുന്ന സമാധാനപൂര്‍ണമായ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2007-2009 കാലത്ത് നടന്ന സമരം ഏതാണ്ട് 600 ദിവസത്തോളം നീണ്ടുനിന്നിരുന്നു.
പൂനെയില്‍ ഞാന്‍ കുറച്ച് നാള്‍ താമസിച്ചിരുന്ന സ്ഥലത്ത് ധാരാളം പേര, അരയാല്‍, ഗുലാര്‍ മരങ്ങളുണ്ടായിരുന്നു. നിരവധി ജീവിവര്‍ഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ജീവിവര്‍ഗത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് മോഡേണ്‍ ഇക്കോളജി എത്രമാത്രം ഗുണകരമാകുന്നു എന്നതിന് തെളിവായിരുന്നു അവിടം. രാത്രികാലങ്ങളില്‍ ഞാന്‍ മയിലിന്റെ നൃത്തം കണ്ടിരുന്നു.
പ്രകൃതിയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ സംസ്‌കാരം ഇന്നും പിന്തുടരുന്നവരുണ്ട്. അവര്‍ പ്രകൃതിയെ ആരാധിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വവാദിയായിരുന്ന ഫ്രാന്‍സിസ് ബച്ച്‌നനെയാണ് എനിക്ക് ഇപ്പോള്‍ ഓര്‍മവരുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്ന് ഇന്ത്യയിലെ കാവുകള്‍ സംരക്ഷിക്കാനുള്ള ഇന്ത്യക്കാരുടെ തന്ത്രമാണ് അവരുടെ പരിശുദ്ധ വനഭക്തി എന്ന് 1801 ല്‍ ഫ്രാന്‍സിസ് ബച്ച്‌നനന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ നമ്മള്‍ ബ്രിട്ടീഷുകാരേക്കാള്‍ വലിയ ബ്രിട്ടീഷുകാരായി രാജ്യത്തെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനുള്ള മറയായി പരിസ്ഥിത സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളെ ഉപയോഗിക്കുകയാണ്. താങ്കളുടെ റിപ്പോര്‍ട്ടും അത്തരത്തിലൊരു സമീപനം തന്നെയാണ് മുന്നോട്ട് വെക്കുന്നത്. യാഥാര്‍ത്ഥ്യം നമ്മള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും.
- മാധവ് ഗാഡ്ഗില്‍ , ചെയര്‍മാന്‍ ,
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സംഘം.


പശ്ചിമഘട്ടത്തോട് ചെയ്ത ചതി:

'via Blog this'

Tuesday, 19 November 2013

ഗാഡ്ഗില് കസ്തൂരിരംഗന് ശുപാര്ശകളെക്കാള് അപകടകരമാണ് 2003-ലെ പരിസ്ഥിതി ദുര്ബല പ്രദേശം ഏറ്റെടുക്കല് നിയമം.


 
ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കൂടുതല്‍ പേര്‍ക്ക് എത്താനും പങ്കെടുക്കാനും കൂടുതല്‍ സൗകര്യമുള്ള കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് അസ്സീസി മാസിക-ജീവന്‍ ബുക്‌സ് ഹാളില്‍ രാവിലെ 10 മണിമുതല്‍ നടത്തുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997.

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ പരസ്യകുമ്പസാരം IV

സണ്ണി പൈകട 
IV

റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രക്രിയയില്‍ സംഭവിച്ച ഈ വീഴ്ചപോലെ തന്നെ,ഖനന-ടൂറിസം-നിര്‍മ്മാണ ലോബികള്‍ വിദഗ്ദമായി ജനങ്ങളെ റിപ്പോര്‍ട്ടിനെതിരെ അണിനിരത്താന്‍ ഉപയോഗിച്ച ചില അവ്യക്തതകള്‍നിറഞ്ഞ ശുപാര്‍ശക്‌ളും ശ്രദ്ധിക്കേണ്ടതാണ്. അതിലൊന്ന് 30 ശതമാനമത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടു വിളകള്‍കൃഷി ചെയ്യാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ്. സദുദ്ദേശപരമായ ഈ ശുപാര്‍ശയില്‍ മതിയായ മണ്ണ്-ജല സംരക്ഷണ ഉപാധികള്‍ സ്വീകരിക്കാതെ 30 ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടുവിളകള്‍ അനുവദിക്കരുതെന്ന ഒരു ചെറിയമാറ്റം വരുത്തിയിരുന്നെങ്കില്‍, ഇടുക്കി ബിഷപ്പിന് മലയോരത്തിനി ഒരു മൂട് കപ്പ നടാനാവില്ല എന്ന് വിലപിച്ച് ജനങ്ങളെ ഇളക്കാന്‍ അവസരമുണ്ടാകുമായിരുന്നില്ല. 

