Saturday, 29 September 2012

വാഗമണ്ണില്‍ വിഭാവനം ചെയ്യുന്ന ഗോള്‍ഫ് കോഴ്‌സ് പദ്ധതിക്കെതിരെ ബോധവത്കരണവും സമരോദ്ഘാടനവും

സെപ്റ്റംബര്‍ 30 ഞായറാഴ്ച 11 മണിക്ക് വാഗമണ്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ചേരുന്ന സമരം ശ്രീ സി. ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. പ്രൊഫ. എസ്. രാമചന്ദ്രന്‍ ശ്രീ കെ. എം. സുലൈമാന്‍ ഈരാറ്റുപേട്ട, ബിനു പെരുമന, എബി എമ്മാനുവല്‍ മുതലായവര്‍ സംസാരിക്കും.
വാഗമണ്ണിനെക്കുറിച്ച് കുറെ വിവരങ്ങള്‍ താഴെ ക്ലിക്കുചെയ്താല്‍ കിട്ടും.

Vagamon, Wagamon, Vagamon resorts, Vagamon Photos, Vagamon Heights, Vagamon Hotels, Vagamon Hideout, Kurisumala Ashram, Hotels in Vagamon, Vagamon Map, Resorts in Vagamon, Vagamon Resort:

'via Blog this'

Friday, 28 September 2012

ഭൂമികയുടെ ഡി. പങ്കജാക്ഷക്കുറുപ്പ് സ്മാരക അവാര്‍ഡ് -- 2012


ശ്രീ സി. ആര്‍ നീലകണ്ഠന്‍ ശ്രീ ജോയി മുതുകാട്ടിലിന് അവാര്‍ഡ് സമ്മാനിക്കുന്നു 

മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ശ്രീ മരം മത്തായി യോഗം ഉദ്ഘാടനം ചെയ്യുന്നു 

സദസ്സ് 



Wednesday, 26 September 2012

ഡി. പങ്കജാക്ഷക്കുറുപ്പ് സ്മാരക അവാര്‍ഡ് ശ്രീ. ജോയി മുതുകാട്ടിലിന്


മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ശ്രീ മരം മത്തായി യോഗം ഉദ്ഘാടനം ചെയ്യുന്നു 


പൂഞ്ഞാര്‍ ഭൂമികയുടെ ആഭിമുഖ്യത്തിലുള്ള ഡി. പങ്കജാക്ഷക്കുറുപ്പ് സ്മാരക അവാര്‍ഡ് 2012 കോട്ടയം ജില്ലയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മീനച്ചില്‍ നദീ സംരക്ഷണസമിതി സെക്രട്ടറിയും കെ. സി. ആര്‍. എം. നിര്‍വാഹകസമിതിയംഗവുമായ ശ്രീ ജോയിമുതുകാട്ടിലിന് പ്രമുഖ പരിസ്ഥിതി രാഷ്ട്രീയപ്രവര്‍ത്തകനായ ശ്രീ സി. ആര്‍. നീലകണ്ഠന്‍ സമ്മാനിച്ചുശ്രീ ജോയി മുതുകാട്ടിലിന്റെ ഏറ്റവും അഭിനന്ദനീയമായ സദ്ഗുണം നിര്‍ഭയത്വമാണെന്നും അദ്ദേഹത്തിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും പോലെ ശ്രീ. പങ്കജാക്ഷക്കുറുപ്പിന്റെ സ്മരണ നിലനിര്‍ത്താനായി ജനങ്ങളും അത് അംഗീകരിക്കാനും അനുകരിക്കാനും തയ്യാറാകണമെന്നും പറഞ്ഞുകൊണ്ട് കേരള നദീ സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. എസ്. രാമചന്ദ്രന്‍ ശ്രീ ജോയി മുതുകാട്ടിലിനെ സദസ്സിനു പരിചയപ്പെടുത്തി.

ഭൂമിക വൈസ് പ്രസിഡന്റ് ശ്രീ. എം. എം. ചാക്കോ മണ്ണാറാത്തിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2-ന്് ഭരണങ്ങാനം അസീസി-ജീവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലെ ആദ്യ ഇനം ശ്രീ. പങ്കജാക്ഷക്കുറുപ്പ് വിഭാവനം ചെയ്ത മാനുഷികധ്യാന പരിശീലനമായിരുന്നു. ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ നയിച്ച മാനുഷികധ്യാനം സദസ്സിലുള്ള ഓരോ മനുഷ്യനും സ്വജീവിതത്തില്‍ സ്വാശീകരിച്ചു ജീവിക്കേണ്ട ദര്‍ശനമെന്തെന്ന് ലളിതമായി വ്യക്തമാക്കി. ഒപ്പം മതാതീതവും സാര്‍വത്രികവുമായ ഒരു സമഗ്രദര്‍ശനം പകര്‍ന്നു നല്കുകയും ചെയ്തു. 


മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ശ്രീ മരം മത്തായി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സമ്മാനദാനത്തോടൊപ്പം മുഖ്യപ്രഭാഷണവും ശ്രീ  സി. ആര്‍. നീലകണ്ഠന്‍നിര്‍വഹിച്ചുപശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രീ. മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി വ്യക്തമാക്കിയ പ്രഭാഷണം അത് അംഗീകരിക്കാനും പ്രസിദ്ധീകരിക്കാനും മടിച്ച സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യങ്ങള്‍ തുറന്നുകാണിച്ചു. ഷ്ട്രീയപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ട നിരവധികാര്യങ്ങള്‍ ആ പ്രഭാഷണത്തില്‍ അടങ്ങിയിരുന്നു.

