അഡ്വ. ജോര്‍ജ്ജുകുട്ടി
കടപ്ലാക്കല്‍
ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ സമരത്തിന്റെ
മുന്‍നിരയില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തുന്നതിന് മത - രാഷ്ട്രീയ
നേതൃത്വം നടത്തിയ ശ്രമം ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ
കുറെ കര്‍ഷകരെങ്കിലും പ്രത്യക്ഷ സമരത്തിനുണ്ട്. കര്‍ഷക മനസ്സ് ഗാഡ്ഗില്‍ -
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായിക്കഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരെ
പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിന്റെ ഫലമായി പരിസ്ഥിതി പ്രവര്‍ത്തനം ഏതോ കര്‍ഷക
വിരുദ്ധ പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിക്കുന്നതിനും ഇടയായിട്ടുണ്ട്. കര്‍ഷകര്‍
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം അംഗീകരിച്ചു വന്നു കൊണ്ടിരിക്കുന്ന ഒരു
ഘട്ടത്തിലാണ് ഇതെന്നത് ചരിത്രത്തിന്റെ ദുര്യോഗം.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണം
കര്‍ഷകരുള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. ഇത്രകാലം
ചര്‍ച്ചകളിലും സെമിനാറുകളിലും ഒതുങ്ങി നിന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക
നടപടികളാണ് ഗാഡ്ഗില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇ.എസ്.ഐ. കണക്കാക്കിയതിലെ
അപാകതകളെച്ചൊല്ലി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടാം.
പക്ഷെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ? പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ക്കുള്ള ഒരു രക്ഷാകര
പദ്ധതിയാണ് യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്.
ഹരിതവിപ്ലവത്തിന്റെയും
രാസവള-കീടനാശിനി അടിസ്ഥാനമാക്കിയുള്ള കൃഷിയുടെയും ദുരന്തഫലങ്ങള്‍ കര്‍ഷകനെ
വേട്ടയാടുന്ന നാളുകളാണ് വരാനിരിക്കുന്നത്. എത്ര കിലോ വിഷം കീടനാശിനികളുടെയും
കളനാശിനികളുടെയും രാസവളത്തിന്റെയും രൂപത്തില്‍ നമ്മളുടെ മണ്ണിലേയ്ക്ക് പ്രതിവര്‍ഷം
തള്ളിവിടുന്നുണ്ടെന്ന് ഓരോ പ്രദേശത്തെയും കൃഷിയുടെ ഏകദേശകണക്ക് പരിശോധിച്ച്
ആര്‍ക്കും ബോധ്യപ്പെടുന്നതെയുള്ളു. അത്തരത്തില്‍ മണ്ണ് മരിക്കുന്നുണ്ടെന്നത്
യഥാര്‍ത്ഥ കര്‍ഷകരുടെ അനുഭവസാക്ഷ്യം തന്നെയാണ്. മണ്ണിലെ ക്ലേദാംശം മണ്ണ് മരിച്ചാല്‍
കൃഷിയുടെ ഭാവി ഇരുട്ടിലാകുമെന്ന് യഥാര്‍ത്ഥ കര്‍ഷകര്‍ക്കറിയാം. മൂന്നും നാലും
പ്രാവശ്യം പ്ലാന്റിംഗ് നടത്തിയിട്ടുള്ളവയാണ് കേരളത്തിലെ മിക്ക റബ്ബര്‍ മേഖലകളും.
ഇങ്ങനെ പോയാല്‍ ഇനി എത്ര തവണ റീപ്ലാന്റ് നടത്താനാവും. ഇത് യഥാര്‍ത്ഥ കര്‍ഷകരെ
ബാധിക്കുന്ന കാര്യമാണ്. ഇതിനുള്ള പരിഹാരം കീടനാശിനി-രാസവിഷമുക്തമായ കൃഷിയിലേക്ക്
ഘട്ടംഘട്ടമായി തിരിച്ചുപോകുക തന്നെയാണ്. അത് പറഞ്ഞ ഗാഡ്ഗില്ലിനെ നഖശിഖാന്തം
എതിര്‍ക്കുന്നത് കര്‍ഷകപക്ഷത്ത് നില്‍ക്കുന്നവരല്ല. ഇത്തരത്തില്‍ കൃഷിരീതിയില്‍
മാറ്റം വരുത്തണമെന്ന് ആദ്യമായി പറഞ്ഞയാള്‍ ഗാഡ്ഗിലല്ല. ആധുനിക കാലത്ത് ജപ്പാനിലെ
ഫുക്കുവോയും, അമേരിക്കയിലെ റേയ്ച്ചല്‍ കാര്‍സനുമൊക്കെ ഇതേ അഭിപ്രായക്കാരായിരുന്നു.