മലയോരത്ത് ഒരേ സ്ഥലത്ത് തുടര്‍ച്ചയായി തന്നാണ്ടു വിളകള്‍ കൃഷിചെയ്യുന്ന ഞാനുള്‍പ്പെടെയുള്ള ആയിരക്കണക്കിന് കര്‍ഷകരുണ്ട്. ഞങ്ങള്‍ കൃഷി ചെയ്യുന്നത് കയ്യാലവച്ച് തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ് ഒഴിവാക്കിയിട്ടാണെന്നുമാത്രം. അത്തരം സംര്കഷണ നടപടികളെടുക്കാതെ തന്നാണ്ടുവിളകള്‍ കൃഷി ചെയ്താലുണ്ടാവുന്ന പ്രശ്‌നം ഒരു വിദഗ്ദസമിതിയും ചൂണ്ടിക്കാണിക്കാതെ തന്നെ മനസ്സിലാക്കാനുള്ള വിവരം കര്‍ഷകര്‍ക്കുണ്ട്. എന്നാല്‍ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചിയും വാഴയും മരച്ചീനിയും കൃഷിചെയ്യുന്നവര്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. ഈ കാര്യം പ്രത്യേകമായി ചൂണ്ടിക്കാണിച്ച് നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നെങ്കില്‍ ഇത് സംബന്ധിച്ച് ഒരു വിമര്‍ശനവുമുയരില്ലായിരുന്നു.

തന്നാണ്ടുവിളകളുടെ കാര്യത്തിലെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ശുപാര്‍ശപോലെ തന്നെയാണ് മൃഗങ്ങളുടെ സഞ്ചാരപാതകള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും. ഏതൊക്കെ വനമേഖലകള്‍ക്കിടയില്‍ എത്രകിലോമീറ്റര്‍ വീതിയില്‍ മൃഗങ്ങളുടെ സഞ്ചാരപാതകളൊരുക്കണമെന്നോ, അതിനായി കുടിയൊഴിപ്പിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് മാന്യമായ നഷ്ടപരിഹാരം കൊടുക്കണമെന്നോ, തൊട്ടുചേര്‍ന്ന് കിടക്കുന്ന കൃഷി ഭൂമിയിലേക്ക് വന്യമൃഗങ്ങള്‍ കടക്കുന്നതിനെ ഏതുവിധത്തില്‍ പ്രതിരോധിക്കണമെന്നോ വ്യക്തമാക്കാതെ ഈ നിര്‍ദ്ദേശം വച്ചതോടെ പശ്ചിമഘട്ടത്തിലെവിടെയൊക്കെയോ വന്യമൃഗസംരക്ഷണത്തിനുവേണ്ടി വനങ്ങളുടെ പുനഃസൃഷ്ടിക്കായി കര്‍ഷകര്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ തല്‍പ്പരകക്ഷികള്‍ക്ക് എളുപ്പമായി.

അതുപോലെതന്നെയാണ് കെട്ടിട നിര്‍മ്മാണശൈലിയിലെ മാറ്റം പശ്ചിമഘട്ടത്തിനായി മാത്രം ശുപാര്‍ശചെയ്തതിലെ വിഢ്ഢിത്തം. മലയോരവാസികള്‍ കെട്ടിടം പണിയുമ്പോള്‍ കമ്പിയും സിമന്റും ഉപയോഗിക്കുന്നത് കുറയ്ക്കണം, മറ്റ് മേഖലകളിലുള്ളവര്‍ യഥേഷ്ടം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയട്ടെ എന്ന മനോഭാവം പ്രകോപനപരമാണ്. കെട്ടിടനിര്‍മ്മാണശൈലിയിലെ നിയന്ത്രണങ്ങള്‍ എല്ലാ മേഖലകള്‍ക്കുമായി ശുപാര്‍ശചെയ്തിരുന്നെങ്കില്‍ അതില്‍ യുക്തിഭദ്രതയുണ്ട്. ഇടനാട്ടിലും തീരപ്രദേശങ്ങളിലുമുയരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും, റോഡ്-റയില്‍വേ ലൈനുകള്‍ക്കും വേണ്ടി പാറപൊട്ടിച്ചെടുക്കുന്നതും മണല്‍ ഒഴുകിയെത്തുന്നതും ഏറിയപങ്കും മലയോരമേഖലകളില്‍ നിന്നായതിനാല്‍ നിയന്ത്രണം എല്ലായിടത്തേക്കുമായി ശുപാര്‍ശ ചെയ്യുകയല്ലേയുക്തി. 

സാമാന്യജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഈ യുക്തിരാഹിത്യം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൊതുവെ മലയോരവാസികളോട് ചിറ്റമനയം പുലര്‍ത്തുന്നഒന്നാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെട്ടു.
ഒട്ടും ജനാധിപത്യപരമല്ലാത്ത പ്രക്രിയയിലൂടെ ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങളും കുറെ അവ്യക്തതകളും മുന്നോട്ടുവയ്ക്കുകയും, പശ്ചിമട്ട സംരക്ഷണത്തിനായി പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോ റിറ്റി, സംസ്ഥാന പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോറിറ്റി, ജില്ലാ ആവാസ വ്യവസ്ഥ കമ്മിറ്റി എന്നീ ത്രിതല അധികാര സംവിധാനം രൂപകല്പന ചെയ്യുകയുമാണ് ഗാഡ്ഗില്‍ കമ്മിറ്റിയില്‍ നിന്നുണ്ടായത്. ഇങ്ങനെയെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ വച്ചിട്ട് ഇനി എല്ലാകാര്യങ്ങളും നിശ്ചയിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കുമുണ്ട്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട എന്ന് മലയോരവാസികളെ സമശ്വസിപ്പിച്ചിട്ട് കാര്യമില്ല. 

