Tuesday, 9 December 2025

ആത്മശോധന

എന്റെ പിതാവിന്‍ ഭവനമിന്നാരാണ്
ചന്തയായ് മാറ്റുന്നു? ഞാനെന്റെ ദേഹമേ
ചന്തയാക്കുന്നവന്‍, ചിന്തകള്‍ പോലുമാ
ചന്തയില്‍ വില്ക്കുവോന്‍, ഭൂലോകമാകവെ
ചന്തയാക്കുന്നതും ഞാന്‍തന്നെ; ദൈവമേ,
ചന്തയില്‍ നിന്നെയും വില്ക്കുന്ന  ഞാന്‍ നിന്റെ- 
യാലയമല്ലാതെ യെന്തിവിടുണ്ടെന്ന-
ചോദ്യത്തില്‍ ഞെട്ടവെ; സ്വന്തമായൊന്നുമേ
യില്ലെന്നറിഞ്ഞിടും വ്യാപാരി ഞാ,നെന്നെ- 
യെന്നപോല്‍ നിന്നെയും വില്ക്കാതിരിക്കുവാന്‍
എന്തേ വഴിയെന്നു തേടവെ കേട്ടു ഞാന്‍:
സ്‌നേഹമോടേകുക സര്‍വതും! കൈമാറ്റ-
മെന്നതില്‍ വില്ക്കലും ലാഭമെടുക്കലും 
വേണ്ടിനി; വേണ്ടതു വേണ്ടവര്‍ക്കേകുക!!