Sunday, 1 June 2014

ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികള്‍ക്കും സ്തുതി

സണ്ണി പൈകട
'ആനന്ദം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ...', ഇത് ഒരു പരസ്യ വാചകത്തിന്റെ ഭാഗമാണ്. കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം ഇപ്പോള്‍ ഈ മാനസികാവസ്ഥയിലാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്ഫലം പുറത്ത് വന്ന് ഇടുക്കിയിലെ ഇടതുവിജയം ഉറപ്പായപ്പോള്‍ ആവേശപൂര്‍വ്വം അവിടുത്തെ ബിഷപ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ കണ്‍വീനറുടെ സ്വരത്തില്‍ പ്രതികരിച്ചത് തന്നെ ഈ മാനസികാവസ്ഥയുടെ തെളിവാണ് 
തങ്ങള്‍ നിശ്ചയിക്കുന്നതുപോലെ പൊതുകാര്യങ്ങള്‍ നടക്കുന്നു എന്നറിയുമ്പോള്‍ ആര്‍ക്കാണ് സന്തോഷവും അഭിമാനവും അല്‍പം ഹുങ്കും തോന്നാത്തത്. ഇത്തരം ലൗകിക സ്വഭാവങ്ങള്‍ കൊഴിച്ചുകളഞ്ഞ് സ്ഥിതപ്രജ്ഞരായിത്തീര്‍ന്ന ആചാര്യന്‍മാരല്ലല്ലോ ഇക്കാലത്ത് ഇടയസിംഹാസനങ്ങളില്‍ വാണരുളുന്നത് എന്ന് നമ്മുക്ക് സമാധാനിക്കാം.
മതപൗരോഹിത്യങ്ങളും സമുദായ നേതൃത്വങ്ങളും ജയരാജഭാഷയില്‍ പ്രതികരിക്കുന്നതും പെരുമാറുന്നതും എന്തുകൊണ്ടാണെന്ന് ജനാധിപത്യബോധമുള്ളവര്‍ ആലോചിക്കണം. തിരഞ്ഞെടുപ്പുകള്‍ ഇനിയും വരും. ജനപ്രതിനിധികളെ പൗരോഹിത്യം നിശ്ചയിക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുന്നത് ആത്മാഭിമാനബോധമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഉള്‍ക്കൊള്ളാനാകുമോ?. പൗരോഹിത്യം അതതുകാലത്തെ ഭരണകൂടങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദങ്ങളുയര്‍ത്താന്‍ ശ്രമിക്കുന്നത് പുതിയകാര്യമല്ല. പൊതുസമൂഹത്തിന്റെ നന്മയെ കരുതിയുള്ള മൂല്യാധിഷ്ഠിത നിലപാടുകളുടെ സമ്മര്‍ദ്ദങ്ങളല്ല അവരുയര്‍ത്താറുള്ളത്. സ്വന്തം കുഞ്ഞാടുകളുടെ ശ്രേയസ്സ് ലക്ഷ്യമാക്കിയുള്ള സമ്മര്‍ദ്ദതന്ത്രങ്ങളുമല്ല. സ്വന്തംനിയന്ത്രണത്തിലുള്ള സ്ഥാപനവല്‍കൃത സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനും
  ബലപ്പെടുത്തുന്നതിനുമുള്ള താല്‍പ്പര്യങ്ങളാണ് മറ്റുപല രൂപത്തില്‍ പൗരോഹിത്യത്തിന്റെ ഭാഗത്തു നിന്നുണ്ടാവാറുള്ളത് .എന്നാല്‍ പ്രസ്താവനകളും ആഹ്വാനങ്ങളും വഴി ചില ബഹളങ്ങളുണ്ടാക്കാന്‍ കഴിയുന്നതിനപ്പുറത്ത് വന്‍തോതില്‍ ജനങ്ങളെ സമരസജ്ജരാക്കാന്‍ സമീപകാലത്തൊന്നും പൗരോഹിത്യത്തിന് കഴിഞ്ഞിരുന്നില്ല. അതിന് ആഗ്രഹിക്കാഞ്ഞിട്ടോ ശ്രമിക്കാഞ്ഞിട്ടോ അല്ല; മറിച്ച് കുഞ്ഞാടുകളെ പറ്റം പറ്റമായി അണികളായി കിട്ടുന്നുണ്ടായിരുന്നില്ല. വിമോചനസമരകാലത്തിനു ശേഷം ഗാഡ്ഗില്‍ കാലത്തിലാണ് വന്‍തോതില്‍ ജനങ്ങളെ തെരുവിലിറക്കാന്‍ പൗരോഹിത്യത്തിന് കഴിഞ്ഞത് , ഇടയന്‍മാരെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരുന്ന തിരിച്ചറിവില്‍ നിന്ന്, തങ്ങളുടെ രക്ഷകര്‍ ഇവരല്ലാതെ മറ്റാരാണ് എന്ന നിസ്സഹായതാബോധത്തിലേക്ക് കുഞ്ഞാടുകള്‍ കൂപ്പുകുത്തി. പൊതുവില്‍ ഇടയന്‍മാരുടെ രാഷ്ട്രീയ ഇടപെടലുകളും ഇടങ്കോലുകളും ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയിട്ടുള്ള വിശ്വാസികള്‍ ഉള്‍പ്പെടെ അവര്‍ക്കു പിന്നില്‍ അണിനിരന്നു. ഇതൊരു പിന്നോട്ടു നടത്തമാണ്. ഇടയന്മാരുമായി നേരിട്ട് ഇടയാന്‍ ചുരുക്കം ചില 'പുലി'ക്കുന്നന്‍മാരെ ഉണ്ടായിരുന്നുള്ളു എങ്കിലും അത്തരമാളുകള്‍ ഉയര്‍ത്തിപ്പിടിച്ച മനോഭാവം വ്യാപകമാവുന്നുണ്ടായിരുന്നു. ''യേശുവിലാണെന്‍ വിശ്വാസം കീശയിലാണെന്‍ ആശ്വാസം'' എന്ന വിളിക്കാത്ത മുദ്രാവാക്യം പൗരോഹിത്യത്തിന്റെ തിരുനെറ്റിയില്‍ എഴുതിവച്ചിരിക്കുന്നത് വായിക്കാന്‍ ശേഷിയുള്ള വിശ്വാസികളുടെ എണ്ണം ചെറുതല്ലായിരുന്നു. ദശകങ്ങള്‍ കൊണ്ടുണ്ടായിവന്ന ഈ മാറ്റളെല്ലാം അസാധുവാക്കാന്‍ കിട്ടിയ ആയുധങ്ങളായി ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ട സംരക്ഷണകാര്യത്തില്‍ ഉദ്ദേശ ശുദ്ധിയുള്ള ഒന്നാണെന്ന് ആ വിഷയത്തെക്കുറിച്ച് പ്രാഥമിക ധാരണയുള്ളവരെല്ലാം സമ്മതിക്കും. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍, അത് തയ്യാറാക്കിയ വിദഗ്ദന്മാരുടെ ജനബന്ധമില്ലായ്മയില്‍ നിന്നുണ്ടായ ചില വീഴ്ചകളുണ്ടെന്നതും ജനകീയ തലത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നവര്‍ അംഗീകരിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉദ്ദേശശുദ്ധിയില്ലാത്തതും പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍ണ്ണയത്തില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണെന്നതും വ്യക്തമാണ്. ഈ റിപ്പോര്‍ട്ടുകളുടെ ഫലമായി പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്കിടയിലുണ്ടായ അങ്കലാപ്പ് തങ്ങള്‍ക്ക് കൃഷിയിറക്കാനുള്ള വളക്കൂറുള്ള മണ്ണാണെന്ന തിരിച്ചറിവ് പൗരോഹിത്യത്തിനുണ്ടായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍ യഥാസമയം ജനമദ്ധ്യത്തിലവതരിപ്പിക്കാനും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള ജനാഭിപ്രായരൂപീകരണത്തിന് മുന്‍കൈയെടുക്കേണ്ട രാഷ്ടീയ കക്ഷികള്‍ നിര്‍ബ്ദതപുലര്‍ത്തി. ആ നിശബ്ദത തന്ത്രപരമായിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല. പശ്ചിമഘട്ട മേഖലയിലെ ഖനനതാല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ ഉയര്‍ന്ന രാഷ്ട്രീയ നേതൃത്വമണ്ഡലത്തിലുള്ളര്‍ കൂടിയാണല്ലോ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അവഗണിക്കാനുള്ള കാരണം പ്രതീക്ഷിച്ചിരുന്നതുപോലുള്ള നിസ്സംഗതയാണവര്‍ പുലര്‍ത്തിയത്. ഇതാണ് പൗരോഹിത്യം ഉപയോഗിച്ച അവസരം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വലിയ ജനപിന്തുണയോടെ പ്രതിരോധനിര കെട്ടിപ്പടുത്തവര്‍ക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയും ജനങ്ങളെ അണിനിരത്തുക എളുപ്പമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ചത് പൗരോഹിത്യത്തിന്റെ രാഷ്ട്രീയ ശാക്തീകരണമായിരുന്നു. ഇടയന്മാര്‍ രാഷ്ട്രീയ നേതൃത്വങ്ങളെ പരസ്യമായി വിരട്ടാന്‍ മാത്രം കരുത്തരായി. പിന്നില്‍ അണിനിരന്ന ജനങ്ങളുടെ ശക്തി കൊണ്ടാണവര്‍ക്ക് അങ്ങനെ ചെയ്യാനായത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിരുദ്ധ സമരത്തിന്റെ കൊടി കത്തോലിക്കാ പൗരോഹിത്യത്തിന്റെ കൈകളില്‍ നിന്ന് ഏറ്റെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ ഇതര സമുദായ നേതൃത്വങ്ങള്‍ക്കോ കഴിഞ്ഞില്ല. എല്ലാവരും പിന്നണിപ്പോരാളികളായി സ്വയം ചുരുങ്ങി കത്തോലിക്കാ പൗരോഹിത്യത്തിന് കരുത്ത് പകര്‍ന്നു. പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുടെ പ്രതിഷേധക്കരുത്തില്‍ പൗരോഹിത്യം നിലവിട്ട് പെരുമാറാനും അട്ടഹാസങ്ങള്‍ മുഴക്കാനും തുടങ്ങി. പി.ടി തോമസിന്റെ ശവഘോഷയാത്ര മുതല്‍ കൊട്ടിയൂര്‍മേഖലയിലെ അഴിഞ്ഞാട്ടങ്ങള്‍ വരെ അതിന്റെ ഉദാഹരണങ്ങളാണ്.
പൗരോഹിത്യത്തിന്റെ നീക്കങ്ങളെല്ലാം എത്ര നിലവാരം കുറഞ്ഞതായിരുന്നു എങ്കിലും അവയെല്ലാം അവരുടെ നിഗൂഢ ലക്ഷ്യങ്ങളിലേക്ക് മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരുന്നു. ഇടതുപക്ഷം നാല് വോട്ടിന്റെ മോഹവലയത്തില്‍പെട്ട് പൗരോഹിത്യ നേതൃത്വത്തില്‍ കീഴില്‍ അഭയം പ്രാപിച്ചപ്പോള്‍ മുതല്‍ പൗരോഹിത്യരാഷ്ട്രീയത്തിന്റെ വിജയമാരംഭിക്കുകയായിരുന്നു. പി.ടി. തോമസിന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ പൗരോഹിത്യം രണ്ടാം വിജയമാഘോഷിച്ചു. ജോയിസിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മൂന്നാം വിജയം. ജോയിസിന്റെ നല്ല ഭൂരിപക്ഷത്തിലുള്ള വിജയത്തോടെ സമ്പൂര്‍ണ്ണവിജയം. മലയോരമേഖലയിലെ മണ്ഡലങ്ങളിലെല്ലാം തന്നെ കേരളകോണ്‍ഗ്രസ്സിന്റെതൊഴികെയുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒന്നുങ്കില്‍ പരാജയം അല്ലെങ്കില്‍ ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവ്. ഇനി ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ നടപ്പിലാക്കിയാലുമില്ലെങ്കിലും ആര്‍ക്കുചേതം.
 ! തങ്ങളുടെ കരുത്തും അധീശത്വവും ഇതുപോലെ തെളിയിക്കാന്‍ സമീപകാലത്തൊന്നും മറ്റൊരവസരം കിട്ടിയില്ലെങ്കിലും ഈ വിജയം നല്‍കിയ വിലപേശല്‍ശേഷി ഉപയോഗപ്പെടുത്തി ഏറെക്കാലം മുന്നോട്ടുപോകാനാവുമെന്ന് പൗരോഹിത്യത്തിനറിയാം. ഇലക്ഷന് മുമ്പും ശേഷവും കേരളത്തിലും ദേശീയ തലത്തിലും നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ രാഷ്ട്രീയ വിശകലനങ്ങളും മത-ജാതി മാനദണ്ഡങ്ങളെ മാത്രമടിസ്ഥാനമാക്കിയാണെന്നത് പൗരോഹിത്യത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഈ രാജ്യത്ത് മാധ്യമങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും കണ്ണില്‍ പൗരന്‍മാരില്ലാതാവുകയും ഹിന്ദുവും, മുസ്ലീമും, കത്തോലിക്കനും, യാദവനും, കുര്‍മിയും മറ്റും മാത്രം അവശേഷിക്കുകയും ചെയ്തിരിക്കുന്ന നല്ലകാലമോര്‍ത്ത് പൗരോഹിത്യത്തിന് സന്തോഷിക്കാം. 