ഉദ്യോഗസ്ഥമേധാവിത്വവും അഴിമതിയും കൊടികുത്തിവാഴുന്ന കേന്ദ്രീകൃത ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന ഈ രാജ്യത്ത് പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും എന്തധികാരമാണ് പ്രായോഗികമായുള്ളത് എന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ പോലും ഗ്രാമസഭാ തീരുമാനങ്ങള്‍ക്ക് പ്രായോഗികമായി വിലയില്ലാത്ത സാഹചര്യമാണിവിടെയുള്ളത്. ഗ്രാമസഭായോഗങ്ങള്‍ വീട്, കക്കൂസ്, പശു, കോഴി വിതരണ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മാത്രമെ ഉപകരിക്കുന്നുള്ളു എന്നത് മനസ്സിലാക്കിയിട്ടുള്ളവരാണ് ജനങ്ങള്‍. സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കാനുള്ള സമയം ഉണ്ടാവാന്‍ സാധ്യതയില്ലാത്ത വിദഗ്ദന്‍മാര്‍ക്ക്് ഗ്രാമസഭകള്‍ സംബന്ധിച്ച് കാല്‍പ്പനികമായ ധാരണളാവുമുണ്ടാവുക.ജനങ്ങള്‍ക്കങ്ങനെയല്ലല്ലോ.

പൊതുവില്‍ സ്വീകര്യമെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഇവിടെ സൂചിപ്പിച്ചതുപോലുള്ള പരിമിതികള്‍ യഥാസമയം ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ പോയതാണ് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പറ്റിയ വീഴ്ചയെന്ന് ഞാന്‍ കരുതുന്നു. ഇത്തരം കാര്യങ്ങളില്‍ സൂഷ്മതയോടെ സ്വതന്ത്രവും ജനപക്ഷത്തു നില്‍ക്കുന്നതുമായ നിലപാടെടുത്തുകൊണ്ടെ ഇനി മുന്നോട്ടുപോകാനാവു. ഇന്നത്തെ നിലയ്ക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കണ്ണടച്ച് പിന്തുണച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകരും, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും കണ്ണടച്ച് എതിര്‍ത്തുകൊണ്ട് മലയോര കര്‍ഷകരും മുന്നോട്ട് പോയാല്‍ പശ്ചിമഘട്ടസംര്കഷണവിചാരങ്ങള്‍ പരാജയപ്പെടുകയും കര്‍ഷകര്‍വഞ്ചിക്കപ്പെടുകയുമാവും ഫലം. ഇതിനിടയില്‍ വിജയിക്കുന്നത് ഖനന-ടൂറിസം-നിര്‍മ്മാണ ലോബികള്‍ മാത്രമാകും.

പരിസ്ഥിതിസംരക്ഷണം എന്നത് ഒരു അക്കാഡമിക് സബ്ജറ്റായി മാത്രം കാണുന്നവരെ സംബന്ധിച്ചിടത്തോളം ജനങ്ങളോ ജനങ്ങളുടെ വികാരങ്ങളോ പരിഗണന അര്‍ഹിക്കുന്ന കാര്യമല്ലായിരിക്കാം. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ പങ്കാളിത്തമില്ലാതെ അസാധ്യമാണെന്ന് യാഥാര്‍ത്ഥ്യബോധമുള്ളവര്‍ ജനസമൂഹത്തെ ശരിയായി മനസ്സിലാക്കികൊണ്ടുവേണം മുന്നോട്ടുപോകാന്‍ . പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മലയോര കര്‍ഷകര്‍ക്കും ഒരുപോലെ സ്വീകാര്യമാകാവുന്ന കാര്യങ്ങളെക്കുറിച്ച് സമചിത്തതയോടെയും പക്വതയോടെയും കൂടിയാലോചനകള്‍ നടത്തേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ വിനയത്തോടെയും സത്യസന്ധതയോടെയും സ്വന്തം നിലപാടുകളെയും പ്രവര്‍ത്തന ശൈലികളെയും വിലയിരുത്തി ഇത്തരമൊരു കൂടിയാലോചനയ്ക്ക് മുന്‍കൈയെടുക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു. പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലുമൊക്കെ അങ്ങനെ തോന്നുന്നുണ്ടാവുമെന്നാണെന്റെ വിചാരം.

NB

ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കൂടുതല്‍ പേര്‍ക്ക് എത്താനും പങ്കെടുക്കാനും കൂടുതല്‍ സൗകര്യമുള്ള കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് അസ്സീസി മാസിക-ജീവന്‍ ബുക്‌സ് ഹാളില്‍ രാവിലെ 10 മണിമുതല്‍ നടത്തുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997