പശ്ചിമഘട്ടത്തെ മൂന്നു സോണുകളായി തിരിച്ച് ഓരോ സോണിലും നടത്തരുതാത്തതും നടത്താവുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. അനിഷേധ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേരളം പോലുള്ള ഒരു പ്രദേശത്തു നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അത് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്കുന്നു. നിലവിലുള്ള വനപരിപാലന നിയമങ്ങള്‍ ശക്തമായി നടപ്പാക്കണമെന്ന് അനുസ്മരിപ്പിക്കുന്നതല്ലാതെ പുതിയ പരിഷ്‌കാരങ്ങളൊന്നും ഗാഡ്ഗില്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നില്ല എന്നതാണ് വസ്തുത

റിസര്‍വ് വനങ്ങളും മറ്റും ഉള്‍പ്പെടുന്ന ഒന്നാം സോണിലേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിക്കണം എന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുള്ളു. ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ സംസ്ഥാനത്ത് യാതൊരു വികസനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സാധ്യമാവില്ല എന്ന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണം തികച്ചും തെറ്റിദ്ധാരണാജനകമാണ്

കേരളത്തിന് അനുയോജ്യമായ ഒരു സംരംഭമാണ് ആയുര്‍വേദ ഔഷധനിര്‍മാണം. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന, വിദേശത്തേക്കു കയറ്റിയയയ്ക്കുന്നതിലൂടെ വിദേശനാണ്യലഭ്യതയും ഉറപ്പാക്കാനാവുന്ന, തനിമയാര്‍ന്ന സംരംഭം. ഈ സംരംഭം വിദേശപങ്കാളിത്തമില്ലാതെതന്നെ നടത്താവുന്നതാണ്. ഇതുപോലെയുള്ള വലിയ സാധ്യതകളാണ് വനനശീകരണത്തിനിടയാക്കുന്ന വികസനപ്രവര്‍ത്തനങ്ങളിലൂടെ നാം നഷ്ടപ്പെടുത്തുന്നത്. നമ്മുടെ ആരോഗ്യവും സ്വാശ്രയത്ത്വവും നശിപ്പിക്കാ നിടയുള്ള സംരംഭങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതിനാലാണ് അതു പൂഴ്ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.

അവാര്‍ഡ്ദാനത്തിനും പ്രഭാഷണത്തിനും ശേഷം എമേര്‍ജിങ് കേരളയുടെഭാഗമായി വാഗമണ്ണില്‍ ഗോള്‍ഫ് കോഴ്‌സു തുടങ്ങുന്നതിനെതിരെ എന്തു ചെയ്യാന്‍ കഴിയും എന്നു ചിന്തിക്കുന്നവരുടെ ഒരു യോഗവും ചേരുകയുണ്ടായി. ശ്രീ. സി. ആര്‍ നീലകണ്ഠന്‍ വിഷയം അവതരിപ്പിച്ചുകൊണ്ടു ചോദിച്ചു: ''താരതമ്യേന ജലലഭ്യത കുറവുള്ള വാഗമണ്ണില്‍ ധാരാളം ജലം ആവശ്യമുള്ള, വിദേശികള്‍ക്കും ധനിര്‍ക്കും മാത്രം ഉല്ലാസം പകരുന്ന, നൂറ്റി ഇരുപതുകോടി മുടക്കുമുതല്‍ പ്രതീക്ഷിക്കുന്ന ഇത്തരമൊരു പരിപാടി എന്തിനു കൊണ്ടുവരണം?'' സര്‍വശ്രീ ബിനു മൈക്കള്‍ പെരുമന, കെ. എം. സുലൈമാന്‍ ഈരാറ്റുപേട്ട, ജോര്‍ജ് ജോസഫ് കാട്ടേക്കര മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കടുത്തു. ഇങ്ങനെയൊരു പരിപാടി നടപ്പാക്കുന്നതുകൊണ്ട് തദ്ദേശവാസികള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അവര്‍ക്ക് കന്നുകാലി വളര്‍ത്താന്‍പോലും നിരോധനമുണ്ടാകാമെന്നും ചര്‍ച്ചയ്ക്കിടയില്‍ വ്യക്തമാക്കപ്പെട്ടു. ഈ വസ്തുതകള്‍ ജനങ്ങളുടെയും സംരംഭകരായെത്താനിടയുള്ളവരുടെയും ഇടയിലെത്തിക്കുന്നതിനായി ബഹുമുഖപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കേരള നദീ സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. എസ് രാമചന്ദ്രന്‍ ചെയര്‍മാനും അഡ്വ. ജോര്‍ജുകുട്ടി കടപ്ലാക്കല്‍, ശ്രീ സുലൈമാന്‍ ഈരാറ്റുപേട്ട എന്നിവര്‍ കണ്‍വീനര്‍മാരുമായി വാഗമണ്‍ സംരക്ഷണസമിതി രൂപീകരിക്കുകയും ചെയ്തു. ആഗോള തലത്തില്‍ പരിസ്ഥിതി വാര്‍ത്തകളും ആശയങ്ങളും പ്രചരിപ്പിക്കാനായി ഒരു ഗ്രൂപ്പു ബ്ലോഗു തുടങ്ങാനും സെപ്റ്റംബര്‍ 30-നു വാഗമണ്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ വാഗമണ്ണില്‍ ഗോള്‍ഫ് കോഴ്‌സ് വിരുദ്ധ സമരം നടത്തുന്നതിനും തീരുമാനിച്ചശേഷമാണ് വൈകുന്നേരം ആറരയോടെ യോഗം പിരിഞ്ഞത്.