മേല്‍സൂചിപ്പിച്ച നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ കാണികളുടെ റോള്‍പോലും ലഭിക്കാതെ പോയ് ഒരു വിഭാഗമാണ് കേരളത്തിലെ പരിസ്ഥിതിവാദികള്‍. പശ്ചിമഘട്ടസംരക്ഷണകാര്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനപ്പുറമോ ഇപ്പുറമോ ഒന്നുമില്ല എന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടെടുക്കുകയാണവര്‍ ചെയ്തത്. സാധാരണ ജനങ്ങളുമായി ബന്ധമില്ലാതെയും സ്വന്തം ജീവിത ഇടങ്ങളില്‍ ഉണ്ടാവുന്ന പാരിസ്ഥിതിക തിരിച്ചടികളില്‍ പ്രതികരണമില്ലാതെയും, മറ്റെവിടെയെങ്കിലും ഉണ്ടാകുന്ന പാരിസ്ഥിതിക തിരിച്ചടികളിലെ ഇരകള്‍ നടത്തുന്ന സമരങ്ങളില്‍ ഐക്യദാര്‍ഢ്യതീര്‍ത്ഥാടനം നടത്തിയും, ചാനലുകളില്‍ വിശകലനം നടത്തിയും പരിസ്ഥിതിവാദി ചമഞ്ഞു നടക്കുന്ന അത്തരമാളുകള്‍ക്ക് എങ്ങനെ യാഥാര്‍ത്ഥ്യബോധത്തോടെ ഒരു വിഷയത്തില്‍ നിലപാടെടുക്കാനാവും. ഒരു ജനതയുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ ആ ജനതയുടെ ജീവിത സാഹചര്യങ്ങളിലൂടെ കാര്യങ്ങളെ വായിച്ചറിയുവാനുള്ള കാഴ്ചയുടെ തെളിച്ചമില്ലാത്തവര്‍ കര്‍ഷകരോട്, സ്റ്റാന്‍ഡപ്പ്, നിങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ? എന്ന ഒരേ ഒരു ചോദ്യമുന്നയിക്കുന്നതാണ് കണ്ടത്. പട്ടണങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിച്ച്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകരെ പശ്ചിമഘട്ടത്തില്‍ നിന്ന് കുടിയിറക്കാന്‍ ഒരു വാചകം പോലും പറഞ്ഞിട്ടില്ല എന്ന് പല തവണ ആവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനമാണ് നടന്നത്. ഏതു റിപ്പോര്‍ട്ടും അത് ബാധിക്കുന്ന ജനങ്ങളുടെ കണ്ണുകളിലൂടെയും അനുഭവങ്ങളിലൂടെയും നോക്കിക്കാണാന്‍ ഉള്ള വിനയവും ബൗദ്ധിക തുറവിയുമുള്ളവര്‍ക്കെ ആ ജനങ്ങളുമായി ഫലപ്രദമായി സംവാദിക്കാനാവു. വളരെ വൈകി യൂത്ത് ഡയലോഗ് എന്ന ഒരു കൂട്ടായ്മ ആ വഴിക്കൊരു ശ്രമം നടത്തിയതും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിട്ട് വേണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ എന്ന ഒരു നിലപാടെടുത്തതും മാത്രമാണ്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ശേഷം ആ വിഷയവുമായി ബന്ധപെട്ട് പരിസ്ഥിതിവാദികളില്‍ നിന്നുണ്ടായ ക്രിയാത്മക നിലപാടുകള്‍. യഥാസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പരിമിതികളെക്കുറിച്ച് തുറന്ന നിലപാടെടുക്കാന്‍ പരിസ്ഥിതിവാദികള്‍ക്ക് എങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ പൗരോഹിത്യത്തിന് ഈ വിധത്തിലൊരു ഏകപക്ഷീയ വിജയമുണ്ടാകുമായിരുന്നില്ല. ഇതെല്ലാമറിയാവുന്ന പൗരോഹിത്യം ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികള്‍ക്കും സ്തുതി പറയും എന്നുറപ്പാണ്