Thursday, 10 August 2023

തീരവാസി

ജോസാന്റണി

2001-ല്‍ ഫെബ്രുവരി 23-ന് എഴുതിയ ഈ കവിത ഇന്ന് പുനഃപ്രസിദ്ധീകരിക്കുന്നത് മുപ്പതിലേറെ വര്‍ഷംമുമ്പ് മീനച്ചില്‍നദീ സംരക്ഷണസമിതി മീനച്ചില്‍ നദീതടസംരക്ഷണസമിതി എന്നപേരില്‍ പ്രവര്‍ത്തനംആരംഭിച്ചപ്പോള്‍മുതല്‍ അതില്‍പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന അഭിമാനത്തോടെയാണ്.

കോട്ടയം കളക്ടറായ ആദരണീയ ശ്രീമതി വിഘ്‌നേശ്വരി മീനച്ചില്‍ നദീസംരക്ഷണസമിതിപ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ പാലായില്‍ എത്തുമ്പോള്‍ വേദിയില്‍ ഈ കവിത അവതരിപ്പിക്കാന്‍ ആഗ്രഹവുമുണ്ട്.


മീനച്ചിലാറിന്റെ തീരത്തിലായ് ജനി-

ച്ചാനന്ദമോടെ വളര്‍ന്നവന്‍ ഞാന്‍!

ചേരിപ്പാട്ടെത്തവെ ശാന്തയായ്ത്തീര്‍ന്നവ-

ളീ നദി, യെന്നുടെ ശൈശവത്തില്‍

വേനലിലിങ്ങു മണല്‍വിരിച്ചായിരു-

ന്നാര്‍ദ്രയായ്, സൗമ്യയായ്, പുഞ്ചിരിച്ചു!

ആമണല്‍ത്തിട്ടയിലാടിയോടിക്കളി-

ച്ചാണല്ലൊ ഞങ്ങള്‍ തളര്‍ന്നുറങ്ങി!!

പിന്നെ, യുണര്‍ന്നു കുളിക്കവെ,യേറ്റവും

ചൈതന്യദായിയാറെന്നറിഞ്ഞു!!!


എങ്ങുപോയെങ്ങുപോയിന്നാ മണല്‍പ്പര-

പ്പെന്നറിയുന്നു ഞാന്‍; നമ്മളെല്ലാം

ആ മണല്‍ ചേര്‍ന്നതാം കോണ്‍ക്രീറ്റുകാടിന്റെ

കീഴിലല്ലോ വിശ്രമിച്ചിടുന്നു!

ഇന്നിതാ ഭൂചലനങ്ങളാല്‍ വീടുകള്‍-

ക്കെല്ലാമടിത്തറ വിണ്ടിടുന്നു!!


ഈ വീടിനെല്ലാമടിസ്ഥാനമായ് മണ-

ലാകയാലന്തിമവിശ്രമത്തി-

ന്നായിട്ടുവേറൊരിടം തിരഞ്ഞീടേണ്ട

ഭൂചലനംസംസ്‌കരിച്ചുകൊള്ളും!!


ഇങ്ങോളം നാളെ കടല്‍ നടന്നെത്തിടാ-

മെന്നുമറിഞ്ഞിരിക്കുന്നു നമ്മള്‍!

അക്കടല്‍ സംസാരമായിടാം; സംവിത്തു-

മായിടാം!! അന്ത്യം ലയത്തിലല്ലോ!!!