ഇപ്പോള്‍ സുഭാഷ് പാലേക്കരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സീറോ ബഡ്ജറ്റ് നാച്വറല്‍
ഫാമിംഗ് യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നതാണ്.
അങ്ങനെ
സ്വന്തം ചെലവില്‍ രാസകൃഷി ഉപേക്ഷിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് ജൈവകൃഷിയിലേക്ക്
തിരിയുന്നതിനാവശ്യമായ സഹായം നല്കണമെന്നാണ് ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഗാഡ്ഗിലിനെ എതിര്‍ക്കുന്ന റിയല്‍ എസ്റ്റേറ്റുകാര്‍ക്കോ പാറമടക്കാര്‍ക്കോ
ഇത്തരത്തിലുള്ള സഹായങ്ങളൊന്നും ആവശ്യമില്ല. മണ്ണ് സംരക്ഷിക്കപ്പെടുകയും മണ്ണിന്റെ
ആരോഗ്യം പുഷ്ടിപ്പെടുകയും ചെയ്യുമ്പോള്‍ കൃഷി അഭിവൃദ്ധിപ്പെടുകയും കര്‍ഷകന്
നേട്ടമുണ്ടാകുകയുംചെയ്യും. അതുപോലെ വിഷരഹിതമായ കൃഷിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന
സാധനങ്ങള്‍ വേണ്ടത്ര ശ്രമമുണ്ടായാല്‍ വിലക്കൂടുതല്‍ ലഭിക്കുകയും ചെയ്യും.
നഷ്ടമുണ്ടാകുന്നത് കീടനാശിനി കമ്പനികള്‍ക്ക് മാത്രമായിരിക്കും.
യഥാര്‍ത്ഥ
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ വിമര്‍ശിക്കുന്ന ഒരു സംഗതി 30% ചരിവുള്ള
സ്ഥലങ്ങളില്‍ വാര്‍ഷിക വിളകള്‍ പാടില്ല എന്ന നിര്‍ദ്ദേശത്തെ മാത്രമാണ്. ആ
നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ മിക്ക മേഖലയിലും ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍
പറ്റാതാകും. ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി ചെയ്യുന്ന വാര്‍ഷിക വിളകൃഷി
മണ്ണൊലിപ്പിന് കാരണമാകും എന്നതുകൊണ്ടാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്.
മണ്ണില്‍ പുതയിടീല്‍ നടത്തിക്കൊണ്ട് മണ്ണൊലിപ്പുണ്ടാകാതെ വാര്‍ഷിക വിളകള്‍
ചെരിവുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യാവുന്നതാണ്. അത്തരത്തില്‍ പുതയിടുന്നതിനുള്ള
ധനസഹായം സര്‍ക്കാര്‍ ചെയ്യണമെന്നു മാത്രം. ഇത്തരത്തിലൊരു ഭേദഗതിയിലൂടെ പ്രസ്തുത
നിര്‍ദ്ദേശത്തിലെ കര്‍ഷക വിരുദ്ധത ഇല്ലാതാക്കാവുന്നതാണ്. അതിനുപകരം ഗാഡ്ഗില്‍
റിപ്പോര്‍ട്ടിനെ അപ്പാടെ എതിര്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ കര്‍ഷക ദ്രോഹമാണ്.
രാസവിള-കീടനാശിനികളുണ്ടാക്കുന്ന വരാനിരിക്കുന്ന വലിയ കാര്‍ഷിക തകര്‍ച്ചയുടെ
ഇരകളാക്കപ്പെടുന്നവരെ മുന്‍നിര്‍ത്തി സ്ഥാപിതതാല്പര്യക്കാര്‍ നടത്തുന്ന സമരം
യഥാര്‍ത്ഥത്തില്‍ കര്‍ഷക ദ്രോഹമാണ്. ഗാഡ്ഗില്ലും പരിസ്ഥിതിവാദികളും
യഥാര്‍ത്ഥത്തില്‍ കര്‍ഷക പക്ഷത്താണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നത്
ഭാവിയില്‍ കര്‍ഷകര്‍ക്ക് ദ്രോഹം ചെയ്യും. ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തന്നെയാണ് വേണ്ടത്. കര്‍ഷക രക്ഷയ്ക്കും
നാടിന്റെ രക്ഷയ്ക്കും അത് അത്യാവശ്യമാണ്.
അഡ്വ. ജോര്‍ജ്ജുകുട്ടി
കടപ്ലാക്കല്‍
തീക്കോയി പി.ഒ.- 686580
Mob: 9447181316