അഡ്വക്കേറ്റ് : ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍
Ph : 9447181316
കേരളത്തില്‍ ഇടവഴി, ഇടകിഴി, ഇടത്തൊണ്ട്
എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം രണ്ട് പുരയിടങ്ങള്‍ക്കിടയിലുണ്ട്.
നാട്ടില്‍ പുറങ്ങളിലെ കൃഷിയിടങ്ങളിലാണ് ഇത് ധാരാളം കണ്ടുവരുന്നത്. ശൂരനാട്ട്
കുഞ്ഞന്‍ പിള്ളയുടെ ശബ്ദ താരാവലിയില്‍ 'ഇടവഴി' എന്നാണ് കൊടുത്തിരിക്കുന്നത്. ഭൂമിക്ക് വില
വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ ഇടവഴി ഇല്ലാതായി അത് വഴിയായി ഉപയോഗിക്കുന്നതെന്നാണ്
അദ്ദേഹത്തിന്റെ പക്ഷം എന്നാല്‍ രണ്ടുപുരയിടങ്ങളുടെ ഉടമസ്ഥര്‍ പുരയിടങ്ങള്‍ തമ്മില്‍
ഇടകിഴിച്ചെടുത്ത് കയ്യാലവയ്ക്കുകയും കയ്യാലയ്ക്കും കിഴിച്ചെടുക്കുന്ന മണ്ണ് ഇട്ട്
കയ്യാലനികത്തുകയും ചെയ്യുകയാണ് പതിവ്. രണ്ട് പുരയിട ഉടമസ്ഥരും തുല്യ അളവിലാണ്
മണ്ണ് കിഴിച്ചെടുക്കുന്നത് മഴവെള്ളം ഒഴുക്കിവിടുക, കന്നുകാലികളെ
കൊണ്ടുപോകുക, വഴി നടക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് 'ഇടവഴി' ഉപയോഗിച്ചിരുന്നത്. എന്നിരുന്നാലും ഇടവഴി
സംബന്ധിച്ചുള്ള അവകാശങ്ങള്‍ക്ക് മുന്‍സിഫ് കോടതികളെ വ്യവഹാരങ്ങളില്‍ വലിയ
പങ്കുണ്ട്.
ഇടവഴികളിലൂടെ
മഴക്കാലത്ത് മുഴുവന്‍ മഴ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. ഒരു പക്ഷെ ഭൂര്‍ഗഭജലം ഉയര്‍ന്ന
അളവിലുണ്ടായിരുന്ന പഴയ കാലങ്ങളില്‍ ഇടവഴികളിലൂടെ വെള്ളം ഒഴുകിപ്പോകേണ്ടത് ഉയര്‍ന്ന
പ്രദേശങ്ങളില്‍ ആവശ്യമായിരിക്കാം. ഇന്നിപ്പോള്‍ കഥമാറി ഭൂഗര്‍ഭജലവിതരണം
ക്രമാതീതമായി താഴ്ന്നു കൊണ്ടിരിയ്ക്കുന്നു. മഴയുടെ അളവില്‍ ഭീതിജനകമാവിധം കുറഞ്ഞു
കഴിഞ്ഞു. ഇനി ഒഴുക്കികളയുവാന്‍
മഴവെള്ളമില്ല. അവശേഷിക്കുന്ന മുഴുവന്‍ ഇടവഴികളിലും നിശ്ചിത അകലത്തില്‍
വെള്ളം അടഞ്ഞു നിര്‍ത്താന്‍ കഴിയും വിധമുള്ള ബണ്ടുകള്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു.
കൂടാതെ മുഴുവന്‍ കൈത്തോടുകളില്‍ ബണ്ടുകള്‍ നിര്‍മ്മിക്കണം. പ്രധാന ആറുകളില്‍
സ്ഥിരം തടയണ നിര്‍മ്മിക്കുന്നത് ആറിന്റെ ഒഴുക്കിനെ തടയുകവഴി നദിയുടെ സ്വാഭാവികത
ഇല്ലാതാക്കുന്നതിനെ ഉപകരിക്കൂ. എന്നാല്‍ കൈത്തോടുകളില്‍ സ്ഥിരംതടയണ നിര്‍മ്മിച്ചാലും
കുഴപ്പമില്ല. നദിയില്‍ ഒഴുകാനുള്ള വെള്ളം ലഭിക്കുകയും ചെയ്യും. ഒരു പക്ഷേ
ഇടവഴികളില്‍ പ്ലാസ്റ്റിക് വെയ്സ്റ്റും കല്ലും മണ്ണു ചേര്‍ത്ത് ബണ്ടുകള്‍ നിര്‍മ്മിക്കാന്‍
സാധിക്കുമോ എന്നും പരീക്ഷിക്കാവുന്നതാണ്.
പ്രശ്‌നം അതല്ല.
ഇടവഴിയില്‍ പകുതി അവകാശമെ ഒരു വശത്തെ വസ്തു ഉടമസ്ഥനുണ്ടാകുകയുള്ളു. ഇരുവശം വസ്തു
ഉടമസ്ഥരും ചേര്‍ന്ന് ബണ്ട് നിര്‍മ്മിക്കുന്നതിനുള്ള സാദ്ധ്യത കുറവാണ്. അപ്പോള്‍
പിന്നെ ഇടവഴികളെ 'പബ്ലിക്
ട്രസ്റ്റ്' ആയി പ്രഖ്യാപിക്കണം. ഭൂഗര്‍ഭജലവും
എല്ലാനീരൊഴുക്കുകളും പൊതുസ്വത്തായി പ്രഖ്യാപിക്കുന്നതാണ് ഉചിതം.
ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം നല്‍കി ഇടവഴികളില്‍ ബണ്ട് നിര്‍മ്മിക്കുന്നതിനും
മണ്ണില്‍ പുതയിടുന്നതിനും സസ്യാവരണം നിലനിര്‍ത്തുന്നതിനും ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനും
സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. വന്‍തോതില്‍ മേല്‍മണ്ണ് ഒഴുകിപ്പോകുന്നത്
തടയുന്നതിനും ഇതുവഴി സാധിക്കും. മഴ അനുഗ്രഹിച്ചാല്‍ ഇപ്രകാരം മഴവെള്ളം മണ്ണില്‍
ശേഖരിച്ച് വീണ്ടും നമുക്ക് ജലസമ്പന്നമാകാം.